Kerala
കോഴിക്കോട്: പേരാമ്പ്രയിലെ എല്‍ഡിഎഫ് വിവാദ അനൗണ്സ്മെന്റിൽ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയക്കെതിരായ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ഫ്ലയിംഗ് സ്ക്വാഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.
ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്മെന്റ് നടന്നത് സ്ഥാനാര്‍ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി.പി. പി രാമകൃഷ്ണന് വിശദീകരിച്ചിരുന്നു. ഇതിനിടെ സ്ഥാനാര്‍ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തെഹ്ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര്‍ ജി. പ്രിയങ്ക. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓയില്‍ കമ്പനി, ഗ്യാസ് ഏജന്‍സി പ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സിംഗിള്‍ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഉപഭോക്താക്കള്‍ പരിഭ്രന്തരായി ഗോഡൗണിലേക്ക് പോകണ്ട സാഹചര്യമില്ല. നിത്യേന ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം 7000 സിലിണ്ടറുകളാണ് ബുക്ക് ചെയ്തു പോകാറുള്ളത്. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധിയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് അത് 12,000 ആയി കൂടി. ഗ്യാസ് ഏജന്‍സികള്‍ 25 ശതമാനത്തോളം വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, വാണിജ്യ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടി. സമൃദ്ധി അടക്കം ചില ഹോട്ടലുകളില്‍ വിറകടുപ്പില്‍ പാചകം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും മെനു ചെറുതാക്കി അധികം വിഭവങ്ങള്‍ ഇല്ലാതെയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം.
District News
മങ്കൊമ്പ്: നെല്ലുസംഭരണത്തിലെ മില്ലുടമകളുടെ കിഴിവുകൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ജില്ലാ കളക്ടറെ നേരിൽ കണ്ടതായി കോൺഗ്രസ് ജനപ്രതിനിധികൾ. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, ജില്ലാപഞ്ചായത്തംഗങ്ങളായ സി.വി. രാജീവ്, മഞ്ജു വിജയകുമാർ എന്നിവരാണ് ജില്ലാകളക്ടറെ നേരിൽക്കണ്ട് ആവശ്യമറിയിച്ചത്.
എന്നാൽ താൻ നിസഹായനാണെന്ന മറുപടിയാണ് ജില്ലാ കളക്ടറിൽ നിന്നു ലഭിച്ചതെന്നു ജനപ്രതിനിധികൾ അറിയിച്ചു. കൃഷിമന്ത്രിയെ വിവരമറിയിച്ചാൽ സിവിൽ സപ്ലൈസ് മന്ത്രിയോട് പറയാനെന്ന മറുപടിയാണ് ലഭിക്കുന്നത്. രണ്ടു വകുപ്പികളിലെയും സെക്രട്ടറിമാരും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മൂവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിളവെടുപ്പു കഴിഞ്ഞ പല പാടശേഖരങ്ങളിലും നെല്ലു പരിശോധിക്കുവാൻ ദിവസങ്ങൾ കഴിഞ്ഞാണ് ഇടനിലക്കാരെത്തുന്നത്. ഇതുമൂലം കർഷകരുടെ ആശങ്കകൾ വർധിക്കുകയാണ്. കർഷകരുടെ ഈ നിസഹായാവസ്ഥയെ മുതലെടുത്താണ് മില്ലുകാർ അമിത കിഴിവ് ആവശ്യപ്പെടുന്നത്.
ടേണൗട്ട് റേഷ്യോ അറുപത്തിയാറര കിലോഗ്രാമാക്കി ഉയർത്താൻ സർക്കാർ സമ്മതിച്ചെങ്കിലും, മില്ലുകാർ നിലപാട് മയപ്പെടുത്താത്തതാണ് സംഭരണം വൈകിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ കുട്ടനാട്ടിലെ ജനപ്രതിനിധികളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും ജനപ്രതനിധികൾ അറിയിച്ചു.
Kerala
തൃശൂർ: ചുമതലയേറ്റ് ഒന്നര വർഷത്തിനുള്ളിൽ കളക്ടർ അർജുൻ പാണ്ഡ്യനെ സ്ഥലംമാറ്റിയതിനു പിന്നിൽ ദേശീയപാതയുമായി ബന്ധപ്പെട്ട കർക്കശ നിലപാടുകളിലെ അതൃപ്തിയെന്നു സൂചന.
