അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും.
'കോഫി വിത്ത് കരൺ 9' വേദിയിൽ ഭർത്താവ് അക്ഷയ് കുമാറിനെ ട്രോളി എഴുത്തുകാരിയും നടിയുമായ ട്വിങ്കിൾ ഖന്ന. ഷോയിലെ രസകരമായ റൗണ്ടിനിടെ അക്ഷയ് കുമാർ ട്വിങ്കിളിനെ ഫോണിൽ വിളിച്ചപ്പോഴാണ് സംഭവം. ലളിതമായൊരു മറുപടി നൽകുന്നതിന് പകരം, അക്ഷയ് കുമാറിനെ കളിയാക്കി ട്വിങ്കിൾ ഷോയുടെ ശ്രദ്ധാകേന്ദ്രമായി. പ്രതിഫലം വാങ്ങാതെയാണ് അക്ഷയ് കുമാർ ഷോയിൽ പങ്കെടുക്കുന്നതെന്നായിരുന്നു ട്വിങ്കിളിന്റെ പ്രധാന പരിഹാസം.

ഫോൺ എടുത്ത ഉടൻ എവിടെയാണെന്ന് ട്വിങ്കിൾ ചോദിക്കുകയും, 'കോഫി വിത്ത് കരൺ' സെറ്റിലാണെന്ന് അക്ഷയ് മറുപടി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം: 'ഞാൻ കരണിനോടു സംസാരിച്ചിരുന്നു. താങ്കൾ ഷോ ചെയ്യുന്നുണ്ടെന്ന് കരൺ പറഞ്ഞു. റാപ്പിഡ് ഫയർ ജഡ്ജ് ചെയ്യാൻ വരാനും ആവശ്യപ്പെട്ടു. പക്ഷേ അക്ഷയ് ഇന്നാണ് ഷോ ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പണം വാങ്ങാതെയാണോ ഷോ ചെയ്യുന്നത്...'
അക്ഷയ് മറുപടി പറയും മുൻപ് അവതാരകൻ കരൺ ജോഹർ ഇടപെട്ടു: "ഓ, അങ്ങനെയാണോ? നിനക്ക് എല്ലാത്തിനും പണം വേണമെന്നാണോ? നിനക്കെങ്ങനെ പണം ആവശ്യപ്പെടാൻ കഴിയും....'
അക്ഷയ് കുമാറിന്റെ ശീലങ്ങളെക്കുറിച്ചുള്ള ട്വിങ്കിളിന്റെ പരാതിയാണു പൊട്ടിച്ചിരിക്കിടയാക്കിയത്. രാവിലെ ആറിന് ഉച്ചത്തിൽ ഭജന പാടി തന്റെ ഉറക്കം കെടുത്തുന്നുവെന്നാണ് ട്വിങ്കിളിന്റെ പ്രധാന പരാതി. കുളിമുറിയുടെ വാതിൽ കൃത്യമായി അടയ്ക്കില്ലെന്നും ട്വിങ്കിൽ പറഞ്ഞു. ഇതു കേട്ട് കരണും അതിഥിയായെത്തിയ രവി കിഷനും പൊട്ടിച്ചിരിച്ചു.

രവി കിഷനൊപ്പമാണ് അക്ഷയ് കുമാർ 'കോഫി വിത്ത് കരൺ 9'-ൽ എത്തിയത്. എപ്പിസോഡിനിടെ രവി കിഷന്റെ ജനപ്രിയ ഡാൻസ് സ്റ്റെപ്പ് അക്ഷയ് കുമാറിനെ പഠിപ്പിക്കുന്ന രംഗവും ഉണ്ടായിരുന്നു. റാപ്പിഡ് ഫയർ റൗണ്ടിൽ ഒരു വർഷം ലൈംഗികബന്ധമില്ലാതെയിരിക്കണോ, അതോ വർക്കൗട്ട് ചെയ്യാതെയിരിക്കണോ എന്ന ചോദ്യത്തിന്, 'ലൈംഗികബന്ധവും ഒരു തരം വ്യായാമ'മാണെന്ന രസകരമായ മറുപടിയാണ് അക്ഷയ് നൽകിയത്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ഗോൾമാൽ 5' ആണ് അക്ഷയ് കുമാറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. 2027 ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തും.
Tags : AkshayKumar TwinkleKhanna KoffeeWithKaran RaviKishan Bollywood Entertainment