District News
വിഴിഞ്ഞം: തിരുപുറം പഞ്ചായത്തിലെ സംവരണ വാർഡായ പഴയകട ടൗൺ വാർഡിലെ ഉപതെരഞ്ഞെടുപ്പ് 28 ന് നടക്കും. നാമനിർദേശപത്രിക സമർപ്പണത്തിന്റെ അവസാനം ഇന്നായിരിക്കെ സിപിഎം, ബിജെപി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥി ഇന്ന് പത്രിക സമർപ്പിക്കും. കോൺഗ്രസ് അംഗമായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനുവേണ്ടി സി.എസ്. സുനിലും എൽഡിഎഫിനുവേണ്ടി അജിയും ബിജെപിക്കായി വിജയകുമാറുമാണ് മത്സര രംഗത്തുള്ളത്. ആകെ 15 സീറ്റുള്ള പഞ്ചായത്തിൽ ഭരണപക്ഷമായ കോൺഗ്രസിന് പത്തും സിപിഎമ്മിനു മൂന്നും സിപിഐക്ക് ഒന്നുമാണ് നിലവിലെ കക്ഷിനില. പഴയകട കൈവിട്ടു പോയാലും ഭരണം നഷ്ടമാകില്ലെങ്കിലും കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ് പഴയകടയിലെ വിജയം. ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള വാർഡിൽ കഴിവ് തെളിയിക്കാനുറച്ച് ഇക്കുറി ബിജെപിയും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
പഴയകട വാർഡിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എസ്. വിജയകുമാർ ഇന്നലെ വരണാധികാരി ജയപ്രകാശിനു മുൻപാകെ പത്രിക കൈമാറി. പഴയകട ജംഗ്ഷനിൽനിന്നു നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാർഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവ്, വി.എൻ. മധുകുമാർ, ആർ. നടരാജൻ, മഞ്ചത്തല സുരേഷ്, എസ്.കെ. ജയകുമാർ, എൻ.പി. ഹരി, വെങ്ങാനൂർ ഗോപൻ, മുരളീധരൻ നായർ, മാങ്കൂട്ടം സുരേഷ് തുടങ്ങിയവരും വിജയകുമാറിനെ അനുമഗിച്ചു.
District News
ചങ്ങനാശേരി: കോട്ടയം ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ജില്ലാ ഡിവിഷന് തെരഞ്ഞെടുപ്പ് ഈമാസം 28ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ ചര്‍ച്ച മുറുകുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി പത്തായതിനാല്‍ അടുത്ത തിങ്കളാഴ്ചക്കകം സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാണ് മുന്നണികളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
11ന് പത്രികയുടെ സൂക്ഷ്മ പരിശോധനയും 14ന് പത്രിക പിന്‍വലിക്കാനുമുള്ള തീയതിയുമാണ്. 28ന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് തെരഞ്ഞെടുപ്പ്. 29ന് വേട്ടെണ്ണല്‍ നടത്തി അന്നുഫലം പ്രഖ്യാപനം നടത്തും.
തൃക്കൊടിത്താനം ജില്ലാ ഡിവിഷന് അംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ ഡിവിഷനില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുന്‍ ഡിവിഷന് അംഗംകൂടിയായിരുന്ന സിപിഎമ്മിലെ മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിനു ജോബ് ഈ ഡിവിഷനില്‍ അട്ടിമറി വിജയം നേടിയത്.
ഇതോടെയാണ് കേരളകോണ്‍ഗ്രസ് അംഗമായ വിനു ജോബിന് ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയത്.
ഡിവിഷനില്‍ മൂന്നു പഞ്ചായത്തുകളിലെ 47 വാര്‍ഡുകള്‍
തൃക്കൊടിത്താനം പഞ്ചായത്തിലെ ഒന്നുമുതല്‍ 22വരെയുള്ള വാര്‍ഡുകള്‍, പായിപ്പാട് പഞ്ചായത്തിലെ ഒന്നുമുതല്‍ 17വരെയുള്ള വാര്‍ഡുകള്‍, മാടപ്പള്ളി പഞ്ചായത്തിലെ പത്ത് (ഇയ്യാലി), 12 (വെങ്കോട്ട), 16 (കല്ലുവെട്ടം), 17 (മാടപ്പള്ളി), 18 (പുന്നാംചിറ), 19 (തലക്കുളം) വാര്‍ഡുകളും വാഴപ്പള്ളി പഞ്ചായത്തിലെ 21 (വെട്ടിത്തുരുത്ത്), 22 (പറാല്‍) വാര്‍ഡുകളും ഉള്‍പ്പെടെ 47 വാര്‍ഡുകളാണ് തൃക്കൊടിത്താനം ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
യുഡിഎഫിനും എല്‍ഡിഎഫിനും ഇത് പ്രസ്റ്റീജ് മത്സരം
ഈമാസം 28നു നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും പ്രസ്റ്റീജ് മത്സരമാണ്. കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫിന്റെ കയ്യിലിരുന്ന ഈ ഡിവിഷന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിനു ജോബിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചിരുന്നു. അതിനാല്‍ സീറ്റ് നിലനിര്‍ത്താനുള്ള തന്ത്രങ്ങളും അതിനനുസരിച്ചുള്ള സ്ഥാനാർഥികളേയുമാണ് മുന്നണികള്‍ തെരയുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ കേരളകോണ്‍ഗ്രസ് അംഗങ്ങളായ ജോബിന് എസ്. കൊട്ടാരം, വിജയ് മാരേട്ട് എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. നാളെ കോട്ടയത്തുചേരുന്ന കേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം ഈ ഡിവിഷനിലേതടക്കം വിവിധ പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്യും.