ടോൾപിരിവ് വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ച് കർശന നിലപാടുകൾ എടുത്തതാണ് അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണു വിവരം. ദേശീയപാതയ്ക്കുവേണ്ടി മണ്ണെടുപ്പു നടത്തുന്നതിലെ അപാകതയെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതും അതൃപ്തിക്കു കാരണമായി ആരോപിക്കുന്നുണ്ട്.
മികച്ച കളക്ടർക്കും കളക്ടറേറ്റിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി തിളങ്ങിനിൽക്കുന്പോഴാണ് അദ്ദേഹത്തെ കാസർഗോട്ടേക്കു സ്ഥലംമാറ്റിയത്. റവന്യുവകുപ്പിലെ ഉന്നതർപോലും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ചർച്ചയായതു പാലിയേക്കര ടോൾപ്ലാസയിലെ പ്രശ്നങ്ങളും ദേശീയപാതയിൽ അടിപ്പാത നിർമാണങ്ങൾ നടക്കുന്നതിനാലുള്ള യാത്രാദുരിതവുമായിരുന്നു. വൻ ഗതാഗതതടസങ്ങൾ പതിവായതോടെ ടോൾ നിർത്തിവയ്ക്കുന്നതടക്കം ഹൈക്കോടതിയുടെ ഉത്തരവിനു പിന്നിൽ കളക്ടറുടെ ശക്തമായ റിപ്പോർട്ടുകൾക്കു പങ്കുണ്ട്. അടിപ്പാത നിർമാണസ്ഥലങ്ങളിലെ യാത്രാദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കാതെ ടോൾപിരിവ് പാടില്ലെന്നു കളക്ടർ ഉത്തരവിട്ടത് ദേശീയപാതാ അഥോറിട്ടിക്കും കരാർ കന്പനിക്കും തിരിച്ചടിയായിരുന്നു. ഇതു പിൻവലിക്കാൻ ഉന്നതങ്ങളിൽനിന്നു വൻ സമ്മർദമുണ്ടായി.തുടർന്ന് ദേശീയപാത അഥോറിറ്റി നൽകിയ ഉറപ്പിലാണു പിൻവലിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ, സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ എന്നിവയും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ടുകളും സമർപ്പിച്ചു. കളക്ടറുടെ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയതു തൃശൂരിലാണ്. ഇതിനു റവന്യുവകുപ്പിനു സഹായം നൽകിയതിൽ അർജുൻ പാണ്ഡ്യൻ മുന്നിലുണ്ടായിരുന്നു. തൃശൂർ പൂരം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിങ്ങനെ നിരവധി പരിപാടികളും അദ്ദേഹം വിജയകരമായി ഏറ്റെടുത്തു.
വ്യക്തിപരമായി താത്പര്യമെടുത്ത് സിവിൽ സ്റ്റേഷനിൽ മെഡിക്കൽ സെന്റർ, കളക്ടറേറ്റിലെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള പിജിആർ സെന്റർ, കൂടെ, മീറ്റ് ദ കളക്ടർ, കനവ്, ഗെറ്റ് സെറ്റ് തൃശൂർ, ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ, എക്സ്പ്ലോർ തൃശൂർ, സ്വിം ഫോർ ലൈഫ്, സ്മാർട്ട് അങ്കണവാടി, വാ വായിക്കാം, പാരന്റ് അപ്പ്, തിരികെ പദ്ധതി, ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എന്നിവയും അർജുൻ പാണ്ഡ്യന്റെ കാലയളവിൽ നടപ്പാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സർവീസ് തലപ്പത്ത് വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പ്രധാനപ്പെട്ട പല ജില്ലകളിലും പുതിയ കളക്ടർമാരെ നിയമിച്ചുകൊണ്ടുള്ള അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്.
തൃശൂർ ജില്ലാ കളക്ടറായ അർജുൻ പാണ്ഡ്യനെ കാസർഗോഡ് ജില്ലാ കളക്ടറായി സ്ഥലം മാറ്റി. നിലവിലെ കളക്ടർ കെ. ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം.
നിലവിൽ ടൂറിസം ഡയറക്ടറായി ചുമതല നിർവഹിക്കുന്ന ശിഖ സുരേന്ദ്രനെയാണ് തൃശൂർ ജില്ലാ കളക്ടർ സ്ഥാനത്തേയ്ക്ക് നിയമിച്ചത്. ഭരണപരമായ സൗകര്യാർഥം കൃത്യമായ ഇടവേളകളിൽ നടത്തുന്ന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഈ നടപടി.
റവന്യൂ, പൊതുഭരണ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ പുതിയ നിയമനങ്ങൾ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
Kerala
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ.
ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും സുനിൽകുമാർ പറഞ്ഞു.
ഏതുകാലത്തും പൂരം നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും ജില്ലാ കളക്ടർക്കുമാണ്. അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമതിയുണ്ടായിരുന്നു. അന്ന് ഈ സംഭവം നടക്കുമ്പോൾ ജില്ലാ കളക്ടറുടെ പൂർണസാന്നിധ്യം അവിടെയുണ്ടായിരുന്നു.
ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിൽ പ്രതിസ്ഥാനത്ത് വരികയാണെങ്കിൽ ഒന്നാംപ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാ കളക്ടറാണ്. അതിൽ യാതൊരു സംശയവുമില്ല. അന്ന് ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് കളക്ടർ പറഞ്ഞത്. അങ്ങനെയുള്ള വർത്തമാനം പറഞ്ഞെങ്കിലും സംഭവിച്ചത് മറിച്ചാണ്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കളക്ടറുടെ നിസംഗത കാരണമാണെന്നും വി.എസ്. സുനിൽകുമാർ ആരോപിച്ചു.
അന്ന് പുലർച്ചെ മൂന്നരയ്ക്ക്ശേഷം താനും മന്ത്രി രാജനും ഇടപെട്ട്, തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തിൽ എന്തുകൊണ്ട് കളക്ടർ പങ്കെടുത്തില്ല. അതിന്റെ അർഥം പൂരം അലങ്കോലപ്പെടണമെങ്കിൽ അലങ്കോലപ്പെടട്ടേ എന്ന് കളക്ടർ കരുതിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോൾ അത് വ്യക്തമാണ്. പൂലം കലക്കലിൽ യഥാർഥ പ്രതികൾ ആരാണെന്ന് കണ്ടെത്തണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
തൃശൂർ പുരം അടുത്തിരിക്കെ ഒരുവിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് ഒരിക്കലും യോജിക്കാനാകില്ല. അതിലെ ചില സ്ഥാപിത താത്പര്യമുള്ള വ്യക്തികൾ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയലക്ഷ്യത്തോടെ അലങ്കോലപ്പെടുത്തിയെന്നാണ് തന്റെ അഭിപ്രായമെന്നും വി.എസ്. സുനിൽകുമാർ വ്യക്തമാക്കി.
National
ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ ഭക്ഷണസ്വാതന്ത്ര്യം നിഷേധിച്ച് വിചിത്ര ഉത്തരവുമായി ഒഡീഷയിലെ കോരാപുട് ജില്ലാ കളക്ടർ.
അന്നേദിവസം ജില്ലയിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട തുടങ്ങിവയൊന്നും വിൽക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ മനോജ് സത്യവാൻ മഹാജൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
Kerala
അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം.
പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
Kerala
പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലിപാഡ് നിര്‍മിച്ചതിനു 20.7 ലക്ഷം രൂപ ചെലവായതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് വിവരാവകാശ പ്രവര്ത്തകന് റഷീദ് ആനപ്പാറ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനുള്ള യാത്രയില്‍ പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഹെലിപാഡ് നിര്‍മിച്ചതിന് 20.7 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി നല്‍കിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ചു റഷീദിനു കളക്ടറേറ്റില്‍ നിന്നും വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ് നവീകരിച്ചതിന് 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടി ലഭിച്ചു. രണ്ട് നിര്‍മാണങ്ങളും നേരത്തെ നടത്തിയശേഷം ഭരണാനുമതി തേടുകയായിരുന്നു.
ഇത്രയും തുകയ്ക്കുള്ള നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടോയെന്നു സംശയം പ്രകടിപ്പിച്ചാണ് റഷീദ് ആനപ്പാറ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയത്. വിവാദ ഹെലിപാഡ് ബുധനാഴ്ച പൊളിച്ചു നീക്കുകയും ചെയ്തു. അനാവശ്യ ചെലവെങ്കില്‍ തുക ബന്ധപ്പെട്ടവരില്‍ നിന്നു തിരികെ സര്‍ക്കാരിലേക്ക് അടപ്പിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
Kerala
കണ്ണൂർ: ബിഎൽഓ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കണ്ണൂർ ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കളക്ടർ അറിയിച്ചു.
അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പോലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ.
പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
District News
കാസര്‍ഗോഡ്: എല്ലാ യോഗ്യരായ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
ഡിസംബര്‍ 11നു നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പിന് ജില്ല സജ്ജമാണ്. ഇന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പവടുവിക്കും. 21 വരെ നാമനിര്‍ദേശപത്രിക സ്വീകരിക്കും. 22നു നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 24നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയാണ്. ഡിസംബര്‍ 11നാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 13നു വോട്ടെണ്ണും.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പ് ആദ്യഘട്ട പരിശീലനം നല്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് കമ്മിറ്റിയും മാതൃകാ പെരുമാറ്റച്ചട്ടം മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ആദ്യഘട്ട പരിശോധന കഴിഞ്ഞു, വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 1370 ബൂത്തുകള്‍ ഉണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പെട്രോളിംഗ് ഉണ്ടാകും.
78.48 ശതമാനം എന്യൂമറേഷന് ഫോറം വിതരണം നടത്തി ജില്ല സംസ്ഥാനത്ത് ഫോം വിതരണത്തില്‍ മുന്നിലാണ് മലയോര മേഖലകള്‍ ഉള്‍പ്പെടെ എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലകളിലെ എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്പെഷല്‍ ടീമിനെ നിയമിക്കും. മലയാളത്തിലുള്ള എന്യുമറേഷന് ഫോമുകള്‍ കന്നഡയില്‍ പൂരിപ്പിച്ചാലും സ്വീകരിക്കപ്പെടുമെന്നും വരണാധികാരികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ബിഎല്‍ഒമാരുടെ ജോലിയെ ബാധിക്കാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്ലാസ്റ്റിക്ക്, പോളിസ്റ്റര്‍ പടിക്കു പുറത്ത്
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിച്ച് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതുമുതല്‍ വോട്ടെണ്ണല്‍ പൂർത്തിയാകുന്നതുവരെ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ചു.
ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ബോര്‍ഡുകളും പോസ്റ്ററുകളും നൂറുശതമാനം കോട്ടണ്‍ തുണിയിലും റീസൈക്ലിംഗ് സാധ്യമാകുന്ന പോളി എത്തിലിന്‍ പേപ്പറിലും മാത്രമേ തയാറാക്കാവൂ. പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക്, പോളിസ്റ്റര്‍ തോരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍, യോഗങ്ങള്‍, റാലികള്‍ തുടങ്ങിയവയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാലിന്യം ഹരിതകര്‍മസേന മുഖാന്തിരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ആവശ്യമായ എല്ലാ സ്ഥലങ്ങളിലും മാലിന്യം തരംതിരിക്കുന്നതിന് മതിയായ ബിന്നുകള്‍ ഒരുക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറില്‍ വിവരം അറിയിക്കാവുന്നതാണ്.
പ്രചാരണം പരിശോധിക്കാന്‍ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി.
ജില്ലാ തലത്തില്‍ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടര്‍, സബ് കളക്ടര്‍, ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ഒരു സ്ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍, ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു സ്ക്വാഡും രൂപീകരിക്കാനാണ് നിര്‍ദ്ദേശം.
നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗങ്ങള്‍ മീറ്റിംഗുകള്‍, മറ്റു സാമൂഹ്യമാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണപരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും.
നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
പ്ലാസ്റ്റിക്, ഫ്ലക്സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ്പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും സ്ക്വാഡ് പരിശോധിക്കുകയും ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
നിയമപരമല്ലാത്ത പ്രചാരണപരിപാടികള്‍ ഉടന്‍ നിര്‍ത്തിവയ്പ്പിക്കും. അനധികൃതമായോ നിയമപരമല്ലാതയോ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. അനധികൃതമായതും അനുവദനീയ രീതിയിലല്ലാത്തതുമായ മൈക്ക് അനൗണ്‍സ്മെന്റുകള്‍ നിര്‍ത്തിവയ്പ്പിക്കുന്നതാണ്.
അനുമതിയില്ലാതെയും പൊതുവഴി കൈയേറിയു കാല്‍നടയാത്രക്കാര്‍ക്കും. വാഹനങ്ങള്‍ കടന്നുപോകുന്നതിനും തടസമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെടും.
എടുത്തുമാറ്റുന്നില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അവ എടുത്തുമാറ്റി നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കും. നിയമപരമല്ലാത്ത പ്രചാരണപരിപാടികളും, അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ കമാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിച്ചവയ്ക്കെതിരേ പൊതുജനം അറിയിക്കുന്ന പരാതികളും സ്ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.
ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല.
അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്ടിന്റെ 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145-ാംവകുപ്പ്). ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. മോസ്കുകള്‍, ക്ഷേത്രങ്ങള്‍, പള്ളികകള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാർഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹികബഹിഷ്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത് (കേരളപഞ്ചായത്ത് രാജ് 120-ാംവകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 144-ാംവകുപ്പ്).
