Movies
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടൻ അക്ഷയ് ഖന്ന ചിത്രത്തിൽനിന്നു പിന്മാറിയതും തുടർന്നു നേരിട്ട പ്രതിസന്ധികളും വെളിപ്പെടുത്തി സംവിധായകൻ അഭിഷേക് പഥക്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ഏഴു ദിവസം മുൻപാണു സാങ്കേതികവും സാമ്പത്തികവുമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അക്ഷയ് ഖന്ന പ്രൊജക്റ്റിൽനിന്ന് അപ്രതീക്ഷിതമായി പിന്മാറുന്നത്.
പെട്ടെന്നുള്ള പിന്മാറ്റം വലിയ അതൃപ്തിയുണ്ടാക്കിയെങ്കിലും ചിത്രീകരണം നീട്ടിവയ്ക്കേണ്ടതില്ലെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സെറ്റുകൾ സജ്ജമായതിനാലും പ്രതിദിന വേതനക്കാരായ നൂറുകണക്കിനു തൊഴിലാളികളെയും മറ്റു താരങ്ങളെയും ബാധിക്കുന്നതുകൊണ്ടുമാണ് ഈ തീരുമാനം എടുത്തത്.
തുടർന്ന്, വെറും രണ്ടു ദിവസത്തിനുള്ളിൽ ജയ്ദീപ് അഹ്ലാവതിനെ ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു. മുൻ കഥാപാത്രത്തിനു പകരമായി പുതിയൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് ജയ്ദീപിനെ ഉൾപ്പെടുത്തിയത്. വലിയ വെല്ലുവിളിയായിരുന്നിട്ടും കുറഞ്ഞ സമയത്തിനുള്ളിൽ ജയ്ദീപ് കഥാപാത്രത്തെ മനോഹരമായി പൂർത്തിയാക്കിയെന്ന് അഭിഷേക് പഥക് വ്യക്തമാക്കി.
'ദൃശ്യം: ദി കൺക്ലൂഷൻ' എന്നു പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, രാജ്കൗശൽ പ്രകാശ് രാജ്, സൗരഭ് ശുക്ല തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം ഒക്ടോബർ രണ്ടിനു തിയേറ്ററുകളിൽ എത്തും. മലയാളം പതിപ്പിൽനിന്നു വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണു ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അജയ് ദേവ്ഗൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Movies
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ സ്ഥാപകനും ആദ്യ മേധാവിയുമായ രാമേശ്വർ നാഥ് കാവോയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ധർമ പ്രൊഡക്ഷൻസ്. കരൺ ജോഹറിന്റെ നേതൃത്വത്തിലുള്ള ധർമ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും ചേർന്നാണു ചിത്രം ബിഗ് സ്ക്രീനിൽ എത്തിക്കുന്നത്. 2028 ഓഗസ്റ്റ് 11-ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനാണു നിർമാതാക്കളുടെ തീരുമാനം.
നിതിൻ എ. ഗോഖലെ എഴുതിയ 'ജെന്റിൽമാൻ സ്പൈമാസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണു ചിത്രം ഒരുങ്ങുന്നത്. 'റോ'യുടെ സ്ഥാപകദിനമായ സെപ്റ്റംബർ 21-നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർമാതാക്കൾ നടത്തിയത്. ഏജൻസി രൂപീകൃതമായതിന്റെ 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് 2028-ൽ ചിത്രം റിലീസ് ചെയ്യുന്നത്. 1955 മുതൽ 1971 വരെയുള്ള കാലഘട്ടവും 'റോ'യുടെ രൂപീകരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും, 1971-ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിലെ ആദ്യ സുപ്രധാന ദൗത്യങ്ങളുമാണു ചിത്രത്തിന്റെ പ്രധാന പ്രമേയം.
വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ, താരങ്ങൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Movies
ബി ടൗൺ ബാദ്ഷാ ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കിംഗ്' ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. എക്സിൽ ആരാധകരുമായി നടത്തിയ ചാറ്റിംഗ് സെഷനിലാണ് സൂപ്പർതാരം ചിത്രത്തിന്റെ റിലീസ് തീയതി സ്ഥിരീകരിച്ചത്. ആഗോള റിലീസായി ക്രിസ്മസിനെത്തുന്ന ചിത്രം ആക്ഷനും വൈകാരികതയും നിറഞ്ഞ സിനിമാനുഭവമായിരിക്കുമെന്നു ഷാരൂഖ് ഉറപ്പുനൽകി.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുകോൺ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വൻ തരംഗമായി മാറിയിരുന്നു. കിംഗിന്റെ വരവിനായി വലിയ ആകാംക്ഷയോടെയാണ് ബോളിവുഡ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.
അതിനിടെ, അടുത്തിടെ പുറത്തിറങ്ങി വൻ വിജയം നേടിയ 'ധുരന്ധറി'നെ പ്രശംസിക്കാനും ഷാരൂഖ് മറന്നില്ല. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും ആദിത്യ ധറിന്റെ സംവിധാനവും അണിയറപ്രവർത്തകരുടെ പ്രകടനവും മികച്ചതായിരുന്നുവെന്നും എസ്ആർകെ പറഞ്ഞു.
Movies
ബോളിവുഡ് നടി അമീഷ പട്ടേലിന്റെ മുംബൈയിലുള്ള കുടുംബവീട്ടിൽ മോഷണം. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണു കവർന്നത്. സംഭവത്തിൽ വീട്ടുജോലിക്കാരി സീമ ഘാട്ടെയെ (40) മുംബൈ പൊലിസ് അറസ്റ്റ് ചെയ്തു. ചർച്ച് ഗേറ്റിലെ വീട്ടിലാണു മോഷണം. ഒന്നര വർഷമായി അമീഷയുടെ അമ്മ ആശ പട്ടേലിന്റെ വീട്ടിലെ ജോലിക്കാരിയാണു സീമ. നടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചതും പ്രതിയെ കസ്റ്റഡിയിലെടുത്തതും.
ജനുവരിയിലാണു വീട്ടിൽനിന്ന് ആഭരണം കാണാതായത്. വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്ന് ആശ വ്യക്തമാക്കിയിരുന്നു. മാസങ്ങളോളം നടിയുടെ അമ്മ ഇവരോടു മോഷണവിവരം ചോദിച്ചെങ്കിലും താൻ എടുത്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 15 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. കാണാതായ സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനും പ്രതിക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നു പരിശോധിക്കാനുമുള്ള ശ്രമത്തിലാണ് പൊലിസ്.
'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അമീഷ പട്ടേൽ 'ഗദർ: ഏക് പ്രേം കഥ', 'ഹംരാസ്', 'ഭൂൽ ഭുലയ്യ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ 'ഗദർ 2' വിലൂടെയാണ് അമീഷ വീണ്ടും വലിയ തിരിച്ചുവരവു നടത്തിയത്.
Movies
ഇതിഹാസ ഗായിക ആശ ഭോസ്ലെയ്ക്ക് ആദരവുമായി 'ഓം കാ ഹരി' അണിയറപ്രവർത്തകർ. ജന്മദിനത്തിൽ, ആ വാനന്പാടി ആലപിച്ച അവസാനത്തെ ചലച്ചിത്ര ഗാനം പുറത്തിറക്കിയിരിക്കുയാണ് 'ഓം കാ ഹരി'യുടെ സംവിധായകൻ ഹരീഷ് വ്യാസ്. ചിത്രത്തിലെ "ഏ മേരി സിന്ദഗി, തു ഛുപി ഹെ...' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഇതിഹാസ ഗായികയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ സന്തോഷവും അനുഭവങ്ങളും സംവിധായകൻ ഹരീഷ് വ്യാസ് പങ്കുവയ്ക്കുകയും ചെയ്തു.
റെക്കോർഡിംഗിനിടെ 'ഞാൻ നന്നായി പാടുന്നുണ്ടോ" എന്ന് അവർ തന്നോടു ചോദിച്ചപ്പോൾ, ആ മഹാപ്രതിഭയ്ക്കു മറുപടി കൊടുക്കാൻ തന്നിൽ വാക്കുകൾ പോലും ഉണ്ടായിരുന്നില്ലെന്ന് വ്യാസ് പറഞ്ഞു. അൻഷുമാൻ ഝാ, രഘുബീർ യാദവ്, സോണി റസ്ദാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രമാണ് 'ഓം കാ ഹരി'.
ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ ചിത്രത്തിലെ അഭിനേതാവായ രഘുബീർ യാദവ് തത്സമയം പാടുകയും ചെയ്തു. കുടുംബബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും.
Movies
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1954-ൽ ആരംഭിച്ചതു മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രധാനമായും പുരസ്കാര ചടങ്ങുകൾ നടന്നിരുന്നത്.
ജൂലൈയിൽ പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലൂടെ ദീർഘകാലമായി തുടരുന്ന ഈ പാരമ്പര്യത്തിനാണ് മാറ്റം വരുന്നത്.
Movies
കത്രീന കൈഫിന്റെ രൂപമാറ്റത്തിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് അവർ ഏറ്റുവാങ്ങുന്നത്. ബോഡി ഷെയിമിംഗ് പലരീതിയിലാണ് അവരെ വേട്ടയാടുന്നത്.
ഭർത്താവും നടനുമായ വിക്കി കൗശാലിനൊപ്പം പൊതുവേദിയിലെത്തിയ കത്രീനയുടെ ചിത്രങ്ങള് പുറത്തായതിനു പിന്നാലെയാണ് ഈ ബോഡി ഷെയിമിംഗ്.
കത്രീനയ്ക്കെതിരെ നടക്കുന്ന അതിരുകടന്ന ബോഡിഷെയ്മിങ്ങിനെതിരെയാണ് ശിവലീക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
പ്രസവാനന്തരം സ്ത്രീകൾക്ക് സംഭവിക്കുന്ന ശാരീരികമാറ്റങ്ങളെ വിമർശിക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് നടി വിമർശിച്ചത്. ‘ഇതിന് മാത്രം എന്താണ് സംഭവിച്ചത് എന്നു ചോദിക്കുന്നവരോടാണ്, ഇതാണ് മാതൃത്വം. പ്രസവാനന്തരഘട്ടമെന്നാൽ നല്ലതും ചീത്തയും കലർന്നതാണ്. നല്ലതും മോശവും ക്ഷീണവും ശരീരം നീരുവയ്ക്കുന്നതും അസ്വസ്ഥതകളും നിറഞ്ഞതാണ്.
ആളുകളുടെ ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ചിലരുടെ മനോഭാവം എത്രമാത്രം മോശമാണെന്നു ചിന്തിച്ചുപോവുകയാണ്’, ശിവലീക കുറിച്ചു. ഏതാനും മാസങ്ങൾക്കു മുന്പാണ് ശിവലീകയും ഒരു കുഞ്ഞിന് ജന്മം നൽകിയത്.
അന്തരിച്ച സംവിധായകൻ കുക്കു കോഹ്ലിയുടെ പ്രാർഥന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കത്രീനയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായത്.
‘ഇത് എന്തുപറ്റി, വൃദ്ധയെപ്പോലുണ്ടല്ലോ’ , ‘പഴയ ലുക്ക് നഷ്ടമായി’ എന്നിങ്ങനെയുള്ള കമന്റുകളുമായാണ് രൂക്ഷമായ ബോഡിഷെയിമിങ് കത്രീനയ്ക്ക് നേരെ ഉയർന്നത്. 2025 നവംബറിലായിരുന്നു കത്രീനയ്ക്കും വിക്കി കൗശാലിനും ആൺകുഞ്ഞ് ജനിച്ചത്.
Movies
ബോളിവുഡിൽ അമിതാഭ് ബച്ചന്റെ ബാല്യകാല വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടിയ, ഒരുകാലത്ത് 'ജൂനിയർ അമിതാഭ് ബച്ചൻ' എന്ന് അറിയപ്പെട്ടിരുന്ന ബാലതാരമായിരുന്നു മാസ്റ്റർ രവി എന്ന രവി വലേച്ച. ഒമ്പതു ഭാഷകളിലായി 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇന്ന് ചലച്ചിത്ര മേഖലയോടു വിടപറഞ്ഞ് പ്രമുഖ കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗം തലവനായി ജോലി ചെയ്യുകയാണ്.
നാലാം വയസിൽ അപ്രതീക്ഷിതമായാണ് രവി സിനിമയിലെത്തുന്നത്. ഒരു സിനിമയുടെ ലൊക്കേഷനിൽ ചേട്ടനൊപ്പം പോയ രവി, അബദ്ധത്തിൽ നടൻ ശശി കപൂറിന്റെ കസേരയിൽ जाकर ഇരുന്നു. കസേരയിൽനിന്ന് മാറാൻ വിസമ്മതിച്ച രവിയുടെ ആത്മവിശ്വാസം ഇഷ്ടപ്പെട്ട ശശി കപുർ, കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ സംവിധായകനോടു നിർദേശിക്കുകയായിരുന്നു. തുടർന്ന് 14 വർഷത്തോളം സിനിമയിൽ സജീവമായ രവി, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അക്കാലത്ത് പ്രതിദിനം 3,500 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന രവി, റീടേക്കുകളില്ലാതെ ഒറ്റ ടേക്കിൽ രംഗങ്ങൾ പൂർത്തിയാക്കുന്നതിലൂടെ നിർമാതാക്കളുടെയും സംവിധായകരുടെയും പ്രിയങ്കരനായി മാറി.
