National
ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. സിരുമങ്ങാട് സ്വദേശികളായ ഗണേശ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്.
ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കറിയപ്പോഴാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ പനയിൽ കയറി നൊങ്ക് പറിക്കുന്നതിനിടെ ഒരു കുല പഴങ്ങൾ സമീപത്തെ ട്രാൻസ്ഫോർമർ ലൈനിലേയ്ക്ക് വീണ് കുടുങ്ങി.
കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാനായി ഇവർ തോട്ടി ഉപയോഗിച്ചു. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടിയതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: ചെന്നൈ റെഡ് ഹിൽസിനു സമീപം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. അങ്കാടു സ്വദേശി പരന്താമൻ (56) ആണ് മരിച്ചത്. അപകടം നടക്കുന്പോൾ പരന്താമൻ വീട്ടിൽ തനിച്ചയിരുന്നു.
മദ്യപാനിയായ പരന്താമൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ശെൽവിയും മക്കളും സ്വന്തം വീട്ടിലേയ്ക്കു പോയിരുന്നു.
സംഭവം നടക്കുന്ന ദിവസം വീട്ടിൽ പുതിയ സിലിണ്ടർ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ പരന്താമൻ വീട്ടിൽ തനിച്ചായിരുന്നു. ഉറക്കത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു. പരന്താമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
Leader Page
“ലോകമെമ്പാടുമുള്ള സർക്കാരുകൾ തെറ്റായ പാതയിലാണ്. അവർ സംരക്ഷിക്കുന്നത് സ്വാതന്ത്ര്യത്തെയല്ല; മറിച്ച് സമ്പന്നരുടെ താത്പര്യങ്ങളെയാണ്. ജീവിതം താങ്ങാനാവാത്തതാകുന്നതിൽ ജനങ്ങൾക്കുള്ള രോഷത്തെ അടിച്ചമർത്താനാണ് അവർ ശ്രമിക്കുന്നത്.” -ഓക്സ്ഫാം റിപ്പോർട്ടിന്റെ സഹരചയിതാവായ മാക്സ് ലോസന്റെ വാക്കുകളാണിത്. റിപ്പോർട്ട് സൂചിപ്പിക്കുന്നതുപോലെ, സമ്പന്നരുടെ ആസ്തി ഇതേ വേഗത്തിൽ വളരുകയാണെങ്കിൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകം അതിന്റെ ആദ്യത്തെ ട്രില്യണയറെ (ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ള വ്യക്തി) കാണും. ഇത് ഒരു വ്യക്തിയുടെ കൈയിൽ ചില രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാൾ കൂടുതൽ പണം കുമിഞ്ഞുകൂടുന്ന അവസ്ഥയുണ്ടാക്കുമെന്ന വസ്തുതകൂടി ചേർത്തു വായിക്കുമ്പോൾ നമുക്ക് ഏറെ ആശങ്കപ്പെടാനുണ്ട്.
ലോകത്തിലെ ദരിദ്രർക്കുവേണ്ടി ശബ്ദമുയർത്തുകയും അവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആഗോള കൂട്ടായ്മയാണ് ഓക്സ്ഫാം. സ്വിറ്റ്സർലൻഡിലെ ദാവോസിൽ എല്ലാ വർഷവും നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി ഓക്സ്ഫാം ‘ആഗോള അസമത്വ റിപ്പോർട്ട്’ പുറത്തുവിടാറുണ്ട്. ലോകത്തെ പണം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്നും പാവപ്പെട്ടവർ എങ്ങനെ പാർശ്വവത്കരിക്കപ്പെടുന്നുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ആദ്യമായി മൂവായിരം കടന്നത് കഴിഞ്ഞ വർഷമാണെന്ന് 2026ലെ ഓക്സ്ഫാം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അവരുടെ ആകെ സമ്പത്ത് 18.3 ട്രില്യൺ ഡോളറിൽ (ഏകദേശം 1,500 ലക്ഷം കോടി രൂപ) എത്തി. അതേസമയം, പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായ ആഗോള പോരാട്ടങ്ങൾ സ്തംഭനാവസ്ഥയിലുമായി. 2020നു ശേഷം ഇവരുടെ സമ്പത്തിലുണ്ടായ വർധന 81 ശതമാനമാണ്. ഈ തുക ഉപയോഗിച്ച് ലോകത്തിലെ ദാരിദ്ര്യം 26 തവണ തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഓക്സ്ഫാം നിരീക്ഷിക്കുന്നു. രാഷ്ട്രീയസ്വാധീനത്തിന്റെ കാര്യത്തിലാണെങ്കിൽ സാധാരണ പൗരന്മാരേക്കാൾ രാഷ്ട്രീയ പദവികൾ വഹിക്കാൻ 4,000 മടങ്ങ് കൂടുതൽ സാധ്യതയുള്ളത് ശതകോടീശ്വരന്മാർക്കാണ്.
