ആലപ്പുഴ: ജി. സുധാകരനെതിരെ പ്രകടനം നടത്താൻ സിപിഎം തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടാനാണ് ജി. സുധാകരന്റെ തീരുമാനം. ഇതേ തുടർന്നാണ് ശക്തി പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചത്.
ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം.
ഇതോടെ സുധാകരനോടുള്ള മൃദുസമീപനത്തിൽ മാറ്റം വരുത്തുകയാണ് സിപിഎം നേതൃത്വം. വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിച്ചിരുന്നു.
സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. സുധാകരനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി ജി. ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിലാണ് പാർട്ടി പ്രവർത്തകർ ഒത്തുചേർന്നത്.
Tags : CPM G Sudhakaran alappuzha ambalappuzha