Sports
വാര്സോ (പോളണ്ട്): 2026 ലോക ചെസ് ചാമ്പ്യന്ഷിപ്പ് ചലഞ്ചര് ജാവോഖിര് സിന്ഡറോവിനെ, നിലവിലെ ലോക ചാമ്പ്യന് ഇന്ത്യയുടെ ഡി. ഗുകേഷ് കീഴടക്കി.
സൂപ്പര് റാപ്പിഡ് ആന്ഡ് ബ്ലിറ്റ്സ് പോരാട്ടത്തിലായിരുന്നു ഇരുവരും മുഖാമുഖം വന്നത്. ഉസ്ബക്കിസ്ഥാന് താരമായ സിന്ഡറോവിനെ കറുത്ത കരുക്കള്കൊണ്ട് 52 നീക്കത്തില് ഗുകേഷ് കീഴടക്കി.
2026 കാന്ഡിഡേറ്റ്സ് ടൂര്ണമെന്റില് ജയിച്ചാണ് നിലവിലെ ലോക ചാമ്പ്യനെ നേരിടാനുള്ള ചലഞ്ചര് പട്ടം സിന്ഡറോവ് സ്വന്തമാക്കിയത്. കാന്ഡിഡേറ്റ്സ് ടൂര്ണമെന്റില് ഏറ്റവും കൂടുതല് (6) ജയം നേടുന്ന റിക്കാര്ഡ് കുറിച്ചായിരുന്നു ഉസ്ബക്ക് താരത്തിന്റെ മുന്നേറ്റം.
District News
ഏറ്റുമാനൂർ: ശക്തികേന്ദ്രങ്ങളിൽപോലുമുണ്ടായ വോട്ട് ചോർച്ച സിപിഎമ്മിനെയും എൽഡിഎഫിനെയും ഞെട്ടിച്ചു. പിണറായി മന്ത്രിസഭയിലെ ശക്തരിൽ ഒരാളായ വി.എൻ. വാസവന് അടിതെറ്റി. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട വാസവന്റെ ദയനീയ പരാജയം അപ്രതീക്ഷിതമായി.
യുഡിഎഫിന് മേൽക്കൈയുള്ള നീണ്ടൂർ, അതിരമ്പുഴ, ഏറ്റുമാനൂർ, ആർപ്പൂക്കര മണ്ഡലങ്ങളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുകയും എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ അയ്മനം, കുമരകം, തിരുവാർപ്പ് മണ്ഡലങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തിലായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. എന്നാൽ, ഈ പദ്ധതി പാളി. നിയോജക മണ്ഡലത്തിൽ ആകമാനം എൽഡിഎഫ് വിരുദ്ധവികാരം ആളിക്കത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപോലും മുന്നിലെത്താൻ വി.എൻ. വാസവന് സാധിച്ചില്ല.
ശബരിമലയിലെ സ്വർണക്കൊള്ള ദേവസ്വം മന്ത്രി എന്ന നിലയിൽ വി.എൻ. വാസവനെ പ്രതികൂലമായി ബാധിച്ചു എന്നതിൽ സംശയമില്ല. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ഭരണവിരുദ്ധ, യുഡിഎഫ് അനുകൂല വികാരം തോൽവിയുടെ ആഴംകൂട്ടി.
സിപിഎം വോട്ടുകളിൽ ചോർച്ച
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.എൻ. വാസവനെ തുണച്ച നിഷ്പക്ഷ വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടില്ല. പുറമേ സിപിഎമ്മിന്റെ വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന സൂചനയാണ് പാർട്ടി പ്രവർത്തകരിൽനിന്നുതന്നെ ലഭിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച ലീഡ് ഈ സൂചനയെ സാധൂകരിക്കുന്നതാണ്.
മന്ത്രിയായശേഷം വി.എൻ. വാസവൻ പാർട്ടി പ്രവർത്തകരിൽനിന്ന് അകലം പാലിച്ചതായുള്ള ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനുള്ളിൽ ഗൗരവതരമായ ചർച്ചകൾക്കു വഴിതെളിക്കുമെന്ന് ഉറപ്പാണ്.
