മങ്കൊമ്പ്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള നടപ്പാലം അപകടാവസ്ഥയിലായത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുമ്മേൽ- നാരകത്ര നടപ്പാലമാണ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലെത്തി നിൽക്കുന്നത്. വാലടി-നാരകത്ര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ കൂടി ദിവസേന സ്കൂൾ വിദ്യാർഥികളടക്കം നിരവധി ആളു കളാണ് യാത്രചെയ്യുന്നത്.
ചന്തനപ്പുറം- കുട്ടംപേരൂർ തോടിനു ഇരുകരകളിലുമുള്ള നീലംപേരൂർ ഗ്രാമപഞ്ചായത്തുകളിലെ എട്ട്, ഒൻപത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് കാലങ്ങളായി അധികൃതരുടെ അവഗണന അനുഭവിക്കുന്നത്. ഇരുകരകളിലുമായി എഴുപതോളം വീട്ടുകാരാണ് യാത്രയ്ക്കായി പാലത്തെ ആശ്രയിക്കുന്നത്.
നാരകത്ര പ്രദേശത്തെ താമസക്കാർക്ക് വാലടി-ഈര റോഡിലേക്കെത്താനുള്ള ഏക മാർഗമാണ് ഈ പാലം. സമീപത്തെ ക്ഷേത്രം, പള്ളി, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലേക്കു പോകുവാൻ നാട്ടുകാർ ഈ പാലത്തെ ആശ്രയിക്കുന്നു.
നാരകത്ര പ്രദേശത്തെ ജനങ്ങൾക്കു ജോലിക്കും മറ്റുമായി റോഡിലേക്കെത്താൻ പാലം കടന്നുപോകണം. കൽപ്പടവുകൾ കെട്ടി അതിനുമുകളിലായി തടിയിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്റ്റെപ്പുകൾ തകർന്നതോടെ തടി തോടിനു കുറുകെ നിലത്തിട്ടാണ് ഇപ്പോൾ ആളുകൾ കയറിയിറങ്ങുന്നത്. രാത്രി കാലങ്ങളിൽ പാലത്തിൽ കൂടിയുള്ള യാത്ര അതിദുഷ്കരമാണ്.
കാലങ്ങളായി തോട്ടിൽ വളർന്നുയർന്നു നിൽക്കുന്ന പോളക്കൂട്ടം ജനങ്ങളെ ഭീതിപ്പെടുത്തുന്നു. കുട്ടികളോ, വയോധികരോ കാൽവഴുതി പോളനിറഞ്ഞ തോട്ടിൽ വീണാൽ രക്ഷപ്പെടുക പ്രയാസമാണ്. പാലത്തിന്റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം ആവശ്യപ്പെട്ടു പ്രദേശവാസികൾ പലവട്ടം അധികാരികളെ സമീപിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. നാട്ടിലെങ്ങും യാത്രാസൗകര്യങ്ങൾ വർധിച്ചിട്ടും തങ്ങളെ ഭരണവർഗം അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി