തിരുവനന്തപുരം: പയ്യന്നൂരിനു പുറമെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഫണ്ട് തട്ടിപ്പ് നടത്തിയതിന് പാർട്ടി തരംതാഴ്ത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ രംഗത്തെത്തി.
സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് വിഷ്ണുവിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായ വിനോദ് ആരോപിക്കുന്നത്.
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. പ്രദേശവാസികളായ ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി ഫണ്ട് പിരിക്കാൻ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് അതിനോട് താത്പര്യമില്ലായിരുന്നുവെന്നും മുതിർന്ന നേതാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് സമ്മതിക്കുകയായിരുന്നുവെന്ന് വിനോദ് വ്യക്തമാക്കി.
പത്തുലക്ഷം രൂപ പിരിച്ചു. സഹകരണ ബാങ്കിലാണ് പണം നിക്ഷേപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ മാതാവിന് നൽകിയിരുന്നു. ബാക്കി അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ എടുക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെടുകയും രവീന്ദ്രനെ പാർട്ടി തരംതാഴ്ത്തി. പിന്നീട് നടന്ന പാർട്ടി സമ്മേളനത്തിൽ രവീന്ദ്രനെ ഉന്നത പദവിയിലെടുക്കുകയും ഇപ്പോൾ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി മാറ്റിയെന്നാണ് വിനോദിന്റെ ആരോപണം. മന്ത്രി വി.ശിവൻകുട്ടിയാണ് രവീന്ദ്രനെ ഉന്നത പദവിയിലെത്തിക്കാൻ സഹായിച്ചതെന്നാണ് വിനോദ് ആരോപിക്കുന്നത്.
ഈ നടപടിക്ക് പാർട്ടിക്ക് നാണക്കേടാണെന്നും രക്തസാക്ഷി കുടുംബത്തോട് നീതി കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായ വിനോദ് രൂക്ഷമായ വിധത്തിലാണ് ഫണ്ട് തിരിമറി നടത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചത്.
ഇപ്പോൾ ഇക്കാര്യങ്ങൾ പറയണമെന്ന് തോന്നിയത് കൊണ്ടാണ് തുറന്ന് പറച്ചിൽ. ഇനി സിപിഎമ്മിനൊപ്പമില്ലെന്നും വിനോദ് പറഞ്ഞു. മാധ്യമങ്ങളോടാണ് വിനോദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Tags : Fund fraud Thiruvananthapuram Martyr brother