Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടും. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഉൾപ്പെടെ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു തലസ്ഥാനത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ "കൊല്ലെടാ" എന്ന് ആക്രോശിച്ചുകൊണ്ട് മുന്നൂറോളം വരുന്ന സിപിഎം പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഇഷ്ടികയും വടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങളുടെ മുൻഭാഗത്തെയും പിൻ ഭാഗത്തെയും ചില്ലുകൾ തകർത്തു. അക്രമത്തിൽ ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടലുണ്ടാവുകയും, തുടർന്ന് പോലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അക്രമത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ പൊലീസ് പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിയെങ്കിലും മുതിർന്ന പാർട്ടി നേതാക്കൾ പോലീസിനെ തടഞ്ഞത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പോലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പോലീസുകാർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻഡ് ചെയ്യും.
മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. തലസ്ഥാനത്തുണ്ടായത് പോലീസിന്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോര്ട്ട്. സംസ്ഥാന ഇന്റലിജൻസ് മേധാവിയും റിപ്പോർട്ട് നൽകും. അതേസമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.
Kerala
കോഴിക്കോട്: ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന നടത്തിയ ഡിജിറ്റൽ തട്ടിപ്പിൽ പയ്യോളി സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി. സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടിലുള്ള തുക പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകൾക്കായി വിനിയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു.
തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എസ്ബിഐ അക്കൗണ്ടിലുള്ള തുകയാണ് പരാതിക്കാരൻ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. വാട്ട്സ് ആപ്പിൽ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.