Kerala
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
സിപിഎം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
2018 ഫെബ്രുവരി 12ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ്(ആകാശ് തില്ലങ്കേരി-34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ. അസ്കർ (34), മുട്ടിൽവീട്ടിൽ കെ. അഖിൽ (30), പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (30), നിലാവിൽ സി. നിജിൽ (30), പി.കെ. അഭിനാഷ് (32), എ. ജിതിൻ (30), സാജ് നിവാസിൽ കെ. സഞ്ജയ് (31), രജത് നിവാസിൽ കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), മുട്ടിൽ എ.കെ. സുബിൻ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.
Kerala
പരവൂര്‍: റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റുകള്‍ തകര്‍ക്കുന്നതും ഗേറ്റിനുള്ളില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാന്‍ കര്‍ശന നടപടികളുമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്.
സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോര്‍ വാഹന വകുപ്പിനോട് റെയില്‍വേ സുരക്ഷാസേന ശിപാര്‍ശ ചെയ്യും. ഇതു സംബന്ധിച്ച സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ നിലവില്‍ വന്നു.
മുന്നറിയിപ്പു സിഗ്നലുകള്‍ അവഗണിച്ചോ, ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാന്‍ ശ്രമിക്കുന്നതു ഗുരുതരമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. ലൈസന്‍സ് റദ്ദാക്കലിനു പുറമെ റെയില്‍വേ സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു പിഴയും ശിക്ഷയും നേരിടേണ്ടിവരും. ഇത്തരം സംഭവങ്ങള്‍ ട്രെയിന്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന് അപകടത്തിലാക്കുന്നതിനാലാണു കടുത്ത നടപടി.
2025-ല്‍ തിരുവനന്തപുരം ഡിവിഷനില്‍ 104 ഗേറ്റ് തകര്‍ക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026-ല്‍ ഇതുവരെ 27 സംഭവങ്ങളാണുണ്ടായത്. ഇത്തരത്തിലുള്ള ഓരോ സംഭവവും ട്രെയിന്‍ സര്‍വീസ് വൈകിക്കുകയും വലിയ സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അക്ഷമയോടെയുള്ള ഡ്രൈവിംഗും അമിതവേഗവുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്ന് ആര്‍പിഎഫ് വിലയിരുത്തുന്നു.
മുന്നറിയിപ്പു സിഗ്നല്‍ ലഭിച്ചാലുടന്‍ വാഹനം നിര്‍ത്തുക, ഗേറ്റ് പൂര്‍ണമായി തുറന്നശേഷം മാത്രം ശ്രദ്ധയോടെ കടക്കുക, ഗേറ്റിനിടയില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റെയില്‍വേ നല്‍കിയിട്ടുണ്ട്. മനുഷ്യജീവന് സംരക്ഷിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും പൊതുജനങ്ങള്‍ ഗവൺമെ ന്റ് നിര്‍ദേശങ്ങളോടു പൂര്‍ണമായി സഹകരിക്കണമെന്ന് ആര്‍പിഎഫ് അഭ്യര്‍ഥിച്ചു.
Kerala
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഗൾഫ് മേഖലയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണിത്.
രണ്ടാം വർഷ വിദ്യാർഥികളുടെ ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും അതോടൊപ്പം രണ്ടാംവർഷം ലഭ്യമായ സിഇ, പ്രാക്ടിക്കൽ എന്നീ മാർക്കുകളും ചേർത്ത് ഫലം നൽകുന്നതിനും പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും അതോടൊപ്പം സിഇമാർക്കും ചേർത്ത് ഫലം നല്‍കുന്നതിനും തീരുമാനമായി.
ഈ തീരുമാനത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് 2026 ജൂണിൽ നടക്കുന്ന രണ്ടാം വർഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം ചാൻസായി പരിഗണിച്ച് പരീക്ഷയെഴുതുന്നതിന് അവസരം നൽകുവാനും തീരുമാനിച്ചു.
2026 മാർച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ 2026 ജൂണിൽ നടക്കുന്ന സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കൊപ്പം ഗൾഫിലെ കുട്ടികൾക്ക് മാത്രമായി നടത്തും. രണ്ടാം വർഷ വിദ്യാർഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം.
കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഗൾഫിൽ പോയി തിരികെ വരാൻ കഴിയാത്ത രണ്ടാം വർഷ വിദ്യാർഥികൾക്ക് അവരുടെ ഒറിജിനൽ ഹാൾ ടിക്കറ്റ്, വിസ, പാസ്പോർട്ട് എന്നിവയുടെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഗൾഫിൽ നിന്ന കാലയളവിൽ ഏതൊക്കെ പരീക്ഷയാണ് എഴുതാതിരുന്നത് എന്ന പ്രിൻസിപ്പലിന്റെ വ്യക്തമായ സാക്ഷ്യപത്രവും ഹാജരാക്കുന്നവർക്ക്, ഗൾഫ് വിദ്യാർഥികൾക്ക് നൽകുന്ന രീതിയിൽ മാർക്ക് നൽകി ഫലം തയാറാക്കാമെന്നും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 39 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്.
