പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലിപാഡ് നിര്‍മിച്ചതിനു 20.7 ലക്ഷം രൂപ ചെലവായതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനുള്ള യാത്രയില്‍ പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഹെലിപാഡ് നിര്‍മിച്ചതിന് 20.7 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി നല്‍കിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ചു റഷീദിനു കളക്ടറേറ്റില്‍ നിന്നും വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ് നവീകരിച്ചതിന് 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടി ലഭിച്ചു. രണ്ട് നിര്‍മാണങ്ങളും നേരത്തെ നടത്തിയശേഷം ഭരണാനുമതി തേടുകയായിരുന്നു.
ഇത്രയും തുകയ്ക്കുള്ള നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടോയെന്നു സംശയം പ്രകടിപ്പിച്ചാണ് റഷീദ് ആനപ്പാറ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയത്. വിവാദ ഹെലിപാഡ് ബുധനാഴ്ച പൊളിച്ചു നീക്കുകയും ചെയ്തു. അനാവശ്യ ചെലവെങ്കില്‍ തുക ബന്ധപ്പെട്ടവരില്‍ നിന്നു തിരികെ സര്‍ക്കാരിലേക്ക് അടപ്പിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
Tags : helipad Pramadam Chief Minister Revenue Minister Collector