National
റാഞ്ചി: ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ഏഴു പേരിൽ രോഗി സഞ്ജയ്കുമാർ ഷായും ഭാര്യയും ബന്ധുവും ഇയാളെ ചികിത്സിച്ചിരുന്ന ഡോക്ടറും.
65 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാറിനെ ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവേയായിരുന്നു ദുരന്തം. 41കാരനായ സഞ്ജയ്കുമാറിന്റെ ജീവൻ രക്ഷിക്കാനായി കുടുംബം എട്ടു ലക്ഷം രൂപ കടംവാങ്ങിയായിരുന്നു ചെറുവിമാനം തരപ്പെടുത്തിയത്.
ജാർഖണ്ഡ് ലതേഹാർ ജില്ലയിലെ ചാന്ദ്വ സ്വദേശിയാണ് സഞ്ജയ്. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽപ്പെട്ട ഛാന്ദ്വയിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു സഞ്ജയ്. കഴിഞ്ഞ തിങ്കളാഴ്ച ഹോട്ടലിൽ പാചകവാതകം ചോർന്നു തീപിടിത്തമുണ്ടായതിനെത്തുടർന്നാണ് ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റത്.
സഞ്ജയ്കുമാറിനൊപ്പം ഭാര്യ അർച്ചന, ബന്ധു ധ്രുവ് കുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമൊക്കെ പണം കടം വാങ്ങിയായിരുന്നു എയർ ആംബുലൻസിനായി കുടുംബം പണം കണ്ടെത്തിയതെന്ന് അർച്ചനയുടെ സഹോദരൻ അജയ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 7.11ന് റാഞ്ചിയിൽനിന്നു പറന്നുയർന്ന എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ വനമേഖലയായ കസാരിയയിൽ തകർന്നുവീഴുകയായിരുന്നു. രോഗി സഞ്ജയ്കുമാറിനും ഭാര്യക്കും ബന്ധുവിനും പുറമെ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹ പൈലറ്റ് ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, ചികിത്സിച്ച ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻ കുമാർ മിശ്ര എന്നിവരും മരിച്ചിരുന്നു.
റെഡ്ബേഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് സി90 എയർ ആംബുലൻസാണ് തകർന്നുവീണത്.
Kerala
കൊല്ലം: ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: യുവാവിനെ സഹോദരൻ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു ആണ് മരിച്ചത്.
സംഭവത്തിൽ സഹോദരൻ ആർ. സതീഷിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളാണ് ഇരുവരും. ബുധനാഴ്ചയാണ് ബാബുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ വാളയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്.
കഴിഞ്ഞ 20 വർഷമായി ഇവർ കഞ്ചിക്കോടാണ് താമസം. ഇരുവരും മദ്യപിച്ചെത്തി പരസ്പരം വഴക്കുണ്ടാക്കുക പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
Kerala
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ എസ്ഐയെ മർദിച്ച് സിപിഒയും സഹോദരനും നാട്ടുകാരും. നഗരൂർ എസ്ഐ അൻസറിനാണ് മർദനമേറ്റത്. സംഭവത്തിൽ പള്ളിക്കൽ സിപിഒ നന്ദുവിനെയും സഹോദരനെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. ഉത്സവത്തിനിടെ നാട്ടുകാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. എസ്ഐ അൻസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇവരെ പിടിച്ചുമാറ്റി.
ഗാനമേളയ്ക്ക് ശേഷം പോലീസ് മടങ്ങി പോകുന്നതിനിടെ നന്ദുവിന്റെയും സഹോദരന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ എസ്ഐ അൻസറിനെ വളഞ്ഞിട്ട് മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നുതന്നെ നന്ദുവിനെയും സഹോദരനെയും മറ്റ്ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Kerala
തിരുവനന്തപുരം: പയ്യന്നൂരിനു പുറമെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഫണ്ട് തട്ടിപ്പ് നടത്തിയതിന് പാർട്ടി തരംതാഴ്ത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ രംഗത്തെത്തി.
സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് വിഷ്ണുവിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായ വിനോദ് ആരോപിക്കുന്നത്.
