Image for representation
കൊച്ചി: സ്വകാര്യ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാരെ പിടികൂടി പൊലിസ്. ഇന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ എട്ടു വരെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച മൂന്നു ഡ്രൈവര്‍മാരെയാണ് തൃക്കാക്കര പൊലിസ് പിടികൂടിയത്. ബസിന്‍റെ അമിതവേഗവും മറ്റു നിയമലംഘനങ്ങളുമാണ് പൊലിസ് പരിശോധിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച കാക്കനാട് ഇടിച്ചിറയില്‍ നടന്ന അപകടത്തില്‍ തൃശൂര്‍ സ്വദേശിനിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ ജീവന്‍ നഷ്ടമായിരുന്നു. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നു പോവുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലിസിനെ സ്വകാര്യ ബസ് ഇടിച്ചിട്ടിരുന്നു. ആംബുലന്‍സ് കടത്തിവിടുന്നതിനിടെയാണ് കാക്കനാട് റൂട്ടിലോടുന്ന മഹാത്മ എന്ന ബസ് ട്രാഫിക് പൊലിസിനെ ഇടിച്ചിട്ടത്. സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാത്തതില്‍ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലിസ് നിലവില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് എതിരെയും പൊലിസ് പിഴ ചുമത്തുന്നുണ്ട്. തുറന്നിട്ട വാതിലിലൂടെ തെറിച്ചുവീണ കന്യാസ്ത്രീ മരിക്കുകയും വിദ്യാര്‍ഥികള്‍ അടക്കം പുറത്തേക്ക് തെറിച്ചുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിത വേഗത, അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധവും അപകടകരവുമായ ഓവര്‍ടേക്കിംഗ്, ലഹരി കേസുകളിലടക്കം പ്രതികളായവരെ ജീവനക്കാരായി നിയമിക്കുക, നിയമപരമായ ഉത്തരവുകള്‍ മനഃപൂര്‍വം അനുസരിക്കാതിരിക്കുക, നിശ്ചിത ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ വിവിധ പരിശോധനകളില്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്.
ബസിലെ ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കെ ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ല. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരും, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും നിരവധിയാണ്. റോഡിലെ തിരക്കുമൂലം നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള മത്സരയോട്ടത്തിനിടെ ഫുട്പാത്തിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കുറ്റക്കാര്‍ക്ക് പലപ്പോഴും ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Tags : PoliceCase Driving PrivateBus Drivers Inspection