District News
എഴുകോണ്: ഹരിതകര്മ സേന അംഗങ്ങള് വീടുകളില്നിന്നു ശേഖരിക്കുന്ന മാലിന്യം പൊതുനിരത്തില് കൂട്ടിയിട്ടിരിക്കുന്ന ദീപിക വാര്ത്തയ്ക്ക് പിന്നാലെ മാലിന്യങ്ങളും ബക്കറ്റും ഒരുമിച്ച് നീക്കി എഴുകോണ് പഞ്ചായത്ത്. ഇതാണോ ഒരു പഞ്ചായത്തിന്റെ നല്ല പ്രവര്ത്തനം എന്നാണ് നാട്ടുകാര് ചോദിക്കുന്നത്. പൊതുനിരത്തിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള് മാലിന്യം ഇടാനുള്ള ബക്കറ്റ് കൂടി കൊണ്ടുപോകുന്നതാണ് എഴുകോണ് പഞ്ചായത്തിന്റെ രീതിയെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം.
ഈ ബക്കറ്റുകള് മേടിച്ചതിന്റെ ഫണ്ടിന്റെ സ്രോതസ് കണ്ടെത്താന് വിവരാവകാശം നല്കാനിരിക്കുക്കുകയാണ് നാട്ടുകാര്.
ഹരിത കര്മസേനാംഗങ്ങള്ക്കു പറയാനുള്ളത്:
തങ്ങള് ശേഖരിക്കുന്ന മാലിന്യങ്ങള് പഞ്ചായത്ത് പറയുന്ന ഇടങ്ങളില് നിക്ഷേപിക്കുകയാണു പതിവ്. എന്നാല് സമയം കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതര് ഇത് അവിടെനിന്നു നീക്കാത്തതാണു പ്രശ്നമായതെന്നാണ് ഹരിത കര്മ സേനാംഗങ്ങളുടെ നിലപാട്.
എന്തായാലും വാര്ത്തയ്ക്ക് പിന്നാലെ മാലിന്യം നീക്കിയത് അംഗീകരിക്കാമെങ്കിലും നാട്ടുകാര്ക്ക് മാലിന്യം നിക്ഷേപിക്കാനുള്ള ബക്കറ്റ് നീക്കം ചെയ്തത് ന്യായീകരിക്കാനാകില്ലെന്നാണു നാട്ടുകാര് പറയുന്നത്.
District News
പകർച്ചവ്യാധി ഭീതിയിൽ പ്രദേശവാസികൾ
കൊട്ടിയൂർ: പാൽചുരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള അറവുമാലിന്യം പ്രദേശത്ത് കടുത്ത ആരോഗ്യ-പരിസ്ഥിതി ഭീഷണി ഉയർത്തുന്നു. അറവുമാലിന്യങ്ങൾ നിക്ഷേപിച്ച മാലിന്യ സംഭരണ ടാങ്ക് പൊട്ടിയൊഴുകി രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മണ്ണിട്ട് മൂടാൻ നടപടി ആരംഭിച്ചത്. നിലവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
കനത്ത മഴ തുടരുന്നതിനിടെ മാലിന്യ അവശിഷ്ടങ്ങൾ സമീപത്തെ തോട്ടിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും പുഴയിലേക്കും ഒലിച്ചിറങ്ങുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മഴക്കാലത്ത് മലിനജലം കുടിവെള്ള സ്രോതസുകളിൽ കലരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജലജന്യ രോഗങ്ങൾ പടരുമെന്നുള്ള ഭീതിയിലാണു പ്രദേശവാസികൾ.
സഹിക്കാനാവാത്ത ദുർഗന്ധവും രോഗപ്പകർച്ചാ ഭീതിയും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലും ബന്ധപ്പെട്ട ഉന്നത അധികാരികൾക്കും പരാതി നൽകിയിരുന്നു. തുടർന്നാണു നിലവിൽ പ്രാഥമികമായി മണ്ണിട്ട് മൂടാനുള്ള നടപടി ആരംഭിച്ചത്.
എന്നാൽ മാലിന്യം കേവലം മണ്ണിട്ട് മൂടുന്നത് പ്രശ്നത്തിനു ശാശ്വത പരിഹാരമാകില്ലെന്നാണു നാട്ടുകാരുടെ നിലപാട്. മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യുന്നതിനൊപ്പം പ്രദേശത്ത് അണുനശീകരണവും ശാസ്ത്രീയമായ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തരമായി നടത്തണമെന്നാണ് ആവശ്യം. നടപടികൾ വൈകിയാൽ ശക്തമായ ജനകീയ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
Editorial
മറ്റാരും കാണുന്നില്ലെന്നും സിസിടിവി കാമറയില്ലെന്നും ഉറപ്പായാൽ ഏതു മാലിന്യവും എവിടെയും വലിച്ചെറിയാൻ മടിയില്ലാത്തവരായി മലയാളികളിലേറെയും മാറി. അങ്ങനെ നാം മുക്കിയതെല്ലാം പെരുമഴ ഇത്തവണയും പൊക്കിക്കൊണ്ടു വന്നിട്ടുണ്ട്. വിസർജ്യത്തോടുകളെല്ലാം രാജവീഥികളോടു ചേർന്നുകഴിഞ്ഞു. സർക്കാരിനും ജനങ്ങൾക്കും കൂട്ടുത്തരവാദിത്വമുള്ള തിന്മയാണിത്. തീവ്രമഴ മുന്നറിയിപ്പുകളിലേക്ക് മഴക്കാല ദുരിതങ്ങളുടെ ഉത്തരവാദിത്വം ചുരുക്കുന്നതുപോലെ, "ഇവിടെ മാലിന്യം നിക്ഷേപിക്കരുതെ'ന്ന ബോർഡ് സ്ഥാപനത്തിലും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിതകർമസേനയിലും അപര്യാപ്തമായ സംസ്കരണസംവിധാനങ്ങളിലും മാലിന്യനിർമാർജനമൊതുക്കിയ നാടാണ് കേരളം. എവിടെ മാലിന്യം തള്ളുമെന്ന് ധാരണയില്ലാത്ത ജനം എല്ലായിടത്തും മാലിന്യമെറിഞ്ഞു. അങ്ങനെ നമ്മുടെ നിരത്തുകളും ജലസ്രോതസുകളും വിഷമയമായി. വർഷാവർഷം മഴ നടത്തുന്ന ഈ "ശുചീകരണപ്രക്രിയ'കൂടി ഇല്ലാതിരുന്നെങ്കിൽ കേരള മാതൃകയുടെ ചെന്പു തെളിഞ്ഞേനേ.
