തിരുവനന്തപുരം: കോച്ചിംഗിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40)വിനെ രണ്ടാമത്തെ കേസിൽ 35 വർഷം കഠിന തടവിനും 66,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം ആറു വർഷവും ഒൻപതുമാസവും അധികതടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു.
മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആദ്യകേസിലെ ശിക്ഷാ കാലാവധിക്കു ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂവെന്നും വിധിന്യായത്തിൽ പറയുന്നു. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസിലെയും ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷ നടപ്പാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതു പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷ കാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ 2018ലാണ് കുട്ടി കോച്ചിംഗിനെത്തിയത്. ആദ്യ കുറച്ചു നാളുകൾക്കു ശേഷം കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് അവിടുത്തെ ജിമ്മിലേക്കും ബാത്ത്റൂമിലേക്കും കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. പിന്നീട് ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിക്കു പ്രതി ശരിയായ കോച്ചിംഗ് കൊടുക്കാതെയായി. ഇതിനാൽ 2019ൽ കുട്ടി കോച്ചിംഗിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്തു പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന് വെളിപ്പെടുത്തിയില്ല.
2024ൽ തിരുവനന്തപുരത്തു നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാനെത്തിയ ഇരയായ പെണ്‍കുട്ടി വർഷങ്ങൾക്കു ശേഷം പ്രതിയെ കണ്ടതിനെത്തുടർന്ന് ഭയന്ന് ബഹളം വച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതിയെ തുടർന്നാണ് മറ്റു കുട്ടികളും കേസ് നൽകിയത്.
Tags : Cricket coach gets 35 years prison for molesting