District News
കോട്ടയം: എസ്എച്ച് മൗണ്ടില് ടിഷ്യൂപേപ്പര് നിര്മാണ ഫാക്ടറിയില് വന് തീപിടിത്തം. ജെ.എന് ഇന്ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശി ജിതിന് മുഹമ്മദ്, അടിച്ചിറ സ്വദേശി നിഖില് ടി. ബഷീര് എന്നിവരുടേതാണ് ഫാക്ടറി. 1.5 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാക്ടറി കെട്ടിടം, തൊഴിലാളികള് താമസിക്കുന്ന വീട്, പ്രധാന ഗോഡൗണ് എന്നിവയ്ക്കാണ് തീപിടിച്ചത്. ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല് സ്ഥാപനത്തില് ആളില്ലായിരുന്നുവെന്നാണു പ്രാഥമിക വിവരം.
സമീപ വീട്ടിലെ താമസക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. തുടര്ന്ന് കോട്ടയത്തെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അപ്പോഴേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിന്റെ ഭിത്തികള് തകര്ത്താണ് സേനാംഗങ്ങള് തീയണയ്ക്കാന് ശ്രമം നടത്തിയത്. കോട്ടയം അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് വാഹനങ്ങള് എത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടര്ന്ന് പാലായില്നിന്നും പാമ്പാടിയില്നിന്നും സേനാ യൂണിറ്റുകള് എത്തി.
പിന്നീട്, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളില്നിന്നുകൂടി ഓരോ യൂണിറ്റ് സേനയെത്തി. ജില്ലാ ഫയര് ഓഫീസര് റെനി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഒന്പതോടെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജനവാസ മേഖലയിലായിരുന്നു ഫാക്ടറി പ്രവര്ത്തിച്ചിരുന്നത്. ഏഴു വര്ഷമായി സ്ഥാപനം ഇവിടെ പ്രവര്ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര് പറയുന്നു.
പഴയ ഒരു വീട്ടിലും അതിനു സമീപത്തായി നിര്മിച്ച ഗോഡൗണിലുമായാണ് സ്ഥാപനം പ്രവര്ത്തിച്ചിരുന്നത്. വിദേശത്തുള്ള ഉടമസ്ഥര് സ്ഥലം ഫാക്ടറി നടത്താന് വാടകയ്ക്ക് നല്കിയതായിരുന്നു. ഷോര്ട്ട് സര്ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര് പോലീസും സ്ഥലത്ത് എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് തീ പൂർണമായി അണച്ചത്. സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, തഹസില്ദാര് സിറിൾ സഞ്ജു ജോര്ജ് തുടങ്ങിയവര് സ്ഥലത്തെത്തി.
Kerala
കോട്ടയം: കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപിടിത്തം. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി കോംപ്ലക്സിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളിൽ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.
എളുപ്പത്തിൽ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകൾ കെട്ടിടങ്ങളിലുടനീളം സൂക്ഷിച്ചിരുന്നതിനാൽ തീ എല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച അവധി ദിനമായതിനാൽ ഫാക്ടറിക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെട്ടിടങ്ങളുടെ മുൻവാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ കടന്ന് തീ അണയ്ക്കുന്നത് വെല്ലുവിളിയായി. ഗ്രില്ലുകളും കോൺക്രീറ്റ് ഭാഗങ്ങളും തകർത്താണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. കെട്ടിടത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ രാത്രിയും തുടരുകയാണ്.
National
ന്യൂഡല്ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനുള്ളില് കുടുങ്ങിയ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. അരുണ്(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും സുല്ത്താന്പുരിയിലെ ഇന്ദ്ര ജീല് നിവാസികളാണ്.