ഓരോ മഴക്കാലവും പല ദുരിതങ്ങളുമായാണ് എത്തുന്നത്. അതിൽ പ്രധാനം ജീവഭയമാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമൊക്കെയായി ഇതിനകം 25 പേരാണ് ഇത്തവണ മരിച്ചത്. നിരവധി മനുഷ്യർ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി. സർക്കാർ സംവിധാനങ്ങൾ സജീവമായിട്ടുണ്ട്. പക്ഷേ, ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാനുള്ള സ്ഥിരപദ്ധതികളില്ല. അതുപോലെ, വർധിച്ചുവരുന്ന മാലിന്യത്തിന്റെ സംസ്കരണം ഇപ്പോഴത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് അസാധ്യമാണ്. എവിടെ മാലിന്യം തള്ളണമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചാൽ ജനങ്ങളിലേറെയും അവിടെ കൊണ്ടുപോയി ഇടും.
പക്ഷേ, യഥാസമയം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ ഒരൊറ്റ പഞ്ചായത്തിൽ പോലുമില്ല. മാസത്തിലൊരിക്കൽ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കന്പനി ഹരിതകർമസേന വഴി പ്ലാസ്റ്റിക് ശേഖരിക്കുന്നത് വലിയ ആശ്വാസമാണ്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കുന്നുണ്ട്. പക്ഷേ, മാലിന്യമലയുടെ ഒരറ്റത്തുപോലും ഇതൊന്നും എത്തുന്നില്ലെന്ന് ഓർമിപ്പിക്കുന്നതാണ് വെള്ളപ്പൊക്കത്തിനു മുകളിലെ മാലിന്യപ്പൊക്കങ്ങൾ. കഴിഞ്ഞ വർഷങ്ങളിലും നമ്മളിതു കണ്ടതാണ്. അടുത്ത വർഷവും കാണും; സർക്കാർ ഇടപെടുന്നില്ലെങ്കിൽ.
ആളുകളുടെ മനോഭാവവും മാറണം. ഹരിതകർമസേനയ്ക്ക് അന്പതോ നൂറോ രൂപ കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ഒന്നും രണ്ടും വീട്ടുകാരല്ല. അതുപോലെ പ്ലാസ്റ്റിക് കവറുകളിൽനിന്നു ജൈവമാലിന്യം നീക്കി കഴുകിക്കൊടുക്കാൻ മടിക്കുന്നവരുണ്ട്. ശുചിത്വവും മാലിന്യശേഖരണവും സംസ്കരണവുമൊന്നും പരിശീലിപ്പിച്ചിട്ടില്ലാത്ത മാതാപിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയുമൊക്കെ തോൽവിയാണിത്. കുട്ടികളെ വീട്ടിൽതന്നെ മാലിന്യം കൈകാര്യം ചെയ്യാൻ പഠിപ്പിക്കണം. വിദ്യാലയങ്ങൾക്കും മതപഠനകേന്ദ്രങ്ങൾക്കുമൊക്കെ ഉത്തരവാദിത്വമുണ്ട്. എഴുത്തുകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡിസ്രേലി പറയുന്നത്, “ശുചിത്വവും ചിട്ടയും സഹജവാസനയല്ല; വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതാണ്. മിക്ക മഹത്തായ കാര്യങ്ങളെയും പോലെ, അവയോടുള്ള അഭിരുചി നിങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണം’’ എന്നാണ്. നിർഭാഗ്യവശാൽ അതൊന്നും നമ്മളോ നമ്മളെ ഭരിക്കുന്നവരോ പഠിച്ചില്ല.
പരിഹരിച്ചേ തീരൂ. നിലവിൽ കേരളത്തിലെ മാലിന്യത്തിന്റെ തോതനുസരിച്ചുള്ള ശേഖരണ-സംസ്കരണ സംവിധാനമില്ലെന്ന് ഭരിക്കുന്നവർ സമ്മതിക്കണം. അതനുസരിച്ചുള്ള സംസ്കരണ പദ്ധതികൾ തയാറാക്കണം. ജൂണിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ച നിർദേശമനുസരിച്ച്, വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോഴത്തെ മൂന്ന് എന്നതിനു പകരം നാലായി തരംതിരിച്ച് മാലിന്യം ശേഖരിക്കണം. അതിന് എവിടെയാണ് മൂന്നു പാത്രങ്ങളുള്ളത്? കേന്ദ്രത്തിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും സുപ്രീംകോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിർദേശം. പക്ഷേ, മൂന്നോ നാലോ പാത്രങ്ങളിലായി മാലിന്യം സൂക്ഷിക്കാനും അവ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കാനും സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ? ഉണ്ടെങ്കിൽ അതു നടപ്പാക്കണം. എന്നിട്ടും മാലിന്യപ്പൊതിയുമായി ആളില്ലാമൂല തപ്പി നടക്കുന്നവരെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ ആവർത്തിക്കാൻ തോന്നാത്തത്ര പിഴ ഈടാക്കണം.