District News
പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗം പത്തനംതിട്ടയിലും. അഞ്ചിൽ നാല് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വെന്നിക്കൊടി പാറിച്ചു. 2009ലെ മണ്ഡല പുനർക്രമീകരണത്തിനുശേഷം ഇതാദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനു തിളക്കമാർന്ന ഒരു വിജയം ലഭിച്ചത്. 2011ൽ ജില്ലയിൽ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫിനു ജയിക്കാനായത്. യുഡിഎഫിന് സംസ്ഥാനത്തു ഭരണം ലഭിച്ചപ്പോഴും യുഡിഎഫിന് ജില്ലയിൽ രണ്ട് എംഎൽഎമാർ മാത്രമാണുണ്ടായത്. 2016ലാകട്ടെ വിജയം കോന്നിയിൽ മാത്രമായി. 2019ൽ ഉപതെരഞ്ഞെടുപ്പ് നടന്നതോടെ അതും നഷ്ടമായി. 2021ൽ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി ഇതു മാറിയിരുന്നു.
2014, 2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും മുന്നിലെത്തിയ യുഡിഎഫിന് നിയമസഭ വോട്ടെടുപ്പിലാകട്ടെ പിന്നിലാകുന്ന സാഹചര്യം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒരുകാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടികളുണ്ടായി. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബഹുഭൂരിപക്ഷം സ്ഥാനങ്ങളും തിരികെപിടിച്ച യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിനു നടത്തിയ മുന്നൊരുക്കമായി ഇതിനെ കണ്ടു. സ്ഥാനാർഥി നിർണയം തർക്കംകൂടാതെ പരിഹരിച്ച് പ്രചാരണരംഗത്ത് സജീവമായപ്പോൾ ഇത്തവണ നാല് മണ്ഡലങ്ങൾ കൈപ്പിടിയിൽ ഒതുക്കാനായി. അപ്പോഴും ഡിസിസി പ്രസിഡന്റ് മത്സരിച്ച കോന്നി മണ്ഡലം കൈവിട്ടതിന്റെ ആഘാതം നിലനിൽക്കുകയാണ്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കുമെന്ന സൂചനയാണ് ആദ്യം ഉണ്ടായത്. ഇതു സാധ്യമല്ലെന്നു കണ്ടതോടെയാണ് സതീഷ് കൊച്ചുപറന്പിലിന്റെ പേര് പരിഗണിക്കപ്പെട്ടത്. തിരുവല്ല മണ്ഡലംകാരനായ സതീഷ് കൊച്ചുപറന്പിൽ കോന്നിയിൽ സ്ഥാനാർഥിയായപ്പോൾ പ്രവർത്തകരെ സജീവമാക്കുന്നതിൽപോലും താമസം നേരിട്ടു.
മത്സരരംഗത്തുണ്ടായിരുന്ന നാല് സിറ്റിംഗ് എംഎൽഎമാരിൽ മൂന്നുപേരും ജില്ലയിൽ പരാജയപ്പെട്ടു. ഇതിൽ ആരോഗ്യ മന്ത്രി വീണാ ജോർജും ഉൾപ്പെടുന്നു. കോന്നി എംഎൽഎ ജനീഷ് കുമാർ മാത്രമാണ് വിജയിച്ചത്. അടൂരിലെ സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്നു മാറി നിന്നെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടു.
വിജയിച്ച കോൺഗ്രസുകാർ മണ്ഡലത്തിനു പുറമേ നിന്ന്
ജില്ലയിൽ കോൺഗ്രസ് വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും അതാത് സ്ഥലങ്ങൾക്കു പുറമേ നിന്നെത്തിയവരാണ്. ആറന്മുളയിൽ വിജയിച്ച അബിൻ വർക്കി എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയാണ്. റാന്നിയുടെ നിയുക്ത എംഎൽഎ പഴകുളം മധു അടൂർ പഴകുളം സ്വദേശിയും അടൂരിലെ സി.വി. ശാന്തകുമാർ കോന്നിക്കാരനുമാണ്. തിരുവല്ലയിൽ വിജയിച്ച കേരള കോൺഗ്രസിലെ വർഗീസ് മാമ്മൻ മാത്രമാണ് സ്വന്തം നാട്ടിൽ ജനവധി തേടിയത്.