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. പ്രദേശവാസികളായ ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി ഫണ്ട് പിരിക്കാൻ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് അതിനോട് താത്പര്യമില്ലായിരുന്നുവെന്നും മുതിർന്ന നേതാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് സമ്മതിക്കുകയായിരുന്നുവെന്ന് വിനോദ് വ്യക്തമാക്കി.
പത്തുലക്ഷം രൂപ പിരിച്ചു. സഹകരണ ബാങ്കിലാണ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ മാതാവിന് നൽകിയിരുന്നു. ബാക്കി അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ എടുക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെടുകയും രവീന്ദ്രനെ പാർട്ടി തരംതാഴ്ത്തി. പിന്നീട് നടന്ന പാർട്ടി സമ്മേളനത്തിൽ രവീന്ദ്രനെ ഉന്നത പദവിയിലെടുക്കുകയും ഇപ്പോൾ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി മാറ്റിയെന്നാണ് വിനോദിന്റെ ആരോപണം. മന്ത്രി വി.ശിവൻകുട്ടിയാണ് രവീന്ദ്രനെ ഉന്നത പദവിയിലെത്തിക്കാൻ സഹായിച്ചതെന്നാണ് വിനോദ് ആരോപിക്കുന്നത്.
ഈ നടപടിക്ക് പാർട്ടിക്ക് നാണക്കേടാണെന്നും രക്തസാക്ഷി കുടുംബത്തോട് നീതി കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായ വിനോദ് രൂക്ഷമായ വിധത്തിലാണ് ഫണ്ട് തിരിമറി നടത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചത്.
ഇപ്പോൾ ഇക്കാര്യങ്ങൾ പറയണമെന്ന് തോന്നിയത് കൊണ്ടാണ് തുറന്ന് പറച്ചിൽ. ഇനി സിപിഎമ്മിനൊപ്പമില്ലെന്നും വിനോദ് പറഞ്ഞു. മാധ്യമങ്ങളോടാണ് വിനോദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
കോട്ടയം: നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.
മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദിച്ചെന്ന അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ ചങ്ങാനാശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ ശ്രീകുമാര്‍ പുറത്തു വിട്ടു. അതേസമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.
Kerala
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവാവിനെ പിതാവും സഹോദരനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ്(35) ആണ് മരിച്ചത്.
സന്തോഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിൽ പിതാവ് രാമകൃഷ്ണന്, സഹോദരന് സനല്‍ എന്നിവരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന് രാമകൃഷ്ണന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന് സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
National
ന്യൂഡൽഹി: മാതാവിനെയും സഹോദരിയെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം.
യഷ്വീർ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അഭിഷേക് ധനിയ പറഞ്ഞു.
പ്രതി തന്റെ 12കാരനായ സഹോദരനും, 26കാരിയായ സഹോദരിക്കും, ഏകദേശം 45 വയസുള്ള അമ്മയ്ക്കും ലഹരി വസ്തു നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം മൂന്നുപേരെയും ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
കടുത്ത സാമ്പത്തിക സമ്മർദ്ദവും കടബാധ്യതയുമണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസറ്റഡിയിലെടുത്തു.
അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കഞ്ചാവ് കടത്ത് കേസിൽ മന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ. മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രി ആണ് അറസ്റ്റിലായത്. ഇയാളുടെ അനുയായി പങ്കജ് സിംഗും പിടിയിലായി.
അനിൽ ബാഗ്രി, പങ്കജ് സിംഗ് എന്നിവരിൽ നിന്ന് 46 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. സത്നയിലെ മറൗൺഹ ഗ്രാമത്തിലെ പങ്കജിന്റെ വസതിയിൽ നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പിടിച്ചെടുത്ത കഞ്ചാവിന് 9.22 ലക്ഷം രൂപ വിലമതിക്കും. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിംഗ് രജാവത്തിന്റേതാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, പ്രതിമ ബാഗ്രിയുടെ സഹോദരീഭർത്താവായ ശൈലേന്ദ്ര സിംഗ്, ഉത്തർപ്രദേശിലെ ബന്ദയിൽ 10.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരു എൻഡിപിഎസ് കേസിൽ ശൈലേന്ദ്ര ബന്ദ ജയിലിലാണ്. ഇയാളെ 5.5 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയതിന് സത്നയിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ മകളുടെ കാമുകനെ കൊന്ന സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ.
നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്.
അഞ്ചലിന്റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ, മാതാവ് ജയശ്രീ മാമിദ്വാർ, മുതിർന്ന സഹോദരൻ സാഹിൽ ഗജാനൻ മാമിദ്വാർ, സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കർ, ചേതൻ ബാലാജി മാമിദ്വാർ, പേര് വെളിപ്പെടുത്താത്ത ഒരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അഞ്ചലിന്റെ 17കാരനായ ഇളയ സഹോദരനും പ്രതികളിൽ ഉൾപ്പെടുന്നു. ആറ് പേരെ പിടികൂടിയെങ്കിലും രണ്ടുപേർ ഒളിവിലാണ്.
വ്യാഴാഴ്ച വൈകിട്ടാണ് അഞ്ചലിന്റെ കാമുകൻ സാക്ഷാം ടേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മർദിച്ചതിന് ശേഷം വെടിവച്ചാണ് ഇവർ സാക്ഷമിനെ കൊന്നത്.
Kerala
ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്റെ സഹോദരന് ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. കായിക അധ്യാപകന്, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന് ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
National
ലക്നോ: ആൺസുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സഹോദരിയെ കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം.
നൈന ദേവി(22)ആണ് മരിച്ചത്. സഹോദരി ഫോണിൽ നിരവധി പുരുഷന്മാരുമായി സംസാരിച്ചിരുന്നുവെന്നും വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും പ്രതിയായ ഷേർ സിംഗ് അവകാശപ്പെട്ടതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.
സഹോദരിയുടെ ഫോണിലെ റിക്കാർഡിംഗുകൾ കേട്ടതിനെത്തുടർന്ന് ഷേർ സിംഗ് പ്രകോപിതനായിരുന്നു. ഫോൺ എടുക്കാൻ വന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഷേർ സിംഗ്, നൈനാ ദേവിയുടെ കഴുത്തിൽ കുത്തി.
ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഷേർ സിംഗിനെതിരെ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
National
മുംബൈ: മയക്കുമരുന്ന് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശ്രദ്ധാ കപൂറിന്റെ സഹോദരനും നടനുമായ സിദ്ധാന്ത് കപൂറിനെ വിളിപ്പിച്ച് മുംബൈ പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് സെല്‍.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഓറി(ഓറൻ അവത്രമണി)ക്ക് പിന്നാലെയാണ് സിദ്ധാന്ത് കപൂറിനെയും എഎന്‍സി വിളിപ്പിച്ചിരിക്കുന്നത്. സിദ്ധാന്തിനോട് നവംബര്‍ 25ന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ഓറി നവംബര്‍ 26ന് ഹാജരാകണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നവംബര്‍ 20ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഓറിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം കൂടുതൽ സാവകാശം തേടി.
ഈ മാസം ആദ്യം അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരൻ മുഹമ്മദ് സലിം മുഹമ്മദ് സുഹൈല്‍ ഷെയ്ഖ് താന്‍ സെലിബ്രിറ്റികള്‍ക്കായി ആഡംബര പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഈ പാര്‍ട്ടികളില്‍ പങ്കെടുത്തവരായി സുഹൈല്‍ ഷെയ്ഖ് വെളിപ്പെടുത്തിയ പേരുകളില്‍ നടിമാരായ നോറ ഫത്തേഹി, ശ്രദ്ധാ കപൂര്‍, സഹോദരന് സിദ്ധാന്ത് കപൂര്‍, ഓറി, ചലച്ചിത്ര നിര്‍മാതാക്കളായ അബ്ബാസ്-മസ്താന്, റാപ്പര്‍ ലോക എന്നിവരും ഉള്‍പ്പെടുന്നു.
ബാബ സിദ്ദിഖിയുടെ മകനും എന്‍സിപി നേതാവുമായ സീഷാന്‍ സിദ്ദിഖി, ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന് എന്നിവരും പങ്കെടുത്തവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സുഹൈല്‍ ഷെയ്ഖ് പറഞ്ഞു.