Business
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഉൗർജ ഉപഭോക്താക്കളായ ഇന്ത്യയുടെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ഉപഭോഗം മാർച്ചിൽ ഇടിഞ്ഞു. മാർച്ചിൽ ഏകദേശം 16 ശതമാനം പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവും രേഖപ്പെടുത്തി 2.38 മില്യണ്‍ ടണ്ണിലെത്തി. ഇത് കഴിഞ്ഞ് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവാണ്.
എന്നാൽ, ഇതിനു വിപരീതമായി ഡീസൽ, പെട്രോൾ ഉപഭോഗം യഥാക്രമം 8.73 മില്യണ്‍ ടണ്ണും 3.78 മില്യണ്‍ ടണ്ണുമായി റിക്കാർഡ് തലത്തിൽ ഉയരുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇവയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഒൗട്ട്ലെറ്റുകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഡീസൽ, പെട്രോൾ വാങ്ങൽ ഉയരാൻ കാരണം.
പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞമാസത്തെ എൽപിജി ഉപഭോഗത്തിലുണ്ടായ 15.7 ശതമാനം പ്രതിമാസ റിക്കാർഡ് കുറവാണ്. ഇതിനു മുന്‍പുള്ള കുറഞ്ഞ ഉപഭോഗം 2024 ജൂണിലായിരുന്നു.
മൊത്തത്തിൽ ഉയർന്നു
മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യണ്‍ ടണ്ണിലെത്തി. 2019 സാന്പത്തികവർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ്.
എൽപിജി വിതരണമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണെത്തുന്നത്. ഇത് ഇറക്കുമതിയെ സാരമായി ബാധിച്ചു. ഫെബ്രുവരിയിലെ 2 മില്യണ്‍ ടണ്ണിൽനിന്ന് മാർച്ചിൽ 1.1 മില്യണ്‍ ടണ്ണായി കുറഞ്ഞു. ഇറക്കുമതിയിലുണ്ടായ ഏറ്റവും വലിയ പ്രതിമാസ ഇടിവുകളിലൊന്നാണിത്- ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാർഷിക എൽപിജി ഉപഭോഗത്തിന്റെ 90-92 ശതമാനവും വീടുകളിലാണ്. അതിനാൽ എൽപിജി വിതരണത്തിൽ വീടുകൾക്കാണ് പ്രധാന്യം നല്‍കുന്നത്. ഇതുകൂടാതെ പെട്രോളിയം മന്ത്രാലയം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്് (പിഎൻജി) പദ്ധതിക്ക് ഉൗന്നൽ നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ മാർച്ചിൽ മൂന്നു ലക്ഷത്തിലധികം പേർ ചേർന്നു. ഏപ്രിൽ അവസാനത്തോടെ ഏകദേശം ആറു മുതൽ ഏഴു ലക്ഷം പുതിയ ഉപഭോക്താക്കൾ പിഎൻജിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡീസലും പെട്രോളും ഉയർന്നു
മാർച്ചിലെ ഡീസൽ ഉപഭോഗം 14 ശതമാനം പ്രതിമാസ വർധനയും എട്ടു ശതമാനം വാർഷിക ഉയർച്ചയുമായി 8.73 മില്യണ്‍ ടണ്ണെന്ന റിക്കാർഡ് ഉയരത്തിലെത്തി. ഇതിനു മുന്‍പുള്ള ഉയർന്ന നിരക്ക് 2025 മേയിലെ 8.57 മില്യണ്‍ ടണ്ണിന്റെതാണ്.
ഇതുപോലെ പെട്രോളിന്റെ ഉപഭോഗം 12 ശതമാനം പ്രതിമാസ ഉയർച്ചയും ഏകദേശം എട്ടു ശതമാനം വാർഷിക വർധനയുമായി 3.78 മില്യണ്‍ ടണ്ണിലെത്തി. ഇതിനു മുന്‍പുള്ള ഉയർന്ന നിരക്ക് കഴിഞ്ഞ വർഷം മേയിലെ 3.78 മില്യണ്‍ ടണ്ണാണ്.
ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 60 ശതമാനവും കണ്ടെത്തുന്നത് മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലകളിൽനിന്നാണ്. ഇവിടുന്നുള്ള കൂടുതൽ ചരക്കും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.
ഫെബ്രുവരി 28 മുതൽ ഉൗർജ വിതരണത്തിലെ ഈ സുപ്രധാനപാത അടഞ്ഞത് ഇന്ത്യയുടെ ഇറക്കുമതിയെ കാര്യമായി ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം ഏകദേശം 54,000 ടണ്‍ ഇറക്കുമതിയിൽനിന്ന് നിലവിൽ 30,000 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ. ബുധനാഴ്ച വൈദ്യുതി ഉപയോഗം 5,802 മെഗാവാട്ടിലെത്തി.
റിക്കാർഡ് വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തെന്ന് വൈദ്യുത ബോർഡ് അറിയിച്ചു. 2024 മേയ് രണ്ടിലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് ഭേദിച്ചത്.
വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.
Kerala
തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. ഇന്നലെ 96.324 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഫെബ്രുവരി ഒന്നിന് 79.512 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ 16. 812 ദശലക്ഷം യൂണിറ്റ് അധിക ഉപഭോഗമാണുണ്ടായത്. ചൂട് കൂടുന്നതനുസരിച്ച് എയര്‍കണ്ടീഷണര്‍, ഫാനുകള്‍, ഫ്രീസറുകള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിക്കുന്നതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ പ്രധാന കാരണം.
ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നു വൈദ്യുതി ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിച്ചു. കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് വൈദ്യുതി ഉത്പാദനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ 20.622 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇതില്‍ 7.893 ദശലക്ഷം യൂണിറ്റും ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതിനിലയത്തില്‍ നിന്നുമാണ്. 75.701 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.
ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2364 അടി വെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 59 ശതമാനമാണിത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 59 ശതമാനം വെള്ളമുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കാന്‍ മൂന്നുമാസത്തിലേറെ അവശേഷിക്കെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനത്തെ ഗണ്യമായി ബാധിക്കാനിടയുണ്ട്.
ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോ ഗത്തിലുണ്ടാകുന്ന വര്‍ധന വൈദ്യുതി ബോര്‍ഡിനു വെല്ലുവിളിയാകും. കഴിഞ്ഞ വേനലില്‍ വൈദ്യുതി ഉപയോഗം പല ദിവസങ്ങളിലും റിക്കാര്‍ഡ് ഭേദിച്ചിരുന്നു. അതിനാല്‍ ഏറെ കരുതലോടെയാണ് ബോര്‍ഡിന്റെ നീക്കം. ഇത്തവണ ഒരുമാസത്തോളം ജനറേറ്ററുകളുടെ അറ്റകുറ്റപണിക്കായി മൂലമറ്റം വൈദ്യുതി നിലയം പൂര്‍ണമായും അടച്ചിരുന്നു. ഈ സമയം ഇവിടെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യമായിരുന്നു.
പുറത്തുനിന്നും വൈദ്യുതി എത്തിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യം അന്നു നിറവേറ്റിയത്. വേനല്‍മഴ ലഭിക്കാതിരിക്കുകയും ചൂട് ഇനിയും വര്‍ധിക്കുകയും ചെയ്താല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിക്കാനാകും വൈദ്യുതി ബോര്‍ഡിന്റെ നീക്കം.
National
ഭുവനേശ്വർ: ഒഡീഷയിലെ കോറാപുടിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം നിരോധിച്ച വിവാദ നടപടി പിൻവലിച്ച് കളക്ടർ.
വെള്ളിയാഴ്ചയാണ് ജില്ലയിൽ ഇറച്ചി, മീൻ, മുട്ട തുടങ്ങി എല്ലാത്തരം മാംസഭക്ഷണങ്ങളുടെയും വിൽപ്പന നിരോധിച്ച് കളക്ടർ മനോജ് സത്യവാൻ മഹാജൻ ഉത്തരവിറക്കിയത്. ഇതിനെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് പൊതുജനങ്ങളിൽനിന്ന് ഉയർന്നുവന്നത്. ഇതോടെ കളക്ടർ വിവാദ ഉത്തരവ് പിൻവലിക്കുകയായിരുന്നു.