എല്‍ഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക് 12നും സിപിഎം മണ്ഡലം കമ്മിറ്റി യോഗം ഇന്നു വൈകുന്നേരവും ചേരും. ജില്ലാ നേതാക്കള്‍ ഇരു യോഗങ്ങളിലും പങ്കെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടു ദിവസത്തിനകം എന്‍ഡിഎ യോഗവും ചേരുമെന്ന് നേതാക്കള്‍ പറഞ്ഞു.
National
ദാത്തിയ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ദാത്തിയ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും നയിച്ച വാശിയേറിയ പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം തിരശീല വീണത്. വഞ്ചനാക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാജേന്ദ്ര ഭാരതിയ്ക്കു എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടതാണു തെരഞ്ഞെടുപ്പിലേക്കു നയിച്ചത്.
വികസനം മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണമെങ്കിൽ കൃഷിനാശം, പിന്നോക്ക വിഭാഗങ്ങളുടെ രോഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രതിരോധം. വോട്ടെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെ മുഴുവൻ നടപടികളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചു.
International
ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾക്ക് വഴിയൊരുക്കി, ലേബർപാർട്ടി നേതാവും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാമിന് പാർലമെന്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻവിജയം.
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മേക്കർഫീൽഡ് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രീതിയിൽ വൻ ഇടിവു സംഭവിച്ച നിലവിലെ പ്രധാനമന്ത്രി കീയർ സ്റ്റാർമറിന് ഈ വിജയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അമ്പത്തിയാറുകാരനായ ബേൺഹാം ആകെയുള്ള വോട്ടുകളിൽ 55 ശതമാനവും നേടിയാണു വിജയിച്ചത്. കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള റിഫോം യുകെ പാർട്ടി സ്ഥാനാർഥി റോബ് കെനിയനെ ഒൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ബേൺഹാം പരാജയപ്പെടുത്തിയത്.
വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ബേൺഹാം, തന്റെ ലക്ഷ്യം വെറുമൊരു എംപിസ്ഥാനം മാത്രമല്ലെന്നു പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയസാഹചര്യം പൂർണപരാജയമാണ്. രാജ്യം ഇപ്പോൾ പോകേണ്ട വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്. ലേബർ പാർട്ടിക്കു ലഭിച്ച അവസാനഅവസരമാണിതെന്നുംബേൺഹാം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവായി ഇതോടെ ബേൺഹാം മാറി.ആൻഡി ബേൺഹാമിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
അതേസമയം, നേതൃമാറ്റത്തിനുള്ള മുറവിളി ഉയർന്നാൽ അതിനെ ശക്തമായി നേരിടാനാണ് സ്റ്റാർമറെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്യുടെ ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ്യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
District News
കോട്ടയം: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വരും. ജില്ലാ പഞ്ചായത്തംഗം വിനു ജോബ് ചങ്ങനാശേരി എംഎല്‍എയായതോടെയാണ് തെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് കേരള കോണ്‍ഗ്രസിലെത്തിയ വിനു ജോബ് തൃക്കൊടിത്താനത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിന്റെ കുത്തക ഡിവിഷന് തിരിച്ചുപിടിക്കുകയായിരുന്നു.
ചങ്ങനാശേരി നിയമസഭാ സീറ്റില്‍ വിനുവിന്റെ പേര് ഉയര്‍ന്നുവരാനും ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വിജയം കാരണമായിരുന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായിരുന്ന സിപിഎമ്മിന്റെ മഞ്ജു സുജിത്തിനെയാണ് വിനു പരാജയപ്പെടുത്തിയത്.