ഡല്ഹിയിലെ മുന്ദ്ക ഇന്ഡസ്ട്രിയല് ഏരിയയില് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജ്വാല പുരിയിലെ 8/93-ാം നമ്പര് ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് തൊഴിലാളികള് കുടുങ്ങിയത്.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഇവര് വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുന്ദ്ക പോലീസ് സംഭവത്തില് അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നതില് എന്തെങ്കിലും വീഴ്ച്ചയുണ്ടായോ എന്നതുൾപ്പെടെയാണ് പോലീസ് അന്വേഷിക്കുന്നത്.
District News
കരിങ്കുന്നം: ഒറ്റല്ലൂര് മേഖലയില് നിര്മാണാനുമതി തേടുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ പ്രദേശവാസികള് നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി എഴ്, ഒന്പത് വാര്ഡുകളില് ഇതിനായി പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്ത്ത് പ്രമേയം പാസാക്കി പഞ്ചായത്ത് ഭരണസമിതിക്കു കൈമാറി. ഗ്രാമസഭകളില് വാര്ഡുകളിലെ ഭൂരിപക്ഷം കുടുംബങ്ങളും പങ്കെടുത്ത് സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോണ്, വാര്ഡ് മെംബര്മാര് എന്നിവര് യോഗത്തില് പങ്കെടുത്തു.
ശാന്തവും പ്രകൃതിരമണീയവുമായ ഒറ്റല്ലൂര് മേഖലയില്, അതിമാരകമായ രാസപദാര്ഥങ്ങള് കൈകാര്യം ചെയ്യുന്ന ഓറഞ്ച് കാറ്റഗറിയില് വരുന്ന പ്ലൈവുഡ് ഫാക്ടറി സൃഷ്ടിച്ചേക്കാവുന്ന അതിതീവ്രമായ പരിസ്ഥിതി മലിനീകരണമായിരുന്നു പ്രധാന ചര്ച്ചാവിഷയം. ഇതു വഴിയൊഴുകുന്ന കരിയിലം തോടിനെ ഫാക്ടറിയില്നിന്നുള്ള രാസവസ്തുക്കള് മലീമസമാക്കുമെന്ന് യോഗത്തില് പങ്കെടുത്തവര് ചൂണ്ടിക്കാട്ടി.
കൂടാതെ ഇല്ലിചാരി റിസര്വ് ഫോറസ്റ്റിന്റെ ജൈവസമ്പത്തിനെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇവിടം സന്ദര്ശിച്ച ജില്ലാ ജൈവവൈവിധ്യ കമ്മിറ്റി പഞ്ചായത്തിന് റിപ്പോര്ട്ട് നല്കുകയും ചെയ്തിരുന്നു. ഈ വസ്തുതകള് കണക്കിലെടുത്തു ഫാക്ടറി വരുന്നതിനെതിരേയുള്ള പ്രമേയം ഗ്രാമസഭയില് പങ്കെടുത്ത എല്ലാവരും അംഗീകരിച്ചാണ് പാസാക്കിയത്. ഫാക്ടറിക്കെതിരേ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ജനങ്ങളുടെ തീരുമാനം.
International
സിയൂൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ പ്രതിരോധ-വ്യോമയാന കമ്പനിയായ ഹൻവ എയറോസ്പേസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം.
അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.59ഓടെ തലസ്ഥാനമായ സോളിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഡേജിയോൺ നഗരത്തിലെ പ്ലാന്റിലാണ് അപകടം.
ഫാക്ടറിയിലെ റോക്കറ്റ് ഇന്ധനം ഉത്പാദിപ്പിക്കുന്ന വിഭാഗത്തിലാണു പൊട്ടിത്തെറിയുണ്ടായത്. റോക്കറ്റ് ഇന്ധനം നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ, അതിൽ അവശേഷിക്കുന്ന സ്ഫോടകവസ്തുക്കൾക്കു തീപിടിച്ചതാകാം അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.
National
ദേവാസ്: മധ്യപ്രദേശിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു.
ദേവാസ് ജില്ലയിലെ ടോങ്ക് കലാൻ മേഖലയിലായിരുന്നു അപകടം. അനിൽ മാളവ്യ എന്നയാളുടെ പടക്കനിർമാണശാല 15 ദിവസം മുന്പാണ് ആരംഭിച്ചത്.
