National
രാമേശ്വരം: കച്ചത്തീവിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ഒന്‍പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ യന്ത്രവത്കൃത ബോട്ടും കസ്റ്റഡിയിലെടുത്തു.
ഒന്നരമാസത്തിനിടെ ലങ്കൻസേന പിടിച്ചെടുത്ത മൂന്നാമത്തെ ബോട്ടാണിതെന്നും സാവേരിയാർ ഫിഷർമെൻ അസോസിയേഷൻ പ്രസിഡന്റ് സഗായം സാവേരിയാർ പറഞ്ഞു.
Kerala
കൊല്ലം: നീണ്ടകര ഉൾപ്പെടെ തീരമേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താനും സർക്കാർ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.
കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തെരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
"പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്" എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്നും റവ. ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേർത്തു.
വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള അങ്ങയുടെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ബിഷപ്പ് അറിയിച്ചു.
നീണ്ടകര ഉൾപ്പെടെ തീരദേശ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും, വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും റവ. ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി.
Editorial
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
Kerala
തിരുവനന്തപുരം: എവിടെ ദുരന്തമുണ്ടായാലും അവിടെയെല്ലാം ഓടിയെത്തുന്ന മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അവഗണനയും അനാസ്ഥയും.
മുതലപ്പൊഴിയിലും നീണ്ടകരയിലും ദുരന്തത്തില്‍പെട്ട് കാണാമറയത്തായവരെ കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് തുണയാവേണ്ട ഫിഷറീസ് വകുപ്പ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ കാട്ടുന്ന അലംഭാവത്തിനെതിരേ തീരദേശ മേഖലയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2018ലെ പ്രളയത്തില്‍ നാടിന്റെ കാവല്‍ക്കാരായി നിലയുറപ്പിച്ച് ജീവന് പണയംവച്ച് മനുഷ്യജീവന് രക്ഷിക്കാന്‍ രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അന്നത്തെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത് കേരളത്തിന്റെ സൈന്യം എന്നാണ്.
എന്നാല്‍ ആ സൈന്യം കേഴുന്നു. തങ്ങളുടെ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കൂ എന്ന്.മുതലപ്പൊഴിയിലും നീണ്ടകരയിലും മീന്പിടിത്തംകഴിഞ്ഞ് മടങ്ങി വരുമ്പോള്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അവസാനം ഉറ്റവര്‍ക്ക് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു.
തെരച്ചിൽ ഊർജിതമാക്കിയെന്ന് മന്ത്രി
അങ്കമാലി: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ കൂടുതൽ ഊർജിതമാക്കിയതായും സ്കൂബ ഡൈവർമാർ കൂടി പരിശോധിക്കുന്നുണ്ടെന്നും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. സാധ്യമായ എല്ലാ തെരച്ചിലും തുടരുന്നുണ്ട്.
നിലവിലെ സംവിധാനം പര്യാപ്തമല്ല. കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാറ്റിനും പരിഹാരം കണ്ടെത്താനാണു ശ്രമം നടക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പലതും രണ്ടു മാസംകൊണ്ടു പരിഹരിക്കാവുന്ന ഒന്നല്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും മന്ത്രി അങ്കമാലിയിൽ പറഞ്ഞു.
എവിടെ വകുപ്പ് മന്ത്രി ?
മുതലപ്പൊഴിയലും നീണ്ടകരയിലും പ്രതിഷേധം അലയടിക്കുമ്പോള്‍ വകുപ്പ് മന്ത്രിയെ കാണാനേ ഇല്ല. ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുല്‍ ഗഫൂറാകട്ടെ കൊച്ചിയിലേക്ക് വണ്ടി കയറി.
പിന്നീട് പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗത മന്ത്രി സി.പി. ജോൺ നേരിട്ടിറങ്ങേണ്ടി വന്നു. പ്രതിഷേധക്കാരെ കണ്ട് നല്ല വാക്ക് പറയേണ്ട മത്സ്യത്തൊഴിലാളികളുടെ സ്വന്തം വകുപ്പ് മന്ത്രി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുവെന്ന് പറഞ്ഞൊഴിയുന്നു.
മുൻ സര്‍ക്കാരുകളുടെ കാലത്ത് തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി മുന്‍ നിരയില്‍തന്നെ ഉണ്ടാകും.
പക്ഷേ ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറിനെ ദുരന്ത മേഖലയിൽ കാണാനില്ല. ഫിഷറീസ് വകുപ്പ് തീരദേശത്തെയുംകുറിച്ച് അറിയുന്നവര്‍ക്ക് നല്‍കണമെന്ന ആവശ്യം
ഉയര്‍ന്നിരുന്നു.
