കൊച്ചി: ഡ്രൈവര്‍മാരുടെ സംഘടനയായ സാരഥിയുടെ സ്ഥാപകദിനാഘോഷവും ഡ്രൈവര്‍മാരുടെ സംഗമവും നടത്തി. അങ്കമാലി കരയാംപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാരഥിയുടെ സംസ്ഥാന ഓഫീസിന്റെ നേതൃത്വത്തിലാണു സ്ഥാപകദിനാചരണം നടത്തിയത്.
സംസ്ഥാന ഡയറക്ടര്‍ ഫാ. ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. സ്ഥാപകഡയറക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി, സ്ഥാപകരിലൊരാളും മുന്‍ സംസ്ഥാന ഡയറക്ടറുമായ ഫാ. ഡോ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, സംസ്ഥാന സെക്രട്ടറി സിസ്റ്റര്‍ മോളി പുല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോ, ടാക്സി ഡ്രൈവര്‍മാരുടെ സമഗ്ര ക്ഷേമത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി 2000ലാണ് സാരഥി ആരംഭിച്ചത്. ‘കാഴ്ചപ്പാട് മാറിയാല്‍ കഷ്ടപ്പാട് മാറും’ എന്ന ആപ്തവാക്യവുമായി തുടങ്ങിയ സാരഥിക്ക് ഇന്നു കേരളം മുഴുവന്‍ ശാഖകളുണ്ട്.
കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡ്രൈവര്‍മാര്‍ക്കായി തയാറാക്കിയ ഡൂറൈഡ് എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ അവതരണം ഉണ്ടായിരുന്നു.