മിക്ക വിദേശരാജ്യങ്ങളിലും വീട്ടിലോ പരിസരത്തോ വയ്ക്കുന്ന നാലു പാത്രങ്ങളിൽനിന്ന് സർക്കാർ സംവിധാനങ്ങൾ മാലിന്യം യഥാസമയം ശേഖരിക്കുന്നതിനാൽ പ്രശ്നങ്ങളില്ല. കേരളത്തിൽ എന്നാണ് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുന്നത്? മുന്നറിയിപ്പുകൾ, ബോർഡുകൾ, ഉത്തരവുകൾ... ഇത്തരം പ്രഹസനങ്ങളുടെ പരാജയമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഭരണാധികാരികളേ, നിങ്ങൾക്കു കടുകുമണിയോളം പ്രതിബദ്ധതയുണ്ടെങ്കിൽ ഈ മാലിന്യമലകളോട് മാറിപ്പോകാൻ പറയൂ.
District News
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലും പൊ തു ഇടങ്ങളിലും മാലിന്യം തള്ളിയ സംഭവങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം കണ്ടെത്തി. ചിറങ്ങര അമ്പലത്തിന് എതിർവശത്ത് നടത്തിയ പരിശോധനയിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ കൊരട്ടി - പുളിക്കകടവ് റോഡിലെ തെക്കെ അങ്ങാടിയിൽ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് ക്ലാർക്ക് കെ.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര, എം.സി.എഫ്. കെയർടേക്കർ എം.ആർ. രമ്യ, പഞ്ചായത്ത് ജീവനക്കാരൻ ഷാജി പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹരിത കർമ സേന അംഗങ്ങളായ രാജേഷ്, സ്റ്റെഫി റാണി എന്നിവർ തെളിവുകൾ ശേഖരിക്കുന്നതിനു നേതൃത്വം നൽകി.
District News
പേരാവൂർ: മലയോരത്തെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലിയടത്തും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങൾ തള്ളുകയാണ്. പേരാവൂർ-നെടുംപൊയിൽ റോഡിൽ വാരപ്പീടിക മുതൽ നെടുംപൊയിൽ ടൗൺ വരെയുള്ള വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ചാക്കുകളിലാക്കി തള്ളിയിട്ടുണ്ട്. ഇതു കാരണം പ്രദേശവാസികൾ കടുത്ത പകർച്ചവ്യാധി ഭീഷണിയും ജലസ്രോതസുകൾ മലിനപ്പെടുമോ എന്ന ആശങ്കയിലുമാണ് കഴിയുന്നത്.
മാലിന്യം പരിസര ദുർഗന്ധത്തിനൊപ്പം തെരുവുനായ ശല്യവും വർധിപ്പിക്കുന്നുണ്ട്. ഈച്ച, കൊതുക് എന്നിവയും പെരുകുന്നുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്. കുറ്റക്കാരെ കണ്ടെത്താൻ പഞ്ചായത്ത്, പോലീസ് ഉൾപ്പടെയുള്ളവരുടെ ഭാഗത്ത്നിന്ന് കർശന നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
നിലന്പൂർ: വനമേഖലകളിൽ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം മുതൽ കാഞ്ഞിരപ്പടി വരെയുള്ള പൊക്കോട് വനമേഖലയിൽ റോഡിനോട് ചേർന്നാണ് മാലിന്യങ്ങൾ തള്ളിയിട്ടുള്ളത്.
മാലിന്യങ്ങൾ തള്ളുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടുന്നതിന് മുന്പ് എരഞ്ഞിമങ്ങാടിനും അകന്പാടം കാത്തിരപ്പടിക്കും ഇടയിൽ റോഡിനോട് ചേർന്നു നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് കാമറകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ സിസിടിവി കാമറകൾ കണ്ണുചിമ്മിയതോടെ സമൂഹ്യവിരുദ്ധർക്ക് മാലിന്യ നിക്ഷേപത്തിനുള്ള കേന്ദ്രമായി റോഡിനോട് ചേർന്നുള്ള വനമേഖല മാറിയിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ പടരുന്പോഴാണ് സാമൂഹ്യവിരുദ്ധർ വനമേഖലയിൽ മാലിന്യംതള്ളുന്നത്. ഇതിനെതിരേ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കാത്തതാണ് പ്രശ്നം.
തകരാറിലായ കാമറകൾ പ്രവർത്തനക്ഷമമാക്കിയാൽ വനമേഖലയിൽ മാലിന്യം തള്ളുന്നത് കണ്ടെത്താനാകും. മാലിന്യക്കൂന്പാരമായി റോഡിന്റെ ഇരുവശവുമുള്ള വനമേഖല മാറിയതോടെ മൂക്കുപൊത്തിയാണ് വിദ്യാർഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്നത്. മാലിന്യ നിക്ഷേപം തടയാനും ശുചിത്വ പ്രവൃത്തികൾ സജീവമാക്കാനും സർക്കാർ ശക്തമായി മുന്നോട്ട് പോകുന്പോഴാണ് പൊക്കോട് വനമേഖല മാലിന്യക്കൂന്പാരമായി മാറുന്നത്.
Business
കൊച്ചി: സംസ്ഥാനത്തെ വീടുകളില്നിന്നും സ്ഥാപനങ്ങളില്നിന്നും കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്മസേന നേടിയത് 40 കോടിയോളം രൂപ.
പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള് (പുനരുപയോഗ സാധ്യതയുള്ള പാഴ്വസ്തുക്കള്) സംസ്ഥാന സര്ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന് കേരള കമ്പനിക്കു വിറ്റാണ് ഹരിതകര്മസേന പണം സമ്പാദിച്ചത്. ഈ കാലയളവില് സംസ്ഥാനം ആകെ നേടിയത് 205.20 കോടി രൂപയാണ്.
കമ്പനി ഇതുവരെ 2,08,491 ടണ് അജൈവ പാഴ്വസ്തുക്കള് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു. ഇതില് 56,620 ടണ് പുനരുപയോഗത്തിനു സാധ്യതയുള്ളതും വില ലഭിക്കുന്നതുമായ പ്ലാസ്റ്റിക് ഉള്പ്പെടെയുള്ളവയാണ്. 1.90 ലക്ഷം ടണ് പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളും 3,120 ടണ് ഇലക്ട്രോണിക് മാലിന്യവുമാണ്.
റോഡും പണിതു
കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്നിന്ന് 3,079 മെട്രിക് ടണ് ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശ സ്ഥാപനങ്ങള്ക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറി. ഇതുപയോഗിച്ച് കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ സംസ്ഥാനത്ത് 7,249 കിലോമീറ്റര് റോഡാണു നിർമിച്ചത്.
പാഴ്വസ്തുക്കള് പൊതുസ്ഥലങ്ങളില് ഉള്പ്പെടെ വലിച്ചെറിയുന്നതും വീടുകളില് ഇവ കത്തിക്കുന്നതും ഒഴിവാക്കാന് ക്ലീന് കേരള കമ്പനിക്കും ഹരിത കര്മസേനയ്ക്കും കഴിഞ്ഞു. ഇത് പൊതുജനാരോഗ്യത്തിന് പുതിയ മാതൃകയാണ്.
District News
പത്തനംതിട്ട: മഴക്കാലപൂര്വ ശുചീകരണത്തിന്റെ ഭാഗമായി ജൂണിൽ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്നിന്ന് ക്ലീന് കേരള കമ്പനി ശേഖരിച്ചത് 300 ടണ് അജൈവ പാഴ്വസ്തുക്കള്. മേയില് ശേഖരിച്ചത് 240 ടണ് ആയിരുന്നു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്നിന്നടക്കം പാഴ്വസ്തുക്കള് നീക്കം ചെയ്തു. തരംതിരിച്ച 45 ടണ് പ്ലാസ്റ്റിക് കുന്നന്താനം ഗ്രീന് പാര്ക്കില് (ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി) സംസ്കരണത്തിനും പുനഃചക്രമണ യോഗ്യമല്ലാത്തവ സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധനത്തിനായും സംസ്കരിക്കാന് അയച്ചു.
50 ടണ് ഗ്ലാസ് മാലിന്യങ്ങളാണ് ജൂണില് ജില്ലയില്നിന്നു ശേഖരിച്ചത്. പന്തളം നഗരസഭയില്നിന്നു മാത്രം 27 ടണ് ചില്ല് മാലിന്യം ശേഖരിച്ചു.
Kerala
കല്പ്പറ്റ: വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലുള്ള അജൈവ പാഴ്വസ്തുക്കള് അടിയന്തരമായി നീക്കംചെയ്യാന് തദ്ദേശ സ്ഥാപനങ്ങള്ക്ക് സര്ക്കുലര് മുഖേന നിര്ദേശം.
കാലവര്ഷവും വിവിധ പ്രദേശങ്ങളിലെ പ്രളയ സാധ്യതയും കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണവകുപ്പ് സര്ക്കുലര് പുറപ്പെടുവിച്ചത്. മഴയില് നനഞ്ഞ പാഴ്വസ്തുക്കള് കൈമാറ്റം ചെയ്യുന്നതും സംഭരിക്കുന്നതും ബുദ്ധിമുട്ടിനിടയാക്കും. അവയുടെ ഗുണനിലവാരവും വിപണി മൂല്യവും കുറയും.
പാഴ്വസ്തുക്കള് നനഞ്ഞ് മാലിന്യമാകുന്നത് സംസ്കരണത്തില് തദ്ദേശ സ്ഥാപനത്തിന് അധിക ബാധ്യതയാകും. പൊതുസ്ഥലങ്ങളില് മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് പൊതുജനാരോഗ്യപ്രശ്നങ്ങള്ക്ക് ഇടയാക്കും. എന്നിരിക്കേ അജൈവ മാലിന്യം മഴവെള്ളവുമായി കലര്ന്ന് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാതിരിക്കാന് നടപടി സ്വീകരിക്കണം.
പ്രളയസാധ്യതയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില് വാഹനങ്ങള് സുഗമമായി എത്തുന്നതിന് റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതലത്തില് പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്വസ്തു സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരം ജോയിന്റ് ഡയറക്ടര്മാര് ശേഖരിച്ച് അതത് ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്പ്പെടുത്തണം.
വരുംവര്ഷങ്ങളില് മാര്ച്ച് 31നകം ഈ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില് പാഴ്വസ്തു സംഭരണ സംവിധാനങ്ങളുടെ പുതുക്കിയതും കൃത്യവുമായ വിവരം ജോയിന്റ് ഡയറക്ടര്മാര് ജില്ലാ കളക്ടര്മാര്ക്ക് റിപ്പോര്ട്ട് ചെയ്യണമെന്നും സര്ക്കുലറില് പറയുന്നു.
Kerala
കല്പ്പറ്റ: വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലുള്ള അജൈവ പാഴ്വസ്തുക്കള് അടിയന്തരമായി നീക്കം ചെയ്യാന് തദ്ദേശ സ്ഥാപനങ്ങള്ക്ക് സര്ക്കുലര് മുഖേന നിര്ദേശം.
കാലവര്ഷവും വിവിധ പ്രദേശങ്ങളിലെ പ്രളയ സാധ്യതയും കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണവകുപ്പ് സര്ക്കുലര് പുറപ്പെടുവിച്ചത്. മഴയില് നനഞ്ഞ പാഴ്വസ്തുക്കള് കൈമാറ്റം ചെയ്യുന്നതും സംഭരിക്കുന്നതും ബുദ്ധിമുട്ടിനിടയാക്കും. അവയുടെ ഗുണനിലവാരവും വിപണി മൂല്യവും കുറയും.
പാഴ്വസ്തുക്കള് നനഞ്ഞ് മാലിന്യമാകുന്നത് സംസ്കരണത്തില് തദ്ദേശ സ്ഥാപനത്തിന് അധിക ബാധ്യതയാകും. പൊതുസ്ഥലങ്ങളില് മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് പൊതുജനാരോഗ്യപ്രശ്നങ്ങള്ക്ക് ഇടയാക്കും. എന്നിരിക്കേ അജൈവ മാലിന്യം മഴവെള്ളവുമായി കലര്ന്ന് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാതിരിക്കാന് നടപടി സ്വീകരിക്കണം.
പ്രളയസാധ്യതയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില് വാഹനങ്ങള് സുഗമമായി എത്തുന്നതിന് റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതലത്തില് പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്വസ്തു സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരം ജോയിന്റ് ഡയറക്ടര്മാര് ശേഖരിച്ച് അതത് ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്പ്പെടുത്തണം.
വരുംവര്ഷങ്ങളില് മാര്ച്ച് 31നകം ഈ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില് പാഴ്വസ്തു സംഭരണ സംവിധാനങ്ങളുടെ പുതുക്കിയതും കൃത്യവുമായ വിവരം ജോയിന്റ് ഡയറക്ടര്മാര് ജില്ലാ കളക്ടര്മാര്ക്ക് റിപ്പോര്ട്ട് ചെയ്യണമെന്നും സര്ക്കുലറില് പറയുന്നു.
District News
അഞ്ചല് : അലയമണ് പഞ്ചായത്തിലെ കരുകോണ് ടൗൺ വാര്ഡില് ഉള്പ്പെടുന്ന മൂന്നാറ്റുമൂലയിലാണ് തോട്ടില് വലിയ രീതിയില് മുടി ഉള്പ്പെടെയുള്ള മാലിന്യങ്ങള് തള്ളി.
മൂന്നാറ്റുമൂല പാലത്തിനടിയിലാണ് ചക്കുകളില് നിറച്ചു മുടി, ബ്ലേഡുകള് ഉള്പ്പെടെയുള്ള ബാര്ബര് ഷോപ്പിലെ മാലിന്യങ്ങള് തള്ളിയത്.
വരള്ച്ചയായതിനാല് തൊട്ടില് നീരൊഴുക്ക് കുറവാണ്. മഴപെയ്തിരുന്നു എങ്കില് നീരൊഴുക്ക് വർധിക്കുകയും നിരവധിപേര് കൃഷിക്കും തുണി അലക്കന്നുതിനുമൊക്കെ ഉപയോഗിക്കുന്ന തോട്ടിലൂടെ ഈ മാലിന്യങ്ങള് ഇത്തിക്കരയാറ്റില് എത്തിച്ചേരുകയായിരുന്നു.
പ്രദേശവാസിയും മുന് കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായ ജലാലുദീന് പുരയിടത്തില് കൃഷി ജോലികള്ക്കായി എത്തിയപ്പോഴാണ് പാലത്തിനടിയില് വലിയ അളവില് മാലിന്യങ്ങൾ ശ്രദ്ധയില്പ്പെടുന്നത്.
പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ച ജലാലുദീന് സ്വന്തം നിലയില് മാലിന്യങ്ങള് മുഴുവന് തൊട്ടില് നിന്നും നീക്കം ചെയ്യുകയും സ്വന്തം പുരയിടത്തില് കുഴിച്ചിടുകയും ചെയ്തു.
ആളൊഴിഞ്ഞ മൂന്നാറ്റുമൂല കേന്ദ്രീകരിച്ചു വലിയ രീതിയില് മാലിന്യങ്ങള് കൊണ്ടുതള്ളുന്നത് പതിവാണെന്നും പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും ഏറുകയാണെന്നും ജലാലുദീന് പറയുന്നു.
അതേസമയം സംഭവം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്നും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള് ശേഖരിച്ചുകൊണ്ട് മാലിന്യം തള്ളുന്നവരെ കണ്ടെത്താന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം എം.എം. സാദിഖ് പറഞ്ഞു. വാര്ഡ് അംഗം അസീമ സലീമിന്റെ നേതൃത്വത്തില് വാര്ഡ് ശുചിത്വ സമിതിയും കൂടി ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്
Kerala
അന്തിക്കാട് (തൃശൂർ): സിപിഐ പുറത്താക്കിയ സി.സി. മുകുന്ദനെ നാട്ടിക സംവരണമണ്ഡലത്തിൽ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി കോണ്ഗ്രസിന്റെ പ്രാദേശികനേതൃത്വം രംഗത്ത്.
മറ്റു പാർട്ടികൾ തള്ളിയ പാഴ്വസ്തുക്കളെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ല. നാട്ടിക മണ്ഡലത്തിൽ ഉൾപ്പെടുന്ന താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തൊറയൻ, കോണ്ഗ്രസ് നേതാവ് ഷൈൻ നാട്ടിക എന്നിവരാണു രംഗത്തുവന്നത്.
താന്ന്യം മണ്ഡലം കമ്മിറ്റിയുടെയും കെപിസിസി വിചാർ വിഭാഗത്തിന്റെയും അഭിപ്രായമാണ് അറിയിക്കുന്നത്. സംവരണമണ്ഡലമെന്ന നിലയിൽ മത്സരിക്കാൻ യോഗ്യരായ ഒരുപാടു ചെറുപ്പക്കാർ പാർട്ടിയിലുണ്ട്. അവർക്കുള്ള അവസരമാണു നഷ്ടപ്പെടുന്നത്. തിരുത്തലെന്ന നിലയിലാണ് അഭിപ്രായം പറയുന്നത്. പാർട്ടി മറിച്ചൊരു തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുമെന്നും ഇവർ വ്യക്തമാക്കി.
