Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന പ്രതിയെ പിടികൂടി. തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
തനിക്കെതിരെ പരാതി നൽകിയതിന് യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയാണ് മാർക്സിൻ. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറിൽ കറങ്ങിനടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്ന് മാർക്സിനെ പോലീസ് പിന്തുടർന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം പരാതിക്കാരനായ രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ മോഷണക്കേസും പോലീസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് കേസിൽ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്.
വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. പ്രതി 85കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാർ വയോധികയെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.