കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിനോട് ചേർന്ന മെറ്റീരിയൽസ് റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. സാധാരണയായി മെറ്റീരിയൽസ് സ്ട്രോംഗ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന സ്ഥാനാർഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽസ് റൂം തുറന്നത്. എല്ലാ സ്ഥാനാർഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമികമായി നൽകിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17സി മെറ്റീരിയൽ റൂമിൽ വച്ച് സീൽ ചെയ്തു.
വിവരങ്ങൾ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യേണ്ട അവസാന ദിവസമായ ഏപ്രിൽ 20 ന് കണക്കുകൾ ഒത്തുനോക്കുന്നതിനാണ് മുറി തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ നൽകിയ വിശദീകരണം. ഇതിനിടെ കൊയിലാണ്ടിയിലെ സ്ട്രോംഗ് റൂമിന് സമീപം വരണാധികാരി എത്തിയ സംഭവത്തിൽ വിശദീകരണം തേടുമെന്ന് കളക്ടർ അറിയിച്ചു.