International
ബെയ്ജിംഗ്: ചൈനയിൽ പടക്ക നിർമാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 26 പേർ മരിച്ചു. 61 പേർക്കു പരിക്കേറ്റു.
ചൈനീസ് പടക്കനിർമാണ വ്യവസായത്തിന്റെ ആസ്ഥാനമായ ലിയുയാംഗ് നഗരത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ദുരന്തം.
ഫാക്ടറി നിലനിന്നിരുന്ന സ്ഥലം നിരപ്പായി എന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആകാശംമുട്ടെ പുക ഉയരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. സ്ഫോടനസ്ഥലത്തിനു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചുമാറ്റി.
1500 അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രോണുകളും റോബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അടിയന്തര അന്വേഷണം നടത്താൻ പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലിയുയാംഗ് നഗരത്തിലെ എല്ലാ പടക്കശാലകളിലും പരിശോധന നടത്താൻ ചൈനീസ് അധികൃതർ തീരുമാനിച്ചു. അതുവരെ ഉത്പാദനം നിർത്തിവയ്ക്കാൻ എല്ലാ സ്ഥാപനങ്ങളോടും നിർദേശിച്ചു.
ലിയുയാംഗ് ഉൾപ്പെടുന്ന ഹുനാൻ പ്രവിശ്യയിൽ കഴിഞ്ഞവർഷം ജൂണിൽ മറ്റൊരു പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടത്തിൽ ഒന്പതു പേർ മരിച്ചിരുന്നു.
കഴിഞ്ഞവർഷം 114 കോടി ഡോളറിന്റെ പടക്കങ്ങളാണ് ചൈന കയറ്റുമതി ചെയ്തത്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടതിന്റെ മൂന്നിൽ രണ്ടു വരുമിത്.
National
ന്യൂഡൽഹി: ഡൽഹിയലെ നരേലയിലുള്ള ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായി. ജനവാസ മേഖലയ്ക്ക് സമീപമായിരുന്നു തീപിടിത്തം ഉണ്ടായത്. എങ്കിലും, അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്ന എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
രാവിലെ എട്ട് മണിക്കാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അന്ധിശമന സേന തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ചെരിപ്പുകളും ഷൂസും നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
National
ചെന്നൈ: വിരുദനഗർ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനപ്രതികൾ കീഴടങ്ങി. ഫാക്ടറി ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് വിരുദനഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈശ്വരിയേയും മുത്തുമാണിക്യത്തിനെയും കണ്ടെത്താൻ പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഫോടനത്തിൽ 25 പേർ മരിച്ചു. അപകടത്തിനു പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. ദുരന്തത്തിൽ സ്വമേധയാ കേസെടുക്കണമെന്ന അഡ്വ. ആർ. കരുണാനിധിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇടപെടൽ.
Kerala
ചെന്നൈ: വിരുദുനഗർ പടക്കനിർമാണശാല സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളുടെ ബന്ധുക്കളായ നാലുപേരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഫാക്ടറി ഉടമയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെ കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മധുര, തേനി ജില്ലകളിലും ബംഗളൂരുവിലും പോലീസ് പരിശോധന നടത്തി.
വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിൽ 25 പേർ മരിച്ചെന്നും മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഫോടനം നടക്കുമ്പോൾ നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച പടക്ക നിർമാണ ശാലയ്ക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
ഈ ചട്ടം ലംഘിച്ചാണ് സ്ഥാപനം ഇന്നലെ പ്രവർത്തിച്ചതെന്നും ജില്ലാ കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്തു വൻതോതിൽ ഓർഡർ ലഭിച്ചതിനാൽ അവധി ദിവസവും നൂറോളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ കളക്ടറും എസ്പിയുമടക്കമുള്ളവർ അത്ഭുതകരമായാണു രക്ഷപ്പെട്ടത്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ ആളപായമില്ലെന്ന് പോലീസ് പറഞ്ഞു.
