District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിന് ആദ്യ പരിഗണന നൽകണമെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് മൺസൂൺ ക്യാമ്പ് ആവശ്യപ്പെട്ടു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് ഉമ്മർ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പി.പി. സൈതലവി അധ്യക്ഷത വഹിച്ചു.
ഫെസിലിറ്റേറ്റർ ഹുസൈൻ കളപ്പാടൻ, കളത്തിൽ ഹാരിസ്, പാതാരി അമീർ ചർച്ചകൾ ക്രോഡീകരിച്ചു. കെ.കെ.സി.എം. അബു താഹിർ തങ്ങൾ,മൂന്നാക്കൽ ബാബു, ഇ.കെ. കുഞ്ഞുമുഹമ്മദ്, ഷബീർ കറുമുക്കിൽ, വി. സുനിൽ ബാബു എന്നിവർ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: രണ്ടു പതിറ്റാണ്ടോളമായി ശാപമോക്ഷം തേടി കിടക്കുന്ന കെ.ആർ. നാരായണൻ ബൈപാസ് റോഡ് അശാസ്ത്രീയമാണെന്നും നാടിന് ആവശ്യം മറ്റൊരു സമാന്തര റോഡാണെന്നും കോൺഗ്രസ് മണ്ഡലം നേതൃയോഗം.
നിലവിൽ പൂർത്തീകരണം ലക്ഷ്യമിടുന്ന ബൈപാസ് പ്രായോഗികല്ലെന്ന നിലപാടും മണ്ഡലം നേതൃയോഗം ഉന്നയിച്ചു. പകലോമറ്റത്തൂനിന്ന് ആരംഭിച്ച് കോഴായിൽ സയൻസിറ്റിയിൽ എത്താൻ കഴിയുന്ന തരത്തിലുള്ള സമാന്തര റോഡ് നിർമിക്കണമെന്നാണ് നേതൃയോഗത്തിന്റെ ആവശ്യം.
എംസി റോഡ് വികസനത്തിന് നേട്ടം കുറവിലങ്ങാട് ലഭിച്ചിട്ടില്ലെന്നും ഇതു പുതിയ സമാന്തര റോഡിലൂടെ പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി. നിലവിലുള്ള ബൈപാസ് വെള്ളക്കെട്ട് ഭീഷണി ഉയർത്തുന്നതായും പഞ്ചായത്ത് ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് അജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ടി .ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസൺ ചെറുമല, അനിൽകുമാർ കാരയ്ക്കൽ, ടോമിഷ് ഇഗ്നേഷ്യസ്, ശംഭു പ്രസാദ്, ആന്റണി മുണ്ടയ്ക്കൻ, ടോമി ചിറ്റക്കോടം, ടോജോ പാലയ്ക്കൽ, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
District News
പാലത്തിന്റെ പില്ലർ നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിലെ പ്രധാനപ്പെട്ട ഘട്ടമായ മണിമല റോഡിന്റെയും ചിറ്റാർ പുഴയുടെയും മുകളിലൂടെ കടന്നുപോകുന്ന പാലത്തിന്റെ പില്ലർ നിർമാണത്തിലെ കോൺക്രീറ്റിംഗ് ജോലികൾ ഇന്നലെ രാവിലെ ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടാഴ്ചയായി പില്ലർ ജോലികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ആദ്യം തയാറാക്കിയ പ്ലാനിൽ പാലത്തിന്റെ പ്രധാനപ്പെട്ട തൂണുകളിൽ ഒന്നായ പി-വൺ പില്ലറിന് 2.3 മീറ്റർ ഉയരമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉദ്ദേശിച്ച നിലയിൽ അടിത്തറയിൽ പാറ കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ടും ലഭ്യമായ പാറയ്ക്ക് ചെരിവുണ്ടായിരുന്നതിനാലും പില്ലറിന്റെ ഉയരം 3.5 മീറ്ററായി നിശ്ചയിക്കേണ്ടി വന്നു.