താൻ ഉപയോഗമുള്ള ആളാണോ, ഉപയോഗശൂന്യനായ ആളാണോ എന്നു തെരഞ്ഞെടുപ്പിനുശേഷം തെളിയിക്കുമെന്നു സി.സി. മുകുന്ദൻ പ്രതികരിച്ചു. “ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോടു പ്രതികരിക്കാനില്ല. ഗീത ഗോപിയുടേതു സ്പോണ്സേര്ഡ് സീറ്റാണ്. ഇതിനു പിന്നിൽ എന്റെ ശിഷ്യനാണോ എന്നും സംശയമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുന്പേ ഗീത ഗോപി പ്രചാരണം തുടങ്ങി. എന്തുകൊണ്ട് ഇക്കാര്യം പാർട്ടി അറിയിച്ചില്ല’’ - അദ്ദേഹം ചോദിച്ചു.
ഗീത ഗോപിയുടേതു പെയ്മെന്റ് സീറ്റ് ആണെന്നും മുകുന്ദൻ ആവർത്തിച്ചു. പത്തുകൊല്ലം എംഎൽഎ ആയിരുന്നശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്കു വലിയ സ്പോണ്സർമാർ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
District News
മാന്നാർ: ആലുംമൂട്, ചാങ്ങയിൽ ജംഗ്ഷൻ വരെയുള്ള റോഡിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധർ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിൽ മാലിന്യം തള്ളുന്നത്.
വളരെ വൃത്തിഹീനമായ ഈ സാഹചര്യത്തിലൂടെ ഭയത്തോടെയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ഇത് പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ്. പിന്നാലെ നാട്ടുകാരുടെ പരാതിയെ തുടർന്ന് വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് മെമ്പർ നാട്ടുകാർക്ക് ഉറപ്പുനൽകി. കൂടാതെ, തുടർന്നും മാലിന്യം തള്ളുന്നത് തടയാൻ നാട്ടുകാരുടെ സഹകരണത്തോടെ പ്രദേശത്ത് അടിയന്തരമായി പുതിയ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും വാർഡ് മെമ്പർ അറിയിച്ചു. ജംഗ്ഷൻ മുതൽ ചാങ്ങയിൽ ജംഗ്ഷൻ വരെയുള്ള റോഡിലാണ് ജനങ്ങളെ ദുരിതത്തിലാക്കി മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നത്.
രാത്രികാലങ്ങളിലാണ് സാമൂഹിക വിരുദ്ധർ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിൽ മാലിന്യം തള്ളുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കുട്ടികളുടെ മലവിസർജ്യത്തോടുകൂടിയ ഡയപ്പറുകൾ ഉൾപ്പെടെ റോഡിൽ തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. വളരെ വൃത്തിഹീനമായ ഈ സാഹചര്യത്തിലൂടെ ഭയത്തോടെയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ഇത് പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ. ഞായറാഴ്ചത്തെ സംഭവത്തിനു പിന്നാലെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുതിയ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് വാർഡ് മെംബർ അറിയിച്ചു
District News
അടൂർ: ശൗചാലയ മാലിന്യങ്ങളുമായി എത്തിയ സംഘം പിടിയിലായി. നഗരസഭ ഭരണസമിതി നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നടപടി.
രാത്രിയും പകലുമായി തുടരുന്ന ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് ബൈപാസിനു സമീപം വട്ടത്തറപ്പടി ഭാഗത്ത് കക്കൂസ് മാലിന്യവുമായി വന്ന സംഘമാണ് പിടിയിലായത് . തുടർന്ന് അടൂർ നഗരസഭയ്ക്ക് സമീപം റവന്യൂ ടവറിനു മുൻപിലെ ഗ്രൗണ്ടിൽ കക്കൂസ് മാലിന്യവുമായി വന്ന മിനി ടെമ്പോയും ഡ്രൈവറെയും സഹായിയെയും എത്തിക്കുകയും ചെയ്തു. ഇതേ അവസരത്തിൽ തന്നെ നഗരസഭ വൈസ് ചെയർപേഴ്സൺ ഡി. ശശികുമാറിന്റെ നേതൃത്വത്തിൽ ഭരണപ്രതിപക്ഷ കൗൺസിലർമാരും സ്ഥലത്തെത്തി .
നഗരസഭ ആരോഗ്യ വിഭാഗം നിയമപ്രകാരം 50,000 രൂപ പിഴ ചുമത്തി .വിവരമറിഞ്ഞു എത്തിയ അടൂർ ജോയിന്റ് ആർ ടി ഒ വാഹനത്തിന്റെ നിയമലംഘനങ്ങൾ പരിശോധിച്ച് 41,000 രൂപയും പിഴ ചുമത്തി . വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ,ടാക്സ് ,ഇൻഷുറൻസ് തുടങ്ങിയവയെല്ലാം കാലാവധി കഴിഞ്ഞ നിലയിലായിരുന്നു . അതേപോലെ ഹെഡ് ലൈറ്റുകൾ ഉൾപ്പടെ പല രൂപമാറ്റങ്ങളും വാഹനത്തിൽ വരുത്തിയിരുന്നതും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു .
നഗരസഭ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അടൂർ സി ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പഴകുളം ബിനു മൻസിലിൽ ഷാനു, സഹായി അബു എന്നിവരാണ് പിടിയിലായത്.
ഷാനുവിന്റെ മാതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. കഴിഞ്ഞ മാസം ഇത്തരത്തിൽ മാലിന്യം കൊണ്ടു പോയതിന്റെ പേരിൽ ഈ സംഘത്തിന് പിഴ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്.
