ചിത്ര ജംഗ്ഷന് ശാലോം പള്ളി റോഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.
കുണ്ടറ: ചിത്ര ജംഗ്ഷനില്‍ നിന്ന് ശാലോം പള്ളിയിലേക്ക് പോകുന്ന പഞ്ചായത്ത് റോഡും റെയില്‍വേ റോഡും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുന്നു.
ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി റോഡരികില്‍ തള്ളുന്ന മാലിന്യം കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതം സൃഷ്ടിക്കുന്നു.
ഭക്ഷ്യാവശിഷ്ടങ്ങള്‍ തേടിയെത്തുന്ന തെരുവുനായകള്‍ മാലിന്യപ്പൊതികള്‍ റോഡിലേക്ക് കടിച്ചുവലിച്ചിടുന്നത് പതിവായതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണുള്ള അപകടങ്ങളും വര്‍ധിക്കുകയാണ്. പകല്‍സമയങ്ങളില്‍പ്പോലും തെരുവുനായകളുടെ ശല്യം ഭയന്ന് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ.
ജനസാന്ദ്രതയേറിയ മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. ഉപയോഗിച്ച ഡയപ്പറുകളും സാനിറ്ററി പാഡുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നായകള്‍ കടിച്ചുകീറി സമീപത്തെ വീട്ടുപറമ്പുകളില്‍ ഇടുന്നത് പ്രദേശത്ത് കടുത്ത ആരോഗ്യഭീഷണിയും ഉയര്‍ത്തുന്നു.
റോഡരികിലെ മാലിന്യകക്കൂന്പാരത്തെ കുറിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശത്ത് അടിയന്തരമായി സിസിടിവി സംവിധാനവും രാത്രികാല പൊലിസ് പട്രോളിംഗും ശക്തമാക്കി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews waste