കുത്തകകളുടെ ആധിപത്യം
സമ്പന്നർ വെറുതെ പണം സമ്പാദിക്കുക മാത്രമല്ല, വിപണികളെ മൊത്തമായി നിയന്ത്രിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ 10 കോർപറേറ്റുകളിൽ എട്ടെണ്ണത്തിലും ഒരു ശതകോടീശ്വരൻ മുഖ്യ ഓഹരിയുടമയോ സിഇഒയോ ആണ്.
കൃഷി, മരുന്ന് നിർമാണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചുരുക്കം ചില കമ്പനികൾ മാത്രം ആധിപത്യം സ്ഥാപിക്കുന്നത് സാധാരണക്കാർക്ക് സാധനങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുന്നു. പല രാജ്യങ്ങളിലും ശതകോടീശ്വരന്മാർ നൽകുന്ന ഫലപ്രദമായ നികുതിനിരക്ക് ഒരു സാധാരണ തൊഴിലാളി നൽകുന്നതിനേക്കാൾ കുറവാണ്.
മാധ്യമ നിയന്ത്രണം
അതിസമ്പന്നർ പണത്തിന്റെ ബലത്തിൽ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കൂടുതൽ പരസ്യമായിട്ടായി. ലോകത്തെ പകുതിയിലധികം മാധ്യമ സ്ഥാപനങ്ങളും പ്രധാനപ്പെട്ട പത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒൻപതും ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലാണ്.
ലോകത്തെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ പകുതിയിലധികവും, എല്ലാ മുൻനിര സോഷ്യൽ മീഡിയ കമ്പനികളും ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലാണ്. ജെഫ് ബെസോസ് (വാഷിംഗ്ടൺ പോസ്റ്റ്), ഇലോൺ മസ്ക് (എക്സ്/ട്വിറ്റർ) തുടങ്ങിയവരുടെ ഉടമസ്ഥാവകാശം ഉദാഹരണമാണ്. മാധ്യമ എഡിറ്റർമാരിൽ 27 ശതമാനം മാത്രമാണ് സ്ത്രീകൾ. ആഗോളതലത്തിൽ വംശീയ ന്യൂനപക്ഷങ്ങളിൽനിന്നുള്ള എഡിറ്റർമാർ 23 ശതമാനം മാത്രം.
അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം
ഒരു പുതിയ നയത്തെ അതിസമ്പന്നർ പിന്തുണയ്ക്കുകയാണെങ്കിൽ അത് നടപ്പിലാകാൻ 45% സാധ്യതയുണ്ടെന്നാണ് അമേരിക്കയിൽ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നത്. എന്നാൽ, അവരെതിർത്താൽ സാധ്യത വെറും 18 ശതമാനം മാത്രമാണ്. ജനാധിപത്യ സംവിധാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം എത്രത്തോളം അവഗണിക്കപ്പെടുന്നു എന്നു നോക്കൂ.
സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള ഈ വിടവ് അപകടകരമായ രാഷ്ട്രീയ സാഹചര്യമാണുണ്ടാക്കിയതെന്ന് ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു. പണക്കാർ തെരഞ്ഞെടുപ്പുകളെ വിലയ്ക്കെടുക്കുന്നുവെന്ന് 66 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പകുതിയോളംപേർ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.
പാലോട് - പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 ഓടെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് രാജിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സിമി സന്തോഷ് മരിച്ചത്.
അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന അഴീക്കോട് സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു. സംഭവ ദിവസം ഇവർ മൂന്നുപേർക്കുമാണ് പരിക്കുപറ്റിയത്. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14ാം തീയതിയാണ് അപകടമുണ്ടായത്.
Leader Page
നിസാര കാര്യങ്ങളുടെ പേരിൽപോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താൽ കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നവരുണ്ട്. 50 പൈസയുടെ പേരിൽ, ഒരു വടയുടെ പേരിൽ തർക്കമുണ്ടാക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മൃഗങ്ങളെപോലും നിയന്ത്രിക്കുന്ന മനുഷ്യന് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് വളരെ പരിതാപകരമാണ്. നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും അപകടങ്ങളിലേക്കാണ് ഒരുവനെ നയിക്കുക. പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർക്കു മുമ്പിൽ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നിൽക്കാൻ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്.
സ്വന്തം വികാരങ്ങൾക്കും പ്രവൃത്തികൾക്കും നാംതന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആത്മനിയന്ത്രണം ഇല്ലെങ്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യാൻ തോന്നും. അതുമൂലം ഉണ്ടാകുന്ന ഭവിഷത്തുകൾക്കും നാം മാത്രമായിരിക്കും ഉത്തരവാദി. പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാൻ പറ്റില്ല എന്നോർക്കണം.
വരുംവരായ്കകൾ ആലോചിക്കാതെയുള്ള എടുത്തുചാട്ടം ഒഴിവാക്കണം. വികാരങ്ങളെ അടിച്ചമർത്തുകയല്ല; മറിച്ച്, അവയെക്കുറിച്ച് ബോധവാനായിരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ജീവിതസമ്മർദങ്ങളെയും വെല്ലുവിളികളെയും ശാന്തമായും ഫലപ്രദമായും ആരോഗ്യപരമായും നേരിടാൻ കഴിയുക എന്നത് പക്വതയുള്ള വ്യക്തിയുടെ സമീപനമാണ്. അത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും.
വൈകാരിക പക്വത
ആത്മനിയന്ത്രണം സ്വയം നിയന്ത്രിക്കാനുള്ള മാനസികശക്തിയാണ്. ജീവിതത്തിന് അത് അനിവാര്യമാണ്. സ്വന്തം ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനുള്ള കഴിവാണ് ആത്മനിയന്ത്രണം. വൈകാരിക പക്വതയുള്ള ഒരാൾ ആത്മനിയന്ത്രണമുള്ള വ്യക്തിയായിരിക്കും.
ഗ്രീക്ക് ഫിലോസഫിയുടെ അന്തഃസത്ത സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്കുക എന്നതാണ്. വൈകാരിക പക്വതയുടെ അന്തഃസത്തയും ഇതുതന്നെ. മനസിനെ ക്രമീകരിച്ചാൽ വൈകാരിക പക്വതയാകും. അതുവഴി ആത്മനിയന്ത്രണവും സാധ്യമാകും. സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയിൽ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങൾ അംഗീകരിക്കുക, മനുഷ്യബന്ധങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങൾ. ജീവിതവിജയത്തിന് മനഃസംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകൂ.
ശാരീരികം, മാനസികം, വൈകാരികം, ആധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം ബുദ്ധിമാനങ്ങളുണ്ട്. ഇവ ഓരോന്നും സംയോജിച്ച് പ്രവർത്തിക്കുമ്പോഴാണ് ജീവിതവിജയം കടന്നുവരിക. ഓരോ ബുദ്ധിമാനത്തിനും വ്യത്യസ്തമായ ദൗത്യമാണുള്ളത്. ശാരീരിക ബുദ്ധിമാനത്തിന്റെ ലക്ഷ്യം നിലനില്പാണ്. മാനസിക ബുദ്ധിമാനത്തിന്റേത് വികസനവും വളർച്ചയുമാണ്. വൈകാരിക ബുദ്ധിമാനം ബന്ധങ്ങളെയും ആധ്യാത്മിക ബുദ്ധിമാനം സംതൃപ്തിയെയും കൈകാര്യം ചെയ്യുന്നു.