എന്നാൽ, ചെറുപ്പകാലത്തെ കഠിനാധ്വാനം കാരണം തനിക്ക് കുട്ടിക്കാലവും കൗമാരവും നഷ്ടമായെന്ന് രവി ഓർക്കുന്നു. പ്രശസ്ത സംവിധായകൻ മന്മൻ ദേശായിയുടെ മരണത്തെത്തുടർന്ന് നായകനായി അരങ്ങേറ്റം കുറിക്കാനുള്ള അവസരം നഷ്ടമായതോടെയാണ് അദ്ദേഹം സിനിമാരംഗത്തുനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
പിന്നീട് കേറ്ററിംഗ് മേഖലയിൽ പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയ രവി, താജ് ഹോട്ടൽ ശൃംഖലയിൽ ഷെഫായും ഹോസ്പിറ്റാലിറ്റി മേഖലയിലും സേവനമനുഷ്ഠിച്ചു. നിലവിൽ കോർപ്പറേറ്റ് ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അദ്ദേഹം, സാമ്പത്തിക ശേഷിയില്ലാത്തവർക്കായി കുറഞ്ഞ ചെലവിൽ അഭിനയം പഠിപ്പിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അതോടൊപ്പം പൈലറ്റാവുക എന്ന തന്റെ പഴയ സ്വപ്നം സാക്ഷാത്കരിക്കാനായി ബോംബെ ഫ്ലയിംഗ് ക്ലബ്ബിൽ പഠനത്തിനു ചേരാനും രവി തയാറെടുക്കുന്നു.
Movies
അഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസറാകാൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബിഗ് ബി അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി 18-ന്റെ പുതിയ എപ്പിസോഡിൽ മത്സരാർഥിയായ പ്രഗതി കൽപേക്കറുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഓർമകൾ പങ്കുവച്ചത്.
ഐഎഫ്എസ് ഓഫീസറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മത്സരാർഥി പറഞ്ഞപ്പോഴാണ് ബിഗ് ബി തന്റെ മനസിലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐഎഫ്എസ് നല്ല മേഖലയാണെന്നും എന്നാൽ അന്നു തനിക്ക് അതിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കോളജ് കാലത്തെയും പരീക്ഷാത്തോൽവിയെയും കുറിച്ചുള്ള രസകരമായ അനുഭവവും ബച്ചൻ പങ്കുവച്ചു. ബിരുദം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പിതാവ് ഹരിവംശറായ് ബച്ചൻ എപ്പോഴും പറയുമായിരുന്നു. സയൻസ് വിഷയമെടുത്ത തനിക്ക് ആദ്യത്തെ ലക്ചറിൽ തന്നെ വിഷയം മാറാൻ തോന്നിയെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു.
Movies
ബി ടൗൺ സൂപ്പർതാരം രൺബീർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം അനിമലിന്റെ രണ്ടാം ഭാഗമായ അനിമൽ പാർക്കിന്റെ പുതിയ വിവരങ്ങൾ പങ്കുവച്ച് നിർമാതാവ് പ്രണയ് റെഡ്ഡി വംഗ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്.
പ്രഭാസിനെ നായകനാക്കി സന്ദീപ് ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിനുശേഷമായിരിക്കും അനിമൽ പാർക്കിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നും പ്രണയ് പറഞ്ഞു. സ്പിരിറ്റ് പൂർത്തിയായ ശേഷം ഏകദേശം ആറു മാസത്തെ ഇടവേളയെടുക്കും. അതിനുശേഷമേ അനിമൽ പാർക്കിന്റെ പണിപ്പുരയിലേക്കു കടക്കൂ. സന്ദീപിന്റെ രചനാശൈലി വളരെ സാവധാനത്തിലായതിനാൽ ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയതി ഇപ്പോൾ പറയാൻ കഴിയില്ലെന്നും പ്രണയ് കൂട്ടിച്ചേർത്തു.
അതേസമയം, പ്രഭാസ് ചിത്രം സ്പിരിറ്റിൽനിന്ന് നടി ദീപിക പദുകോൺ പിന്മാറിയതിനെക്കുറിച്ചും പ്രണയ് അഭിമുഖത്തിൽ പ്രതികരിച്ചു. പ്രതിഫലത്തെക്കുറിച്ചും ചിത്രീകരണ സമയത്തെക്കുറിച്ചുമുള്ള അഭിപ്രായവ്യത്യാസങ്ങളാണു പിന്മാറ്റത്തിനു പിന്നിലെ പ്രധാന കാരണങ്ങളെന്ന് പ്രണയ് വ്യക്തമാക്കി.
Movies
ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ തിയറ്ററുകൾക്കു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വൻനിരതന്നെ എത്തുന്നു. തമിഴ്, ഹിന്ദി ഭാഷകളിലെ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ജനനായകൻ
തമിഴകത്തിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജനനായകൻ. വിജയ്യുടെ കരിയറിലെ അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ5 (ZEE5) വഴിയാണ് സ്ട്രീം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജൂലൈ 23-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.
വെൽക്കം ടു ദി ജംഗിൾ
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അർഷാദ് വാർസി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് കോമഡി-ആക്ഷൻ ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില വ്യക്തികൾ ഒരു കാടിന്റെ ശാന്തത തകർക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിയോഹോട്ട്സ്റ്റാറിലൂടെ (JioHotstar) ചിത്രം കാണാം.
പ്യാർ പ്രേമ കല്യാണം
ഇളൻ, സാൻവി മേഘ്ന എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് പ്യാർ പ്രേമ കല്യാണം. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസം തുടങ്ങുന്ന നവദമ്പതികൾ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളും സാംസ്കാരിക വൈരുധ്യങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഡാർക്ക്
രഹസ്യങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും നിറഞ്ഞ തമിഴ് സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഡാർക്ക് ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയത്. ചില സത്യങ്ങൾ അപ്രതീക്ഷിതമായി പുറത്തുവരുമ്പോൾ കഥാപാത്രങ്ങൾ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെയും ഭയത്തെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
ചെന്നൈ ലൗ സ്റ്റോറി
ശ്രീ ഗൗരി പ്രിയ റെഡ്ഡി, കിരൺ അബ്ബവരം, ആദിത് അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ചെന്നൈ ലൗ സ്റ്റോറി. ആദ്യ പ്രണയത്തിന്റെ തകർച്ചയും, അത് എങ്ങനെ കൂടുതൽ അർഥവത്തായ മറ്റൊരു ബന്ധത്തിലേക്ക് വഴിതുറക്കുന്നുവെന്നും ചിത്രം സംസാരിക്കുന്നു. സോണിലിവിലൂടെ (SonyLIV) ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാം.
ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ
ജാക്കി ഷ്രോഫ്, പ്രതീക ബബ്ബർ, ഭാഗ്യശ്രീ എന്നിവർ അഭിനയിച്ച ഫാന്റസി കോമഡി ചിത്രമാണ് ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ. അന്യഗ്രഹജീവികളുടെ ആക്രമണത്തിൽനിന്നു ലോകത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കഴിവുകളുള്ള ആളാണ് തന്റെ മുത്തശൻ എന്നു വിശ്വസിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രം സീ5-ൽ ലഭ്യമാണ്.
Movies
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റിൽ’ നിന്ന് ദീപിക പദുകോൺ പുറത്തായതിന്റെ കാരണം വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമാതാവും സന്ദീപ് റെഡ്ഡി വാങ്കയുടെ സഹോദരനുമായ പ്രണയ് റെഡ്ഡി വാങ്ക.
സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ടതാണ് ദീപികയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് പ്രണയ് പറഞ്ഞത്. എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതമാണ് ദീപിക ആവശ്യപ്പെട്ടതെന്ന് പ്രണയ് ആരോപിക്കുന്നു. പ്രതിഫലത്തിനും ലാഭവിഹിതത്തിനും പുറമെ ചിത്രീകരണ സമയത്തിൽ എട്ടു മണിക്കൂർ ഷിഫ്റ്റ് എന്ന കൃത്യമായ നിബന്ധനകളും താരം മുന്നോട്ടുവെച്ചിരുന്നു.
‘‘നേരത്തെ പറഞ്ഞതൊക്കെ തന്നെയാണ് പ്രധാന കാരണം. ഒന്ന് പ്രതിഫലമായിരുന്നു. രണ്ടാമത്തേത് സമയക്രമമായിരുന്നു. ഇതിനെല്ലാം പുറമേ മറ്റു ചില കാരണങ്ങള് കൂടിയുണ്ടായിരുന്നു. ദീപികയുമായി ഇനിയും മുന്നോട്ട് പോകേണ്ടതില്ലെന്ന് സന്ദീപാണ് തീരുമാനിച്ചത്. നീണ്ട 18 മാസമാണ് ദീപികയുമായി സിനിമയെ കുറിച്ച് സംസാരിച്ച് കാത്തിരുന്നത്. അവര് ആ സിനിമയില് വേണമെന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്.
ഒരു നടിക്കോ നടനോ എന്ത് വേണമെങ്കിലും ആവശ്യപ്പെടാം. നിർമാതാക്കൾക്ക് അത് നൽകാൻ സാധിക്കുമെങ്കിൽ നൽകാം. എന്നാൽ ചിത്രത്തിന്റെ സാമ്പത്തിക ഭദ്രത കൂടി ഞങ്ങൾ നോക്കേണ്ടതുണ്ട്. സിനിമയുടെ ലാഭത്തിന്റെ പത്ത് ശതമാനമാണ് ദീപിക ചോദിച്ചത്.
അവര്ക്ക് അത് ചോദിക്കാം. കൊടുക്കാന് നമുക്ക് താല്പര്യമുണ്ടെങ്കില് കൊടുക്കാം. പക്ഷേ ബജറ്റ് കൂടി നോക്കേണ്ടതുണ്ട്. ദീപികയുടെ ആവശ്യങ്ങൾ ചിത്രത്തിന്റെ ബജറ്റിന് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതുകൊണ്ടാണ് മറ്റു വഴികൾ തേടാൻ ഞങ്ങൾ നിർബന്ധിതരായത്.
മറ്റൊരു നടിയെ അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപികയുടെ ഭാഗത്തുനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത്.
സിനിമ എന്താണെന്നും കഥാപാത്രം എങ്ങനെയാണെന്നും ദീപികയോട് ഞങ്ങള് സംസാരിച്ചിരുന്നു. തീര്ത്തും രഹസ്യ സ്വഭാവമുള്ള അക്കാര്യങ്ങളെല്ലാം ദീപിക മറ്റുള്ളവര്ക്ക് ചോര്ത്തി നല്കി. അത് ഞങ്ങളെ അസ്വസ്ഥരാക്കി. ചിത്രത്തിലെ അഭിനയത്തിന് ആറ് കോടി രൂപ അവര് അധികം ചോദിച്ചു.’’ പ്രണയ് പറഞ്ഞു.
എട്ടു മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തകൾക്ക് പിന്നിൽ ദീപികയുടെ ടീമാണെന്നാണ് അണിയറപ്രവർത്തകരുടെ സൂചന.
ദീപികയ്ക്ക് പകരം ആനിമൽ ഫെയിം തൃപ്തി ദിമ്രിയെയാണ് സ്പിരിറ്റിൽ നായികയായി നിർമാതാക്കൾ പിന്നീട് തീരുമാനിച്ചത്.
Movies
നടി അനന്യ രാജ് (27) അന്തരിച്ച വാർത്ത പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ആരാധകർ അടക്കമുള്ളവർ. ജൂലൈ 15-ന് ഉറക്കത്തിനിടെ മരിച്ചുവെന്നാണ് കുടുംബം പറയുന്നതെങ്കിലും ഒരു മാസത്തിന് ശേഷം ഈ വിവരം പുറത്തുവിടുന്നത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുന്നു.
ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം ഓഗസ്റ്റ് 15-ന് നടിയുടെ മരണവിവരം പുറത്തുവിട്ടത്.
‘‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’’ – ഇൻസ്റ്റഗ്രാമിലെ സന്ദേശത്തിൽ കുടുംബം എഴുതി.
ഏഴു മാസം മുൻപും നടിയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു.
അത് ഞങ്ങളുടെ അവസാന സംഭാഷണമാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് പങ്കജ് ശർമ അനുശോചനക്കുറിപ്പിൽ പറഞ്ഞത്. അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.
Movies
ആഗോളതരംഗമായി മാറിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രം, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ താൻ അഭിനയിച്ച സീനുകൾ വെട്ടിമാറ്റിയതായി നടി റൊസാരിയോ ഡോസൻ. ഫാൻ ഇവന്റിൽ ആരാധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എംസിയുവിന്റെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഡെയർഡെവിൾ, ലൂക്ക് കേജ്, ദി ഡിഫൻഡേഴ്സ് എന്നിവയിലൂടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെയർ ടെംപിൾ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിച്ചത്. ഏത് സൂപ്പർഹീറോയ്ക്കൊപ്പമാണ് ഇനി സ്ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം സ്പൈഡർമാൻ ചിത്രത്തിലെ അനുഭവം തുറന്നുപറഞ്ഞത്.
പുതിയ സ്പൈഡർമാൻ സിനിമയിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്റെ കാരണം അറിയില്ല. രംഗങ്ങൾ വെട്ടിമാറ്റിയ വിവരം അമ്മയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. രംഗങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും, താൻ മാർവൽ യൂണിവേഴ്സിന്റെ ഭാഗമാണ് എന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ വീണ്ടും ക്ലെയർ ടെംപിളായി തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും റോസാരിയോ പറഞ്ഞു.
ടോം ഹോളണ്ട് നായകനായി എത്തിയ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 1.5 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. ഇന്ത്യയിൽ ചിത്രത്തിന്റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.