എൻഡിഎയ്ക്കു തിളങ്ങാനായത് തിരുവല്ലയിൽ മാത്രം
പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു തിളങ്ങാനായത് തിരുവല്ലയിൽ മാത്രമാണ്. ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ജനവിധി തേടിയ ആറന്മുള മണ്ഡലത്തിൽ അദ്ദേഹത്തിനു ലഭിച്ചത് 34983 വോട്ടാണ്. 2021നെ അപേക്ഷിച്ച് ആറന്മുളയിൽ ബിജെപി വോട്ടിൽ വർധനയുണ്ടെങ്കിലും മുന്പ് പാർട്ടിക്കു ലഭിച്ചിട്ടുള്ള വോട്ടുകൾ പോലും ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്.
ആറന്മുളയുമായി വ്യക്തിബന്ധം ഏറെയുള്ള കുമ്മനം രാജശേഖരൻ ഇതാദ്യമായാണ് മണ്ഡലത്തിൽ ജനവിധി തേടിയത്. 2021ൽ ബിജെപിയിലെ ബിജു മാത്യു മണ്ഡലത്തിൽ മത്സരിച്ചപ്പോൾ 29,099 വോട്ടാണ് ലഭിച്ചത്. 21ൽ മത്സരിച്ച എം.ടി. രമേശ് 37,906 വോട്ട് നേടുകയും ചെയ്തു.
കെ. സുരേന്ദ്രൻ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ 39,000 ലധികം വോട്ടുകൾ ലഭിച്ചു. ഇതേ നിലയിലേക്ക് കുമ്മനം രാജശേഖരന് വോട്ടു ലഭിച്ചിട്ടില്ല.തിരുവല്ലയിൽ അനൂപ് ആന്റണി സ്വന്തമാക്കിയ 43,078 വോട്ടുകളാണ് ജില്ലയിൽ ബിജെപി വോട്ടുകളുടെ തിളക്കം കൂട്ടിയത്. അടൂരിൽ ബിജെപി സ്ഥാനാർഥി പന്തളം പ്രതാപൻ 26,337 വോട്ട് കരസ്ഥമാക്കി.
ഘടകകക്ഷികൾ മത്സരിച്ച റാന്നിയിൽ ട്വന്റി 20 സ്ഥാനാർഥി തോമസ് സാമുവേൽ നേടിയത് 17,993 വോട്ടുകളും കോന്നിയിൽ ബിഡിജെഎസ് സ്ഥാനാർഥി ടി.പി. സുന്ദരേശനു ലഭിച്ചത് 15,278 വോട്ടുകളുമാണ്.2021ൽ കോന്നിയിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 32,811 വോട്ടുകൾ ലഭിച്ചിരുന്നു.റാന്നിയിൽ ബിഡിജെഎസ് സ്ഥാനാർഥി കെ. പത്മകുമാർ 19,587 വോട്ടുകളും നേടിയിരുന്നു. ആറന്മുളയിൽ ബിജെപി സ്ഥാനാർഥി ബിജു മാത്യുവിനു ലഭിച്ചത് 29,099 വോട്ടുകളാണ്.
Sports
ശ്രീനഗർ: ഇന്ത്യൻ ഫുട്ബോൾ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സിക്കു തോൽവി. എവേ പോരാട്ടത്തിൽ ഗോകുലം കേരള എഫ്സി 0-3ന് റിയൽ കാഷ്മീർ എഫ്സിയോട് പരാജയപ്പെട്ടു.
എട്ട് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി ഒന്പതാം സ്ഥാനത്താണ് ഗോകുലം.