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതുവരെ പെരുമാറ്റച്ചട്ടം തുടരും.
ജില്ലാ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 18 ഡിവിഷനുകളില്‍ ഒമ്പതിടത്താണ് സിപിഎം മത്സരിക്കുന്നത്. മുഴുവന്‍ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ്. ഡിവിഷനുകളും സ്ഥാനാര്‍ഥികളും: കുറ്റിക്കോല്‍-സാബു ഏബ്രഹാം, കയ്യൂര്‍-ഒക്ലാവ് കൃഷ്ണന്, പുത്തിഗെ-കെ.എ. മുഹമ്മദ് ഹനീഫ്, ചെറുവത്തൂര്‍-ഡോ. സെറീന സലാം, മടിക്കൈ-കെ. സബീഷ്,കുമ്പള-കെ.ബി. യൂസഫ്, ദേലംപാടി-ഒ. വത്സല, ബേക്കല്‍-ടി.വി. രാധിക, ചെങ്കള-സഹര്‍ബാനു സാഗര്‍. മറ്റു ഡിവിഷനുകളില്‍ മൂന്നിടത്ത് സിപിഐ മത്സരിക്കും.
പെരിയ, ബദിയഡുക്ക, കുഞ്ചത്തൂര്‍ ഡിവിഷനുകളിലാണ് സിപിഐ മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിന് ഇത്തവണ രണ്ടു സീറ്റുകളുണ്ട്. കള്ളാര്‍, ചിറ്റാരിക്കാല്‍ ഡിവിഷനുകളിലാണ് കേരള കോണ്‍ഗ്രസ് ജനവിധി തേടുക. ഐഎന്‍എലിന് ഉദുമ, സിവില്‍ സ്റ്റേഷന് ഡിവിഷനുകളും ജനതാദളിന് പിലിക്കോട് ഡിവിഷനുമാണ് അനുവദിച്ചിരിക്കുന്നത്. എന്‍സിപിക്ക് മഞ്ചേശ്വരം ഡിവിഷന് അനുവദിച്ചെങ്കിലും ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് പറഞ്ഞ് അവര്‍ അതു നിഷേധിച്ചു.
ഈ സീറ്റ് ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഉദുമയ്ക്കു പകരം കൂടുതല്‍ ജയസാധ്യതയുള്ള ബേക്കല്‍ ഡിവിഷന് വേണമെന്ന് ഐഎന്‍എല്‍ വാശിപിടിച്ചതോടെ ബുധനാഴ്ച നടന്ന സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ച രാത്രി ഏറെ വൈകിയിരുന്നു. ഒടുവില്‍ ജയസാധ്യതയുള്ള ബ്ലോക്ക് ഡിവിഷന് നല്‍കാമെന്ന ധാരണയിലാണ് ഐഎന്‍എല്‍ നേതൃത്വം വഴങ്ങിയത്.
കള്ളാർ പഞ്ചായത്ത്എൽഡിഎഫ് സ്ഥാനാർഥികൾ
രാജപുരം: കള്ളാർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് 1. കുടുംബൂർ- പ്രസാദ്, 2. ആടകം- ലീല മോഹനൻ, 3. ചെടിക്കുണ്ട് - മിനി രാഘവൻ, 4. പൂക്കയം - മിനി ഫിലിപ്പ്, 5. കോളിച്ചാൽ - എ.ജെ. ആൻഡ്രൂസ്, 6. മാലക്കല്ല് - ചന്ദ്രവതി ബാലൻ, 7. ചെറുപനത്തടി - അബ്ദുൾ മജീദ്, 8. കള്ളാർ- ബേബി രാഘവൻ, 9. വണ്ണാത്തിക്കാനം - എ.കെ. രാജേന്ദ്രൻ, 10. രാജപുരം - കെ.ജെ. ഷൈജിൻ, 11. കരിന്ത്രങ്കല്ല് - ജി. ശിവദാസൻ, 12. പൂടംകല്ല് - വി.ജി. രമണി, 13. ചേറ്റുകല്ല് - റീജ സജി, 14. കൊട്ടോടി- ബി. ശോഭ, 15. മഞ്ഞങ്ങാനം - ഫൗസിയ അഷിഫിന എന്നിവരാണ് സ്ഥാനാർഥികൾ. കൺവൻഷൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
എ.രാഘവൻ അധ്യക്ഷത വഹിച്ചു. ഷാലു മാത്യു, എം. കുമാരൻ, ഷിനോജ് ചാക്കോ, പി.കെ. രാമചന്ദ്രൻ, ടി.കെ. നാരായണൻ, ജോഷി ജോർജ്, ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ സ്ഥാനാർഥി റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് കള്ളാർ, കോടോം ഡിവിഷനുകളിലെ സ്ഥാനാർഥികളായ അംബിക സുനിൽ, സിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം.
റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കാവശ്യമായ സഹായം നൽകുന്ന ജീവനക്കാർ, തെരഞ്ഞെടുപ്പുജോലിയുള്ള ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചത്. പകരം ക്രമീകരണം ഏർപ്പെടുത്താനും നിർദേശിച്ചു.
ബിഎൽഒമാരായി സർക്കാർ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കിൽ അങ്കണവാടി വർക്കർമാരെ നിയോഗിക്കാം. ജീവനക്കാരെ ലഭിക്കാനില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമാകണം നിയോഗിക്കേണ്ടത്. നേരത്തേ അങ്കണവാടി വർക്കർമാരെ ബിഎൽഒമാരായി നിയോഗിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ വിളിച്ച ജില്ലാ കളക്ടർമാരുടെ ഓണ്‍ലൈൻ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറും പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാത്ത രീതിയിൽ വേണം തീവ്ര വോട്ടർപട്ടികാ പരിഷ്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാ കളക്ടർമാരോടു നിർദേശിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി, മറ്റു ജീവനക്കാരെ കളക്ടർമാർക്ക് ബിഎൽഒമാരായി നിയമിക്കുന്നതിന് തടസമൊന്നുമില്ലെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
രണ്ട് ഭരണഘടന സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയാറാക്കലും തെരഞ്ഞെടുപ്പു നടത്തിപ്പും. ഇവ രണ്ടും തടസമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടികാ പരിശോധനയും തടസം കൂടാതെ നടത്താൻ ആവശ്യമായ ക്രമീകരണം ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. യോഗത്തിൽ 14 ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.
District News
കാടുകുറ്റി: നാടിന്റെ വികസന പ്രക്രിയയിൽ ഭരണസംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. പഴയ കാലങ്ങളിൽനിന്നും വ്യത്യസ്തമായി ഗ്രാമപഞ്ചായത്തുകൾ അങ്കണവാടികൾക്ക് അർഹമായ പ്രാധാന്യം നൽകുന്നത് നല്ല കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാടുകുറ്റി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ഗ്രാമിക അങ്കണവാടിയുടെയും നീറ്റാ ജലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സംഗീത അങ്കണവാടിയുടെയും ജ്യോതി അങ്കണവാടിയുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ, നീറ്റാ ജലാറ്റിൻ ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, ബീന രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മോളി തോമസ്, സീമ പത്മനാഭൻ, ഡാലി ജോയ്, ഡെയ്സി ഫ്രാൻസീസ്, വർക്കി തേലേക്കാട്ട്, കെ.എൻ. രാജേഷ്, ലിജി അനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ ആർ. രോഹിണി, ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു ആന്റണി, അങ്കണവാടി വർക്കർ സി.എ.ആനി എന്നിവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്ന് അദ്ദേഹം പ്രതികരിച്ചു. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുള്ളൂ. ഉച്ചകഴിഞ്ഞ് വിദഗ്ധ സംഘം പരിശോധിക്കും. ഭാരവാഹനങ്ങൾ കടത്തിവിടുന്നതിൽ അതിന് ശേഷം മാത്രം തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും കളക്ടർ വ്യക്തമാക്കി.
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, ആധുനിക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്ണഗതാഗതത്തിനായി തുറക്കുകയുള്ളൂ എന്ന് മന്ത്രി കെ. രാജന് അറിയിച്ചു. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ താമരശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തും.
Kerala
കൊച്ചി: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടി. ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
ടോള്‍ പിരിവിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. നിർമാണത്തിനു ചെലവായ സംഖ്യയെക്കാള്‍ വളരെ കൂടുതല്‍ ടോള്‍ പിരിച്ചതിനാല്‍ കരാര്‍ കമ്പനിക്ക് അമിതമായ ലാഭം ലഭിച്ചിട്ടുണ്ട്. ടോള്‍ പിരിവിന്റെ കാലാവധി 2026ല്‍നിന്ന് 2028 ലേക്കു നീട്ടിക്കൊടുത്ത ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെ ടോള്‍ പിരിവ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം.