കോട്ടയം: ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപിക, സാമൂഹിക ക്ഷേമവും ജീവകാരുണ്യവും ലക്ഷ്യമിട്ടു ജൂബിലി വർഷത്തിൽ നടപ്പാക്കുന്ന "ദീപ്ത സ്പര്‍ശം'പദ്ധതിയുടെ ഭാഗമായി "നന്മമണ്ണില്‍ നല്ല വീട്'പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) യുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറവുമായി (കെഎസ്എസ്എഫ്) ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്.സ്വന്തമായി ഒരുപിടി മണ്ണും തലചായ്ക്കാന്‍ ഇടവുമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇന്നും കേരളത്തിലുണ്ട്.
സര്‍ക്കാരും സന്നദ്ധ സംഘടനകളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ ഭൂമിയോ വീടോ ഇല്ലാത്ത നിര്ധനര്ക്കുവേണ്ടിയാണ് ദീപിക കൈകോര്‍ക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം അടിച്ചിറ ആമോസ് സെന്ററില്‍ നടന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ "നന്മമണ്ണില്‍ നല്ല വീട്' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
കെസിബിസി ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കലിനു നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പദ്ധതി വിശദീകരിച്ചു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ഡോ. സാബ്ബാസ് ഇഗ്നേഷ്യസ്, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെഎസ്എസ്എഫ് ജോയിന്റ് സെക്രട്ടറി ഫാ. തോമസ് മടുക്കമൂട്ടില്‍, കാരിത്താസ് ഇന്ത്യ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.ആര്. ഹരിദാസ്, കെസിബിസി ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ എന്നിവരും വിവിധ രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങളുടെ ഡയറക്ടർമാരും പങ്കെടുത്തു.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Tags : Good House Good Soil project begins