ദുബായി, അബുദാബി, ജിദ്ദ, മസ്കറ്റ്, ദമാം എന്നീ രാജ്യങ്ങളിലേക്ക് കൊച്ചിയില്‍ നിന്നും 19 സര്‍വീസുകള്‍ നടക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും 16 സര്‍വീസുകള്‍ കൊച്ചിയിലേക്കും നടക്കുന്നുണ്ട്. കുവൈറ്റിലേക്കും ബഹ്റിനിലേക്കും നിലവില്‍ കൊച്ചിയില്‍ നിന്നും സര്‍വീസുകള്‍ നടക്കുന്നില്ല.
കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തുകയാണ്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിക്കുന്നത്. ഇറാന് ഇന്ന് അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു.
യുഎഇ, സൗദി അറേബ്യ, ബഹ്റിന്, ഒമാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കും ഇറാനില്‍ നിന്നും ശക്തമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുണ്ടാവുന്നുണ്ട്. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ക്രെയിന്‍ തകര്‍ന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താല്‍ക്കാലികമായി അടച്ചു.
സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ബഹ്റൈനിലും പുലര്‍ച്ചെയോടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി.
Kerala
കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹ വ്യാഴവും ഈസ്റ്റര്‍ ഞായറും അഖിലേന്ത്യാ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി.
ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപ്പരീക്ഷകള് നടത്തുന്നത്, ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍ എന്നിവര്‍ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികാരികള്‍ക്കും കത്തയയ്ക്കുമെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ അറിയിച്ചു.
Kerala
കോട്ടയം: പെസഹാ വ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിൽ എന്‍ജിനിയറിംഗ് (ജെഇഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഈ നടപടിയെ കാണാന്‍ സാധിക്കൂ.
കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ഞായറാഴ്ച ദിനമായിരുന്നു എന്ന വസ്തുതകൂടി വിശ്വാസികള്‍ കണ്ണു തുറന്നു കാണണം. പെസഹ, ഈസ്റ്റര്‍ ദിനങ്ങളിലെ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്ക് ജോസ് കെ. മാണി കത്തയച്ചു.
Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കും ബഹ്റിനിലേയ്ക്കും വിമാന സര്‍വീസുകള്‍ ഇല്ല. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 23 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദോഹയിലേക്ക് നിലവില്‍ ഒരു സര്‍വീസ് മാത്രം നടക്കുന്നുണ്ട്. ദുബായ്, അബുദാബി, മസ്കറ്റ്, ജിദ്ദ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 22 സര്‍വീസുകളാണ് ഇന്ന് കൊച്ചിയില്‍ നിന്നും നടക്കുന്നത്.
ഗള്‍ഫില്‍ നിന്നുള്ള 21 വിമാനങ്ങള്‍ കൊച്ചിയിലേക്ക് എത്തും. അതേസമയം, ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാള്‍ നമസ്കാരം യുഎഇയില്‍ പള്ളികള്ക്കുള്ളിലായി മാത്രം പരിമിതപ്പെടുത്തി. പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ല.
Sports
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലാമിന് യമാലിന്റെ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ ഫുട്ബോള്‍ പോരാട്ടം റദ്ദാക്കി.
നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ് സ്പെയിന്, അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരും.
ദോഹയിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നായിരുന്നു മെസി Vs യമാല്‍ പോരാട്ടം അരങ്ങേറേണ്ടിയിരുന്നത്.
ഇറാന് എതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തിന്റെ പ്രത്യാക്രമണങ്ങള്‍ അറേബ്യന്‍ നാടുകളെ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കിയത്.
അതേസമയം, യുവേഫയും കോണ്‍മെബോളും മറ്റൊരു വേദിയിലേക്ക് ഫൈനലിസിമ മാറ്റാനുള്ള ചര്‍ച്ച നടത്തുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കന്പനികൾ 4,335 സർവീസുകൾ ഇതുവരെ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ളതും തിരികെ പോകുന്നതുമായ വിദേശ വിമാനക്കന്പനികളുടെ 1,187 വിമാനങ്ങളും റദ്ദാക്കി.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധപശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ചില രാജ്യങ്ങൾ വ്യോമാതിർത്തി ഭാഗികമായി തുറന്നിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും 2,19,780 പേർ ഈ സമയം യാത്ര ചെയ്തതായും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വ്യോമമേഖലയുടെയും യാത്രക്കാരുടെയും സുരക്ഷയാണു പ്രധാനം. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സുരക്ഷിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിയതായും നിരന്തര ആശയവിനിമയം നടത്തുന്നതായും വ്യോമയാന മന്ത്രി വ്യക്തമാക്കി.