ബേസ്മെന്റിൽ സ്ഥാപിച്ചിരുന്ന മെഷീനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അപകടത്തിൽപ്പെട്ടത്.
പുക നിറഞ്ഞതിനെ തുടർന്ന് ഫാക്ടറിയുടെ ഒന്നാം നിലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും കെട്ടിടത്തിന്റെ വശത്തെ ഗ്ലാസ് പാനലുകൾ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റ അഞ്ചു പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഗ്ലാസ് തട്ടി ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.
തൊഴിലാളികളും പോലീസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദിൽ ഹോളി ഉൾപ്പെടെ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന വർണപ്പൊടി (ഗുലാൽ) നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു സ്ത്രീകൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു.
സാഫിഡോണിലെ ഭാട്ട് കോളനിയിലുള്ള ഫാക്ടറിയുടെ പ്രവേശന കവാടത്തിലാണു തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ സ്ഫോടനത്തിൽ 11 തൊഴിലാളികൾക്കു പൊള്ളലേറ്റു.
മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ ലോട്ടെ പരശുറാമിലെ ഡോ. ഖാൻ ഇൻഡട്രിയൽ കൺസൾട്ടന്റ്സിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ വിദഗ്ധചികിത്സയ്ക്കായി നവിമുംബൈയിലേക്കു കൊണ്ടുവന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ എക്സ്പ്ലൊസീവ് ഫാക്ടറിയില് ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
സ്ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളിൽ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പരിക്കേറ്റവരെ നാഗ്പുരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു.
നാശനഷ്ടങ്ങൾ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു.
ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ഫോടനം നടക്കുന്പോൾ 20 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്.
Kerala
കാസർഗോഡ്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാലോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: സംഘര്ഷത്തെ തുടര്ന്ന് താത്കാലികമായി അടച്ച താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പോലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷമേ പ്രവര്ത്തനം തുടങ്ങൂവെന്ന് ഡയറക്ടർമാർ അറിയിച്ചു.
വ്യാഴാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് പ്ലാന്റ് തുറന്നുപ്രവര്ത്തിക്കാനുള്ള അനുമതി കൊടുത്തത്. പ്ലാന്റ് തുറന്നുപ്രവര്ത്തിക്കുമ്പോള് അക്രമം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് സമരസമിതി.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്ക്കരണം 25 ടണ്ണില് നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മുതല് രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്ത്തനം നിര്ത്തിവയ്ക്കാനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.
അതേസമയം ഫാക്ടറിക്കെതിരായ സമരം ഇന്ന് വൈകുന്നേരം അഞ്ചിന് പുനരാരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ സമരം നടന്ന അമ്പലമുക്ക് ഭാഗത്തായിരിക്കും സമരം ആരംഭിക്കുക. ഫാക്ടറി പരിസരത്ത് സമരമുണ്ടായിരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കല് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില് 10 പേര് മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പസമൈലാരം വ്യവസായികമേഖലയിലെ സിഗാച്ചി കെമിക്കല് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്ട്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില് വലിയതോതില് തീപടര്ന്നു. ആറുപേര് സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര് ആശുപത്രിയില്വെച്ചും മരിച്ചെന്നാണ് വിവരം. വിവിധയിടങ്ങളില്നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
National
ന്യൂഡല്ഹി: ഡല്ഹി റിത്താലയിലെ കെമിക്കല് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില് മൂന്ന് പേര് മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റിത്താല മെട്രോ സ്റ്റേഷന് സമീപമുള്ള ഫാക്ടറിയില് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്കും തുണിത്തരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട്.
സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഫാക്ടറിയുടെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാന് ഇതുവരെ രക്ഷാപ്രവര്ത്തകര്ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കൂടുതല് ആളുകള് കുടുങ്ങികിടപ്പുണ്ടോയെന്നും ആശങ്കയുണ്ട്.