Kerala
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും സെക്ഷൻ ക്ലർക്കിനും തടവും പിഴയും.
കേസിലെ രണ്ടും മൂന്നും പ്രതികളായ മുൻ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൊല്ലം പോളയത്തോട് സ്വദേശി എം. കമാലുദ്ദീൻ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് സെക്ഷൻ ക്ലർക്ക് എറണാകുളം ഇളമ്പകപ്പിള്ളി സ്വദേശി എം. പി. വിജയകുമാർ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
പാണിയേലി സ്വദേശിയായ ഫോറസ്റ്റ് കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്തു ചെയ്തിരുന്ന കെ.പി. രവിയുടെ പേരിൽ അനുവദിക്കേണ്ടിയിരുന്ന തുക ഔദ്യോഗിക ബില്ലുകളിലും ഓഫീസ് രേഖകളിലും കൃത്രിമം നടത്തി കേസിലെ ഒന്നാം പ്രതി പരേതനായ മോഹനന് പാസാക്കി കൊടുത്ത് തട്ടിയെടുത്തെന്നാണു കേസ്.
Kerala
പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിൽ എൻഡിഎ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് പാലക്കാട് സൗത്ത് പോലീസ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വോട്ടറെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
കണ്ണാടി തരുവക്കുറിശി ഭാഗത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തത്. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വീടുകളില്‍ പ്രചാരണത്തിനു പോയപ്പോള്‍ ഒരു കാര്‍ തന്നെ പിന്തുടര്ന്നിരുന്നു.
കാര്യമന്വേഷിക്കാന്‍ കാറിനടുത്തേക്കു ചെന്നപ്പോള്‍ അതിലുണ്ടായിരുന്ന ചെറുപ്പക്കാരന് ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു. പണം നല്കി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറില്‍ അവര്‍ കയറിയിട്ടില്ലെന്നും ശോഭ വ്യക്തമാക്കി.
Kerala
കൊല്ലം: കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊല്ലം - ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി.ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ ജെ.ജോര്‍ജ് ജോസി, സിവില്‍ എക്സൈസ് ഓഫീസര്‍ സിവിന് സജി ചെറിയാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്.
5000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന് ഏറ്റെടുത്തിരുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ഇയാൾ ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരന് ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
National
ബംഗുളൂരു: കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു.
സിഎൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷകനായ സുന്ദറും നാഗശയനയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്ന് എക്സൈസ് കമീഷണർ നാഗശയനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
നാഗശയന ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ, കൈക്കൂലി ആവശ്യപ്പെട്ടത് ശരിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ.
Kerala
കൊച്ചി : ശസ്ത്രക്രിയ നടത്തുന്നതിനായി രോഗിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ വനിതാ ഡോക്ടര്‍ക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ച കോഴിക്കോട് വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി ഡോക്ടറെ വെറുതെ വിട്ടു.
വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്തു കേസിലെ പ്രതിയായിരുന്ന ഡോക്ടര്‍, അഡ്വ. കെ.എ. ജലീല്‍ മുഖേന സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വിധി.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ശസ്ത്രകിയയ്ക്കുവേണ്ടി വന്ന കോഴിക്കോട് സ്വദേശിനി ആമിന ബീവിയില്‍നിന്ന് 1000 രൂപ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. രമ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 2007 ഒക്ടോബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നിര്‍ദേശാനുസരണം കൈക്കൂലി കൊടുക്കുമ്പോള്‍ കെണിയൊരുക്കി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
Kerala
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതിതേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികപരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിലാണു വിജിലൻസ് തൃശൂർ യൂണിറ്റ് പരിശോധന നടത്തിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ കൂറുമാറി ഇടതുപക്ഷത്തിനു വോട്ടുചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇതുസംബന്ധിച്ച് അനിൽ അക്കര വിജിലൻസിനു പരാതി നൽകുകയായിരുന്നു.
കോഴവാഗ്ദാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടു സിപിഎം എംഎൽഎമാരുടെ പേരിലും ആരോപണമുയർന്നിട്ടുണ്ട്. തളി ഡിവിഷനില്‍നിന്നാണ് ഇ.യു. ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂറുമാറി വോട്ടുചെയ്തശേഷം ജാഫർ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.
Kerala
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴവിവാദത്തെക്കുറിച്ച് വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെത്തി അന്വേഷണം നടത്തി.
കൂറുമാറാൻ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനംചെയ്തെന്ന യുഡിഎഫ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ വിജിലൻസ് സംഘം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നതോടൊപ്പം സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ തെളിവുകളും വിജിലൻസ് സംഘം ശേഖരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കൈക്കൂലി ഗൂഗിൾ പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും ഇയാൾ വാങ്ങിയിരുന്നു. കൊടി സുനി അടക്കം ടി.പി. കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്‍സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.
Kerala
ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി. ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി.
ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളുടെ അപകട ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരന് ആവശ്യമായ രേഖകൾ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്. തമിഴ്നാട് സ്വദേശികളുടെ അഭിഭാഷകൻ നിയോഗിച്ച ഗുമസ്തനിൽനിന്നാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഗുമസ്തൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് നൽകിയ രാസവസ്തുപുരട്ടിയ പണവുമായി ഗുമസ്തൻ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽനിന്നിറങ്ങിവന്ന സജീഷ് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. പോലീസിന്റെ ഔദ്യോഗിക സീൽ പോക്കറ്റിലിട്ടാണ് സജീഷ് സ്റ്റേഷനു പുറത്തുവന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.കൈക്കൂലിക്കേസിൽ പിടിയിലായ സജീഷ്