International
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തലിൽ ലബനനിലുടനീളം ആഹ്ലാദപ്രകടനം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആഹ്ലാദപ്രകടനങ്ങളുമായി ജനമിറങ്ങി.
തെരുവുകളിൽ വാഹനങ്ങളുടെ ബാഹുല്യവും ദൃശ്യമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രേലി സേനയുടെ ഉത്തരവുമൂലം തെക്കൻ ലബനനിൽനിന്നു പലായനം ചെയ്ത ജനങ്ങൾ വാഹനങ്ങളിൽ മടങ്ങാൻ ആരംഭിച്ചു.
അതേസമയം, ട്രംപ് വ്യാഴാഴ്ച രാത്രി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രേലി ഭരണകൂടത്തിനും സേനയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.
വെടിനിർത്തലിനുള്ള ഒരുവിധ തയാറെടുപ്പും ഇസ്രേലി ഭാഗത്തുണ്ടായിരുന്നില്ല. തെക്കൻ ലബനനിൽ മുന്നേറ്റം തുടരുമെന്ന് ഇസ്രേലി സേന അറിയിച്ചതിനു പിന്നാലെയാണു ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ വിഷയത്തിൽ മന്ത്രിമാരുടെ നിലപാട് വ്യക്തമാക്കാനുള്ള വോട്ടെടുപ്പ് ഉണ്ടായില്ലെന്നും പറയുന്നു.
നെതന്യാഹുവിന് വീണ്ടും ട്രംപിന്റെ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്ന വിലയിരുത്തൽ ഇസ്രയേലിലുണ്ട്.
Business
കൊച്ചി: ദക്ഷിണേന്ത്യയിലെ കിയ ഡീലർഷിപ്പുകൾ ക്ലാവിസ് ദിനം ആഘോഷിച്ചു. കുടുംബങ്ങൾക്ക് അനുയോജ്യമായ ഏഴു സീറ്റർ വാഹന ശ്രേണിയായ കിയ ക്ലാവിസ് ഐസിഇയുടെയും കിയ ക്ലാവിസ് ഇവിയുടെയും കരുത്തും പുതുമകളും പ്രദർശിപ്പിക്കുന്നതിനാണ് പരിപാടി നടത്തിയത്.
നിലവിലുള്ള ഉപയോക്താക്കൾ അവരുടെ യാത്രകളിൽ ക്ലാവിസ് സമ്മാനിച്ച നല്ല അനുഭവങ്ങൾ പങ്കുവച്ചപ്പോൾ മറ്റുള്ളവർക്ക് ഈ വാഹന ശ്രേണി നേരിട്ട് പരിചയപ്പെടാനുള്ള അവസരവും ലഭിച്ചതായി അധികൃതർ പറഞ്ഞു.
District News
തൃശൂർ: നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വാദ്യമേളങ്ങളുടെയും കാവടിയുടെയും അകന്പടിയോടെ നാമനിർദേശപത്രികസമർപ്പണം ആഘോഷമാക്കി ജില്ലയിലെ വിവിധ മുന്നണിസ്ഥാനാർഥികൾ. 41 സ്ഥാനാർഥികളാണ് ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിലുള്ള തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു പത്രിക സമർപ്പിച്ചത്.
തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ. പല്ലനും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാലും കളക്ടറേറ്റിലെത്തി ആർഡിഒ വിനോദ് രാജ് മുന്‍പാകെയാണു പത്രിക സമർപ്പിച്ചത്.
രാജൻ പല്ലനോടൊപ്പം മേയർ ഡോ. നിജി ജസ്റ്റിൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കേരള കോൺഗ്രസ് -എം ഉന്നതാധികാരസമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റഷീദ് എന്നിവരുമുണ്ടായിരുന്നു. പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്കൊപ്പമെത്തിയാണ് ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ചത്.
തുറന്ന വാഹനത്തിൽ മണലൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർഥി സി.സി. മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർഥി. കെ. ബാലകൃഷ്ണൻ എന്നിവർക്കൊപ്പം പ്രവർത്തകരുടെയും പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെയാണ് പദ്മജ പത്രികസമർപ്പണത്തിനു കളക്ടറേറ്റിലെത്തിയത്. ഇവരെല്ലാം ആർഡിഒ വിനോദ് രാജിനാണു പത്രിക സമർപ്പിച്ചത്.
പദ്മജയുടെ അച്ഛനും മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പടിഞ്ഞാറെകോട്ടയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, പദ്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒല്ലൂർ നിയോജകണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തും എൽഡിഎഫ് സ്ഥാനാർഥി മന്ത്രി കെ. രാജനും ചെന്പൂക്കാവിലെ തൃശൂർ കൃഷിഭവനിലെത്തി പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ഇന്ദുനായർക്കു പത്രിക സമർപ്പിച്ചു. ടൗൺഹാൾ പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പം വാദ്യമേളവും കാവടികളുമായി പ്രകടനത്തോടെയാണ് ഇരുവരും ഓഫീസിലെത്തിയത്.
എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി കെ.കെ. വത്സരാജ് തൃശൂർ ഡെപ്യൂട്ടി കളക്ടർ (എൽഎ) സിസിലി ആന്റണിക്കു പത്രിക സമർപ്പിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നാട്ടിക നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപി അയ്യന്തോൾ ചുങ്കം സെന്ററിൽനിന്ന് പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം പ്രകടനമായാണു കളക്ടറേറ്റിൽ എത്തിയത്. എൽഡിഎഫ് നേതാക്കളായ പി.കെ. ഷാജൻ, ടി.ആർ. രമേഷ്കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പുതുക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ബാബുരാജ് എന്നിവർ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി.കെ. ബിജു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എം.എ. കാര്‍ത്തികേയന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്‍വശത്തുനിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് കെ.കെ. രാമചന്ദ്രന് പത്രികസമര്‍പ്പണം നടത്തിയത്.എല്‍ഡിഎഫ് നേതാക്കളായ വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്, അഡ്വ.ടി.ഐ. സേവ്യര്‍, രാഘവന് മുളങ്ങാടന്‍, സി.യു. പ്രിയന് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
എച്ചിപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാറിന്റെ വസതിയില്നിന്നുമാണ് ബാബുരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പുറപ്പെട്ടത്. സ്ഥാനാര്‍ഥിക്കു കെട്ടിവയ്ക്കാനുള്ള തുക മലയോര നിവാസികള്‍ കൈമാറി. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.വി. ദാസന്, മുസ്ലിം ലീഗ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുട്ടി ഹാജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വടക്കാഞ്ചേരി, ചേലക്കര നിയോജകമണ്ഡലങ്ങളിലെ ഇടതുസ്ഥാനാർഥികളായ സേവ്യർ ചിറ്റിലപ്പിള്ളിയും യു.ആർ. പ്രദീപും നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളായ എം. ബാലാജി, എം.ആർ. സോമനാരായണൻ, പി.എൻ. സുരേന്ദ്രൻ, മേരി തോമസ്, കെ.എസ്. സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ ചാവക്കാട് താലൂക്ക് തഹസിൽദാർ ടി. ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കൾക്കൊപ്പം നൂറുകണക്കിനു പ്രവർത്തകരുമായി പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്.ഇന്നലത്തേതടക്കം 44 പേരാണ് ആകെ പത്രിക സമർപ്പിച്ചത്.
District News
കൊട്ടിയം: നെല്ല് കയറ്റി അയക്കുന്നത് ആഘോഷമാക്കി കർഷകർ. ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ ഉമയനല്ലൂർ ഏലായിൽ നിന്ന് കർഷകർ വിളയിച്ച നെല്ല് സപ്ലൈകോയ്ക്ക് കയറ്റി അയയ്ക്ക ുന്നത് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആഘോഷമാക്കി.
പുലർച്ചെ മുതൽ കർഷകർ ചാക്കുകളിൽ നിറച്ച നെല്ലുമായി പടനിലം ക്ഷേത്ര മൈതാനത്ത് എത്തിയിരുന്നു. ആയിരകണക്കിന് ചാക്ക് നെല്ലാണ് ഇവിടെ നിന്ന് കയറ്റി വിട്ടത്. ഉമയനല്ലൂർ ഏലായിൽ കൃഷിയിറക്കിയ നൂറിലധികം കർഷകർക്ക് ഇക്കുറി നൂറുമേനി വിളവാണ് ലഭിച്ചത്. പാടശേഖര സമിതിയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി നടത്തിയത്.
വെള്ളിയാഴ്ച പടനിലം ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന നെല്ല് കയറ്റി അയയ്ക്കൽ മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഉമയനല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് ആർ.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി രവീന്ദ്രൻ പിള്ള, എസ്. സജീവൻ, തുളസീധരൻ പിള്ള, രാജീവൻ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ചു ഹെഡ് ഓഫീസ് പ്രോജക്ട് ഇൻചാർജുമാരോടൊപ്പം സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ച് ദീപാലയ.
ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് ഏബ്രഹാം കള്ളിവയലിൽ പരിപാടിയിൽ മുഖ്യാതിഥിയായി. സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ്പ്രസംഗിച്ചു.
നവീനതയും ലക്ഷ്യബോധവും ഏകീകരിച്ച് ശക്തമായ ആസൂത്രണത്തിന് വഴിയൊരുക്കുന്ന ദീപാലയയുടെ വാർഷിക പ്ലാനർ 2026 പുറത്തിറക്കി.
National
ബെളഗാവി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്ന കർണാടകയിൽ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ 30 കോൺഗ്രസ് ജനപ്രതിനിധികൾ അത്താഴവിരുന്നിനായി ഒന്നിച്ചു കൂടി.
നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കവേയുണ്ടായ ഒത്തുചേരലിൽ രാഷ്ട്രീയനീക്കങ്ങൾ ചർച്ചയായെന്നും ഇല്ലെന്നും വാദമുണ്ട്. സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ, കെ.എൻ. രാജണ്ണ എംഎൽഎ തുടങ്ങിയവരുമുണ്ടായിരുന്നു.
ഒരാഴ്ച മുൻപ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടൊപ്പം മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. സിദ്ധരാമയ്യ പുറത്തേക്കു നീങ്ങുന്ന മുഖ്യമന്ത്രിയാണെന്ന, ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പരാമർശം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, പുറത്തേക്കു നീങ്ങുന്ന ബിജെപി പ്രസിഡന്റാണ് വിജയേന്ദ്രയെന്ന് രാജണ്ണ തിരിച്ചടിച്ചു.
ഇതിനിടെ, സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണെങ്കിൽ ദളിത് വിഭാഗക്കാരനായ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നു വിവിധ മഠാധിപതികൾ ആവശ്യപ്പെട്ടു.
ലിംഗായത്ത്, വൊക്കലിഗ, പിന്നാക്ക, ദളിത് വിഭാഗ മഠാധിപതികൾ തുമകുരുവിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയർന്നത്. ഇതേ ആവശ്യം മുൻ മന്ത്രി കെ.എൻ. രാജണ്ണയും ഉയർത്തിയിരുന്നു. മുൻ ഉപമുഖ്യമന്ത്രിയാണ് പരമേശ്വര.