Kerala
തിരുവനന്തപുരം: മദ്യവും ലോട്ടറിയും മോട്ടോർവാഹന നികുതിയും മാത്രമല്ല കേരളത്തിന്റെ സന്പദ്ഘടനയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനവും പെട്രോളും മറ്റു വരുമാന മാർഗങ്ങളും കേരളത്തിന്റെ സന്പദ്ഘടനയുടെ നെടുംതൂണാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്. ചരക്കുസേവന നികുതി വരുമാനത്തിലും വർധനയുണ്ട്. ലോട്ടറിയിൽനിന്നു കൂടുതൽ ലാഭം ലഭിക്കുന്നില്ല. ലോട്ടറി സർക്കാർ നടത്തുന്നതിനാൽ ലോട്ടറിയിൽനിന്നുള്ള വരുമാനം ജീവനക്കാർക്ക് ശന്പളം നൽകാനും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കമ്മീഷനും മറ്റു ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മദ്യത്തിന് ഇതുവരെ സർക്കാർ വില കൂട്ടിയിട്ടില്ല. സെസ് ഏർപ്പെടുത്തുക മാത്രമാണു ചെയ്തത്. മോട്ടോർ വാഹന നികുതി കുറച്ചതു വഴി കേരളത്തിന് 2000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.
ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വർധിപ്പിച്ചാൽ മാത്രമേ നമുക്ക് സാന്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയൂ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും മാധ്യമ മേഖലയിലുള്ളവരുമായുള്ള പ്രി ബജറ്റ് സംവാദത്തിൽ ധനമന്ത്രി പറഞ്ഞു.
സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാർ വിമാനടിക്കറ്റും ഡൽഹിയിലെ കേരള ഹൗസിൽ താമസസൗകര്യവും ഏർപ്പെടുത്തുന്നതുപോലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളി യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റും താമസ സൗകര്യവും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ പിഎസ്സി ഇന്റർവ്യൂവിനു പോകുന്ന യുവാക്കൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യം നൽകണമെന്ന ആവശ്യവും ഉയർന്നു.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നു. സർക്കാർ ജീവനക്കാരുടെ ഡിഎ ഒഴികെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Kerala
ചാത്തന്നൂർ: മദ്യപിച്ച് ഡ്യൂട്ടി ചെയ്തതിനു നടപടി നേരിട്ടവരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി. നടപടി നേരിട്ടിട്ടുള്ള എല്ലാ വിഭാഗം ബദലി ജീവനക്കാരിൽനിന്ന് 5,000 രൂപ വീതം പിഴ ഈടാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കും.
പിഴ അടയ്ക്കുന്ന മുറയ്ക്ക് ഇവർക്കു ജോലിയിൽ പ്രവേശിക്കാം. ഡ്രൈവർ ക്ഷാമം നേരിടുന്ന കെഎസ്ആർടി സിക്കു നിലവിലുള്ള ബദലി ഡ്രൈവർമാരെ ഒഴിവാക്കിയാൽ സർവീസുകളാകെ താളം തെറ്റും. സർവീസുകൾ കൃത്യമായി നടത്താനും വരുമാനവർധനയ്ക്കു ബദലി ജീവനക്കാർ അത്യാവശ്യ ഘടകമാണ്.
വിജിലൻസ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പിഴ അടയ്ക്കുന്നവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽനിന്ന് ഇതുവരെ 650ഓളം ഡ്രൈവർമാരെയാണു പുറത്താക്കിയിട്ടുള്ളത്.
Kerala
കൊച്ചി: മദ്യത്തിനു പേരും ലോഗോയും ക്ഷണിക്കുന്ന നടപടി മദ്യപാനത്തിനു പ്രേരണയാകുന്നതല്ലേയെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പൊതുമേഖലാസ്ഥാപനമായ പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന പുതിയ വിദേശമദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നല്കാന് ജനങ്ങളില്‍നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങള്‍ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച്.
വിഷയം ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യന് ജോയ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. മലബാര്‍ ഡിസ്റ്റിലറീസിനും നോട്ടീസിന് നിര്‍ദേശിച്ചിട്ടുണ്ട്.
Kerala
പയ്യന്നൂര്‍: മരണാനന്തര ചടങ്ങിനെത്തിയവർ കൂട്ടുകൂടി മദ്യപിക്കുന്നതിനിടെ മദ്യം ചോദിച്ചെത്തിയ ആളെ തിരിച്ചയച്ച വിരോധത്തിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നു പേർക്ക് കുത്തേറ്റു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പയ്യന്നൂരിനടുത്ത കുന്നരുവിലാണ് സംഭവം. അഴീക്കോട് സ്വദേശി കെ ജിതിൻ, കൂടെയുണ്ടായിരുന്ന ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് യദുവിന് മർദനമേറ്റു. കുത്തേറ്റ മൂന്നു പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ജിതിനിന് നെഞ്ചത്തും ഗോകുലിന് കണ്ണിന് സമീപവും ഹരിദാസിന് തലയ്ക്കും വയറിനുമാണ് കുത്തേറ്റത്.