ഇങ്ങനെ പാലത്തിന്റെ ഡിസൈനിൽ വന്ന മാറ്റം സാങ്കേതികവിദ്യയിൽ ഇന്ത്യയിലെ ഉന്നത സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അംഗീകാരം അനിവാര്യമായിരുന്നു. സാധാരണ ഐഐടിയിൽ പുതുക്കിയ രൂപരേഖ സമർപ്പിച്ചാൽ മൂന്നുമാസം കാലതാമസം വരുന്നതാണ്. ആദ്യം ഹിമാചൽപ്രദേശിലെ ഐഐടി മാണ്ഡിയുടെയും രണ്ടാമതായി ഐഐടി മദ്രാസിന്റെയും വിദഗ്ധാഭിപ്രായം തേടി ഒരാഴ്ചക്കുള്ളിൽ തന്നെ പുതുക്കിയ രൂപരേഖയ്ക്ക് അംഗീകാരം ലഭ്യമാക്കി.
പുതുക്കിയ രൂപരേഖയ്ക്ക് ഐഐടി നൽകിയ അംഗീകാരം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് വീണ്ടും വിദഗ്ധാഭിപ്രായത്തിന് സമർപ്പിക്കുകയും ഉപദേശം ലഭിച്ച ശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ അന്തിമ അംഗീകാരത്തോടെ കോൺക്രീറ്റ് ജോലികൾ ആരംഭിക്കുകയായിരുന്നു.
ബൈപാസ് നിർമാണത്തിലെ പുരോഗതി വിലയിരുത്താനും തുടർപ്രവർത്തനങ്ങൾ ആലോചിക്കാനും പൊതുമരാമത്തുമന്ത്രിയുടെ സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയുടെ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരും. റോണി കെ. ബേബി എംഎൽഎയുടെ അഭ്യർഥന പ്രകാരമാണ് പൊതുമരാമത്തുമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
District News
പിറവം: എറണാകുളം- പിറവം റോഡില് കൊടും വളവുകളുള്ള പാഴൂര്- പേപ്പതി ഭാഗത്ത് ബൈപ്പാസ് നിര്മാണത്തിനുള്ള പരിശോധന നടന്നു. പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സ്ഥലം സര്വേ നടത്തി അതിര്ത്തി കല്ലുകള് സ്ഥാപിക്കാനുള്ള നടപടികള് സ്വീകരിക്കാനും തീരുമാനിച്ചു.
പിറവം, മണീട് വില്ലേജുകളില് സര്വേ നടത്താന് മതിയായ ജീവനക്കാര് ഇല്ലാത്തതിനാല് കൂടുതല് ഉദ്യോഗസ്ഥരെ വിട്ടുതരാന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
\
മുനിസിപ്പല് ചെയര്മാന് കെ.ആര്. പ്രദീപ്കുമാര്, കൗണ്സിലര്മാര്, രാഷ്ട്രീയ പ്രതിനിധികള് തുടങ്ങിയവര് സംയുക്ത പരിശോധനയില് പങ്കെടുത്തു.
പാഴൂര് അമ്പലപ്പടി മുതല് പേപ്പതി വരെയുള്ള രണ്ട് കിലോമീറ്റര് ഭാഗത്തെ വളവുകള് സ്ഥിരം അപകട മേഖലയാണ്.
District News
മുണ്ടക്കയം: മുണ്ടക്കയം ബൈപാസിൽ ഓപ്പൺ ജിം ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ പ്രദേശം സാമൂഹ്യവിരുദ്ധരുടെ പിടിയിൽ. വ്യായാമത്തിലൂടെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാമെന്ന ആശയം മുൻനിർത്തിയാണ് ബൈപാസ് റോഡിനു സമീപം ജില്ലാ പഞ്ചായത്ത് മുൻ അംഗം പി.ആർ. അനുപമ അനുവദിച്ച തുക ഉപയോഗിച്ച് കഴിഞ്ഞ ഭരണസമിതി ഓപ്പൺ ജിം സ്ഥാപിച്ചത്.
കുട്ടികൾക്കും യുവാക്കൾക്കും പ്രായമായവർക്കും ഇവിടെ വന്നു വ്യായാമം ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലും പേർ വ്യായാമത്തിനായി ഇവിടം ഉപയോഗിക്കുന്നത്. ഇത് കണക്കിലെടുത്ത് സമീപം ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.
