തൃശൂർ: നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വാദ്യമേളങ്ങളുടെയും കാവടിയുടെയും അകന്പടിയോടെ നാമനിർദേശപത്രികസമർപ്പണം ആഘോഷമാക്കി ജില്ലയിലെ വിവിധ മുന്നണിസ്ഥാനാർഥികൾ. 41 സ്ഥാനാർഥികളാണ് ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിലുള്ള തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു പത്രിക സമർപ്പിച്ചത്.
തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ. പല്ലനും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാലും കളക്ടറേറ്റിലെത്തി ആർഡിഒ വിനോദ് രാജ് മുന്‍പാകെയാണു പത്രിക സമർപ്പിച്ചത്.
രാജൻ പല്ലനോടൊപ്പം മേയർ ഡോ. നിജി ജസ്റ്റിൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കേരള കോൺഗ്രസ് -എം ഉന്നതാധികാരസമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റഷീദ് എന്നിവരുമുണ്ടായിരുന്നു. പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്കൊപ്പമെത്തിയാണ് ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ചത്.
തുറന്ന വാഹനത്തിൽ മണലൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർഥി സി.സി. മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർഥി. കെ. ബാലകൃഷ്ണൻ എന്നിവർക്കൊപ്പം പ്രവർത്തകരുടെയും പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെയാണ് പദ്മജ പത്രികസമർപ്പണത്തിനു കളക്ടറേറ്റിലെത്തിയത്. ഇവരെല്ലാം ആർഡിഒ വിനോദ് രാജിനാണു പത്രിക സമർപ്പിച്ചത്.
പദ്മജയുടെ അച്ഛനും മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പടിഞ്ഞാറെകോട്ടയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, പദ്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒല്ലൂർ നിയോജകണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തും എൽഡിഎഫ് സ്ഥാനാർഥി മന്ത്രി കെ. രാജനും ചെന്പൂക്കാവിലെ തൃശൂർ കൃഷിഭവനിലെത്തി പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ഇന്ദുനായർക്കു പത്രിക സമർപ്പിച്ചു. ടൗൺഹാൾ പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പം വാദ്യമേളവും കാവടികളുമായി പ്രകടനത്തോടെയാണ് ഇരുവരും ഓഫീസിലെത്തിയത്.
എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി കെ.കെ. വത്സരാജ് തൃശൂർ ഡെപ്യൂട്ടി കളക്ടർ (എൽഎ) സിസിലി ആന്റണിക്കു പത്രിക സമർപ്പിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നാട്ടിക നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപി അയ്യന്തോൾ ചുങ്കം സെന്ററിൽനിന്ന് പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം പ്രകടനമായാണു കളക്ടറേറ്റിൽ എത്തിയത്. എൽഡിഎഫ് നേതാക്കളായ പി.കെ. ഷാജൻ, ടി.ആർ. രമേഷ്കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പുതുക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ബാബുരാജ് എന്നിവർ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി.കെ. ബിജു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എം.എ. കാര്‍ത്തികേയന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്‍വശത്തുനിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് കെ.കെ. രാമചന്ദ്രന് പത്രികസമര്‍പ്പണം നടത്തിയത്.എല്‍ഡിഎഫ് നേതാക്കളായ വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്, അഡ്വ.ടി.ഐ. സേവ്യര്‍, രാഘവന് മുളങ്ങാടന്‍, സി.യു. പ്രിയന് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
എച്ചിപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാറിന്റെ വസതിയില്നിന്നുമാണ് ബാബുരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പുറപ്പെട്ടത്. സ്ഥാനാര്‍ഥിക്കു കെട്ടിവയ്ക്കാനുള്ള തുക മലയോര നിവാസികള്‍ കൈമാറി. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.വി. ദാസന്, മുസ്ലിം ലീഗ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുട്ടി ഹാജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വടക്കാഞ്ചേരി, ചേലക്കര നിയോജകമണ്ഡലങ്ങളിലെ ഇടതുസ്ഥാനാർഥികളായ സേവ്യർ ചിറ്റിലപ്പിള്ളിയും യു.ആർ. പ്രദീപും നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളായ എം. ബാലാജി, എം.ആർ. സോമനാരായണൻ, പി.എൻ. സുരേന്ദ്രൻ, മേരി തോമസ്, കെ.എസ്. സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ ചാവക്കാട് താലൂക്ക് തഹസിൽദാർ ടി. ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കൾക്കൊപ്പം നൂറുകണക്കിനു പ്രവർത്തകരുമായി പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്.ഇന്നലത്തേതടക്കം 44 പേരാണ് ആകെ പത്രിക സമർപ്പിച്ചത്.
Tags : nattu vishesham Leaders celebrate