786 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനു ജോബിനു ലഭിച്ചത്. ജനറല്‍ സീറ്റായ ഇവിടെ സിറ്റിംഗ് അംഗം മഞ്ജുവിന് സീറ്റ് നല്‍കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിനു തന്നെയാകും യുഡിഎഫില്‍ സീറ്റ്. എല്‍ഡിഎഫില്‍ മഞ്ജു സുജിത്ത് തന്നെയാകും സ്ഥാനാര്‍ഥി. രാജു താടിക്കാരന്റെ പേരും പരിഗണിക്കുന്നുണ്ട്.
ആറു മാസത്തിനകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തില്‍ വിനു ജോബിനു സ്വീകരണം നല്‍കിയിരുന്നു. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പായി വിനു ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കും.
National
ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മസാജോഗ് ഗ്രാമപഞ്ചായത്ത് സർപഞ്ച് (ഗ്രാമത്തലവൻ) സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ട മുൻ സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ ഭാര്യ അശ്വനി ദേശമുഖിന് പരാജയം. 92 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥി സ്വരൂപാനന്ദ് ദേശ്മുഖ് തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2024 ഡിസംബർ ഒൻപതിന് അന്നത്തെ സർപഞ്ചായിരുന്ന സന്തോഷ് ദേശ്മുഖ് ക്രൂരമായി കൊല്ലപ്പെട്ടതിനെതുടർന്നാണ് മസാജോഗിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹതാപതരംഗം അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് അശ്വനി ദേശ്മുഖ് മത്സരരംഗത്തിറങ്ങിയത്.
വിജയത്തിന് ശേഷം പ്രതികരിച്ച് സ്വരുപാനന്ദ ദേശ്മുഖ്, ഇത് വികസനത്തിന്റെയും പാവപ്പെട്ടവരുടെയും വിജയമാണെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം ഒൻപത് വോട്ടുകൾക്കാണ് സന്തോഷ് ദേശ്മുഖ് സ്വരുപാനന്ദിനെ പരാജയപ്പെടുത്തിയത്.
കാറ്റാടി വൈദ്യുതി നിലയുമായി ബന്ധപ്പെട്ട് തർക്കവും പ്രശ്നവുമാണ് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അന്നത്തെ മന്ത്രി ധനഞ്ജയ് മുണ്ടയുടെ അടുത്ത സഹായി വാൽമീക് കരാഡ് അറസ്റ്റിലായതോടെ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം ശ്രദ്ധനേടിയിരുന്നു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരള നിയമസഭയിലേക്കു നടന്നത് അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ. മൂന്നു സിറ്റിംഗ് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് അവരുടെ രണ്ടു സിറ്റിംഗ് സീറ്റുകളിൽ ഒന്നു നിലനിർത്തി. ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് സിറ്റിംഗ് സീറ്റുകളായ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മണ്ഡലങ്ങളിലും എൽഡിഎഫ് സിറ്റിംഗ് സീറ്റുകളായ ചേലക്കര, നിലന്പൂർ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. ഇതിൽ ചേലക്കരയിൽ എൽഡിഎഫും നാലിടങ്ങളിൽ യുഡിഎഫും വിജയിച്ചു. കോണ്‍ഗ്രസിലെ പി.ടി. തോമസിന്റെ വേർപാടിനെ തുടർന്നാണു തൃക്കാക്കരയിൽ ഉപതെരഞ്ഞടുപ്പു നടന്നത്. ഇവിടെ പി.ടിയുടെ ഭാര്യ ഉമ തോമസ് വിജയിച്ചു.
പി.ടി. തോമസ് ഭൂരിപക്ഷം: 14,329
ഉമ തോമസ് ഭൂരിപക്ഷം: 25,016
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പു നടന്നത്. ഇവിടെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചു. ഇരുവർക്കും എതിർ സ്ഥാനാർഥി സിപിഎമ്മിലെ ജെയ്ക്ക് സി. തോമസ് ആയിരുന്നു.
ഉമ്മൻ ചാണ്ടി ഭൂരിപക്ഷം: 9,044
ചാണ്ടി ഉമ്മൻ ഭൂരിപക്ഷം: 37,719
ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പട്ടതിനെ തുടർന്നു ഷാഫി പറന്പിൽ രാജി വച്ചപ്പോൾ പാലക്കാട് അസംബ്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.
ഷാഫി പറന്പിൽ ഭൂരിപക്ഷം: 3,859
രാഹുൽ മാങ്കൂട്ടത്തിൽ ഭൂരിപക്ഷം: 18,840
കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായതിനേതുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫിലെ യു. പ്രദീപ് വിജയിച്ചു.