National
ന്യൂഡൽഹി: ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഭീകരതയ്ക്കുമുന്നിൽ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഒന്നിച്ചുനിൽക്കുകയാണെന്നും ഭീകരവാദികളുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഈ ദിവസം പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പഹൽഗാമിൽ നടന്ന ഭീരുത്വ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദം മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെയും തോൽപ്പിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സീറോ ടോളറൻസ് നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോളില് ചെല്സി എഫ്സിയെ വീഴ്ത്തി ബ്രൈറ്റണിന്റെ മുന്നേറ്റം. ഹോം ഗ്രൗണ്ടായ അമേരിക്കന് എക്സ്പ്രസ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ബ്രൈറ്റണ് 3-0ന് ചെല്സിയുടെ നീലപ്പടയെ നിലംപരിശാക്കി. ഫെര്ഡി കാഡിയോഗ്ലു (3), ജാക്ക് ഹിന്ഷല്വുഡ് (56), ഡാനി വെല്ബെക്ക് (90+1) എന്നിവരാണ് ബ്രൈറ്റണിനായി ഗോള് നേടിയത്.
1912നുശേഷം ആദ്യം
ലീഗില് ചെല്സിയുടെ തുടര്ച്ചയായ അഞ്ചാം തോല്വിയാണ്. ഒരു ഗോള് പോലും അടിക്കാതെയാണ് ഈ അഞ്ച് മത്സരങ്ങളിലും ലിയാം റോസിനിയറിന്റെ ശിക്ഷണത്തിലുള്ള ചെല്സിയുടെ തോല്വി. ചെല്സി ഗോള് അടിക്കാതെ തുടര്ച്ചയായി അഞ്ച് ലീഗ് മത്സരങ്ങള് പരാജയപ്പെടുന്നത് 1912നുശേഷം ഇതാദ്യം.
34 മത്സരങ്ങള് പൂര്ത്തിയാക്കിയ ബ്രൈറ്റണ് 50 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. 48 പോയിന്റുമായി ചെല്സി ഏഴാമതാണ്.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് 2025-26 സീസണ് പോയിന്റ് ടേബിളില് ഒന്നാം സ്ഥാനക്കാരായ ആഴ്സണല് എഫ്സിക്ക് അടിതെറ്റി.
ലീഗില് 14-ാം സ്ഥാനക്കാരായിരുന്ന ബേണ്മത്തിനോട് ഹോം മത്സരത്തില് ആഴ്സണല് 1-2നു പരാജയപ്പെട്ടു. കിരീടപോരാട്ടത്തില് ഗണ്ണേഴ്സിന് ഈ പരാജയം കനത്ത പ്രഹരമാണ്.
District News
പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളെ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ് ഇക്കുറി ഭൂരിപക്ഷം കുറയുമെന്ന് വോട്ടെടുപ്പിന് മുന്പ് പ്രഖ്യാപിക്കാന് കാരണമെന്ന് എല്ഡിഎഫ് സ്ഥാനാര്ഥി കെ.എം. രാധാകൃഷ്ണന്. എല്ഡിഎഫ് ലോക്കല് കണ്വന്ഷനുകളില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ മീനടം, അയര്ക്കുന്നം പഞ്ചായത്തുകളിലായിരുന്നു പര്യടനം. മീനടം പഞ്ചായത്തില് രാവിലെ ആരംഭിച്ച പര്യടനത്തിനിടെ വിവിധ മതനേതാക്കന്മാരെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും നേരില്ക്കണ്ട് അനുഗ്രഹം തേടി.
മീനടം പള്ളിയിലെ വൈദികര്, ക്ഷേത്രം ഭാരവാഹികള്, പാസ്റ്റര്മാര് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്ന്ന് അയര്ക്കുന്നം പഞ്ചായത്തിലായിരുന്നു പര്യടനം. സ്ഥാനാര്ഥിക്കൊപ്പം എല്ഡിഎഫ് നേതാക്കളുമുണ്ടായിരുന്നു.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.