അടൂർ: ശൗചാലയ മാലിന്യങ്ങളുമായി എത്തിയ സംഘം പിടിയിലായി. നഗരസഭ ഭരണസമിതി നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നടപടി.
രാത്രിയും പകലുമായി തുടരുന്ന ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് ബൈപാസിനു സമീപം വട്ടത്തറപ്പടി ഭാഗത്ത് കക്കൂസ് മാലിന്യവുമായി വന്ന സംഘമാണ് പിടിയിലായത് . തുടർന്ന് അടൂർ നഗരസഭയ്ക്ക് സമീപം റവന്യൂ ടവറിനു മുൻപിലെ ഗ്രൗണ്ടിൽ കക്കൂസ് മാലിന്യവുമായി വന്ന മിനി ടെമ്പോയും ഡ്രൈവറെയും സഹായിയെയും എത്തിക്കുകയും ചെയ്തു. ഇതേ അവസരത്തിൽ തന്നെ നഗരസഭ വൈസ് ചെയർപേഴ്സൺ ഡി. ശശികുമാറിന്റെ നേതൃത്വത്തിൽ ഭരണപ്രതിപക്ഷ കൗൺസിലർമാരും സ്ഥലത്തെത്തി .
നഗരസഭ ആരോഗ്യ വിഭാഗം നിയമപ്രകാരം 50,000 രൂപ പിഴ ചുമത്തി .വിവരമറിഞ്ഞു എത്തിയ അടൂർ ജോയിന്റ് ആർ ടി ഒ വാഹനത്തിന്റെ നിയമലംഘനങ്ങൾ പരിശോധിച്ച് 41,000 രൂപയും പിഴ ചുമത്തി . വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ,ടാക്സ് ,ഇൻഷുറൻസ് തുടങ്ങിയവയെല്ലാം കാലാവധി കഴിഞ്ഞ നിലയിലായിരുന്നു . അതേപോലെ ഹെഡ് ലൈറ്റുകൾ ഉൾപ്പടെ പല രൂപമാറ്റങ്ങളും വാഹനത്തിൽ വരുത്തിയിരുന്നതും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു .
നഗരസഭ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അടൂർ സി ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പഴകുളം ബിനു മൻസിലിൽ ഷാനു, സഹായി അബു എന്നിവരാണ് പിടിയിലായത്.
ഷാനുവിന്റെ മാതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. കഴിഞ്ഞ മാസം ഇത്തരത്തിൽ മാലിന്യം കൊണ്ടു പോയതിന്റെ പേരിൽ ഈ സംഘത്തിന് പിഴ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്.
റിപ്പോർട്ട് തയാറാക്കി ആർഡിഒ യ്ക്ക് സമർപ്പിക്കുമെന്നും വാഹനം ജപ്തി ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ ആർഡിഒ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ പ്രമോദ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സിനി ,ആരോഗ്യവിഭാഗം ജീവനക്കാരായ ജ്യോതിഷ് , അനീഷ്, ജൂബൻ എന്നിവരാണ് മാലിന്യവുമായെത്തിയ സംഘത്തെ പിടികൂടിയ ഹെൽത്ത് സ്ക്വാഡ് സംഘത്തിലുണ്ടായിരുന്നത്
Tags : nattu vishesham Gang caught waste