x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​യ​ര്‍മാ​നും ഭ​ര​ണ​സ​മി​തി​യും മു​ന്നി​ട്ടി​റ​ങ്ങി ; നാ​ട്ട​കം-​പാ​റേ​ച്ചാ​ല്‍ ബൈ​പാ​സി​ലെ മാ​ലി​ന്യം നീ​ക്കി


Published: January 13, 2026 05:03 AM IST | Updated: January 13, 2026 05:03 AM IST

കോ​ട്ട​യം: നാ​ളു​ക​ളാ​യി മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്ന നാ​ട്ട​കം-​പാ​റേ​ച്ചാ​ല്‍ റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കി. ഗ്രാ​മീ​ണ​ഭം​ഗി ആ​സ്വ​ദി​ച്ച് സാ​യാ​ഹ്ന​ങ്ങ​ള്‍ ചെ​ല​വ​ഴി​ക്കാ​ന്‍ നി​ര​വ​ധി പേ​ര്‍ എ​ത്തി​യി​രു​ന്ന റോ​ഡാ​യി​രു​ന്നു നാ​ട്ട​കം-​പാ​റേ​ച്ചാ​ല്‍ ബൈ​പ്പാ​സ്.

പ​ക്ഷേ, പി​ന്നീ​ട് റോ​ഡ​രി​കു​ക​ൾ കാ​ടു​മൂ​ടി​യ​തോ​ടെ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി മാ​ഫി​യാ​യു​ടെ​യും താ​വ​ള​മാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​ഭാ​ത -സാ​യാ​ഹ്ന​ങ്ങ​ള്‍ ചെ​ല​വ​ഴി​ക്കാ​ന്‍ എ​ത്തി​യി​രു​ന്ന​വ​രും ബൈ​പ്പാ​സ് റോ​ഡി​നെ കൈ​വി​ട്ടു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ലോ​റി​ക​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും കേ​റ്റ​റിം​ഗ് മാ​ലി​ന്യ​ങ്ങ​ളും എ​ത്തി​ച്ചു ബൈ​പ്പാ​സി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​തു പ​തി​വാ​യി. ക​ടു​ത്ത ദു​ര്‍ഗ​ന്ധം മൂ​ലം വ​ഴി​ന​ട​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​മാ​യി. നി​ര​വ​ധി ത​വ​ണ ഇ​വി​ട​ത്തെ മാ​ലി​ന്യം ത​ള്ള​ൽ സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്നെ​ങ്കി​ലും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്നു പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി തു​ട​ര്‍ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ബൈ​പാ​സ് റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കി റോ​ഡി​ലെ കാ​ടു​ം പ​ട​ലും വെ​ട്ടി​നീ​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​ധാ​ന റോ​ഡി​ലെ തി​ര​ക്കൊ​ഴി​വാ​ക്കി നാ​ട്ട​കം, തി​രു​വാ​തു​ക്ക​ല്‍, സി​മ​ന്‍റ് ക​വ​ല, ഇ​ല്ലി​ക്ക​ല്‍, കു​മ​ര​കം മേ​ഖ​ല​ക​ളി​ലേ​ക്കു പോ​കു​ന്ന നു​റൂ​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്.പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ക്ക് ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി മു​മ്പു ത​ണ​ല്‍ മ​ര​ങ്ങ​ളും ഇ​ല്ലി, മു​ള തു​ട​ങ്ങി​യ​വ​യും ന​ട്ടു​പ്പി​ടി​പ്പി​ച്ചി​രു​ന്നു.

കൃ​ത്യ​മാ​യ പ​രി​ച​ര​ണം ഇ​ല്ലാ​താ​യ​തോ​ടെ ഇ​വ​യെ​ല്ലാം ന​ശി​ച്ചു. പ്ലാ​സ്റ്റി​ക്, ചി​ല്ലു​കു​പ്പി​ക​ള്‍, സ്ന​ഗി, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര​ന്നു​കി​ട​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. കൃ​ഷി​യി​റ​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ നി​റ​ഞ്ഞു.
സി​സി​ടി​വി കാ​മ​റ​ക​ള്‍ പ്ര​ദേ​ശ​ത്ത് ഇ​ല്ലാ​ത്ത​തും മാ​ലി​ന്യം ത​ള്ള​ല്‍ പ​തി​വാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി. റോ​ഡി​ലെ ത​ണ​ല്‍ക​ണ്ട് വാ​ഹ​നം നി​ര്‍ത്തി ഭ​ക്ഷ​ണ​ം ക​ഴി​ച്ച​ശേ​ഷം ഭ​ക്ഷ​ണ​ത്തി​ന്‍റെ ക​വ​റു​ക​ളും വെ​ള്ള​ക്കു​പ്പി​ക​ളും ത​ള്ളു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഇ​വി​ട​ങ്ങ​ളി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യാ​ത്ത​തും മാ​ലി​ന്യ​നി​ക്ഷേ​പ​ക​ര്‍ക്ക് സ​ഹാ​യ​ക​മാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ നി​ര​ന്നു​കി​ട​ന്ന മു​ഴു​വ​ന്‍ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി പ്ര​ദേ​ശം വൃ​ത്തി​യാ​ക്കി. പ്ര​ദേ​ശ​ത്തെ വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Nattakam-Parachall bypass waste

Recent News

Corehub Up