Kerala
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. പ്രത്യേക പരിശീലനം ലഭിച്ച സ്കൂബ ഡൈവേഴ്സിന്റെ സേവനം ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശവാസികളുടെ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ മന്ത്രി, മറൈൻ ആംബുലൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു.
ഈ മേഖല നേരിടുന്ന വെല്ലുവിളികൾ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്നവ അല്ലെന്നും, എന്നാൽ സമഗ്രമായ പരിഹാരങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുമെന്നും, ഇതിനായി ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുതലപ്പൊഴിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസങ്ങൾ പിന്നിടുകയാണ്. തെരച്ചിൽ നടപടികൾ വൈകുന്നതിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം തുടരുകയാണ്.
Kerala
കൊച്ചി: ജീവിക്കാൻ വരുമാനം തേടി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്ക്ഷോഭത്തില്പ്പെടുമ്പോള് രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്താനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് കെസിബിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ തീരദേശങ്ങളില്‍ അധിവസിച്ചു മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ കാലവര്‍ഷത്തില്‍ ഭീതിയിലാണ് കഴിയുന്നത്. കടലില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, മുന്നറിയിപ്പ് ലംഘിച്ചുവെന്ന ന്യായം പറഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും സ്വന്തം താത്പര്യങ്ങള്‍ മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരാണ്.
പക്ഷേ അവരുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ മെല്ലെപ്പോക്കു നയമെടുക്കുന്നത് മനുഷ്യത്വരഹിതമാണ്. നീണ്ടകരയില്‍ ഗൗതമെന്നയാൾ അപകടത്തില്‍പ്പെട്ടിട്ട് എട്ടു ദിവസമായിട്ടും വിവരമൊന്നുമില്ലാത്തതു പ്രതിഷേധാര്‍ഹമാണ്. അതുപോലെതന്നെ മുതലപ്പൊഴിയില്‍ ഷിജിനെന്ന മത്സ്യത്തൊഴിലാളിയെ കാണാതായിട്ടും തെരച്ചിലില്‍ പുരോഗതിയില്ല.
കോസ്റ്റ്ഗാര്‍ഡിനും തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളും ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കണം.
കടലില്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.
District News
കൊല്ലം: തീരപ്രദേശത്തും ഏഴു വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് കളക്ടര്‍ ആനി ജൂലാ തോമസ്.
ഏഴ് വരെ കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും കാരണം മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും ജാഗ്രത നിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശ നിവാസികളും കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
Kerala
കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലയും ബോട്ടും തയാറാക്കി കടലിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ കൊച്ചിയിലെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ മാസം 31ന് ആണ് അവസാനിക്കുക.
52 ദിവസത്തെ നിരോധനം അവസാനിക്കുമ്പോള്‍ പ്രതീക്ഷയോടെ വലയുടെയും ബോട്ടിന്റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് കടലില്‍ നിന്നും മീന്‍ പിടിക്കാനിറങ്ങുക. അതിനാല്‍ തന്നെ സംസ്ഥാനത്ത് മത്സ്യ വില കുത്തനെ ഉയര്‍ന്നിരുന്നു.
District News
മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വിലവര്‍ധനവും സര്‍ക്കാരില്‍നിന്നുള്ള ഇന്ധന സബ്സിഡി കൃത്യമായി ലഭിക്കാത്തതും കാരണം കടലില്‍ പോയി വരാനുള്ള ചെലവ് പോലും പലപ്പോഴും കിട്ടാറില്ല. ഇന്ധനവില വര്‍ധനവും സബ്സിഡി പരിമിതിയും കൊല്ലത്തെ തീരദേശ ജീവിതങ്ങളുടെ ഉപജീവനത്തെ മാത്രമല്ല, അവരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തെയും കടുത്ത ഭീഷണിയിലാക്കുന്നു.
സബ്സിഡി ക്വാട്ട ഉയര്‍ത്തുക, ഇന്ധന നികുതികളില്‍ ഇളവ് നല്‍കുക തുടങ്ങിയ അടിയന്തര ഇടപെടലുകള്‍ മേഖലയ്ക്ക് അത്യാവശ്യമാണ്. ജില്ലയില്‍ 27 മത്സ്യബന്ധന ഗ്രാമങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില വര്‍ധനവും സബ്സിഡി കുറവും കൊല്ലത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കേണ്ടത്.