Movies
ആഗോളതരംഗമായി മാറിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രം, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ താൻ അഭിനയിച്ച സീനുകൾ വെട്ടിമാറ്റിയതായി നടി റൊസാരിയോ ഡോസൻ. ഫാൻ ഇവന്റിൽ ആരാധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എംസിയുവിന്റെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഡെയർഡെവിൾ, ലൂക്ക് കേജ്, ദി ഡിഫൻഡേഴ്സ് എന്നിവയിലൂടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെയർ ടെംപിൾ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിച്ചത്. ഏത് സൂപ്പർഹീറോയ്ക്കൊപ്പമാണ് ഇനി സ്ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം സ്പൈഡർമാൻ ചിത്രത്തിലെ അനുഭവം തുറന്നുപറഞ്ഞത്-
പുതിയ സ്പൈഡർമാൻ സിനിമയിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്റെ കാരണം അറിയില്ല. രംഗങ്ങൾ വെട്ടിമാറ്റിയ വിവരം അമ്മയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. രംഗങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും, താൻ മാർവൽ യൂണിവേഴ്സിന്റെ ഭാഗമാണ് എന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ വീണ്ടും ക്ലെയർ ടെംപിളായി തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും റോസാരിയോ പറഞ്ഞു.
ടോം ഹോളണ്ട് നായകനായി എത്തിയ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 1.5 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. ഇന്ത്യയിൽ ചിത്രത്തിന്റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.
Movies
വ്യത്യസ്ത ചിത്രങ്ങളുമായി ഇന്ത്യൻ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. പോലീസ് കമ്പനി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബി ടൗൺ താരം ഹർഷവർധൻ റാണെ നായകനാകും.
It Is More Dangerous Than D Company- എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ടി-സീരീസ് ആണ് ചിത്രത്തിന്റെ നിർമാണം.
മുംബൈ അധോലോക ചരിത്രത്തിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മിലുണ്ടായ ചേരിതിരിവും തുടർന്നുണ്ടായ ഗ്യാംഗ് പോരുകളും നിയന്ത്രിക്കാനായി രൂപീകരിച്ച പ്രത്യേക പോലീസ് സ്ക്വാഡിന്റെ കഥയാണു ചിത്രം പറയുന്നത്. 1997-2004 കാലഘട്ടത്തിൽ മുന്നൂറിലേറെ ഗൂണ്ടകളെയാണ് ഏറ്റുമുട്ടലുകളിലൂടെ വകവരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്.
മുംബൈയിലെ പ്രശസ്ത എൻകൗണ്ടർ സ്പെഷലിസ്റ്റ് ഓഫീസറായ ദയാ നായിക്കിന്റെ ജീവിതത്തിൽനിന്നുള്ള യഥാർഥ സംഭവങ്ങളാണു ചിത്രത്തിൽ. നായിക്കിന്റെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായാണ് റാണെ വെള്ളിത്തിരയിലെത്തുന്നത്.
2002-ൽ ആർജിവി സംവിധാനം ചെയ്ത കമ്പനി, 2004-ലെ അബ് തക് ഛപ്പൻ എന്നീ ചിത്രങ്ങളും ഇതേ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മുൻപ് അധോലോകത്തിന്റെ കാഴ്ചപ്പാടിൽ കഥ പറഞ്ഞ ആർജിവി, ഇത്തവണ പോലീസിന്റെ ഭാഗത്തുനിന്നുള്ള കഥയാണ്, പോലീസ് കമ്പനി എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്.
Movies
പഞ്ചാബി ചിത്രമായ ഇഷ്ഖ്നാമയുടെ ഷൂട്ടിംഗ് സെറ്റിൽ നടി ഷെഹ്നാസ് ഗില്ലിന് അപ്രതീക്ഷിത അപകടം. ചിത്രീകരണത്തിനിടെ സെറ്റിലൂടെ ഓടുന്നതിനിടയിൽ അബദ്ധത്തിൽ മൂക്കുത്തി വിഴുങ്ങുകയായിരുന്നു.
സംഭവത്തിനുശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. എന്തോ തൊണ്ടയിൽ കുടുങ്ങിയതുപോലെ തോന്നിയ നടി കഠിനമായി ചുമയ്ക്കാൻ തുടങ്ങി. ഈ സമയം ഒപ്പമുണ്ടായിരുന്ന സഹനടൻ സൗരഭ് സച്ച്ദേവ പുറത്തു തട്ടി സഹായിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ ഷെഹ്നാസിന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകർ ആശങ്ക രേഖപ്പെടുത്തി. നടിയുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിച്ച ആരാധകർ ഒപ്പം സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണമെന്ന് കമന്റുകളിലൂടെ ഓർമിപ്പിച്ചു.
അരവിന്ദ് ഖൈറ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്ഖ്നാമ. ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള ഒരു സിഖ് വിദ്യാർഥിയും കവിയുമായ നിമ്മയുടെയും, പാകിസ്ഥാൻ പഞ്ചാബിൽ നിന്നുള്ള നസീമ എന്ന മുസ്ലിം പെൺകുട്ടിയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.
ഷെഹ്നാസ് ഗില്ലും ജയ് രൺധാവയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സൗരഭ് സച്ച്ദേവ, അഞ്ജും ബത്ര, മഹൻബീർ ഭുള്ളർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Movies
യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ ഷക്കീൽ നൂറാനി(73) ആണ് കേസിൽ പിടിയിലായത്. യുവനടി നൽകിയ പരാതിയിലാണ് നടപടി. സിനിമ ചർച്ചയ്ക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ബഡേ ദിൽവാലാ (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവും നൂറാനിയായിരുന്നു.
2016 ൽ ലോഖണ്ഡ്വാലയിൽ വച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും നൂറാനിയും ആദ്യമായി കാണുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ബന്ധപ്പെടാമെന്ന് അവിടെ വച്ചാണ് നൂറാനി നടിയോടു പറഞ്ഞത്. ശേഷം പുതിയ സിനിമയെ കുറിച്ച് ചർച്ചചെയ്യാനെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
മുംബൈയിലെ നൂറാനിയുടെ വസതിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും ലഹരി കലർത്തിയ പാനീയം നൽകിയെന്നും നടിയുടെ പരാതിയിലുണ്ട്. കൂടാതെ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും അതു കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തെപ്പറ്റി പോലീസിനോടോ വീട്ടുകാരോടോ പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വീഡിയോ ദൃശ്യങ്ങൾ കാണിച്ചു നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും നടി പരാതിയിൽ പറയുന്നു.
Movies
ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.
ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്റ് ബോക്സിൽ എത്തുന്നുണ്ട്.
1999-ലായിരുന്നു അജയ് ദേവ്ഗണിന്റെയും കജോളിന്റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.
1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
Movies
ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാങ്കേതികവിദ്യയുടെ വളർച്ച സിനിമയ്ക്കും കലാകാരന്മാർക്കും ഗുണകരമാകുന്പോൾതന്നെ ഭീഷണിയായും മാറുകയാണ്. അടുത്തകാലത്തായി ബോളിവുഡ് താരങ്ങളെയും ചലച്ചിത്രലോകത്തെ പ്രമുഖരെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോയും ചിത്രങ്ങളും നിർമിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് താരം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. തന്റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മൃണാൾ ഓർമിപ്പിച്ചു. നിലവിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും, ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും താരം തുറന്നടിച്ചു.
മൃണാൾ ഠാക്കൂർ മാത്രമല്ല, അടുത്തകാലത്തായി രശ്മിക മന്ദാന, കത്രീന കൈഫ്, രൺവീർ സിംഗ്, ആലിയ ഭട്ട് തുടങ്ങിയ നിരവധി മുൻനിര താരങ്ങളും ഇത്തരം ഡിജിറ്റൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. മുൻപ് രശ്മികയുടെ വ്യാജ വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചപ്പോൾ, സിനിമ മേഖലയിലെ നിരവധി പ്രമുഖർ ഇതിനെതിരേ ശബ്ദമുയർത്തിയിരുന്നു. താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായും, തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ആയുധമായും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് താരങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
National
കബീർ ഖാൻ സംവിധാനം ചെയ്ത ‘ചന്ദു ചാമ്പ്യൻ’എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനമാണു ബോളിവുഡ് യുവതാരം കാർത്തിക് ആര്യന് മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കാനിടയായത്.
ചിത്രത്തിലൂടെ ഇന്ത്യയുടെ ആദ്യ പാരലിമ്പിക് സ്വർണമെഡൽ ജേതാവ് മുരളി കാന്ത് പേട്കറുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ കാർത്തിക് നടത്തിയ ശാരീരിക മാറ്റങ്ങളും അഭിനയവും സിനിമാലോകത്ത് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചിത്രത്തിൽ തന്റെ ജീവിതം അവിസ്മരണീയമാക്കിയ കാർത്തിക് ആര്യൻ രാജ്യത്തെ ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദേശീയ പുരസ്കാരത്തിന് അർഹനാണെന്ന് മുരളി കാന്ത് പേട്കർ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബോളിവുഡിൽ യാതൊരുവിധ ഗോഡ്ഫാദർമാരുമില്ലാതെ സ്വന്തം പ്രയത്നം കൊണ്ടു മാത്രം വളർന്നു വന്ന നടനാണ് 36കാരനും അവിവാഹിതനുമായ കാർത്തിക്. മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ അദ്ദേഹം എൻജിനിയറിംഗ് പഠനത്തിനായി മുംബൈയിലെത്തി പഠനത്തോടൊപ്പം ഒട്ടനവധി ഓഡിഷനുകളിൽ പങ്കെടുത്താണ് സിനിമയിലെത്തുന്നത്.
2011ൽ പുറത്തിറങ്ങിയ ‘പ്യാർ കാ പഞ്ച്നാമ’എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിലെ കാർത്തിക്കിന്റെ നീളമേറിയ മോണോലോഗ് സംഭാഷണം യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറി.
തുടക്കത്തിൽ ചോക്ലേറ്റ് ഹീറോ വേഷങ്ങളിലാണു തിളങ്ങിയതെങ്കിലും 2018ൽ പുറത്തിറങ്ങിയ ‘സോനു കേ ടിറ്റു കി സ്വീറ്റി’എന്ന ചിത്രത്തിന്റെ വൻ വിജയം കാർത്തിക്കിന്റെ കരിയർ മാറ്റിമറിച്ചു.
National
മുംബൈ: മൂന്നാമതും വിവാഹിതനായ ബോളിവുഡ് നടൻ ആമിർ ഖാനെതിരേ വാളെടുത്ത് മഹാരാഷ്ട്ര മന്ത്രിമാർ. ആമിർ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാണെന്ന് ശിവസേന നേതാവും മന്ത്രിയുമായ സഞ്ജയ് ഷിർസാത് പറഞ്ഞു.
ആമിർ വലിയ താരമായിരിക്കാം; എന്നാൽ, മൂന്നു തവണ വിവാഹിതനായതോടെ അദ്ദേഹത്തിന് ജനങ്ങളുടെ ഹൃദയത്തിലെ സ്ഥാനം നഷ്ടപ്പെട്ടെന്ന് ഷിർസാത് കൂട്ടിച്ചേർത്തു.
ബിജെപി നേതാവും മന്ത്രിയുമായ നിതേഷ് റാണെയ്ക്കു പിന്നാലെയാണ് ഷിർസാതും ആമിറിനെതിരേ വാളെടുത്തത്.
സെലിബ്രിറ്റികൾ ഇത്തരം തീരുമാനമെടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു നിതേഷ് റാണയുടെ കമന്റ്. ആമിറിന്റെ വിവാഹം ലവ് ജിഹാദിന് ഉദാഹരണമായി കാണാനാവുമോയെന്നും നിതേഷ് റാണ ചോദിച്ചിരുന്നു.
Movies
ലോകത്തെ മുൾമുനയിൽ നിർത്തിയ ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ ദുരന്തവും രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്. സിൽക്യാര 41 എന്നു പേരിട്ടിരിക്കുന്ന വമ്പൻ ചിത്രം ബി ടൗൺ ബാദുഷ ആമിർ ഖാന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ബജ്രംഗി ഭായ്ജാൻ, 83 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച കബീർ ഖാൻ ആണ് സംവിധായകൻ. ആമിർ ഖാൻ പ്രൊഡക്ഷൻസ്, മൈൻഡ് ബ്ലോയിംഗ് ഫിലിംസ് ഓസ്ട്രേലിയ, കബീർ ഖാൻ ഫിലിംസ് എന്നിവർ സംയുക്തമായാണു ചിത്രം നിർമിക്കുന്നത്.
2023 നവംബറിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന സിൽക്യാര-ബാർകോട്ട് ടണൽ തകർന്ന് രണ്ടാഴ്ചയിലധികം ഉള്ളിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ വിവിധ ഏജൻസികൾ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണു ചിത്രത്തിന്റെ പ്രമേയം. അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ഓസ്ട്രേലിയൻ വിദഗ്ധൻ അർനോൾഡ് ഡിക്സിന്റെ നിർണായക പങ്കും ചിത്രത്തിൽ പ്രാധാന്യത്തോടെ ദൃശ്യവത്കരിക്കും.