International
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.
മേഖലയിലെ നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും മുൻനിർത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസ്ഇയും ഈ നിർണായക തീരുമാനമെടുത്തത്. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്നത് അപകടകരമാണെന്ന് അധികൃതർ വിലയിരുത്തി.
റദ്ദാക്കിയ പരീക്ഷകൾക്ക് പകരം വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയം നടത്തുന്ന കാര്യത്തിൽ സിബിഎസ്ഇ പിന്നീട് വ്യക്തത വരുത്തും. ഇന്റേണൽ അസസ്മെന്റുകളുടെയോ അല്ലെങ്കിൽ മറ്റൊരു തീയതിയിൽ പരീക്ഷ നടത്തുന്നതിനെക്കുറിച്ചോ ഉള്ള ആലോചനകൾ നടക്കുന്നുണ്ട്.
ഇന്ത്യയിലെ പരീക്ഷാ ഷെഡ്യൂളുകളിൽ നിലവിൽ മാറ്റങ്ങളില്ല. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടേണ്ട 444 വിമാനങ്ങൾ ഞായറാഴ്ച റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്നലെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പുറപ്പെടേണ്ട 50 വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി.
യൂറോപ്പിലേക്കും യുകെയ്ക്കുമുള്ള ഇൻഡിഗോയുടെ വിമാന സർവീസും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആകാശ എയർലൈൻസ്, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാനക്കന്പനികൾ ഗൾഫ് മേഖലയിലേയ്ക്ക് നടത്തുന്ന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചു.
ഇന്ത്യൻ വിമാനക്കന്പനികൾക്ക് പാക്കിസ്ഥാന്റെ വ്യോമപാത തുറന്നു കൊടുക്കാത്ത സാഹചര്യത്തിൽ യൂറോപ്പിലേക്കുള്ള വിമാന സർവീസിന് പശ്ചിമേഷ്യൻ ഇടനാഴികളെയാണ് ഇന്ത്യ കൂടുതലും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽകൂടിയാണ് വിമാന സർവീസുകൾ റദ്ദാക്കാൻ വിമാനക്കന്പനികൾ നിർബന്ധിതമായത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തന ചട്ടങ്ങൾ പാലിക്കുന്നതിനും വിമാനക്കന്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
സംഘർഷം ആരംഭിച്ച ശനിയാഴ്ച ഗൾഫ് മേഖലയിലേക്കുള്ള 410 വിമാനസർവീസുകളാണ് ഇന്ത്യ റദ്ദാക്കിയത്. മാർച്ച് അഞ്ച് വരെ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണമായി ലഭിക്കുമെന്നും റീഷെഡ്യൂൾ ചെയ്താൽ അധികതുക നൽകേണ്ടിവരില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇന്ത്യയിൽനിന്ന് യാത്ര പദ്ധതി ഇട്ടിരുന്ന വിദേശ പൗരന്മാർ നിലവിലെ സാഹചര്യത്തിൽ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിനെ സമീപിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വീസ നീട്ടുന്നതിനോ താമസസൗകര്യം ക്രമീകരിക്കുന്നതിനോ ആണ് നിർദേശം. നിരവധി അന്താരാഷ്ട്ര വിമാനക്കന്പനികളും പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു.
Kerala
കൊച്ചി: സാന്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നു സംശയിക്കപ്പെട്ട അഞ്ചു കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് രാജ്യത്തു കഴിഞ്ഞ രണ്ടു വർഷത്തിനിടെ റദ്ദാക്കിയത്.
മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഏകദേശം 8.5 ലക്ഷം മൊബൈൽ ഫോണുകൾ ഇക്കാലയളവിൽ പോലീസ് കണ്ടെത്തിയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ടെലികോം വകുപ്പിന്റെ (ഡിഒടി) കണക്കുകൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ അറസ്റ്റ്, ഒടിപിയും അക്കൗണ്ട് നന്പറുകളും ചോദിച്ചുള്ള തട്ടിപ്പുകൾ, ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുമുള്ള തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപയോഗിച്ചതെന്നു തെളിഞ്ഞ മൊബൈൽ നന്പറുകൾ റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യയിലാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ട നന്പറുകൾ അധികമുള്ളത്.
മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെടുക്കുന്നതിൽ കേരളത്തിൽ കൊല്ലം റൂറൽ പോലീസ് മുന്നിലാണെന്ന് ഡിഒടിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
മധുര (തമിഴ്നാട്), ഹാവേരി (കർണാടക), രാജണ്ണ സിർസില്ല (തെലുങ്കാന), പൽനാട് (ആന്ധ്രാപ്രദേശ്), ലക്ഷദ്വീപ്, പുതുച്ചേരി പോലീസും ദക്ഷിണ റെയിൽവേ പോലീസും ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം നടത്തി.
