Kerala
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മുൻ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിനെതിരെ സിപിഎം നടപടി. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്ന് പി.ജി. സൈറസിനെ ഒഴിവാക്കി. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
2006-2011 കാലഘട്ടത്തിൽ ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ സജീവമായിരുന്നു സൈറസ്. ജി. സുധാകരന്റെ വിശ്വസ്തരിലൊരാളായാണ് സൈറസ് അറിയപ്പെട്ടിരുന്നത്.
നാല് മാസമായി ഏരിയ കമ്മിറ്റി യോഗങ്ങളിൽ സൈറസ് പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണമായി പാർട്ടി നൽകുന്ന വിശദീകരണം. നേരത്തെ പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സൈറസിനെ ഒഴിവാക്കിയിരുന്നു.
Kerala
ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്. ഇവിടെ സ്ഥാനാർഥിയെ യുഡിഎഫ് നിർത്തില്ല.
ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.
അതേസമയം, മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി.
Kerala
ആലപ്പുഴ: ജി. സുധാകരനെതിരെ പ്രകടനം നടത്താൻ സിപിഎം തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടാനാണ് ജി. സുധാകരന്റെ തീരുമാനം. ഇതേ തുടർന്നാണ് ശക്തി പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചത്.
ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം.
ഇതോടെ സുധാകരനോടുള്ള മൃദുസമീപനത്തിൽ മാറ്റം വരുത്തുകയാണ് സിപിഎം നേതൃത്വം. വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിച്ചിരുന്നു.
സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. സുധാകരനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി ജി. ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിലാണ് പാർട്ടി പ്രവർത്തകർ ഒത്തുചേർന്നത്.
Kerala
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
District News
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം വാഹന പാർക്കിംഗ് സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് സ്വകാര്യവ്യക്തിക്ക് പാർക്കിംഗിന്റെ കരാർ ചുമതല നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പല ഭാഗത്തായാണ് വാഹന പാർക്കിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹിക വിരുദ്ധശല്യം നടക്കുന്നത്. മദ്യപൻമാരുടെയും മറ്റ് ലഹരി വസ്തുവിൽപ്പനക്കാരുടെയും താവളമായി മാറിയിരിക്കുകയാണ് വാഹന പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങൾ. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളായ ഭക്തർക്ക് ഇവിടെ വാഹനം വയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മറ്റ് പ്രദേശത്തുനിന്നുള്ള നിരവധി യുവാക്കൾ ഇവിടെ പതിവായി തമ്പടിച്ച് ലഹരി, മദ്യ വിൽപ്പനയും ഉപയോഗവുമാണ്. ഏതാനും ദിവസം മുൻപ് ഇരട്ടക്കുളങ്ങരയിൽ വൃദ്ധയുടെ മാല കവർന്ന പ്രതി ഇവിടം കേന്ദ്രീകരിച്ചായിരുന്നു സാമൂഹിക വിരുദ്ധ പ്രവർത്തനം നടന്നത്. ക്ഷേത്രത്തിലെത്തുന്ന നിരവധി ഭക്തർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ് വാഹന പാർക്കിംഗ് കേന്ദ്രത്തിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ. പാർക്കിംഗ് ലേലത്തിനെടുത്തവരുടെ മൗനാനുവാദത്തോടെയാണ് ഇവ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നിട്ടും ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പോലീസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഭക്തരുടെ ആരോപണം.
Kerala
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ,പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ നാളെ മുതൽ കള്ളിംഗ് ആരംഭിക്കും. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് നടപ്പാക്കും.
നാളെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും ജനുവരി 10ന് കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിലും കള്ളിംഗ് നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3,544 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കും.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും കരുവാറ്റ പഞ്ചായത്തിൽ 6,633 വളർത്തു പക്ഷികളും പള്ളിപ്പാട് പഞ്ചായത്തിൽ 3,458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13,785 വളർത്തു പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കേണ്ടത്.
പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ല.
Kerala
അമ്പലപ്പുഴ: ദേശീയപാതയിൽ വീൽ ഊരിത്തെറിച്ച കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് നിന്നു. വളഞ്ഞവഴി എസ്എൻ കവല ജംഗ്ഷനിൽ ഇന്ന് രാവിലെ 11ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തെക്കുംഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. മുൻചക്രം ഊരിത്തെറിച്ചതിന് പിന്നാലെയാണ് നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി.
District News
അമ്പലപ്പുഴ: സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഇതിൽ 50 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതായും കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയാക്കിയ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറുതും വലുതുമായ 369 സ്റ്റേഡിയങ്ങളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കി. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി 169 കളിക്കളങ്ങളാണ് നിർമിക്കുന്നത്. സംസ്ഥാന-ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് താഴെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചുവരികയാണ്.
രാജ്യത്താദ്യമായി സ്പോർട്സ് ഇക്കണോമി നടപ്പിലാക്കുന്ന സംസ്ഥാനമായും കായികനയം നടപ്പിലാക്കിയ സംസ്ഥാനമായും കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലാണ് സ്റ്റേഡിയം നിർമിച്ചത്.
എച്ച്. സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷവും കായികവകുപ്പിന്റെ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയത്തിൽ മഡ് ഫുട്ബോൾ കം ക്രിക്കറ്റ്, സിന്തറ്റിക് ബാസ്കറ്റ്ബോൾ, വോളിബോൾ, സൈക്കിൾ പോളോ എന്നിവക്കുള്ള കോർട്ടുകളാണ് സജ്ജമാക്കിയത്. ഇന്റർലോക്ക്, ഡ്രെയിനേജ്, ഫെൻസിംഗ് എന്നിവയുംപൂർത്തീയാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, വൈസ് പ്രസിഡന്റ് പി. രമേശൻ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.