കോട്ടയം: പല വർണങ്ങളിൽ പൂത്തുനിന്നിട്ടും ലോകം അറിയാതെപോയ അഞ്ച് സുന്ദരിച്ചെടികളെ ഗവേഷകർ പശ്ചിമഘട്ട മലനിരകളിൽനിന്ന് കണ്ടെത്തി. പുതിയ ഇംപേഷ്യൻസ് (ബാൾസം) സസ്യവർഗങ്ങളെയാണ് കണ്ടെത്തിയത്.
‘ഫൈറ്റോകീസ്’ എന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. വാഗമൺ, മാങ്കുളം വിരിപ്പാറ, മാമലക്കണ്ടം, പാമ്പനാർ എന്നിവിടങ്ങളിൽനിന്നുള്ളതാണ് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യവർഗങ്ങൾ.
ഇടുക്കി വാഗമണ്ണിൽനിന്ന് കണ്ടെത്തിയ ചെടിക്ക് ‘ഇമ്പേഷ്യൻസ് ബെർക്ക്മാൻസിയൻസിസ്’ എന്ന പേരാണ് നൽകിയിരിക്കുന്നത്. ചങ്ങനാശേരി എസ്ബി കോളജിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയിരിക്കുന്നത്. ഈ ചെടിയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളാണുള്ളത്.
ഇടുക്കി മാങ്കുളം വിരിപ്പാറയിൽനിന്നു കണ്ടെത്തിയ ചെടിക്ക് ‘ഇമ്പേഷ്യൻസ് നൈനാനീ’ എന്ന പേരാണ് നൽകിയിരിക്കുന്നത്. കേരള സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി മുൻ ഡീനും ബോട്ടണി വിഭാഗം മേധാവിയുമായിരുന്ന പ്രഫ. സി.എ. നൈനാനോടുള്ള ആദരവാണ് നൈനാനിയെന്ന പേരിനു പിന്നിൽ. എറണാകുളം മാമലക്കണ്ടത്തുനിന്ന് കണ്ടെത്തിയ പിങ്ക്-പർപിൾ പൂക്കളോടുകൂടിയ പുതിയ സസ്യത്തിന് ‘ഇമ്പേഷ്യൻസ് ഫിൽസി’യെന്നാണ് പേര് നൽകിയിരിക്കുന്നത്.
കോട്ടയം സിഎംഎസ് കോളജിലെ ബോട്ടണി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായ പ്രഫ. ഫിൽസി ടി. ബേബിയോടുള്ള ആദരവായാണ് ഈ പേര് നൽകിയത്. ഇവയ്ക്ക് പുറമെ ഇമ്പേഷ്യൻസ് ഫ്ലാവിസ്പിക്കേറ്റ, ഇമ്പേഷ്യൻസ് സാന്തോപെറ്റാല എന്നീ രണ്ടു പുതിയ സസ്യങ്ങളെയും ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. എറണാകുളം മാമലക്കാണ്ടത്തുനിന്നാണ് ഇമ്പേഷ്യൻസ് ഫ്ലാവിസ്പിക്കേറ്റ കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള സ്പർ ( spur) ഇതിന്റെ പ്രത്യേകത. വെള്ള നിറത്തിലുള്ള പൂക്കൾക്ക് മഞ്ഞ പൊട്ടുണ്ട്.
ഇടുക്കി പാമ്പനാറിൽനിന്നാണ് ഇമ്പേഷ്യൻസ് സാന്തോപെറ്റാല കണ്ടെത്തിയത്. ഇതിന് കടുംമഞ്ഞ നിറത്തിലുള്ള ഇതളുകളും ഇരുണ്ട തവിട്ട് പൊട്ടുമുണ്ട്. കടും മഞ്ഞ നിറമുള്ള ദളങ്ങളാണ് ഇതിന്റെ പ്രത്യേകത. പശ്ചിമഘട്ടത്തിൽ 130ൽപരം ഇംപേഷ്യൻസ് വർഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ ഭൂരിഭാഗവും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അപൂർവയിനങ്ങളാണ്.
ചെടികളുടെ പൂവിന്റെ ഘടന, കായ്കൾ, പൂമ്പൊടി എന്നിവയുടെ സൂക്ഷ്മപരിശോധന നടത്തിയാണ് ഇവ പുതിയ സ്പീഷിസുകളാണെന്ന് സ്ഥിരീകരിച്ചത്. ഓരോ സ്പീഷിസിനും അവയുടെ അടുത്ത ബന്ധുക്കളിൽനിന്ന് വ്യത്യസ്തമായ പ്രത്യേകതകളുണ്ട്.
തിരുവനന്തപുരം ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോസയൻസ് റിസർച്ചിലെ ഡോ. എസ്. ആര്യ, ചങ്ങനാശേരി എസ്ബി കോളജിലെ ബോട്ടണി വിഭാഗം മുൻ മേധാവി ഡോ. സാൽവി തോമസ്, സ്വതന്ത്ര ഗവേഷകനായ ഡോ. മാനുവൽ തോമസ്, കോട്ടയം സിഎംഎസ് കോളജിലെ ബോട്ടണി വിഭാഗം മേധാവി പ്രഫ. ഡോ. റോജിമോൻ പി. തോമസ് എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിനു പിന്നിൽ.
Tags :