റിപ്പോർട്ട് തയാറാക്കി ആർഡിഒ യ്ക്ക് സമർപ്പിക്കുമെന്നും വാഹനം ജപ്തി ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ ആർഡിഒ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ പ്രമോദ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സിനി ,ആരോഗ്യവിഭാഗം ജീവനക്കാരായ ജ്യോതിഷ് , അനീഷ്, ജൂബൻ എന്നിവരാണ് മാലിന്യവുമായെത്തിയ സംഘത്തെ പിടികൂടിയ ഹെൽത്ത് സ്ക്വാഡ് സംഘത്തിലുണ്ടായിരുന്നത്
District News
കോട്ടയം: നാളുകളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന നാട്ടകം-പാറേച്ചാല് റോഡിലെ മാലിന്യങ്ങള് നീക്കി. ഗ്രാമീണഭംഗി ആസ്വദിച്ച് സായാഹ്നങ്ങള് ചെലവഴിക്കാന് നിരവധി പേര് എത്തിയിരുന്ന റോഡായിരുന്നു നാട്ടകം-പാറേച്ചാല് ബൈപ്പാസ്.
പക്ഷേ, പിന്നീട് റോഡരികുകൾ കാടുമൂടിയതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയായുടെയും താവളമാവുകയും ചെയ്തു. ഇതോടെ പ്രഭാത -സായാഹ്നങ്ങള് ചെലവഴിക്കാന് എത്തിയിരുന്നവരും ബൈപ്പാസ് റോഡിനെ കൈവിട്ടു.
രാത്രികാലങ്ങളില് ലോറികളില് കക്കൂസ് മാലിന്യങ്ങളും കേറ്ററിംഗ് മാലിന്യങ്ങളും എത്തിച്ചു ബൈപ്പാസിലെ വിവിധയിടങ്ങളില് തള്ളുന്നതു പതിവായി. കടുത്ത ദുര്ഗന്ധം മൂലം വഴിനടക്കാന് പോലും സാധിക്കാത്ത സ്ഥിതിയുമായി. നിരവധി തവണ ഇവിടത്തെ മാലിന്യം തള്ളൽ സംബന്ധിച്ചു പരാതികള് ഉയര്ന്നെങ്കിലും തുടര്നടപടികള് ഉണ്ടായില്ല.
വിവിധ കോണുകളില്നിന്നു പരാതികള് ഉയര്ന്നതിന്റെ അടിസ്ഥാനത്തില് പുതിയ നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടര്നടപടികളെടുക്കാന് തീരുമാനമെടുത്തു. തുടർന്ന് നഗരസഭയുടെ മേല്നോട്ടത്തില് ബൈപാസ് റോഡിലെ മാലിന്യങ്ങള് നീക്കി റോഡിലെ കാടും പടലും വെട്ടിനീക്കുകയുമായിരുന്നു.
പ്രധാന റോഡിലെ തിരക്കൊഴിവാക്കി നാട്ടകം, തിരുവാതുക്കല്, സിമന്റ് കവല, ഇല്ലിക്കല്, കുമരകം മേഖലകളിലേക്കു പോകുന്ന നുറൂകണക്കിനു യാത്രക്കാര് ഉപയോഗിക്കുന്ന റോഡാണിത്.പാടശേഖരങ്ങള്ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമായി മുമ്പു തണല് മരങ്ങളും ഇല്ലി, മുള തുടങ്ങിയവയും നട്ടുപ്പിടിപ്പിച്ചിരുന്നു.
കൃത്യമായ പരിചരണം ഇല്ലാതായതോടെ ഇവയെല്ലാം നശിച്ചു. പ്ലാസ്റ്റിക്, ചില്ലുകുപ്പികള്, സ്നഗി, ഭക്ഷണാവശിഷ്ടങ്ങള് തുടങ്ങിയ മാലിന്യങ്ങള് റോഡിന്റെ ഇരുവശങ്ങളിലും നിരന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. കൃഷിയിറക്കുന്ന പാടശേഖരങ്ങളില് മദ്യക്കുപ്പികള് നിറഞ്ഞു.
സിസിടിവി കാമറകള് പ്രദേശത്ത് ഇല്ലാത്തതും മാലിന്യം തള്ളല് പതിവാകുന്നതിനു കാരണമായി. റോഡിലെ തണല്കണ്ട് വാഹനം നിര്ത്തി ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിന്റെ കവറുകളും വെള്ളക്കുപ്പികളും തള്ളുന്നതും പതിവായിരുന്നു.
ഇവിടങ്ങളിലെ വഴിവിളക്കുകള് തെളിയാത്തതും മാലിന്യനിക്ഷേപകര്ക്ക് സഹായകമായിരുന്നു. തൊഴിലാളികള് ഇവിടെ നിരന്നുകിടന്ന മുഴുവന് മാലിന്യങ്ങളും നീക്കി പ്രദേശം വൃത്തിയാക്കി. പ്രദേശത്തെ വഴിവിളക്കുകള് തെളിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Editorial
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ വലിച്ചെറിയുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പ്രതിഫലം നൽകും- 2023 ജൂണിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പാണിത്.
ഇതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ, 2024 ഡിസംബറിൽ തമിഴ്നാട്ടിൽനിന്നൊരു വാർത്ത; കേരളത്തിലെ ടൺകണക്കിന് ആശുപത്രിമാലിന്യം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളി. ഈ വാർത്ത വരുന്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകൾ വലിച്ചെറിയൽവിരുദ്ധ കാന്പയിനുമായി സോഷ്യൽ മീഡിയയിൽ ‘തള്ളൽ’ നടത്തുന്നതിന്റെ തിരക്കിലായിരുന്നു! ഇനിയാണ് യഥാർഥ ട്വിസ്റ്റ്.
തിരുനെൽവേലിയിൽ കൊണ്ടുതള്ളിയത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ മാലിന്യങ്ങളല്ല. അതു കെ ബ്രാൻഡ് മാലിന്യമായിരുന്നു. അതായത്, മെഡിക്കൽ കോളജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികൾ പുറന്തള്ളിയ അപായകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യമാണ് തിരുനെൽവേലിയിലെ സാധാരണക്കാരുടെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമായി തള്ളിയത്.