കെ. രാധാകൃഷ്ണൻ
ഭൂരിപക്ഷം: 39,400
യു.ആർ. പ്രദീപ്
ഭൂരിപക്ഷം: 12,122
സിപിഎം സ്വതന്ത്രനായിരുന്ന പി.വി. അൻവർ സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചൊഴിഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലന്പൂർ സീറ്റ് എൽഡിഎഫിൽനിന്നു യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് പിടിച്ചെടുത്തു. ഇവിടെ പി.വി. അൻവർ സ്വതന്ത്രനായി മത്സരിച്ച് 19,790 വോട്ടുകൾ നേടിയിരുന്നു.
പി.വി. അൻവർ ഭൂരിപക്ഷം: 2,700
ആര്യാടൻ ഷൗക്കത്ത് ഭൂരിപക്ഷം: 11,077.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.
വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്റെ എൻ. നൗഷാദും യുഡിഎഫിന്റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
District News
എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം ഏഴാം വാർഡിലെ വോട്ടെടുപ്പ് സമാധാനപരം. 84.21 ശതമാനം പോളിംഗ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെത്തുടർന്നാണ് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മൂന്നു ദിവസം മുന്‍പായിരുന്നു സ്ഥാനാർഥിയുടെ മരണം. യുഡിഎഫ് സ്ഥാനാർഥി കൊരന്പയിൽ സുബൈദ, എൽഡിഎഫ് സ്ഥാനാർഥി സബീന, എൻഡിഎ സ്ഥാനാർഥി ടി. അനിത എന്നിവരാണ് മത്സരംഗത്തുണ്ടായിരുന്നത്.
വാർഡിൽ 950 വോട്ടർമാരാണുള്ളത്. ഇതിൽ 800 പേർ വോട്ട് രേഖപ്പെടുത്തി. 363 പുരുഷ വോട്ടർമാരും 437 സ്ത്രീ വോട്ടർമാരും വോട്ട് ചെയ്തു.
കാരപ്പുറം ക്രസന്റ് യുപി സ്കൂളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയും.
മൂത്തേടത്ത് തെരഞ്ഞെടുപ്പ് നടന്ന 17 വാർഡുകളിൽ 16 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ഒരു വാർഡിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. പായിംപാടം വാർഡിൽ പഞ്ചായത്ത് വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചെങ്കിലും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെടുപ്പ് നടന്നിരുന്നു.
ഇതിൽ യുഡിഎഫ് സ്ഥാനാർഥികളാണ് ലീഡ് നേടിയത്. നിലന്പൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ജസ്മൽ പുതിയറക്ക് 271 വോട്ടും വഴിക്കടവ് ജില്ലാ ഡിവിഷൻ സ്ഥാനാർഥി എൻ.എ. കരീമിന് 274 വോട്ടുമാണ് പായിംപാടം വാർഡിൽ നിന്നും ലഭിച്ചത്.
District News
പിറവം: പാമ്പാക്കുട പഞ്ചായത്തിൽ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 81.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1,183 വോട്ടർമാരിൽ 965 പേർ വോട്ട് ചെയ്തു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
യുഡിഎഫ് സ്ഥാനാർഥിയായി ടി.പി. ജോസും, എൽഡിഎഫിന്റെ സി.ബി. രാജീവനും, എൻഡിഎയുടെ ടി.ആർ. ശ്രീകാന്തും, ഐക്യമുന്നണി സ്ഥാനാർഥിയായി കെ.എ. പാലോസുമാണ് മത്സരിച്ചത്.
കഴിഞ്ഞ മാസം ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി.എസ്. ബാബുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ 15 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ വിജയിച്ച് യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയിട്ടുണ്ട്. ഇതിനാൽ വാർഡിലെ ഫലം ഭരണത്തെ ബാധിക്കില്ല.
എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനായില്ല
പിറവം: പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.ബി. രാജീവിന് വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം അവസാനിക്കാറായപ്പോഴാണ് രാജീവൻ എത്തിയത്. എന്നാൽ രാജീവിന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു. ഇതേത്തുടർന്ന് പോളിംഗ് സ്റ്റേഷനിലുണ്ടായിരുന്ന യുഡിഎഫ് ഏജന്റ് വോട്ട് ചെയ്യാൻ സമ്മതിച്ചില്ല.
ഉടനെ വീട്ടിൽ പോയി തിരിച്ചറിയൽ കാർഡുമായി എത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. വീണ്ടും യുഡിഎഫ് ഏജന്റ് എതിർപ്പ് അറിയിച്ചു. ചലഞ്ച് വോട്ട് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ ചലഞ്ച് വോട്ട് ചെയ്യാൻ അധികൃതരും സമ്മതിച്ചില്ല. തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് എന്നായിരുന്നു സ്ഥാനാർഥിയുടെ വിശദീകരണം.