മങ്കൊമ്പ്: നെല്ലുസംഭരണത്തിലെ മില്ലുടമകളുടെ കിഴിവുകൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ജില്ലാ കളക്ടറെ നേരിൽ കണ്ടതായി കോൺഗ്രസ് ജനപ്രതിനിധികൾ. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, ജില്ലാപഞ്ചായത്തംഗങ്ങളായ സി.വി. രാജീവ്, മഞ്ജു വിജയകുമാർ എന്നിവരാണ് ജില്ലാകളക്ടറെ നേരിൽക്കണ്ട് ആവശ്യമറിയിച്ചത്.
എന്നാൽ താൻ നിസഹായനാണെന്ന മറുപടിയാണ് ജില്ലാ കളക്ടറിൽ നിന്നു ലഭിച്ചതെന്നു ജനപ്രതിനിധികൾ അറിയിച്ചു. കൃഷിമന്ത്രിയെ വിവരമറിയിച്ചാൽ സിവിൽ സപ്ലൈസ് മന്ത്രിയോട് പറയാനെന്ന മറുപടിയാണ് ലഭിക്കുന്നത്. രണ്ടു വകുപ്പികളിലെയും സെക്രട്ടറിമാരും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മൂവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിളവെടുപ്പു കഴിഞ്ഞ പല പാടശേഖരങ്ങളിലും നെല്ലു പരിശോധിക്കുവാൻ ദിവസങ്ങൾ കഴിഞ്ഞാണ് ഇടനിലക്കാരെത്തുന്നത്. ഇതുമൂലം കർഷകരുടെ ആശങ്കകൾ വർധിക്കുകയാണ്. കർഷകരുടെ ഈ നിസഹായാവസ്ഥയെ മുതലെടുത്താണ് മില്ലുകാർ അമിത കിഴിവ് ആവശ്യപ്പെടുന്നത്.
ടേണൗട്ട് റേഷ്യോ അറുപത്തിയാറര കിലോഗ്രാമാക്കി ഉയർത്താൻ സർക്കാർ സമ്മതിച്ചെങ്കിലും, മില്ലുകാർ നിലപാട് മയപ്പെടുത്താത്തതാണ് സംഭരണം വൈകിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ കുട്ടനാട്ടിലെ ജനപ്രതിനിധികളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും ജനപ്രതനിധികൾ അറിയിച്ചു.
Tags : nattu visheshsam People's representatives collector