ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തലിൽ ലബനനിലുടനീളം ആഹ്ലാദപ്രകടനം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആഹ്ലാദപ്രകടനങ്ങളുമായി ജനമിറങ്ങി.
തെരുവുകളിൽ വാഹനങ്ങളുടെ ബാഹുല്യവും ദൃശ്യമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രേലി സേനയുടെ ഉത്തരവുമൂലം തെക്കൻ ലബനനിൽനിന്നു പലായനം ചെയ്ത ജനങ്ങൾ വാഹനങ്ങളിൽ മടങ്ങാൻ ആരംഭിച്ചു.
അതേസമയം, ട്രംപ് വ്യാഴാഴ്ച രാത്രി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രേലി ഭരണകൂടത്തിനും സേനയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.
വെടിനിർത്തലിനുള്ള ഒരുവിധ തയാറെടുപ്പും ഇസ്രേലി ഭാഗത്തുണ്ടായിരുന്നില്ല. തെക്കൻ ലബനനിൽ മുന്നേറ്റം തുടരുമെന്ന് ഇസ്രേലി സേന അറിയിച്ചതിനു പിന്നാലെയാണു ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടുമുന്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ വിഷയത്തിൽ മന്ത്രിമാരുടെ നിലപാട് വ്യക്തമാക്കാനുള്ള വോട്ടെടുപ്പ് ഉണ്ടായില്ലെന്നും പറയുന്നു.
നെതന്യാഹുവിന് വീണ്ടും ട്രംപിന്റെ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്ന വിലയിരുത്തൽ ഇസ്രയേലിലുണ്ട്.
Tags : Ceasefire Lebanese Lebanese people celebrate Trump Isreal