ദി വാട്ടർ ഡിവൈനർ (2014) എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ തിരക്കഥാകൃത്ത് ആൻഡ്രൂ അനസ്റ്റാസിയോസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ ചരിത്രദിനത്തിൽ ചിത്രം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യന്റെ നിശ്ചയദാർഢ്യവും അതിജീവനവും തെളിയിച്ച സംഭവം വെള്ളിത്തിരയിൽ വരേണ്ടത് അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും ഹൃദയസ്പർശിയായ ഒരു മനുഷ്യകഥയാണ് ഇതെന്നും, ജീവനുവേണ്ടി പോരാടിയവരുടെ ആശങ്കകളും അവരുടെ കുടുംബങ്ങളുടെ കാത്തിരിപ്പും ഒപ്പം ഒരു ലക്ഷ്യത്തിനായി ഒന്നിച്ച മനുഷ്യരുടെ പ്രയ്തനവും അഭ്രപാളിയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു സംവിധായകൻ പറഞ്ഞു.
അതേസമയം, സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന, ബട്വാര 1947 എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് ആമിർ ഖാന്റെ നിർമാണക്കന്പനി. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഓഗസ്റ്റ് 13-ന് തിയേറ്ററുകളിൽ എത്തും. ഇതിനുശേഷമാകും സിൽക്യാര 41 -ന്റെ ചിത്രീകരണം ആരംഭിക്കുക.
Movies
ബോളിവുഡിലെ ഗ്ലാമര് നായികമാരില് ശ്രദ്ധേയയായ കൃതി സനോൻ നടത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. അഞ്ചുവര്ഷം മുന്പ് താന് അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
വിവാഹത്തിന്റെയോ മാതൃത്വത്തിന്റെയോ കാര്യത്തില് സമൂഹത്തിന്റെ സമയപരിധിക്ക് അടിമപ്പെടാന് താന് ആഗ്രഹിച്ചിരുന്നില്ലെന്നും കൃതി പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് കൃതിയുടെ ഈ തുറന്നുപറച്ചില്.
ദേശീയ പുരസ്കാരം നേടിയ മിമി എന്ന ചിത്രത്തിനായി ഏകദേശം 15 കിലോഗ്രാം ഭാരം കൂട്ടേണ്ടി വന്ന സമയത്താണ് ഈ തീരുമാനം എടുത്തത്. രണ്ടു മാസത്തെ ഷൂട്ടിംഗ് ഇടവേള ബുദ്ധിപൂര്വം ഉപയോഗിച്ചാണ് ചികിത്സ പൂര്ത്തിയാക്കിയത്. അന്ന് ശരീരഭാരവും വര്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാല് അതായിരുന്നു ഏറ്റവും അനുയോജ്യമായ സമയമെന്ന് എനിക്ക് തോന്നി.
ജീവിതം ഒറ്റത്തവണ മാത്രമാണ് ലഭിക്കുന്നത്. അത് സ്വന്തം തീരുമാനങ്ങള്ക്കനുസരിച്ച് ജീവിക്കണം. വിവാഹവും കുഞ്ഞും ഒരാളുടെ മനസില് നിന്നുള്ള ആഗ്രഹമായിരിക്കണം. സമയത്തിന്റെ സമ്മര്ദ്ദത്തില് നിന്നല്ല.
അണ്ഡം ശീതീകരിക്കല് സാമ്പത്തികമായും ശാരീരികമായും മാനസികമായും എളുപ്പമല്ല. ഹോര്മോണ് വ്യതിയാനങ്ങളും മൂഡ് സ്വിങ്സും ഉള്പ്പെടെ നിരവധി വെല്ലുവിളികള് നേരിട്ടു. എന്നിരുന്നാലും എന്റെ ഭാവിക്കായി ഞാന് നല്കിയ ഏറ്റവും വലിയ സമ്മാനമാണ് ഈ തീരുമാനം-കൃതി വ്യക്തമാക്കി.
ഗ്ലാമര് ലോകത്ത് തിളങ്ങിക്കൊണ്ടിരിക്കുമ്പോഴും വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഇത്തരമൊരു തുറന്നുപറച്ചിലിലൂടെ ആരാധകരുടെ കൈയടി നേടുകയാണ് കൃതി സനോന്. കരിയറിനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ഒരുപോലെ പ്രാധാന്യം നല്കുന്നതാണ് കൃതിയുടെ ഈ നിലപാടെന്നാണ് ആരാധകര് ചൂണ്ടിക്കാട്ടുന്നത്. 2021ല് പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് മിമി. അമേരിക്കന് ദമ്പതികള്ക്കായി വാടക ഗര്ഭധാരണത്തിന് തയാറാകുന്ന യുവതിയായാണ് ചിത്രത്തില് കൃതി വേഷമിട്ടത്.
Movies
തെന്നിന്ത്യയെ ആവേശത്തിലാഴ്ത്തി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തകർത്തഭിനയിച്ച ഗാട്ടാ ഗുസ്തി 2 തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസത്തിനുള്ളിൽ തന്നെ 19 കോടിയിലധികം രൂപ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ വിറപ്പിക്കുന്ന ഈ സ്പോർട്സ് കോമഡി ചിത്രത്തിന് ഇപ്പോൾ ബോളിവുഡിൽനിന്നും വലിയൊരു അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗംഭീര വിജയത്തിൽ തനിക്കുള്ള വലിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ സ്വന്തം മിസ്റ്റർ പെർഫെക്റ്റ് ആമിർ ഖാൻ!
തെന്നിന്ത്യൻ സിനിമകൾ ഇപ്പോൾ പ്രേക്ഷകർക്കു സമ്മാനിക്കുന്ന ദൃശ്യവിരുന്നിനെയും അതിന്റെ ഉള്ളടക്കത്തെയും ആമിർ ഖാൻ ഏറെ പ്രശംസിച്ചു. സാധാരണക്കാരായ പ്രേക്ഷകരെയും കുടുംബങ്ങളെയും ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന മികച്ച കോമഡിയും വൈകാരിക നിമിഷങ്ങളും ഗാട്ട ഗുസ്തി 2 - ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു.
വിഷ്ണു വിശാലിന്റെ മുൻ ചിത്രങ്ങളായ രാക്ഷസൻ, ഗാട്ട ഗുസ്തി (ആദ്യ ഭാഗം) എന്നിവയ്ക്കും ഉത്തരേന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാഗവും ബോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ചെല്ല അയ്യാവു ആണ് ചിത്രത്തിന്റെ സംവിധായകൻ. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുന്നതിനൊപ്പം ആമിർ ഖാനെപ്പോലൊരു ഇതിഹാസതാരത്തിന്റെ അഭിനന്ദനം കൂടി സ്വന്തമാക്കാൻ കഴിഞ്ഞത് ഗാട്ട ഗുസ്തി 2 ടീമിന് ഇരട്ടി മധുരമാണു നൽകിയിരിക്കുന്നത്.
Movies
ബോളിവുഡ് നടൻ ആമിർ ഖാൻ വിവാഹിതനായി. ദീർഘകാല പ്രണയിനിയായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവഹാം. മുൻ ഭാര്യമാരും അവരുടെ മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങളും ശ്രദ്ധനേടിയിരുന്നു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറഞ്ഞിരുന്നു.
ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.
ആമിറിന്റെ മൂന്നാം വിവാഹമാണിത്. ഗൗരിയും ആമിറും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞിരുന്നു. മുന് വിവാഹത്തില് ഗൗരിക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്.
Movies
സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ ഒരുക്കുന്ന രൺവീർ സിംഗ് നായനാകുന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.
300 കോടി ബജറ്റിൽ ഒരുക്കുന്ന പ്രളയ് എന്ന സർവൈവൽ ത്രില്ലർ വിചിത്രരൂപികൾക്കിടയിൽ പെട്ടുപോകുന്ന ദന്പതികളുടെ കഥയാണ് പറയുന്നത്. തകർന്നടിഞ്ഞ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണു കഥ. വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓസ്ട്രേലിയയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ.
2013ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണു തുടക്കം. 2016ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017ൽ റിലീസായ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി.
2020ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലോകഃ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തോടെ പാൻ ഇന്ത്യൻ താരമായി കല്യാണി വളർന്നു.
Movies
ബി ടൗൺ സൂപ്പർതാരം ആമിർ ഖാൻ പ്രണയത്തിന്റെ മൂന്നാം അധ്യായത്തിലേക്ക്. തന്റെ കാമുകി ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ഞായറാഴ്ച മുംബൈയിലെ വസതിയിൽ നടക്കുമെന്ന് താരം മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. മുംബൈയിൽ നടന്ന പ്രത്യേക സിനിമാ സ്ക്രീനിംഗിനിടെയാണ് ആമിർ മാധ്യമങ്ങളോടു സന്തോഷവാർത്ത പങ്കുവച്ചത്.
ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ആമിർ വ്യക്തമാക്കി. ഇരുകുടുംബങ്ങളിലെഅംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മുംബൈയിലെ വീട്ടിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും പരമ്പരാഗത ചടങ്ങുകൾ. ബോളിവുഡിനായി വമ്പൻ റിസപ്ഷൻ പാർട്ടികൾ പ്ലാൻ ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണു സൂചന.
ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.
Movies
ബി ടൗണിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് കൂട്ടുകെട്ട്, അക്ഷയ്കുമാർ-പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു. സംവിധായകന് പ്രിയദര്ശനും നടന് അക്ഷയ്കുമാറും തങ്ങളുടെ ഒന്പതാമത്തെ ചിത്രത്തിനായാണ് കൈകോര്ക്കുന്നത്. പ്രമുഖ നിര്മാണ കമ്പനിയായ ടിപ്സ് ഒരുക്കുന്ന ബിഗ് ബജറ്റ് പ്രോജക്റ്റിന്റെ ചിത്രീകരണം ഡിസംബറോടെ ആരംഭിക്കും.
ഹേരാ ഫേരി 3 - എന്ന ചിത്രത്തിന്റെ സംവിധാന ചുമതലയിൽനിന്ന് പ്രിയദര്ശന് പിന്മാറിയതോടെയാണ് പുതിയ പ്രോജക്റ്റിന് അതിവേഗം വഴിതെളിഞ്ഞത്. പ്രിയദര്ശന് തന്നെ കഥയൊരുക്കുന്ന ചിത്രം പക്കാ കോമഡി-ത്രില്ലര് ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മുന്പ് കോമഡിയും സസ്പെന്സും നിറഞ്ഞ നിരവധി ചിത്രങ്ങള് സമ്മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ കരിയറില് ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഈ സിനിമയെന്ന് പ്രിയദര്ശന് പറഞ്ഞു. ഭൂത് ബംഗ്ല എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് രോഹന് ശങ്കറും പ്രിയദര്ശനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.
ഈ വര്ഷം ഒക്ടോബറില് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന മോഹന്ലാല് ചിത്രം താത്കാലികമായി മാറ്റിവച്ചതായാണ് വിവരം. തിരക്കഥകളില് തിരുത്തലുകള് ആവശ്യമായി വന്നതിനാലാണ് മാറ്റം. മോഹൻലാൽ പ്രോജക്റ്റ് അടുത്ത വര്ഷം ആരംഭിക്കുമെന്ന് പ്രിയദര്ശന് വ്യക്തമാക്കി.
Viral
ബോളിവുഡ് താരമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറുകയാണ് വിദ്യാ ബാലൻ. സിനിമകളിലെ ഹിറ്റ് കോമഡി രംഗങ്ങൾ കോർത്തിണക്കി താരം ഒരുക്കുന്ന ഇൻസ്റ്റാഗ്രാം റീലുകൾക്ക് വലിയ ആരാധകവൃന്ദമാണുള്ളത്.
പഞ്ചാബി ഹൗസിലെ രമണനെയും മൂക്കില്ലാ രാജ്യത്തെ ചിരിമുഹൂർത്തങ്ങളുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ച നടി ഇപ്പോഴിതാ മറ്റൊരു കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
ഉർവശിയും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം അച്ചുവിന്റെ അമ്മയിലെ രസകരമായ ഒരു ഭാഗമാണ് വിദ്യ ഇത്തവണ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ രസകരമായി മുറി ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് പാചകം ചെയ്യുന്ന ഉർവശിയുടെ കഥാപാത്രത്തെയാണ് അതിമനോഹരമായ ഭാവങ്ങളോടെ വിദ്യാ ബാലൻ അവതരിപ്പിച്ചത്.
തനിക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗമാണിതെന്നും ഇതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും വീഡിയോയ്ക്ക് താഴെ കുറിപ്പായി അവർ ചേർത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് ഈ കടുക് വറക്കൽ വീഡിയോ കണ്ടുകഴിഞ്ഞത്.
മലയാളികളും അന്യഭാഷക്കാരുമായി നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. വിദ്യാ ബാലനും ഉർവശിയും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് പ്രമുഖ സംവിധായിക അഞ്ജലി മേനോൻ കമന്റ് ചെയ്തു.
ഡയലോഗുകൾ ഒന്നും മനസിലായില്ലെങ്കിലും നടിയുടെ ഭാവപ്രകടനങ്ങൾ നൂറു ശതമാനവും മികച്ചതാണെന്ന് അന്യഭാഷാ ആരാധകർ അഭിപ്രായപ്പെട്ടപ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട ഉർവശിയുടെ ഡയലോഗ് പ്രിയനടിയായ വിദ്യാ ബാലനിലൂടെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് മലയാളികൾ പങ്കുവെക്കുന്നത്.
National
ബോളിവുഡിന്റെ പ്രിയങ്കരി നഫീസ അലി മലയാളിക്കും സുപരിചിതയായ താരമാണ്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ജോൺ കുരിശിങ്കൽ എന്ന ശക്തമായ കഥാപാത്രം ചലച്ചിത്രാസ്വാദകരുടെ മനസിൽ എന്നും നിലനിൽക്കും. 1976ൽ, തന്റെ പത്തൊന്പതാം വയസിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട നഫീസ ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു.
വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരം അസുഖബാധിതയായതിനെത്തുടർന്ന്, പൊതുമധ്യത്തിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ, കാൻസറിന്റെ നാലാം ഘട്ടത്തിലും വറ്റാത്ത ആത്മവിശ്വാസവുമായി നഫീസ അലി നടത്തിയ ട്രെക്കിംഗ് വാർത്തയാണ് താരത്തെ സ്നേഹിക്കുന്നവർ പ്രാർഥനയോടെ ഏറ്റെടുത്തത്. 69 വയസ് പിന്നിടുന്പോഴും രോഗാവസ്ഥയോടു പോരാടി ഹിമാചൽ പ്രദേശിലെ റോഹ്താംഗിൽ പതിനൊന്നായിരം അടി ഉയരമുള്ള മലനിരകൾ കീഴടക്കിയിരിക്കുകയാണ് ഈ മുൻ മിസ് ഇന്ത്യ. കീമോതെറാപ്പികൾക്കു വിധേയയായിക്കൊണ്ടിരിക്കെയാണ് കുടുംബത്തോടൊപ്പം നഫീസ സാഹസികയാത്ര നടത്തിയത്.
Movies
മുംബൈയിലെ അവാർഡ് നിശയിൽ വീണ്ടും ഫാഷൻ വിസ്മയമായി ബി ടൗൺ സ്വപ്നതാരം ഭൂമി പെഡ്നേക്കർ. സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും ഫാഷൻ പരീക്ഷണങ്ങളിലൂടെയും റെഡ് കാർപെറ്റുകളിൽ തിളങ്ങാറുള്ള താരം ഇത്തവണ അതിമനോഹരമായ ഐസി ബ്ലൂ ഗൗണിലാണ് ആരാധകരുടെ മനം കവർന്നത്. റൊമാനിയൻ ഡിസൈനർ റിയ കോസ്റ്റ രൂപകൽപ്പന ചെയ്ത ലോറൻ ഡ്രസ് ഇൻ സ്കൈ ബ്ലൂ - എന്ന ലക്ഷ്വറി ഗൗൺ ആണ് ഭൂമി ധരിച്ചത്. ഏകദേശം 4,11,280 രൂപയാണ് ഈ ആഡംബര ഗൗണിന്റെ വിപണിമൂല്യം.
ആധുനികതയും ചാരുതയും ഒരുപോലെ ഇഴചേർന്നതായിരുന്നു ഭൂമിയുടെ വസ്ത്രം. ഹാൽട്ടർ നെക്ക്ലൈനും മൃദുവായ ഡ്രേപ്പിംഗും ചേർന്ന ഗൗണിന്റെ ഡിസൈൻ താരത്തിന്റെ തോളഴകിന് കൂടുതൽ മനോഹാരിത നൽകി. ശരീരവടിവിനോടു ചേർന്നുനിൽക്കുന്ന ഫിറ്റഡ് കോർസെറ്റ് ബോഡിസും വസ്ത്രത്തിന്റെ പ്രത്യേകതയായിരുന്നു. കൈകൊണ്ട് തുന്നിപ്പിടിപ്പിച്ച മുത്തുകളും എംബ്രോയ്ഡറി വർക്കുകളുമായിരുന്നു ലോറൻ ഡ്രസിന്റെ ഏറ്റവും വലിയ ആകർഷണം. പ്രകാശം തട്ടിത്തിളങ്ങുന്ന വിധത്തിലാണ് ഗൗണിന്റെ ഡിസൈൻ.
National
ന്യൂഡൽഹി: അതിർത്തികാക്കുന്ന ബിഎസ്എഫ് ജവാന്മാർക്ക് ആദരമർപ്പിച്ച് പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയായ അട്ടാരിയിൽ എ.ആർ. റഹ്മാന്റെ നേതൃത്വത്തിൽ സംഗീതനിശ സംഘടിപ്പിക്കും. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന മേ വാപസ് ആവൂംഗാ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഗായകരായ മോഹിത് ചൗഹാൻ, പൂജ തിവാരി, നർഗീസ് എന്നിവർ പങ്കെടുക്കും. ഇന്ന് വൈകുന്നേരം 4.30ന് ജെപിസി സ്റ്റേഡിയത്തിലാണ് ഗാനസന്ധ്യ. ദിൽജിത് ദോസഞ്ജ്, ശർവാരി വാഗ്, നസറുദീൻ ഷാ, റെയ്ന എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ മാസം 12 ന് തിയേറ്ററുകളിലെത്തും.
National
മുംബൈ: പ്രമുഖ നിർമാതാവും സെൻസർ ബോർഡ് മുൻ അധ്യക്ഷനുമായ പഹ്ലജ് നിഹലാനി (76) അന്തരിച്ചു. ഏറെനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ബോളിവുഡിലെ മുൻനിര നിർമാതാക്കളിൽ ഒരാളായിരുന്ന പഹ്ലജ് നിഹലാനി ആംഖേൻ, അന്ദാസ്, തലാഷ്, രംഗീലരാജ, ജൂലി 2 തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവാണ്.
1980-കളുടെ തുടക്കത്തിലാണ് അദ്ദേഹം സിനിമ നിർമാണരംഗത്തേക്ക് കടക്കുന്നത്.
Movies
ബോളിവുഡിലെ താരറാണിയായി തിളങ്ങി നില്ക്കുന്ന ആലിയ ഭട്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയെങ്കിലും അഭിനയ മികവിലൂടെയാണ് താരം തന്റേതായ ഇടം ബിഗ് സ്ക്രീനിൽ നേടിയെടുത്തത്.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണയും ബോളിവുഡ് സെലിബ്രിറ്റികളിൽനിന്ന് ആലിയ എത്തിയിരുന്നു. നിരവധി ട്രോളുകൾ അതിന്റെ പേരിൽ വന്നെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ താരം പൊതുവേദികളിൽ തിളങ്ങുന്നുണ്ട്.
ഇപ്പോഴിതാ താൻ ശരിക്കും സംവിധായകരുടെ അഭിനേത്രിയാണ് എന്ന് പറയുകയാണ് ആലിയ. സംവിധായകരുടെ കാഴ്ചപ്പാടുകൾ സ്ക്രീനിൽ പകർത്താൻ ലക്ഷ്യമിടുന്ന ഒരു സഹകാരിയായിട്ടാണ് സ്വയം കണക്കാക്കുന്നത് എന്നും തന്നിലെ അഭിനേത്രിയെ രൂപപ്പെടുത്തിയത് കഥാപാത്രങ്ങളെ തന്ന സംവിധായകർ ആണെന്നും ആലിയ പറയുന്നു. ഞാൻ ഇന്ന് ഏതുതരത്തിലുള്ള ഒരു അഭിനേത്രിയാണോ, അത് ഞാൻ ഇതുവരെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാ സംവിധായകരും കാരണമാണ്.
വര്ഷങ്ങളായി എന്നിലെ അഭിനേത്രിയെ രൂപപ്പെടുത്തിയത് എന്നെ സെലക്ട് ചെയ്ത മികച്ച സംവിധായകരാണ്. ഞാൻ വെറുതെ പറയുന്നതല്ല ഇത്. ഞാൻ ഒരു 'ഡയറക്ടേഴ്സ് ആക്ടർ' (സംവിധായകരുടെ അഭിനേത്രി) ആണ്. എനിക്ക് അഭിനയത്തിൽ വലിയൊരു പ്രക്രിയയൊന്നുമില്ല. എന്റെ പ്രക്രിയ എന്നത് എന്റെ സംവിധായകനാണ്.
അതിനാൽ, ഞാൻ ഒപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാ സംവിധായകരും... അത് ഇംതിയാസ് അലി ആകട്ടെ, അഭിഷേക് ചൗബേ, സഞ്ജയ് ലീല ബൻസാലി, രാജമൗലി സർ, വാസൻ ബാല, കരൺ, ശിവ് റവെയ്ൽ, കരൺ ജോഹർ... അങ്ങനെ ഇപ്പോൾ എന്റെ മനസിലേക്ക് വരുന്ന പേരുകൾ ഞാൻ പറയുന്നു എന്നേയുള്ളൂ... എല്ലാവരും ഗൗരി ഷിൻഡെ ഉൾപ്പെടെയുള്ള എല്ലാ സംവിധായകരും എപ്പോഴും ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളിലൂടെ എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരിൽ നിന്ന് ഞാൻ എപ്പോഴും ഉൾക്കൊള്ളുന്ന ഒരു കാര്യം അതാണ്.
അത് ആ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുക എന്നത് മാത്രമാണ്. അവർ എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഓരോ കഥാപാത്രവും. സംവിധായകർ അവരുടെ കഥാപാത്രത്തെ എങ്ങനെ കാണുന്നു എന്നത് ഒരു വ്യക്തി എന്ന നിലയിൽ എന്നിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു- ആലിയ പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രത്യേക സംഭാഷണത്തിലാണ് ആലിയ ഇക്കാരങ്ങൾ വ്യക്തമാക്കിയത്.
National
അഹമ്മദാബാദ്: കൊലക്കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം ഒളിവിൽപോയ ബോളിവുഡ് നടൻ 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ഹേമന്ത് മോദി(53) ആണ് അറസ്റ്റിലായത്.
അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് ഹേമന്ത് മോദിയെ (ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസ്, വൈഷ്ണവ്) അറസ്റ്റ് ചെയ്തത്.
2014ൽ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധി അവസാനിച്ചിട്ടും കീഴടങ്ങാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഒരു കൊലപാതകക്കേസിലാണ് ഹേമന്ത് വൈഷ്ണവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബോംബെ പോലീസ് ആക്ടിലെ സെക്ഷൻ 135(1) നൊപ്പം ഐപിസി 302, 324, 147, 148, 149, 120(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നരേന്ദ്ര (നന്നോ യശ്വന്ത് കാംബ്ലെ) ആണ് കൊല്ലപ്പെട്ടത്.
2008 ഓഗസ്റ്റ് 27 ന് കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് വൈഷ്ണവിന് 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
പരോൾ കാലാവധി അവസാനിച്ചിട്ടും ഹേമന്ത് മോദി തിരിച്ചെത്തിയില്ല. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും വാഗ്ലെ കി ദുനിയ പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളിലും നാടകങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണ്.
Movies
തന്റെ അഭിനയ ജീവിതത്തിൽ നേരിടേണ്ടി വന്ന അസാധാരണമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പൂജ ബത്ര.
തന്റെ ഉയരം സിനിമാ കരിയറിൽ പലപ്പോഴും വലിയ തടസമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പൂജ ബത്ര. പലപ്പോഴും നായകന്മാരേക്കാൾ ഉയരം കൂടുതൽ തോന്നിക്കുന്നത് അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്നും അവർ പറഞ്ഞു.
സിനിമകളിൽ അഭിനയിക്കുമ്പോൾ തന്റെ ഉയരം കുറച്ചു കാണിക്കാൻ സെറ്റുകളിൽ പലവിധത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
ക്ലോസപ്പ് ഷോട്ടുകളിൽ നായകന്മാർക്ക് ഉയരം കൂടുതൽ തോന്നിക്കാനായി താൻ ഹാഫ് സ്പ്ലിറ്റ്സ് ചെയ്ത് നിൽക്കുമായിരുന്നു. കൂടാതെ, പൊക്കം കുറച്ചു കാണിക്കാനായി പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും നിറങ്ങളും തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ചില സിനിമകളിൽ സംവിധായകർ മേക്കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നും അവർ ചിരിയോടെ ഓർത്തെടുത്തു.
തന്റെ ഉയരത്തിന്റെ കാര്യത്തിൽ യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത ഏക നടൻ സൽമാൻ ഖാൻ ആയിരുന്നുവെന്നും അവർ പറയുന്നു.
കഹിൻ പ്യാർ നാ ഹോ ജായെ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ ഹീൽസ് ധരിക്കാൻ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ ഉയരത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ലായിരുന്നു. സ്വന്തം വ്യക്തിത്വത്തിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ആളായിരുന്നു സൽമാൻ ഖാനെന്നും പൂജ കൂട്ടിച്ചേർത്തു.
താൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലത്ത് പ്രമുഖ നടി സംഗീത ബിജ്ലാനി നൽകിയ ഉപദേശത്തെക്കുറിച്ച് പൂജ പ്രത്യേകം പരാമർശിച്ചു. നീ വളരെ ഉയരമുള്ളവളായതിനാൽ സിനിമയിൽ നിനക്ക് വലിയ സാധ്യതയില്ല എന്നായിരുന്നു സംഗീത പറഞ്ഞത്. താൻ മാതൃകയായി കണ്ടിരുന്ന ഒരാളിൽ നിന്നുള്ള ഈ പരാമർശം വലിയ പ്രഹരമായിരുന്നുവെന്ന് പൂജ വെളിപ്പെടുത്തി.
താനും സംഗീത ബിജ്ലാനിയും ഉയരമുള്ള സ്ത്രീകൾക്ക് സിനിമാ ലോകത്തേക്കുള്ള വഴി തുറന്നുകൊടുത്തവരാണെന്ന് പൂജ വിശ്വസിക്കുന്നു. സുസ്മിത സെൻ, ദീപിക പദുക്കോൺ തുടങ്ങിയ ഉയരമുള്ള നടിമാർ ഇതിന് തങ്ങളോട് നന്ദി പറയണമെന്നും അവർ തമാശയായി പറഞ്ഞു.
