Kerala
ആലപ്പുഴ: മാന്നാറിൽ രണ്ടു കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്.
കുട്ടികൾക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് മനോജ് മരിച്ചത്. മക്കൾ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ജ്യൂസിലാണ് പെൺകുട്ടികൾക്ക് അച്ഛൻ വിഷം കലക്കി നൽകിയത്.
വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
Kerala
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മൺവിള പുത്തൻവീട്ടിൽ ശരത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിവിൻ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച അർധരാത്രിയോടടുത്ത് പേട്ട മാർക്കറ്റ് ജംഗ്ഷൻ സമീപമായിരുന്നു അപകടം.
ശരത് ഓടിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ശരത്തിനു ഗുരുതരമായി പരിക്കേറ്റു.
പേട്ട പോലീസ് എത്തിയാണ് ശരത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. സുഹൃത്തുമൊത്തു വീട്ടിലേക്കു വരുന്നതിനിടയാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Kerala
തിരുവനന്തപുരം: മദ്യപിച്ചെത്തുന്ന പിതാവിന്റെ ക്രൂരമർദനം സഹിക്കവയ്യാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. പിതാവ് മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് ക്രൂരമര്‍ദനം. മര്‍ദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു.
ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
മദ്യപിച്ചെത്തുന്ന പിതാവ് മര്‍ദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറയുന്നത്. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തിൽ പറയുന്നുണ്ട്.
Kerala
കാസർഗോഡ്: രാജപുരത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. ഭാര്യയുമായി അകന്ന് ചെമ്പേരിയിൽ താമസിക്കുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫിനാണ് (71) പൊള്ളലേറ്റത്. ഭാര്യ സിസിലിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
സിസിലി ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ല് പുറത്തുനിന്ന് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ തീ ജോസഫിന്റെ ദേഹത്തേക്ക് പടർന്നു. മുറിയിലെ സാധനസാമഗ്രികൾ കത്തിനശിച്ചെങ്കിലും സിസിലിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ബഹളം കേട്ടെത്തിയ നാട്ടുകാർ രാജപുരം പോലീസിൽ വിവരമറിയിക്കുകയും ജോസഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. നില ഗുരുതരമായതിനാൽ ഇയാളെ പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വത്തുതർക്കമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ് നില ഗുരുതരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ.
നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്ന് വിദഗ്ധ സംഘം അറിയിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്.
Kerala
കൊച്ചി: വടുതലയില്‍ അയല്‍വാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കൊച്ചി വടുതലയിൽ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി അയൽവാസിയായ വില്യംസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു.
നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും നിലനിന്നിരുന്നു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.