തിരുവനന്തപുരം: പ്രവർത്തനസമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയയാൾ ബിവറേജസ് ഔട്ട്‌ലെറ്റിന്‍റെ ചില്ല് ഇടിച്ച് തകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
പാറശാല ബിവറേജസ് ഔട്ട്‌ലെറ്റിൽ വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനായ പ്രദീപിനെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഒൻപതോടെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചിരുന്നു. എന്നാൽ, 9.10ന് ഒരാൾ മദ്യം വാങ്ങാനെത്തി. ഔട്ട്‌ലെറ്റ് അടച്ചിട്ടത് കണ്ട് പ്രകോപിതനായ ഇയാൾ പ്രീമിയം കൗണ്ടറിന്‍റെ വാതിലിലെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ പ്രദീപിനെയും ആക്രമിച്ചത്. പ്രദീപിന്‍റെ മുഖത്ത് താക്കോൽ കൊണ്ട് ഇടിച്ചുപരിക്കേൽപ്പിച്ച പ്രതി പിന്നാലെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.