അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മുൻ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിനെതിരെ സിപിഎം നടപടി. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്ന് പി.ജി. സൈറസിനെ ഒഴിവാക്കി. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
2006-2011 കാലഘട്ടത്തിൽ ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ സജീവമായിരുന്നു സൈറസ്. ജി. സുധാകരന്റെ വിശ്വസ്തരിലൊരാളായാണ് സൈറസ് അറിയപ്പെട്ടിരുന്നത്.
നാല് മാസമായി ഏരിയ കമ്മിറ്റി യോഗങ്ങളിൽ സൈറസ് പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണമായി പാർട്ടി നൽകുന്ന വിശദീകരണം. നേരത്തെ പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സൈറസിനെ ഒഴിവാക്കിയിരുന്നു.
Tags : G Sudhakaran cpm ambalappuzha pg cyrus