മാലിന്യം തള്ളരുതെന്ന് പറഞ്ഞു നാട്ടുകാരോടു നാലുനേരം തുള്ളുന്നവരുടെ തള്ളൽ! കേരള മാതൃകയുടെ തുണിയുരിഞ്ഞുപോയ സംഭവമായിരുന്നു ഇത്. ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തിൽ ഇടപെട്ട് മൂന്നു ദിവസത്തിനകം മാലിന്യം നീക്കണമെന്നു നിർദേശിച്ചു. രായ്ക്കുരാമാനം 70 അംഗ ഉദ്യോഗസ്ഥസംഘം തിരുനെൽവേലിയിലെത്തി.
16 ലോറികളുമായാണ് സംഘം പോയത്. അവയിൽ കയറ്റിയിട്ടും പിന്നെയും മിച്ചം കിടന്ന മാലിന്യം തമിഴ്നാട് വിട്ടുകൊടുത്ത ഏഴു ലോറികളിൽക്കൂടി കയറ്റിയിട്ട് തലയിൽ പടുതയുമിട്ട് മാലിന്യലോറി ഘോഷയാത്ര കേരളത്തിലേക്ക്. സർക്കാർ ആശുപത്രികളിലെ മാലിന്യം നീക്കാൻ കരാറെടുത്ത കണ്ണൂരിലെ സ്വകാര്യ കന്പനിയാണ് മാലിന്യം തള്ളിയതെന്നൊക്കെ ഒരു വാദത്തിനു വേണമെങ്കിൽ സർക്കാരിനു പറയാം.
എന്നാൽ, ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അപകടകരമായ മാലിന്യം നീക്കംചെയ്യാൻ ഒരു ഏജൻസിക്ക് കരാർ കൊടുക്കുമ്പോൾ അവർക്ക് ഇതു സംസ്കരിക്കാൻ സംവിധാനമുണ്ടോ, അല്ലെങ്കിൽ അവർ ഈ മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നൊക്കെ പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു.
മാലിന്യസംസ്കരണം വീട്ടിൽ തുടങ്ങണമെന്ന് നാട്ടുകാരെ ഉപദേശിക്കുന്നതിനു മുന്പ് സ്വന്തം വീട്ടിലെ കാര്യം ഉറപ്പാക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതു സർക്കാരാണെങ്കിലും. തിരുനെൽവേലിയിൽനിന്നു തലയിലേറ്റിയ മാലിന്യത്തിന്റെ നാറ്റം എങ്ങനെയെങ്കിലും കഴുകിക്കളയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ 15.55 കോടിയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. മാലിന്യനീക്കം നിരീക്ഷിക്കാൻ ജിപിഎസ്, ബാർകോഡ് സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പദ്ധതി.
മാലിന്യത്തിനെതിരേ സന്ധിയില്ലാസമരം നടത്തുന്ന ഒരു സർക്കാർ സ്വന്തം സ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിലും സംസ്കരണത്തിലും പ്രഫഷണലിസം കൊണ്ടുവരാൻ ഇത്രയും വൈകിയത് അന്പരപ്പിക്കുന്നതാണ്. ആശുപത്രികളിലെ ബയോമാലിന്യം സംസ്കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2004 ജനുവരിയിൽ പാലക്കാട് മലന്പുഴയിൽ 25 ഏക്കറിൽ സ്ഥാപിച്ച സംവിധാനമാണ് ‘ഇമേജ്’.
ഐഎംഎ തന്നെയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് മുഴുവൻ വഹിച്ചത്. ദിവസേന 55.8 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ദിവസേന 45 ടൺ മാലിന്യമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. ആശുപത്രികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കിയാണ് ഇവർ മാലിന്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരുന്നത്.
എന്നാൽ, കോവിഡിന്റെ വരവോടെ മാലിന്യവരവും കൂടി. ഇതോടെ കൂടുതൽ മാലിന്യം ഇവിടെ സൂക്ഷിക്കേണ്ടിവന്നു. ഫലമോ? 2022ൽ ഇവിടെ മാലിന്യക്കൂനയ്ക്ക് തീപിടിക്കാനും ഇടയായി. ഇന്നും ഇതല്ലാതെ കാര്യക്ഷമമായ ഒരു സംസ്കരണ സംവിധാനം ഒരുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ സ്ഥലം ലഭ്യമാക്കിയാൽ പ്ലാന്റ് നിർമിക്കാൻ തയാറാണെന്ന് ഐഎംഎ അറിയിച്ചിട്ടുള്ളതാണ്.
പക്ഷേ, ഇതിൽ സർക്കാർ മാത്രമാണോ പ്രതിയെന്നു ചോദിച്ചാൽ അല്ല; ജനങ്ങളുടെ മനോഭാവവും പ്രശ്നമാണ്. പലേടത്തും പ്ലാന്റ് തുടങ്ങാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. അതിന്റെയും പ്രതി സർക്കാർ തന്നെയാണെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. മാലിന്യപ്ലാന്റ് പലേടത്തും തുടങ്ങിയതു കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാതെ നാട്ടുകാരെ ദുരിതത്തിലാക്കിയ അനുഭവങ്ങൾ പലതുണ്ട്. അതുകൊണ്ടാണ് നാട്ടുകാർ എതിർക്കുന്നത്.
എന്തായാലും ‘ഇമേജ്’ ഈ രംഗത്ത് ഒരു മാതൃകയാണ്. ശാസ്ത്രീയമായിട്ടാണ് ഇതിന്റെ പ്രവർത്തനം. നാട്ടുകാർക്കു ദുരിതമുണ്ടാക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു ബോധ്യപ്പെടുത്താൻ ഒരു ഉദാഹരണംകൂടിയാണിത്. ഇതു മാതൃകയാക്കി ഈ രംഗത്ത് സർക്കാർ ഇടപെടലുണ്ടാകണം. മാലിന്യസംസ്കരണം വീട്ടിൽത്തന്നെ തുടങ്ങാം.