മദ്യപിക്കുന്നതിനിടെ തനിക്കു കൂടി വേണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നയാൾ സമീപിച്ചപ്പോൾ നൽകാതെ തിരിച്ചയച്ച വിരോധത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് ചികിത്സയിൽ കഴിയുന്ന ജിതിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.
District News
കരുനാഗപ്പള്ളി: മദ്യപിക്കാൻ പണം കൊടുക്കാത്തയാളെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ഷാൻ (44 )ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് നൗഫലിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു.
അതു കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതിയായ ഷാൻ നൗഫലിനെ ചെകിടത്തടിക്കുകയും കൈയിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വച്ചു കുത്തുകയുമായിരുന്നു. കുത്തിയതു കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.
കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മാളിയേക്കൽ ജംഗഷനു സമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ, എസ് സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
പാലക്കാട്: അധ്യാപകൻ ആറാംക്ലാസ് വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരേ ഗുരുതര കണ്ടെത്തലുമായി എഇഒയുടെ റിപ്പോർട്ട്. വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്കൂളിനു വീഴ്ച പറ്റി.
അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്നാണ് എഇഒയുടെ റിപ്പോർട്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണു വിഷയത്തിൽ പരാതി നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു.
രക്ഷിതാക്കളുടെ നിസഹകരണമുണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്കു പരാതി നൽകാമായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതിവാങ്ങി. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസവകുപ്പിനു പരാതി നൽകിയത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എഇഒ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്കൂളിനെതിരേ ഗുരുതര പരാമർശങ്ങളുള്ളത്. കഴിഞ്ഞ നവംബർ 29നാണു കേസിനാസ്പദമായ സംഭവം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് അധ്യാപകൻ അനിൽ മദ്യംനൽകി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലാകുന്നത്.
അധ്യാപകനു സസ്പെൻഷൻ
മലന്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. എഇഒയുടെ റിപ്പോർട്ടിനെത്തുടർന്നാണ് വകുപ്പുതല നടപടി.
സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നു എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ശിപാർശ നൽകിയിട്ടുണ്ട്. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണു മാനേജർക്കെതിരേ നടപടിക്കു ശിപാർശ നൽകിയത്.
സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണു വിദ്യാഭ്യാസവകുപ്പ് നോട്ടീസ് ലഭിച്ചത്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതലനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Kerala
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.
സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശിപാർശ നൽകിയത്.
സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.
സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Kerala
അമ്പലപ്പുഴ: വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്നയാളെ പോലീസ് കൈയോടെ പിടിച്ചു. ചാരായവും കോടയും വാറ്റുപകരണങ്ങളുമായി പുറക്കാട് സ്വദേശി സുനിലാണ് പിടിയിലായത്. 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുറക്കാട് പഞ്ചായത്ത് 16-ാം വാർഡ് കണിയാംപറമ്പ് വീട്ടിൽ സുനിലിനെ അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
പുതുവത്സരത്തിനു വിൽക്കാനായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമാണ് പിടികൂടിയത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകരം നടത്തിയ പട്രോളിംഗിനിടയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ രാത്രി രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുനിലിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് ചാരായം വാറ്റുകയായിരുന്ന സുനിലിനെ കൈയോടെ പിടികൂടിയത്.
അയൽക്കാർ അറിയാതിരിക്കാൻ മുറി നിറയെ ചന്ദനത്തിരി കത്തിച്ചു വച്ചാണ് സുനിൽ ചാരായം വാറ്റിയിരുന്നത്. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും രണ്ടു ഗ്യാസ് കുറ്റിയും സ്റ്റൗവും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
തൃശൂർ: സർക്കാർ നിർമിക്കുന്ന മദ്യത്തിനു പേരിടാനും ലോഗോയ്ക്കും പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചതിനെതിരേ ഹൈക്കോടതിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ. മികച്ച എൻട്രികൾക്കു സമ്മാനവും വാഗ്ദാനം ചെയ്തിരുന്നു.
ഇതു സംസ്ഥാനത്തിന്റെ മദ്യനയത്തിനും നിലവിലുള്ള നിയമങ്ങൾക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു പൊതുതാത്പര്യഹർജി അയച്ചത്. അപേക്ഷ ക്ഷണിച്ച നടപടി ഉടൻ പിൻവലിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.
മദ്യത്തിനും മറ്റു ലഹരി ഉത്പന്നങ്ങൾക്കും സർക്കാർ ഒരുതരത്തിലുള്ള പ്രോത്സാഹനമോ പരസ്യമോ നൽകാൻ പാടില്ലെന്നതാണു നിലവിലെ നിയമവ്യവസ്ഥയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരേയും അതിന് അനുമതി നൽകിയ സംസ്ഥാനസർക്കാരിനെതിരെയും അടിയന്തരനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.