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുത്താനുമുള്ള ഡിഒടിയുടെ സഞ്ചാർ സാഥി ആപ് കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കോടി ആളുകൾ ഉപയോഗിച്ചു. 1.9 കോടി പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ഒരാളുടെ പേരിൽ എത്ര കണക്ഷനുകൾ ഉണ്ടെന്നതും ഈ പോർട്ടലിലൂടെ അറിയാനാകും.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. അമിത വേഗത്തില്‍ എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടൊടെയാണ് സംഭവം നടന്നത്.
ആലുവ-ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീനന്ദ എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. നോര്‍ത്ത് ചെല്ലാനം സ്വദേശിയായ ജൂഡിന്റെ മകന് എനോയ് ജൂഡ് ആണ് അപകടത്തില്‍ മരിച്ചത്.
എരമല്ലൂര്‍ സാന്താക്രൂസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് എനോയ്. കടയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. കുട്ടിയെ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ബസ് തകര്‍ത്തിരുന്നു.
National
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 128 വിമാന സർവീസുകൾ റദ്ദാക്കി. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 200 ഓളം സർവീസുകൾ വൈകി.
ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന 64 സർവീസുകളും ഇവിടേയ്ക്ക് വരുന്ന 64 സർവീസുകളും റദ്ദാക്കിയെന്നും എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും അധികൃതർ പറഞ്ഞു.
അതേസമയം, ഡൽഹിയിലും വടക്കേ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.
International
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച വൈകുന്നേരം നാല് വരെ 1500ലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്തെമ്പാടും റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങളാണ് വൈകിയത്.
ന്യൂയോർക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനിൽക്കുന്ന വിമാനത്താവളങ്ങളിൽ മുന്നിൽ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇൻഡിഗോ വിമാന സർവീസുകളുടെ കൂട്ട റദ്ദാക്കൽ ഒരാഴ്ച പിന്നിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെവരെ 4500ലധികം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങൾ പിൻവലിച്ചതിനാൽ പ്രതിദിനം പ്രവർത്തിപ്പിക്കുന്ന സർവീസുകളുടെ എണ്ണം ഇൻഡിഗോ വർധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽനിന്ന് അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.
പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇൻഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് ഇതുവരെ റീഫണ്ട് ഇനത്തിൽ 827 കോടി രൂപ നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 9000 ബാഗുകളിൽ 4500 ബാഗുകൾ യാത്രക്കാർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ബാഗുകൾ 24 മണിക്കൂറിനുള്ളിൽ കൈമാറുമെന്നു കേന്ദ്രം അറിയിച്ചു.
ഇൻഡിഗോയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി
അതിനിടെ വിമാനങ്ങൾ കൂട്ടമായി റദ്ദ് ചെയ്യപ്പെടുന്നതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു കുറ്റപ്പെടുത്തി. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെ സംബന്ധിച്ചു രാജ്യസഭയിൽ ഉയർന്നൊരു ചോദ്യത്തിനു ഇൻഡിഗോയുടെ ഫ്ലൈറ്റ് ക്രൂവിനു ഡ്യൂട്ടി അനുവദിക്കുന്നതിലും ആഭ്യന്തര സംവിധാനത്തിലും പ്രശ്നങ്ങളുണ്ടായതു മൂലം ഉടലെടുത്ത പ്രതിസന്ധി എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യോമയാനരംഗത്ത് കൂടുതൽ കന്പനികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും നായിഡു ചൂണ്ടിക്കാട്ടി.
അതിനിടെ ഫ്ലൈറ്റ് റദ്ദാക്കലുകളിൽ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയോഗിച്ച നാലംഗ അന്വേഷണസമിതി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെയും സിഒഒ ഇസിദ്രെ പോർക്വുറാസിനെയും നാളെ ചോദ്യം ചെയ്യാൻ വിളിച്ചേക്കും. സംഭവത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ ജുഡീഷൽ ഇടപെടൽ ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിക്കു മുന്‍പാകെ എത്തിയ പൊതുതാത്പര്യ ഹർജി നാളെ പരിഗണിക്കും.
Kerala
കൊച്ചി: നടി ലക്ഷ്മി ആർ. മേനോനെതിരായ, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സംഭവത്തിൽ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.
ഓഗസ്റ്റ് 24ന് രാത്രി കൊച്ചി നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ മൂന്നാം പ്രതിയായിരുന്നു നടി ലക്ഷ്മി ആർ. മേനോൻ. കേസിൽ നടിക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.