എന്നാൽ, നാളുകളായി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. രാത്രിയാകുന്നതോടെ പ്രദേശമാകെ ഇരുളിന്റെ പിടിയിലമരും. ഇതു മുതലെടുത്ത് പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യവും വർധിക്കുകയാണ്.
രാത്രികാലങ്ങളിൽ ഓപ്പൺ ജിമ്മിലും പരിസരപ്രദേശങ്ങളിലും ലഹരി സംഘങ്ങൾ തമ്പടിക്കുന്നതായും ലഹരിക്കച്ചവടത്തിനുള്ള മേഖലയായി ഇവിടം മാറ്റിയതായും ആരോപണമുണ്ട്.
ഓരോ ദിവസവും നിരവധി ആളുകളാണ് പ്രഭാത, സായാഹ്ന സവാരിക്കായി ബൈപാസിന്റെ നടപ്പാത ഉപയോഗിക്കുന്നത്. റോഡിലെ വെളിച്ചക്കുറവ് ഇവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ പ്രദേശത്ത് തമ്പടിക്കുന്നതോടെ പലരും ഇതുവഴി കടന്നുപോകുവാനും മടിക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: ഇറാനിൽ സർക്കാർ ഇന്റർനെറ്റ് നിരോധിച്ചിരിക്കേ ഇതു മറികടക്കാൻ സ്റ്റാർലിങ്ക് സാങ്കേതികവിദ്യയുമായി അമേരിക്കൻ ആക്ടിവിസ്റ്റുകൾ രംഗത്ത്. രാജ്യത്തു പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് നാളുകളായി ഇറാൻ ഭരണകൂടം ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്.
ഇതുമൂലം പുറംലോകവുമായി ബന്ധപ്പെടാനാകാതെയും മറ്റും ജനം അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ഈ സാഹചര്യത്തിലാണ് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് എത്തിക്കാൻ സന്നദ്ധ പ്രവർത്തകർ ശ്രമിക്കുന്നത്.
ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ ഇറാനിലേക്കു രഹസ്യമായി കടത്താൻ ഇവർ പദ്ധതിയിടുന്നു. അതിർത്തികൾ വഴി ചെറിയ പാഴ്സലുകളായി ഇവ എത്തിക്കാനാണ് ആക്ടിവിസ്റ്റുകളുടെ ശ്രമം. കാനഡയിലുള്ള ഇറേനിയൻ പ്രവാസികളും ഈ ദൗത്യത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇന്റർനെറ്റ് ലഭിക്കുന്നതോടെ ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
വിവരങ്ങൾ തടഞ്ഞുവച്ച് ഭരണം തുടരാമെന്ന ഇറാന്റെ മോഹത്തിന് സ്റ്റാർലിങ്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽനിന്നുള്ള തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുന്നിലെത്താൻ ഇതു സഹായിക്കും. ഇന്റർനെറ്റ് സേവനം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമല്ലെന്ന് ആക്ടിവിസ്റ്റുകൾ വാദിക്കുന്നു.
എന്നാൽ ഇതു തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാൻ ആരോപിച്ചു. നിലവിൽ ഇറാന്റെ പല നഗരങ്ങളിലും വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് വലിയ സഹായമായി മാറുമെന്ന് വിദഗ്ധർ കരുതുന്നു. ഇത് ഇറാനിലെ ജനങ്ങൾക്കു വിവരങ്ങൾ കൈമാറാൻ വലിയ സഹായമാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തിനു പരോക്ഷമായ പിന്തുണ നൽകുന്നതായാണ് സൂചനകൾ. ഇറാൻ ഭരണകൂടത്തിന്റെ ക്രൂരതകൾ ലോകമറിയണമെങ്കിൽ അവിടത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർക്കും സാധാരണക്കാർക്കും സത്യസന്ധമായ വാർത്തകൾ അറിയാൻ ഇതിലൂടെ സാധിക്കും.
ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ചിലയിടങ്ങളിൽ സ്റ്റാർ ലിങ്ക് ലഭ്യമാക്കിയെങ്കിലും സർക്കാർ ഇവ കണ്ടുകെട്ടിയിരുന്നു. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ ആദ്യം തകർത്തത് അവിടത്തെ വാർത്താവിനിമയ ബന്ധങ്ങളായിരുന്നു. എന്നാൽ, ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി സ്റ്റാർ ലിങ്ക് രംഗത്തെത്തിയതോടെ ഈ പ്രതിസന്ധി മറികടക്കാൻ യുക്രെയ്ൻ സർക്കാരിനായി.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.
യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
District News
വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിൽ ബൈപാസ് ജംഗ്ഷനിൽ കോൺക്രീറ്റ് ചെയ്ത ഭാഗം വാഹനഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി വാഹനയാത്രികർ. കോൺക്രീറ്റ് ബലപ്പെടുന്ന സമയം കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നില്ല. കോൺക്രീറ്റ് ചെയ്ത് ഒരു മാസമായി.
കോൺക്രീറ്റ് ബലപ്പെടുന്നതിന് പരമാവധി മൂന്നാഴ്ച സമയം മതിയെന്നിരിക്കെ ഒരു മാസമാകുമ്പോഴും ഗതാഗതത്തിന് തുറന്നുകൊടുക്കാൻ നടപടിയില്ല. കോൺക്രീറ്റ് ചെയ്ത ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തു വേണം ശേഷിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാൻ. അതിനും ഇനി ഒരു മാസം കാലതാമസം വരും.
അതേസമയം മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴിയൊരുക്കാതെയാണ് ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ നടത്തുന്നതെന്ന ആക്ഷേപങ്ങളും ശക്തമാണ്. 20 മീറ്റർ മാത്രം വരുന്ന സ്ഥലത്തെ റോഡ് കോൺക്രീറ്റിംഗാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ ഒരു മാസത്തിലേറെകാലം വാഹനഗതാഗതം നിരോധിച്ച് നടത്തിയ കോൺക്രീറ്റിംഗ് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. പിന്നീട് അതിനു മുകളിൽ ടാറിംഗ് നടത്തി. അതും നിലനിന്നില്ല.
ഇത്തിരി വട്ടത്തിലുള്ള ഭാഗം ഗതാഗതയോഗ്യമാക്കാൻ ചെലവഴിക്കുന്ന ലക്ഷങ്ങൾക്ക് കണക്കില്ല. അതെല്ലാം തകർന്നതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ലക്ഷങ്ങൾ ചെലവഴിക്കുന്നത്. റോഡ് തകരുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് മഴക്കാലത്ത് ഇതിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കാണ്. തുടർച്ചയായി മഴ പെയ്താൽ ഉറവ വെള്ളവും നിറയും. ഇതിന് ശാശ്വത പരിഹാരമുണ്ടാകണം. പാതയോരത്തുകൂടി നിലവിലുള്ള കാന പുനർനിർമിച്ച് മംഗലം പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് പറയുന്നു.
Kerala
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞു. പ്ലാമൂട്ടുകട ഭാഗത്തെ ബൈപ്പാസിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ മാരുതി ഡിസയർ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കാർ യാത്രക്കാർക്കും ഥാറിലുണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. കാറിന്റെ പിൻഭാഗത്ത് ഇടിച്ച് വലതുവശത്തെ ഡിവൈഡറും മറികടന്ന വാഹനം തമിഴ്നാട് ഭാഗത്തേക്കുള്ള റോഡിലാണ് തലകീഴായി മറിഞ്ഞ് കിടന്നത്. ഈ സമയം മറ്റ് വാഹനങ്ങൾ ഇതേ ലൈനിൽ കടന്നുപോകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഥാറിൽ ഉണ്ടായിരുന്ന യുവാക്കൾ അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
District News
കോട്ടയം: നാളുകളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന നാട്ടകം-പാറേച്ചാല് റോഡിലെ മാലിന്യങ്ങള് നീക്കി. ഗ്രാമീണഭംഗി ആസ്വദിച്ച് സായാഹ്നങ്ങള് ചെലവഴിക്കാന് നിരവധി പേര് എത്തിയിരുന്ന റോഡായിരുന്നു നാട്ടകം-പാറേച്ചാല് ബൈപ്പാസ്.
പക്ഷേ, പിന്നീട് റോഡരികുകൾ കാടുമൂടിയതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയായുടെയും താവളമാവുകയും ചെയ്തു. ഇതോടെ പ്രഭാത -സായാഹ്നങ്ങള് ചെലവഴിക്കാന് എത്തിയിരുന്നവരും ബൈപ്പാസ് റോഡിനെ കൈവിട്ടു.
രാത്രികാലങ്ങളില് ലോറികളില് കക്കൂസ് മാലിന്യങ്ങളും കേറ്ററിംഗ് മാലിന്യങ്ങളും എത്തിച്ചു ബൈപ്പാസിലെ വിവിധയിടങ്ങളില് തള്ളുന്നതു പതിവായി. കടുത്ത ദുര്ഗന്ധം മൂലം വഴിനടക്കാന് പോലും സാധിക്കാത്ത സ്ഥിതിയുമായി. നിരവധി തവണ ഇവിടത്തെ മാലിന്യം തള്ളൽ സംബന്ധിച്ചു പരാതികള് ഉയര്ന്നെങ്കിലും തുടര്നടപടികള് ഉണ്ടായില്ല.
വിവിധ കോണുകളില്നിന്നു പരാതികള് ഉയര്ന്നതിന്റെ അടിസ്ഥാനത്തില് പുതിയ നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടര്നടപടികളെടുക്കാന് തീരുമാനമെടുത്തു. തുടർന്ന് നഗരസഭയുടെ മേല്നോട്ടത്തില് ബൈപാസ് റോഡിലെ മാലിന്യങ്ങള് നീക്കി റോഡിലെ കാടും പടലും വെട്ടിനീക്കുകയുമായിരുന്നു.
പ്രധാന റോഡിലെ തിരക്കൊഴിവാക്കി നാട്ടകം, തിരുവാതുക്കല്, സിമന്റ് കവല, ഇല്ലിക്കല്, കുമരകം മേഖലകളിലേക്കു പോകുന്ന നുറൂകണക്കിനു യാത്രക്കാര് ഉപയോഗിക്കുന്ന റോഡാണിത്.പാടശേഖരങ്ങള്ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമായി മുമ്പു തണല് മരങ്ങളും ഇല്ലി, മുള തുടങ്ങിയവയും നട്ടുപ്പിടിപ്പിച്ചിരുന്നു.
കൃത്യമായ പരിചരണം ഇല്ലാതായതോടെ ഇവയെല്ലാം നശിച്ചു. പ്ലാസ്റ്റിക്, ചില്ലുകുപ്പികള്, സ്നഗി, ഭക്ഷണാവശിഷ്ടങ്ങള് തുടങ്ങിയ മാലിന്യങ്ങള് റോഡിന്റെ ഇരുവശങ്ങളിലും നിരന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. കൃഷിയിറക്കുന്ന പാടശേഖരങ്ങളില് മദ്യക്കുപ്പികള് നിറഞ്ഞു.
സിസിടിവി കാമറകള് പ്രദേശത്ത് ഇല്ലാത്തതും മാലിന്യം തള്ളല് പതിവാകുന്നതിനു കാരണമായി. റോഡിലെ തണല്കണ്ട് വാഹനം നിര്ത്തി ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിന്റെ കവറുകളും വെള്ളക്കുപ്പികളും തള്ളുന്നതും പതിവായിരുന്നു.
ഇവിടങ്ങളിലെ വഴിവിളക്കുകള് തെളിയാത്തതും മാലിന്യനിക്ഷേപകര്ക്ക് സഹായകമായിരുന്നു. തൊഴിലാളികള് ഇവിടെ നിരന്നുകിടന്ന മുഴുവന് മാലിന്യങ്ങളും നീക്കി പ്രദേശം വൃത്തിയാക്കി. പ്രദേശത്തെ വഴിവിളക്കുകള് തെളിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.