തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടും. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഉൾപ്പെടെ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു തലസ്ഥാനത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ "കൊല്ലെടാ" എന്ന് ആക്രോശിച്ചുകൊണ്ട് മുന്നൂറോളം വരുന്ന സിപിഎം പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഇഷ്ടികയും വടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങളുടെ മുൻഭാഗത്തെയും പിൻ ഭാഗത്തെയും ചില്ലുകൾ തകർത്തു. അക്രമത്തിൽ ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടലുണ്ടാവുകയും, തുടർന്ന് പോലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അക്രമത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ പൊലീസ് പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിയെങ്കിലും മുതിർന്ന പാർട്ടി നേതാക്കൾ പോലീസിനെ തടഞ്ഞത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Tags : Kerala Police Home Ministry ED officials Thiruvananthapuram Latest News