ഇന്ന് സിനിമയുടെ സാങ്കേതികവിദ്യയും കാഴ്ചപ്പാടുകളും മാറിയെന്നും അതിനാൽ ഉയരം എന്നത് പണ്ടത്തെപ്പോലെ വലിയ പ്രശ്നമല്ലെന്നും അവർ നിരീക്ഷിച്ചു. സിനിമയിലെ ഫ്രെയിമുകൾ മാറുന്നതിനനുസരിച്ച് ഒരാളുടെ ഉയരം ക്രമീകരിക്കാൻ ഇന്ന് എളുപ്പമാണെന്നും പൂജ ബത്ര പറഞ്ഞു.
Movies
ബോളിവുഡ് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് നടി സിമ്രാന്റെ തുറന്നുപറിച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. തന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്ക് നൽകിയിട്ടും അർഹമായ ബഹുമാനം കിട്ടാതെ വരികയാണെന്നാണ് സിമ്രാൻ പറയുന്നത്.
ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന് ഹിന്ദി സിനിമ ചെയ്യാന് തയ്യാറാകാതിരുന്നത് എനിക്ക് അവരുമായി കണക്ട് ആകാന് സാധിക്കാത്തതിനാലാണ്.
ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് സൗത്തില് ഞങ്ങള് ചെയ്ത വര്ക്കുകള് അവര് കണ്ടിട്ടുണ്ടാകില്ല. ഞങ്ങളുടെ ലെഗസി എന്തെന്ന് അറിയില്ല.
അത് എന്നെ അലട്ടിയിരുന്നു. ഒരു ബഹുമാനവുമില്ല. എന്റെ ജീവിതത്തിന്റെ പകുതിയും ഞാന് സിനിമയ്ക്കാണ് നല്കിയത്. എന്നിട്ടും എനിക്ക് അര്ഹമായ ബഹുമാനം കിട്ടാതെ വരുമ്പോള് അത് വേദനിപ്പിക്കും.
അവര് ഹോട്ടലിന്റെ പേരില് വിലപേശും. എനിക്കൊപ്പം യാത്ര ചെയ്യാന് പറ്റുന്നവരുടെ എണ്ണത്തിന് പരിധി വെക്കും. നിങ്ങള്ക്ക് ഇത്രയും സ്റ്റാഫിനെ കൊണ്ടു വരാന് പറ്റില്ലെന്ന് പറയും.
ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വില പേശും. അതൊക്കെ എന്നെ അലട്ടിയിരുന്നു. പക്ഷെ ആരും അതേക്കുറിച്ച് സംസാരിക്കില്ല. ഇവിടെ ഒരു അധികാരശ്രേണിയുണ്ട്. അതിനാല് ജോലി ചെയ്യാന് തോന്നില്ല. വേദനിക്കപ്പെടും. സിമ്രാൻ പറഞ്ഞു.
മുംബൈക്കാരിയായ സിമ്രാന്റെ ആദ്യ ചിത്രം അമിതാഭ് ബച്ചന് നിര്മിച്ച തേരെ മേരെ സപ്നെ ആയിരുന്നു. ചിത്രം പരാജയപ്പെട്ടുവെങ്കിലും സിമ്രാന് തെന്നിന്ത്യന് സംവിധായകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് സിമ്രാന് തമിഴിലേക്ക് എത്തുന്നത്. അധികം വൈകാതെ തെന്നിന്ത്യയിലെ വലിയ താരമായി മാറാന് സിമ്രാന് സാധിച്ചു.
Movies
ഏഴു മാസം ഗര്ഭിണിയായിരിക്കെ ബോളിവുഡ് താരം കിയാര അദ്വാനിയെ ആരാധകന് കടന്നുപിടിക്കാന് ശ്രമിച്ചുവെന്ന് നടിയുടെ ബോഡിഗാര്ഡ്. ഒരഭിമുഖത്തിലാണ് ബോഡി ഗാര്ഡ് ആയ സീഷാന് ഖുറേഷിയുടെ ഈ വെളിപ്പെടുത്തല് പരസ്യചിത്രത്തിന്റെ ഷൂട്ടിനെത്തിയതായിരുന്നു കിയാര. അന്ന് കിയാരയുടെ കൂടെ മറ്റൊരു ബോഡിഗാര്ഡ് ഉണ്ടായിരുന്നു.
പക്ഷേ, അവര് ഏഴ് മാസം ഗര്ഭിണിയായിരുന്നതിനാല് കിയാരയുടെ ഭർത്താവ് സിദ്ധാര്ഥ് എന്നോടു കൂടെ ചെല്ലാന് പറഞ്ഞു. അവരെ വിടാന് സിദ്ധാര്ഥിന് പേടിയായിരുന്നു. അതിനാല് ഞാന് പോയി.
പതിവിലും ശ്രദ്ധയോടെയാണ് ഞാന് എല്ലാം ചെയ്തത്. അവര് വാനിറ്റി വാനില് നിന്നു പുറത്തേക്ക് ഇറങ്ങുമ്പോള് ഒരാള് വന്നു. അയാളും ഞാനും തമ്മില് വാക്കുതര്ക്കമായി. അയാള് സ്യൂട്ട് ധരിച്ചിരുന്നു. മാന്യനായിരിക്കുമെന്നു കരുതി. ചിലപ്പോള് ചിലര് വന്ന് ഞാന് കോര്പ്പേറ്റ് ലോകത്തുള്ളതാണെന്നും എന്നോട് ഇങ്ങനെ സംസാരിക്കരുതെന്നും പറയും.
പക്ഷെ എന്റെ ജോലിയാണത്. ഞാന് നേരത്തെ തന്നെ ബാരിക്കേഡ് വയ്ക്കുകയും കര്ട്ടനിടുകയും ചെയ്തിരുന്നു. എന്നിട്ടും അയാള് ഉള്ളിലേക്ക് കയറി വന്നു. അയാള് വീണ്ടും വീണ്ടും അടുത്ത് വരാന് ശ്രമിച്ചതോടെ എനിക്കു ദേഷ്യം വന്നു.
അതിനാല് പ്രശ്നം പരിഹരിക്കാന് ആകാശ് അംബാനിയുടെ മാനേജരെ വരെ വിളിക്കേണ്ടി വന്നു. താരങ്ങളെ നേരില് കാണുമ്പോള് പലരുടേയും നിയന്ത്രണം നഷ്ടമാകും- സീഷാന് പറഞ്ഞു.
2023 ലാണ് നടൻ സിദ്ധാർഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹം കഴിഞ്ഞത്. 2025 ജൂലൈ 15 നാണ് ഈ ദമ്പതികൾക്കു മകൾ പിറന്നത്.
Movies
മകൾ നൈസയുടെ കൗമാരപ്രായത്തിൽ മകളോടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും തങ്ങൾക്കിടയിലെ അകൽച്ചയെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം കാജോൾ.
പ്രശസ്ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ്, ഒരു അമ്മ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം മനസ് തുറന്നത്.
സോഷ്യൽ മീഡിയയുടെ കാലത്ത് വളർന്നു വരുന്ന കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണെന്ന് കാജോൾ ചൂണ്ടിക്കാട്ടുന്നു.
‘‘നൈസയ്ക്ക് 12 വയസുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായി.
ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറുകയും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത വിധം അകന്നുപോവുകയും ചെയ്തിരുന്നു.
ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുത്തൻ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ അത് അവളോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ കർക്കശമായ സ്നേഹം ആയിരുന്നു.
അമ്മ എന്ന നിലയിൽ എന്റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ ബോധപൂർവം തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്.
നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കിയത്. മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം.’’ കാജോളിന്റെ വാക്കുകൾ.
1999ൽ വിവാഹിതരായ അജയ് ദേവ്ഗണിനും കാജോളിനും നൈസയെ കൂടാതെ യുഗ് എന്നൊരു മകൻ കൂടിയുണ്ട്.
Movies
പാപ്പരാസികളെ കൊണ്ട് പൊറുതിമുട്ടുന്ന ജീവിതമാണ് സിനിമത്താരങ്ങൾക്ക്. പ്രത്യേകിച്ച് മുംബൈയിൽ. ഇപ്പോഴിതാ നടി ശ്രുതി ഹസന്റെ പിന്നാലെ വീഡിയോ എടുത്ത് നടന്ന പപ്പരാസിക്ക് താരം നൽകിയൊരു മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
മുംബൈയിലെ ഒരു റസ്റ്ററന്റിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. ചിത്രങ്ങൾ പകർത്താനായി ചുറ്റും കൂടിയ പാപ്പരാസികളിൽ ഒരാൾ ശ്രുതിയെ മമ്മ എന്ന് വിളിക്കുകയായിരുന്നു. ഇത് കേട്ട ഉടൻ തന്നെ താരം നടത്തം നിർത്തുകയും ദേഷ്യത്തോടെ പ്രതികരിക്കുകയും ചെയ്തു.
‘ആരാണ് മമ്മ? ഞാൻ നിങ്ങളുടെ അമ്മയാണോ? എന്താണ് ഈ പറയുന്നത്?’ ശ്രുതി ഹാസൻ രോക്ഷത്തോടെ പാപ്പരാസികളോട് ചോദിച്ചു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി.
താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന, അവരുടെ വ്യക്തിത്വത്തേയും സ്വകാര്യതയേയും മാനിക്കാത്ത പാപ്പരാസികള്ക്കെതിരെ വിമര്ശനം ഉയരുകയാണ്.
അതേസമയം ശ്രുതിയുടെ കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ കണ്ടാണ് അവർ അത്തരത്തിൽ വിളിച്ചതെന്നും ചിലർ വാദിക്കുന്നുണ്ട്.
Movies
പതിനെട്ടാം വയസില് ലോകസുന്ദരിപ്പട്ടം ചൂടിയതു മുതല് ഹോളിവുഡ് വരെയെത്തി നില്ക്കുന്ന തന്റെ അസാധാരണ വളര്ച്ചയെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും മനസു തുറന്ന് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡിന്റെ ഭാഗമായി തന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പ് പങ്കുവെച്ചത്. ‘ഈ ട്രെൻഡ് എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് പോസ്റ്റിന് അടിക്കുറിപ്പായി താരം നല്കിയിരിക്കുന്നത്.
പതിനെട്ടാം വയസിൽ കിരീടം ചൂടിയപ്പോൾ എന്റെ ജീവിതം മാറി, മിസ് വേൾഡ്? ഞാനോ? എന്ന് അദ്ഭുതപ്പെട്ടുകൊണ്ടാണ് താരം തന്റെ കുറിപ്പ് ആരംഭിച്ചത്.
തന്റെ കുട്ടിക്കാല ചിത്രവും മിസ് വേൾഡ് വേദിയിലെ ചിത്രവും താരം ഇതിനോടൊപ്പം പങ്കുവെച്ചു. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന നടിയും സംരംഭകയുമായി മാറിയ തന്റെ മാറ്റത്തെ താരം നന്ദിയോടെയാണ് ഓർക്കുന്നത്.
തന്റെ കരിയറിനൊപ്പം തന്നെ മകൾ മാൾട്ടി മേരിയുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രിയങ്ക പങ്കുവെച്ചു. "ഏറ്റവും വലിയ ഹൃദയവും അവസാനിക്കാത്ത കൗതുകവുമുള്ള ആവേശഭരിതയായ ഒരു കുഞ്ഞു മനുഷ്യന്റെ അമ്മയാണു ഞാൻ.
എനിക്ക് മനോഹരമായ ഒരു കുടുംബമുണ്ട്, പ്രിയങ്ക കുറിച്ചു. ഭർത്താവ് നിക് ജോനാസിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ഒരു നിർമാതാവ് എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലുമുള്ള തന്റെ നേട്ടങ്ങളെക്കുറിച്ചും താരം സംസാരിച്ചു.
തന്റെ മെമ്മോയര് ( ഒരാളുടെ സ്വന്തം ജീവിതാനുഭവങ്ങളെയും ഓര്മ്മകളെയും ആസ്പദമാക്കി എഴുതുന്ന പുസ്തകം)'അൺഫിനിഷ്ഡ്' പൂർത്തിയാക്കാൻ എടുത്ത പ്രയത്നത്തെക്കുറിച്ചും താരം ഓർത്തെടുത്തു. ഏതായാലും പ്രിയങ്കയുടെ പോസ്റ്റ് സോഷ്യല് മീഡിയയില് ശ്രദ്ധനേടുകയാണ്.
അതേസമയം ദ ബ്ലഫ് ആണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില് പുറത്തിറങ്ങിയ ചിത്രം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരാണസി’യിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രിയങ്ക. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.
Movies
തനിക്കു കൈ നിറയെ സിനിമ ലഭിക്കാനുളള പ്രധാന കാരണം തന്റെ കഠിനാധ്വാനമാണെന്ന് ബോളിവുഡ് നടി ശില്പ ഷെട്ടി. തന്റെ ആത്മാര്ഥത കണ്ടാണ് പലരും തനിക്കു സിനിമ തരുന്നത്. ശരീരത്തില് പൊള്ളലേറ്റിട്ടുപോലും ജോലിക്കു പോയിട്ടുണ്ട്. നിര്മാതാക്കള്ക്ക് നഷ്ടം വരരുതെന്നു മാത്രമാണ് താന് ചിന്തിക്കാറുള്ളുവെന്നും ഓണ്ലൈന് ചാനലിനു നല്കിയ അഭിമുഖത്തില് താരം പറഞ്ഞു.
