വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയുമായി വത്തിക്കാനിൽ കർദിനാൾമാരുടെ അസാധാരണ സമ്മേളനം നടക്കും. ലെയോ പതിനാലാമൻ മാർപാപ്പയുടെ ശുശ്രൂഷാകാലത്തെ രണ്ടാമത്തെ അസാധാരണ സമ്മേളനമാണിത്.
ലോകം നേരിടുന്ന വെല്ലുവിളികൾ, സഭയുടെ സമകാലിക ദൗത്യങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും ചിന്തിക്കാനുമായാണു സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. കർദിനാൾമാരെ 20 ഗ്രൂപ്പുകളായി തിരിച്ചാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്.
മാധ്യമങ്ങൾക്കു പ്രവേശനമില്ലാത്ത ഈ യോഗത്തിൽ സാഹോദര്യത്തോടെയുള്ള തുറന്ന സംവാദങ്ങൾ സാധ്യമാക്കാനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മാർപാപ്പയുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമ്മേളനം ആരംഭിക്കും.
നാളെ വൈകുന്നേരം മാർപാപ്പയോടൊപ്പമുള്ള അത്താഴവിരുന്നോടെ സമാപിക്കും.
സഭയുടെ ഭരണത്തിലും തീരുമാനങ്ങളിലും കർദിനാൾമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പ്രത്യേക സമ്മേളനത്തിലൂടെ മാർപാപ്പ ലക്ഷ്യമിടുന്നത്.
Tags : Cardinals in the Vatican begins