National
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ എടിഎം. മെഷീൻ കാറിൽ കെട്ടിവലിച്ച് കടത്തിക്കൊണ്ടുപോകാൻ മോഷ്ടാക്കളുടെ ശ്രമം. ധർമാവരം ടൗണിൽ ബുധനാഴ്ച പുലർച്ചെയാണ് ഐഡിഎഫ്സി. ബാങ്കിന്റെ എടിഎമ്മിൽ ഈ വിചിത്രമായ മോഷണശ്രമം നടന്നത്.
ബൊലേറോ കാറിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം ആദ്യം കമ്പിപ്പാര ഉപയോഗിച്ച് മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് അവർ വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്. മോഷ്ടാക്കൾ കൊണ്ടുവന്ന കാറിന്റെ പിൻവശത്ത് കയറുപയോഗിച്ച് എടിഎം. മെഷീൻ ബന്ധിപ്പിച്ച ശേഷം കാർ ഓടിച്ച് മെഷീൻ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. കവർച്ചാശ്രമത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. എടിഎമ്മിൽ എത്ര തുകയുണ്ടായിരുന്നു എന്ന് ബാങ്ക് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അയൽസംസ്ഥാനമായ തെലങ്കാനയിലും സമാനമായ കവർച്ചകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പോലീസ് അതീവ ജാഗ്രതയിലാണ്. സാധാരണയായി മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചോ തകർത്തോ പണം മോഷ്ടിക്കുന്നതിന് പകരം, മെഷീൻ ഒന്നാകെ കടത്താൻ ശ്രമിച്ചത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.
Viral
ആന്ധ്രാപ്രദേശിൽ നിന്നുള്ള നവദമ്പതികളുടെ വിയോഗവുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ നടന്ന ദാരുണമായ സംഭവം വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കും വഴിവെച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് കേവലം രണ്ട് മാസം മാത്രം പിന്നിടുമ്പോഴാണ് പാർവതീപുരം മന്യം ജില്ലയിലെ രാവുപ്പള്ളി സ്വദേശികളായ കോരഡ സിംഹാചലവും പത്തൊൻപതുകാരിയായ ഭവാനിയും മരണത്തിന് കീഴടങ്ങിയത്.
ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിൽ താമസിച്ച് വരികയായിരുന്ന ഇവർ ബന്ധുക്കളെ കാണാനായി സെക്കന്ദരാബാദിൽ നിന്ന് മച്ചിലിപട്ടണം എക്സ്പ്രസിൽ വിജയവാഡയിലേക്ക് പോകുന്നതിനിടെയാണ് യാദാദ്രി ഭുവനഗിരി ജില്ലയിലെ വംഗപ്പള്ളിക്ക് സമീപം ട്രെയിനിൽ നിന്ന് വീണത്.
ആദ്യഘട്ടത്തിൽ ഇതൊരു ദൗർഭാഗ്യകരമായ അപകടമാണെന്നും ട്രെയിനിന്റെ വാതിലിനടുത്ത് നിൽക്കുമ്പോൾ അബദ്ധത്തിൽ താഴെ വീണതാകാമെന്നുമാണ് റെയിൽവേ പോലീസ് കരുതിയിരുന്നത്.
വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന് ശേഷം വെള്ളിയാഴ്ച പുലർച്ചെ ട്രാക്ക് പരിശോധനയ്ക്ക് എത്തിയ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
എന്നാൽ, ഈ സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിനിനുള്ളിൽ വെച്ച് ചിത്രീകരിക്കപ്പെട്ടതെന്ന് കരുതുന്ന ഒരു വീഡിയോ ദൃശ്യം പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങി.
ദമ്പതികൾ തമ്മിൽ തർക്കത്തിൽ ഏർപ്പെടുന്നതും പരസ്പരം പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വൈകാരികമായ കലഹം ദമ്പതികളെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതാണോ അതോ തർക്കത്തിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും തമ്മിലുള്ള തർക്കം അതിരൂക്ഷമാവുകയും വൈകാരികമായ സമ്മർദ്ദത്താൽ ട്രെയിനിൽ നിന്ന് ചാടുകയുമായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹൈദരാബാദിലെ ഒരു കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന സിംഹാചലവും ഭാര്യയും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
നിലവിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളുടെ ആധികാരികതയും മരണത്തിന് പിന്നിലെ യഥാർഥ കാരണവും കണ്ടെത്താനായി എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.