എന്റെ ഹാര്ഡ് വര്ക്കിംഗ് കൊണ്ടാണ് എനിക്കു കൈ നിറയെ സിനിമകള് ലഭിച്ചത്. അതുകൊണ്ടു തന്നെ സംവിധായകര്ക്കും നിര്മാതാക്കള്ക്കും എന്നെ സിനിമയിലേക്കു വിളിക്കാനും കോണ്ഫിഡന്സാണ്. എച്ച്എംഐ ലൈറ്റില് നിന്ന് പൊള്ളലേറ്റിട്ടു വരെ ഞാന് പിറ്റേദിവസം ഷൂട്ടിനു പോയിട്ടുണ്ട്.
ഞാന് ഫ്രെയിമില് നിന്ന് പുറത്തേക്കു പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നതു ഞാന് കണ്ടില്ല. എന്റെ പുറം അതില് തട്ടി. പൊള്ളിത്തുടങ്ങിയതു വരെ ഞാന് ഒന്നും അറിഞ്ഞിരുന്നില്ല.
പുറം പൊള്ളിയതിന്റെ പിറ്റേദിവസം തന്നെ ഞാന് ഷൂട്ടിനായി സെറ്റിലെത്തി. പുറം പൊള്ളിയിരിക്കുന്നതു കൊണ്ട് അന്നു തന്നെ കോസ്റ്റ്യൂം എനിക്ക് ധരിക്കാന് സാധിക്കുമായിരുന്നില്ല. പകരം മുമ്പില് മാത്രം ധരിച്ചു.
ശേഷം അവരോട് പിന്വശത്ത് സ്റ്റിച്ച് ചെയ്ത് തരാന് പറഞ്ഞു. സിപ്പ് ഇടാനും പറ്റുമായിരുന്നില്ല. ഞാന് കാരണം പ്രൊഡ്യൂസര്ക്ക് നഷ്ടം സംഭവിക്കരുതെന്നു മാത്രമേ എന്റെ മനസില് ഉണ്ടായിരുന്നുള്ളു.-ശില്പ പറയുന്നു.
Kerala
ന്യൂഡൽഹി: വിടപറഞ്ഞ വിഖ്യാത ഗായിക ആശാ ഭോസ്ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു.
ആശാ ഭോസ്ലെയ്ക്കൊപ്പമുള്ള സംഭാഷണങ്ങൾ എപ്പോഴും തന്റെ ഓർമയിലുണ്ടാകുമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മോദി വ്യക്തമാക്കി.
ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത ജീവിതം നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മാവുള്ള മെലഡികളോ ഊർജസ്വലമായ ഗാനങ്ങളോ ആകട്ടെ, അവരുടെ ശബ്ദം കാലാതീതമായ തിളക്കം വഹിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
National
മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്ലെ ചികിത്സയിലുള്ളത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് കുടുംബം പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
Movies
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ദിൽകശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിര്മാതാവും സംവിധായകനുമായ ഹന്സല് മെഹ്ത ഒരുക്കുന്ന സിനിമയിലൂടെയാണ് ലിജോയുടെ ബോളിവുഡ് എന്ട്രി.
എ.ആര്. റഹ്മാനാണു ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മെഹ്തയുടെ ട്രു സ്റ്റോറി ഫിലിംസും ലിജോയുടെ ആമേന് മൂവി മൊണാസ്ട്രിയും ചേര്ന്നാണ് സിനിമ നിര്മിക്കുന്നത്.
ലിജോയും കരണ് വ്യാസും ചേര്ന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീര്ണത തുടങ്ങിയ വിഷയങ്ങള് അവതരിപ്പിക്കുന്നതായിരിക്കും ചിത്രം. പ്രശസ്ത ബോളിവുഡ് സംവിധായകന് രാജ് കുമാര് ഹിരാനിയുടെ മകന് വീര് ഹിരാനിയാണ് നായകൻ.
മോഹന്ലാല് നായകനായ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
Movies
ബോളിവുഡിൽ നിന്നും ആരാധകർ ആകാംഷയോടെ കാത്തിരുന്ന ധുരന്ധർ രണ്ടാം ഭാഗത്തിന് അപ്രതീക്ഷിത തിരിച്ചടി. പലയിടത്തും ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ മുടങ്ങി.
മലയാളം, കന്നഡ പതിപ്പുകളുടെ പ്രീമിയർ ഷോ പൂർണമായും റദ്ദാക്കി. തുടർന്ന് സംവിധായകൻ ആദിത്യ ധർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
ഹിന്ദി പതിപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ പ്രദർശിപ്പിച്ചെന്ന് ആദിത്യ ധർ പ്രസ്താവനയിൽ പറഞ്ഞു. തമിഴ്- തെലുങ്ക് പതിപ്പുകൾ ഒൻപതുമണിമുതൽ ആരംഭിച്ചു.
അപ്രതീക്ഷിത സാങ്കേതിക പ്രശ്നങ്ങളെടുത്തുടർന്ന് മലയാളം, കന്നഡ ഷോകൾ ചിത്രത്തിന്റെ യഥാർഥ റിലീസ് ദിവസമായ വ്യാഴാഴ്ചമാത്രമേ കാണാൻ കഴിയൂവെന്നും സംവിധായകൻ അറിയിച്ചു.
റദ്ദാക്കിയ ഷോകളുടെ പണം തിരികെ നൽകുകയോ, അതേ ടിക്കറ്റുകളിൽ സബ് ടൈറ്റിലുകളോടെയുള്ള ഹിന്ദി പതിപ്പ് കാണാൻ അവസരമൊരുക്കുകയോ ചെയ്യാമെന്ന് ആദിത്യ ധർ വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചത്.
അതേസമയം കേരളത്തിൽ ഉൾപ്പെടെ പല ഷോകളും റദ്ദാക്കി. ഹിന്ദി പതിപ്പ് പലയിടത്തും വൈകിയാണ് ആരംഭിച്ചത്.
National
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ് റിവഞ്ച്’’ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സാമാനതകളില്ലാത്ത പ്രീ-റിലീസ് ബുക്കിംഗ് റിക്കാർഡുകളുമായി ഇന്നു തിയറ്ററുകളിലെത്തുന്നു.
ഇന്ത്യയിലെ പ്രീമിയർ ഷോകളുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ചിത്രം കാഴ്ചവച്ചിരിക്കുന്നത്. ഔദ്യോഗിക റിലീസിനു ഒരു ദിവസം മുന്പ്, അതായത് ഇന്നലെ നടത്തിയ പെയ്ഡ് പ്രീമിയറുകളിൽനിന്നു മാത്രം ചിത്രം 33 കോടി രൂപയിലധികം സ്വന്തമാക്കി.
രാജ്യത്തെ പ്രമുഖ തിയറ്റർ ശൃംഖലകളായ പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളിൽനിന്നായി ലക്ഷക്കണക്കിനു ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. പ്രീമിയർ ഷോകളും ആദ്യ ദിന ബുക്കിംഗുമുൾപ്പെടെ ആഭ്യന്തര വിപണിയിൽനിന്നു മാത്രം 50 കോടി രൂപയുടെ അഡ്വാൻസ് സെയിൽസ് ചിത്രം പിന്നിട്ടുകഴിഞ്ഞു. ആദ്യ ദിനം ലോകമെന്പാടുംനിന്നായി 200 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് സിനിമാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
വിദേശ വിപണികളിലും ചിത്രത്തിനു വലിയ വരവേൽപ്പാണു ലഭിക്കുന്നത്. വടക്കേ അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ടുകൾ പ്രകാരം ഓപ്പണിംഗ് വീക്കെൻഡിൽ വിദേശത്തുനിന്നു മാത്രം ചിത്രം 65 കോടി രൂപയോളം നേടുമെന്നാണ് സൂചന.
ഇന്ത്യയിൽ മാത്രം ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകൾ റിലീസിനു മുന്പേ വിറ്റുതീർന്നത് ബോളിവുഡ് സിനിമകളിൽ പുതിയൊരു ചരിത്രമാണ്. ഇന്ന് ചിത്രം ഔദ്യോഗികമായി റിലീസിനെത്തുന്നതോടെ മുന്പുള്ള പല വന്പൻ ചിത്രങ്ങളുടെയും റിക്കാർഡുകൾ പഴങ്കഥയാകുമെന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ആദ്യഭാഗമായ ദുരന്ധർ ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത് വൻവിജയം നേടിയിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് യാഥാർഥ സംഭവങ്ങളെ കെട്ടുകഥയുമായി കൂട്ടിച്ചേർത്ത് അതിതീവ്ര ദേശീയത പ്രചരിപ്പിക്കുന്നു എന്ന വിമർശനവും നേരിടേണ്ടിവന്നു.
Movies
ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായി മാറിയ ധുരന്ധറിന്റെ രണ്ടാം ഭാഗം മാർച്ച് 19-ന് തിയറ്ററുകളിലെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗം റി-റിലീസിനൊരുങ്ങുന്നു. ചിത്രം 13-ന് തിയറ്ററുകളിലെത്തും.
ലോകമെമ്പാടുമുള്ള ഏകദേശം 500 സ്ക്രീനുകളിലായാണ് ചിത്രം റീ- റിലീസായെത്തുന്നത്. വ്യാഴാഴ്ച മുതൽ ഇന്ത്യയിലെ 250-ഓളം സ്ക്രീനുകളിലും വ്യാഴാഴ്ച മുതൽ വിദേശത്ത് 250 സ്ക്രീനുകളിലും ചിത്രം റീ- റിലീസ് ചെയ്യും.
വടക്കേ അമേരിക്കയിൽ മാത്രം 185 സ്ക്രീനുകളിലായി ചിത്രം തിയറ്ററുകളിലേക്ക് മടങ്ങിയെത്തും. ധുരന്ധർ: ദി റിവഞ്ച് റിലീസിന് ഒരുദിവസം മുമ്പ് യുഎസിലും കാനഡയിലും പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കും.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമിച്ച ആദിത്യ ധർ ചിത്രം ധുരന്ധർ: പ്രതികാരം രചിച്ചതും സംവിധായകൻ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. പിആർഒ: ശബരി.
Movies
രണ്വീര് സിംഗിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്. ബോക്സ് ഓഫീസില് മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 19ന് പുറത്തിറങ്ങും. ഈ അവസരത്തില് നടിയും സംവിധായകന് ആദിത്യ ധറിന്റെ ഭാര്യയുമായ യാമി ഗൗതം ധുരന്ധര് 2വിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന് ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞുവെന്നു പറഞ്ഞ യാമി ഗൗതം അസാധാരണം എന്നാണ് ധുരന്ധര് 2 വിനെ വിശേഷിപ്പിച്ചത്. സിനിമ കണ്ടശേഷം താന് വല്ലാതെ ഇമോഷണലായി എന്നും യാമി ഗൗതം കൂട്ടിച്ചേര്ത്തു.
സംവിധായകൻ തന്റെ പ്രേക്ഷകരെ സ്നേഹിക്കുന്നു, തന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഈ സിനിമ അര്ഥവത്താക്കാന് അവന് തന്റെ ഹൃദയവും ആത്മാവും ഇതില് പകര്ന്നു നല്കിയിട്ടുണ്ട്.
പ്രേക്ഷകര്ക്ക് ഒരിക്കലും മറക്കാന് കഴിയാത്ത ഒരു അനുഭവമായിരിക്കും ഇത്. ഇതൊരു ഇന്ത്യന് സിനിമയാണ്, ഇത് ഇന്ത്യന് സിനിമാ വ്യവസായത്തില് നിന്നുള്ളതാണ് എന്ന് നിങ്ങള് അഭിമാനത്തോടെ പറയും. അതുകൊണ്ട് നമുക്ക് ഇത് ആഘോഷിക്കാം. യാമി ഗൗതം പറഞ്ഞു.
രണ്വീര് സിംഗ്, അര്ജുന് രാംപാല്, സഞ്ജയ് ദത്ത്, മാധവന് എന്നിവരാണ് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നത്.
Movies
ബോളിവുഡിന്റെ ഗ്ലാമർ റാണി ഉർവശി റൗട്ടേലയുടെ പിറന്നാൾ കേക്കിന്റെ വില 16 കോടി രൂപ.!!ബോളിവുഡിന്റെ ഗ്ലാമർ റാണി ഉർവശി റൗട്ടേല; വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കുന്ന താരം, തന്റെ മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചത് ലോകത്തിനു തന്നെ വിസ്മയമായി. കോടിക്കണക്കിനു രൂപ വിലയുള്ള കേക്ക് ആണ് ജന്മദിനത്തിൽ താരം മുറിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വജ്രങ്ങൾ പതിപ്പിച്ചതാണ് കേക്ക്.
ഒരാളുടെ ജന്മദിനത്തിന് ഒരു കേക്കിന് എത്ര രൂപയാകാം? ആയിരങ്ങളോ... ലക്ഷങ്ങളോ? എന്നാൽ ഉർവശിയുടെ കാര്യത്തിൽ ഇത് കോടികളാണ്. 16 കോടി രൂപ വിലമതിക്കുന്ന, യഥാർഥ വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഏഴ് തട്ടുകളുള്ള പടുകൂറ്റൻ കേക്കിനു മുന്നിൽ നിൽക്കുന്ന ഉർവശിയുടെ ദൃശ്യങ്ങൾ കണ്ടാൽ ആരും അമ്പരക്കും. ആഡംബരത്തിന്റെ നെറുകയിൽ നിൽക്കുന്ന ഉർവശി ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.
വെള്ള ബാത്ത്റോബും കൂളിംഗ് ഗ്ലാസും ധരിച്ച് അതിമനോഹരിയായി എത്തിയ ഉർവശി, കൂറ്റൻ കേക്കിനു മുന്നിൽ നിൽക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വർണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കേക്ക് ഒരു കൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു കേക്ക് എന്നതിലുപരി ഇതൊരു രാജകീയ ഇൻസ്റ്റലേഷൻ പോലെയാണ് കാഴ്ചക്കാർക്ക് തോന്നിയത്. ജന്മദിന ആഘോഷങ്ങൾ തുടങ്ങുന്നു...- എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.