നാലു മേഖലകൾക്കും തുല്യ പ്രാധാന്യമാണെങ്കിലും വൈകാരിക പക്വതയുടെ മാനങ്ങളാണ് ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്നത്. നമ്മുടെ ദർശനങ്ങൾക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഇന്ധനമാണ് വൈകാരിക ഭാവങ്ങളിലൂടെ ലഭിക്കേണ്ടത്.
വൈകാരിക ബുദ്ധിമാനത്തിന് അഞ്ച് ഘടകങ്ങളുണ്ട്. സ്വയാവബോധം, ഉത്സാഹം, ആത്മനിയന്ത്രണം, തന്മയീഭാവം, ബന്ധങ്ങളിലെ ദൃഢത എന്നിവയാണവ. ഇവ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആർജിക്കുന്നത്.
ആത്മനിയന്ത്രണം
ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസിന്റെ ബാലൻസ് നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെയും കാഴ്ചപ്പാടുകളെയും മനസിലാക്കാനും പരിഗണിക്കാനും ശ്രമിക്കുമ്പോൾ ആത്മനിയന്ത്രണം സാധ്യമാകും. ചില അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അങ്ങനെയും ഒരു അഭിപ്രായമുണ്ട് എന്നു മനസിലാക്കിയാൽ മതി. പ്രതികരിക്കണമെന്നില്ല. അഭിപ്രായം പറയുന്നവരുടെ അപ്പോഴത്തെ മാനസികനില പ്രധാനമാണ്. മറ്റൊരു സന്ദർഭത്തിലാണെങ്കിൽ അങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. സഹാനുഭൂതിയോടെ പെരുമാറാൻ പഠിക്കുക. മറ്റുള്ളവരുമായി വ്യക്തവും ആരോഗ്യകരവുമായ അതിരുകൾ സ്ഥാപിക്കാം.
സമ്മർദങ്ങൾ അലട്ടുമ്പോൾ, വസ്തുതകൾ പഠിക്കാനും മനസിലാക്കാനും ശാന്തത പാലിക്കാനും ചിന്തിച്ചു പ്രവർത്തിക്കാനും പക്വമായി പ്രതികരിക്കാനും കഴിയണം. അങ്ങനെ വരുമ്പോൾ നമ്മുടെ മാനസിക ക്ഷേമം മെച്ചമാകും. ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നിലനിർത്താനും സാധിക്കും. ജീവിത സംതൃപ്തി വർധിപ്പിക്കുന്നതിനും ഇടയാക്കും. വൈകാരിക പക്വത ഒരു തുടർച്ചയായ പ്രക്രിയയാണ്. തെറ്റുകൾ സംഭവിക്കാം. അതിൽനിന്ന് പാഠം പഠിച്ച് മുന്നേറാനുള്ള കഴിവാണ് പ്രധാനം.
മാനസികനില തകരാറിലാക്കുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്തകളെയും നിയന്ത്രിക്കണം. അഹങ്കാരം, പുച്ഛഭാവം, ധാർഷ്ട്യം, പരിഹാസം എന്നിവ ഒഴിവാക്കണം. നെഗറ്റീവ് അനുഭവങ്ങൾ നല്കരുത്. സന്തോഷവും അന്തസും നിറഞ്ഞ സമീപനത്തിലൂടെ വൈകാരിക പക്വത കൈവരിക്കാം. സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസിൽനിന്നുമാണ്.
സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. മനസിനെ ശാന്തമാക്കുക, അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുക, കുറ്റപ്പെടുത്തിയാലും കാതോർക്കുക, ശുഭാപ്തിവിശ്വാസിയാകുക, നർമബോധം നഷ്ടപ്പെടുത്താതിരിക്കുക, വിശ്വസ്തത പുലർത്തുക, ക്ഷമയോടെ കാത്തിരിക്കുക, സ്നേഹിച്ചു വശത്താക്കുക എന്നീ സമീപനങ്ങൾ മനഃസംയമനത്തിനും അതുവഴി വൈകാരിക പക്വതയ്ക്കും ജീവിതവിജയത്തിനും സഹായകരമാകും.