പതിനാറു കോടി രൂപയുടെ കേക്കിനെക്കുറിച്ച് ലോകം ചർച്ച ചെയ്യുമ്പോൾ, അതേ ആവേശത്തോടെ തന്നെ താരം മറ്റൊരു കാര്യവും ഓർമിപ്പിച്ചു. ബാഗേശ്വർ ധാമിൽ നടന്ന 251 നിർധന പെൺകുട്ടികളുടെ വിവാഹം. ഉർവശിയാണ് സമൂഹവിവാഹത്തിന്റെ സന്പൂർണ ചെലവും ഏറ്റെടുത്തത്. മാധ്യമങ്ങൾ ഇതൊന്നും കാണിക്കില്ല... എന്ന ചെറിയൊരു പരിഭവത്തോടെ താരം ഈ വാർത്തയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ബോളിവുഡ് സ്വപ്നസുന്ദരിയുടെ 32-ാം ജന്മദിനം ലോക ചലച്ചിത്ര ചരിത്രത്തിലെ വിസ്മയസംഭവമായി.
Movies
ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രൺവീറിന്റെ മാനേജരുടെ വാട്സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയി സംഘം വാഗ്ദാനം ചെയ്തിരുന്നത്.
ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും നടൻ സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പിലും പ്രതിയായ ശുഭം ലോങ്കറിന് രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി അവിടെയിരുന്നാണ് തന്റെ സംഘത്തെ നിയന്ത്രിക്കുന്നത്. കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുറമെ ലഹരിമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഈ സംഘത്തിനു പങ്കുണ്ട്.
ഭീഷണിയുടെ നിഴലിൽ സൽമാൻ ഖാനും ബി ടൗൺ താരങ്ങളും
ബി ടൗൺ സൂപ്പർതാരം സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പല താരങ്ങൾക്കും ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സൽമാൻ ഖാൻ ആണ്. 1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ്ക്ക് സൽമാനോട് പയുള്ളത്.
കൃഷ്ണമൃഗത്തെ ബിഷ്ണോയി മതവിഭാഗം പരിപാവനമായാണു കാണുന്നത്. താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേരെ വെടിയുതിർത്ത സംഭവങ്ങളും ഒന്നിലധികം വധഭീഷണികളും ഉണ്ടായിട്ടുണ്ട്.
നിലവിൽ സൽമാന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമയ്ക്കും അടുത്തിടെ ഭീഷണി ലഭിച്ചിരുന്നു. സൽമാനുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെയും ലക്ഷ്യംവയ്ക്കാൻ കാരണം.
സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായിരുന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. പഞ്ചാബി ഗായകനായിരുന്ന ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലും ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
Movies
റെഡി, ഗബ്ബാർ ഈസ് ബാക്, ഡീ ഡേ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ സഹനടിയായി തിളങ്ങിയ നടി പ്രവീണ ദേശ്പാണ്ഡെ (60)അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു.
പ്രവീണയുടെ കുടുംബാംഗങ്ങൾ നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. മറാഠി നാടകസമിതികളിലൂടെ വെള്ളിത്തിരയിലെത്തിയ പ്രവീണ, തസ്കരീ-ദ സ്മഗ്ളേഴ്സ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്.
മൃതദേഹം സബർബൻ അന്ധേരിയിലെ ചകാല പരിസ്വാഡ ശ്മശാനത്തിൽ സംസ്കരിച്ചു.
Kerala
തിരുവനന്തപുരം: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിനെതിരെയാണ് മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.
സിനിമയുടെ ഒന്നാം ഭാഗം കേരള വിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആരോപിച്ചു.
'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
Movies
എൺപതുകളുടെ അവസാനത്തിൽ സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന ഗോസിപ്പുകളിലൊന്നായിരുന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡും ബോളിവുഡ് നടി നീന ഗുപ്തയും തമ്മിലുള്ള പ്രണയം.
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും മകൾ മസാബയുടെ ജനനത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത. വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനം പൂർണമായും തന്റേതായിരുന്നുവെന്നും താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ വിവിയൻ റിച്ചാർഡ്സ് അതിനെ പൂർണമനസോടെ പിന്തുണച്ചിരുന്നുവെന്നും താരം പറഞ്ഞു.
അന്ന് പ്രണയത്താൽ അന്ധയായിരുന്നതിനാൽ മറ്റാരുടെയും ഉപദേശങ്ങൾ താൻ ചെവിക്കൊണ്ടില്ലെന്നും നീന പറയുന്നു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.
‘‘വിവാഹം കഴിക്കണമെങ്കിൽ ഒന്നുകിൽ എനിക്ക് കരിയർ ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകണമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്ക് വരണം. ഈ രണ്ടു കാര്യങ്ങളും അന്ന് അസാധ്യമായിരുന്നു. അന്ന് പ്രണയത്താൽ ഞാൻ അന്ധയായിരുന്നു. ആരുടെയും ഉപദേശങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം പൂർണമായും എന്റേതായിരുന്നു.
Movies
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗും ആദിത്യ ധറും ഒന്നിക്കുന്ന ധുരന്ധർ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നോൺ-തിയേറ്ററിക്കൽ ബിസിനസ് റെക്കോർഡുകൾ തകർക്കുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം 245 കോടി രൂപയുടെ ബിസിനസ് ഉറപ്പാക്കി.
അടുത്ത കാലത്ത് ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണു ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വിറ്റുപോയത്.
കണക്കുകൾ ഇങ്ങനെ
ഒടിടി ജിയോ ഹോട്ട്സ്റ്റാർ - 150 കോടി, സാറ്റലൈറ്റ് സ്റ്റാർ നെറ്റ്വർക്ക് 50 കോടി, മ്യൂസിക് ടി-സീരീസ് 45 കോടി
ചിത്രത്തിന്റെ ഒന്നാം ഭാഗം ഏകദേശം 140 കോടി രൂപയ്ക്കാണ് നോൺ-തിയേറ്ററിക്കൽ അവകാശങ്ങൾ വിറ്റിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ബിസിനസ് മൂല്യം ഇരട്ടിയോളമായി വർധിച്ചു. സാറ്റലൈറ്റ് വിപണിയിൽ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, സ്റ്റാർ നെറ്റ്വർക്ക് നൽകിയ 50 കോടി രൂപ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നോൺ-തിയേറ്ററിക്കൽ ബിസിനസ് പട്ടികയിൽ ധുരന്ധർ 2- ഇതോടെ മുൻനിരയിൽ ഇടംപിടിച്ചു. ജിയോ സ്റ്റുഡിയോസിന് ഈ ഫ്രാഞ്ചൈസിയിലൂടെ ലഭിക്കുന്ന ലാഭം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഏപ്രിലിൽ പുറത്തുവിടുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.
Movies
മലയാളത്തിന്റെ ഹിറ്റ് സംഗീതസംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ‘ദോ ദീവാനെ സെഹേർ മേം’ എന്ന ചിത്രത്തിലൂടെയാണ് ഹിഷാം ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.
രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് ദോ ദീവാനെ സെഹേർ മേം.
ഹിഷാം സംഗീതമൊരുക്കിയ ആസ്മാ ആസ്മാ എന്ന ഗാനം യുട്യൂബിൽ ട്രെൻഡിംഗിലാണ്. ജുബിൻ നോട്ടിയാലും നീതി മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അഭിരുചി ചന്ദ് ആണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. സിദ്ധാന്ത് ചതുർവേദി, മൃണാൾ ഠാക്കൂർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ദോ ദീവാനെ സെഹേർ മേം എന്ന ചിത്രം ഫെബ്രുവരി 20ന് ആഗോള റിലീസായി എത്തും.
Movies
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന ഗോഡ്ഫാദറിന്റെ ബോളിവുഡ് റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഹൽചൽ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടൻ അർഷാദ് വാഴ്സി നടത്തിയ പരാമർശങ്ങൾ സംവിധായകൻ പ്രിയദർശനെ ചൊടിപ്പിച്ചിരിക്കുകയാണ്.
ചിത്രം തനിക്ക് മോശം അനുഭവമാണ് നൽകിയതെന്ന അർഷാദ് വാഴ്സിയുടെ പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് പ്രിയദർശൻ പറയുന്നത്.
തന്റെ കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിട്ടും, റിലീസ് സമയത്ത് വിളിച്ച് സന്തോഷം പങ്കുവച്ച നടൻ ഇപ്പോൾ എന്തിനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മിഡ്ഡേയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘അർഷാദ് വാഴ്സി പറഞ്ഞത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. എനിക്ക് തെറ്റ് പറ്റിയതാകാം, ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുമാകാം. എന്നാൽ അദ്ദേഹം പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അത് എന്നെ ശരിക്കും ഞെട്ടിക്കുന്നു.
ചിത്രം റിലീസ് ചെയ്ത ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു, ‘പ്രിയൻ സർ, ഇത്രത്തോളം വലിയൊരു അംഗീകാരം എനിക്ക് ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്റെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നിട്ടു കൂടി അദ്ദേഹം ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
അർഷാദിന്റെ ഈ ആരോപണങ്ങളിൽ എനിക്ക് വലിയ പ്രയാസമുണ്ട്, അത് എന്നെ ആഴത്തിൽ വേദനിപ്പിച്ചു. പരാതിപ്പെടാൻ അദ്ദേഹത്തിന് ഒരു കാരണവുമുണ്ടായിരുന്നില്ല.
പത്ത് കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഹൽചൽ 32 കോടിയിലധികം രൂപ കലക്ഷൻ നേടിയ വലിയ വിജയമായിരുന്നു, അർഷാദിന്റെപ്രകടനത്തിന് അന്ന് വലിയ പ്രശംസ ലഭിച്ചിരുന്നു.’’ പ്രിയദർശൻ പറഞ്ഞു.
Movies
സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിംഗ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വച്ച് പലരും കളിയാക്കി.
തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ "തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.
നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
"എനിക്ക് എന്റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല.'- ഷെഫാലി ഷാ പറഞ്ഞു.
Movies
പപ്പാരാസികൾക്കെതിരെ വീണ്ടും പ്രതികരിച്ച് നടി ജയ ബച്ചൻ. ഒരു മൊബൈല് ഫോണ് ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികളാണ് ഇവരെന്നാണ് ജയയുടെ വിശേഷണം. മാധ്യമങ്ങളുമായി തന്റെ സ്നേഹം മികച്ചതാണെന്നും എന്നാൽ പപ്പരാസികളുമായി അത്ര നല്ല ബന്ധമല്ലെന്നും അവർ പറയുന്നു.
മനഃപൂര്വം ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള് പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വളിച്ചുവരുത്തുന്ന പ്രവണതയേയും അവര് വിമര്ശിച്ചു.
മാധ്യമങ്ങളുമായുള്ള എന്റെ ബന്ധം മികച്ചതാണ്. എന്നാല് പാപ്പരാസികളുമായുള്ള എന്റെ ബന്ധം അത്ര നല്ലതല്ല. ആരാണിവര്? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന് പരിശീലനം ലഭിച്ചവരാണോ ഇവര്? ഇവരെയാണോ നിങ്ങള് മാധ്യമങ്ങള് എന്ന് വിളിക്കുന്നത്? എന്റെ അച്ഛന് ഒരു പത്രപ്രവര്ത്തകനായിരുന്നു. അങ്ങനെയുള്ളവരോട് എനിക്ക് ബഹുമാനമുണ്ട്.
എന്നാല് പുറത്ത് വൃത്തികെട്ട, ഇറുകിയ പാന്റ് ധരിച്ച്, കൈയില് മൊബൈലുമായി നില്ക്കുന്ന ഇവര് കൈയിലൊരു മൊബൈല് ഉള്ളതുകൊണ്ട് ആരുടെയും ചിത്രം പകര്ത്താമെന്നും എന്തും പറയാമെന്നും കരുതുന്നു.
അവര് പറയുന്ന കമന്റുകള്! എങ്ങനെയുള്ള മനുഷ്യരാണിവര്? എവിടെ നിന്നാണ് ഇവര് വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവര്ക്കുള്ളത്, എന്താണ് ഇവരുടെ പശ്ചാത്തലം? ജയ ബച്ചന് ചോദിക്കുന്നു.
ഇന്നത്തെ പല യുവതാരങ്ങള്ക്കും സോഷ്യല് മീഡിയയില് വലിയ ആരാധകരുണ്ട്. പാപ്പരാസി വീഡിയോകളില് അവരെ സ്ഥിരമായി കാണാറുമുണ്ട്. എന്നാല്, ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള് അവരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന രീതിയെ താന് അംഗീകരിക്കുന്നില്ലെന്നും അവര് പറഞ്ഞു.
'എന്റെ ചെറുമകനും (അഗസ്ത്യ ബച്ചന്) ചെറുപ്പമാണ്. പക്ഷേ അവന് ഒരു സോഷ്യല് നെറ്റ്വര്ക്കിലും ഇല്ല. വിമാനത്താവളത്തില് നിങ്ങളുടെ ഫോട്ടോ എടുക്കാന് ആളുകളെ വിളിച്ചുവരുത്തേണ്ടി വന്നാല്, നിങ്ങള് എങ്ങനെയുള്ള താരമാണ്?' ജയ ബച്ചന് ചോദിക്കുന്നു.