ഇന്ധനച്ചെലവ് വര്‍ധിച്ചതോടെ ഒരു യാത്രയുടെ പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നു. ഓരോ യാത്രയിലും ഏകദേശം 40,000 രൂപ വരെ ചെലവ് വരുന്നു. വേനല്‍ക്കാലത്ത് മീന്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാല്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരുന്നു, ഇത് ചെലവ് വീണ്ടും കൂട്ടുന്നു. നീണ്ടകര/ശക്തികുളങ്ങര പോലുള്ള തുറമുഖങ്ങളില്‍ ഇത് ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറയ്ക്കാനും കടം കൂടാനും ഇടയാക്കുന്നു.
ചെലവ് കൂടിയതോടെ മീന്‍ വില ചില്ലറ വിപണിയില്‍ കുത്തനെ കൂടിയെങ്കിലും ലാഭം മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നില്ല. നഗരവിപണികളില്‍ ഇടത്തരം അയലയുടെ വില 180 രൂപയില്‍ നിന്ന് ഏകദേശം ഇരട്ടിയായി 260 രൂപയായി. എന്നാല്‍ ഈ വര്‍ധനവിന്റെ പ്രയോജനം ചാളയും മറ്റും പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഇടനിലക്കാരും ചില്ലറ വ്യാപാരികളുമാണ് യഥാര്‍ഥ ലാഭം നേടുന്നത്. ഇത് കൊല്ലംപോലുള്ള മേഖലകളിലെ ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളെ (വല നെയ്ത്ത്, ഐസ് പ്ലാന്റ്, ലേലം, സംസ്കരണം) കൂടി ബാധിക്കുന്നു.
സര്‍ക്കാര്‍ സബ്സിഡി ഉയര്‍ത്തിയെങ്കിലും അത് പര്യാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം. ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 25 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തി.
എന്നാല്‍ വിപണി വില വര്‍ധിച്ചതിനാല്‍ ഇത് ഫലപ്രദമായില്ല. ക്വാട്ട സമ്പ്രദായം തന്നെ പരിമിതമാണ്. സംസ്ഥാനത്താകെ മത്സ്യഫെഡ് വഴി 14,342 അംഗീകൃത എന്‍ജിനുകള്‍ക്ക് മാത്രമാണ് സബ്സിഡി മണ്ണെണ്ണ ലഭിക്കുന്നത്. ഓരോ എന്‍ജിനും പ്രതിമാസം 140-190 ലിറ്റര്‍ മാത്രം. ഇത് ഒന്നോ രണ്ടോ ദിവസത്തെ മീന്‍പിടിത്തത്തിന് മാത്രമേ തികയൂ. ജിഎസ്ടിയിനത്തില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒമ്പതു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതും വിലക്കയറ്റത്തിന് കാരണമായി. പെര്‍മിറ്റ് സമ്പ്രദായത്തിലെ കാലതാമസവും സങ്കീര്‍ണതയും കാരണം പലരും ഇന്ധനത്തിനായി കരിഞ്ചന്തയെ ആശ്രയിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം സബ്സിഡിയോടു കൂടിയ മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയില്‍ നിന്ന് 155.37 രൂപയായി ഉയര്‍ന്നു. ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന കൊല്ലം പോലുള്ള ജില്ലകളില്‍ ഇത് വലിയ ആഘാതമുണ്ടാക്കി. കാരണം ഇത്തരം വള്ളങ്ങളില്‍ പരമ്പരാഗതമായി മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.
പ്രതിസന്ധികൾ
ഇന്ധനവില വര്‍ധനവും അപര്യാപ്തമായ സബ്സിഡിയും കൂടിച്ചേരുമ്പോള്‍ കൊല്ലം ജില്ലയിലെ തീരദേശ സമ്പദ്വ്യവസ്ഥയില് പ്രതിസന്ധി ഉടലെടുക്കുന്നു. പ്രധാന പ്രതിസന്ധികള്‍ ഇവയാണ്.
നാളെ: പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്
Kerala
കൊച്ചി: പുതുവൈപ്പില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊവിലാളികള്‍ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ ദേവസി, ബാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി പുതുവൈപ്പില്‍ നിന്നും കടലിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്.
വള്ളം കടലില്‍ തലകീഴായി മറിയുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
Kerala
ആലപ്പുഴ: സംസ്ഥാനത്ത് 52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നിരോധനം ഒൻപതിന് അർധരാത്രി ആരംഭിച്ച് ജൂലൈ 31 അർധരാത്രി വരെയാണ്. ഈ കാലയളവ് തീരക്കടലിൽ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. കേരളത്തിൽ മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
മത്സ്യസമ്പത്ത് വർധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗം ഉറപ്പുവരുത്തുവാനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ട്രോളിംഗ് നിരോധനം. 1988 ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ നടപ്പിലാക്കി തുടങ്ങിയത്. വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
District News
ആലപ്പുഴ: ജില്ലയിൽ മഞ്ഞ അലർട്ട് തുടരുന്നു. കള്ളക്കടൽ പ്രതിഭാസവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിട്ടി.
ജില്ലയിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ തീരങ്ങളിൽ ഇന്നലെ ഉച്ചക്ക് 2.30 മുതൽ ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ജാഗ്രതാ നിർദേശം
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
Kerala
ആലപ്പുഴ: ചൂടുകൂടിയതോടെ കടലിൽ മത്സ്യമില്ലാതെ നട്ടം തിരിയുന്ന തീരദേശ മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി മണ്ണെണ്ണെ വില വർധനവും. സബ്സിഡിഡി നിരക്കിലുള്ള മണ്ണെണ്ണ രണ്ടുമാസമായി കിട്ടാനുമില്ലാതായതോടെ കടലിൽ വള്ളമിറക്കാനാവാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിലാണ്.
സർക്കാർ അംഗീകരിച്ച 14,342 എൻജിനുകൾക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴിയാണ് പ്രതിമാസം 140 മുതൽ 190 ലിറ്റർ വരെ മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുന്നത്. ഇങ്ങനെ നൽകുന്ന വെള്ളമണ്ണെണ്ണ ലിറ്ററിന് 80 രൂപ നിരക്കിലാണ് ലഭിച്ചുകൊണ്ടിരുന്നത്.
ഇത് വാങ്ങുന്പോൾ മുഴുവൻ തുകയുമടയ്ക്കണം. സബ്സിഡി പിന്നീടാണ് ലഭിക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വിരലിലെണ്ണവുന്ന ദിവസങ്ങളിലെ മത്സ്യബന്ധനത്തിനു മാത്രമേ തികയൂ. മാസത്തിന്റെ ബാക്കി ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനിറങ്ങേണ്ടിയും വരും.
സബ്സിഡി മണ്ണെണ്ണയും ലഭിക്കാതായതോടെയാണ് ലിറ്ററിന് 103 രൂപയ്ക്ക് പുറം മാർക്കറ്റിൽ നിന്നു ലഭിച്ചിരുന്ന നീല മണ്ണെണ്ണയുടെ വില 52.37രൂപ വർദ്ധിച്ച് 155.37 രൂപയായത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ മേഖലയ്ക്ക് നൽകിയിരുന്ന 25 രൂപയുടെ സബ്സിഡിക്കു പകരം തെരഞ്ഞെടുപ്പ് കാലത്ത് 50രൂപ നൽകിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതും ലാഭമല്ലാതായി മാറി.
ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ തീരം ചൂടുപിടിക്കുന്നതിനാൽ മത്സ്യങ്ങൾ ആഴക്കടലിലേ കാണൂ. തീരദേശത്ത് മാത്രമായി പ്രവർത്തിക്കുന്ന പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ ദൂരവും സമയവും എടുത്തു മാത്രമേ മത്സ്യബന്ധനം സാധ്യമാകൂ. ഇന്ധനം കൂടുതൽ വേണ്ടിവരുന്ന ഈ മാസങ്ങളിലെ മണ്ണെണ്ണ വിലവർധനതൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കും.
സബ്സിഡി എണ്ണ ഒന്നിനും തികയില്ല
വില വർധിച്ചതോടെ, 50തൊഴിലാളികൾ കയറുന്ന ഒരു ഇൻബോർഡ് വള്ളത്തിന് പ്രതിദിനം ശരാശരി 40,000 രൂപയെങ്കിലും ഇന്ധന ചെലവു വരും. ഇൻബോർഡ് എൻജിൻ യാനങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന ഔട്ട് ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്.പിയുടെ മൂന്ന് യൂണിറ്റുകൾ വരെ ആവശ്യമാണ്. 40 എച്ച്.പിയുടെ ഒരു യൂണിറ്റിന് മണിക്കൂറിൽ കുറഞ്ഞത് 20 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ചെലവ് വർധിച്ചതോടെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന, 35-40 പേര് മത്സ്യബന്ധനത്തിനായി പോകുന്ന ഡിസ്കോവള്ളങ്ങള് കടലിലേക്കിറങ്ങുന്നില്ല. അതിനനുസരിച്ച് മത്സ്യം ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകും. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Kerala
കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മത്സ്യതൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റിപൻ ദാസ് (22) ആണ് മരിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചയോടെ മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികൾ കുഴഞ്ഞു വീണത്.
ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് മരിച്ചത്. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.
ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എഞ്ചിൻ റൂമിൽ നിന്നും മലിന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
International
ന്യൂഡൽഹി: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ട് കസ്റ്റഡിയിലെടുത്തു.
മന്നാറിന് വടക്കുള്ള കടൽ പ്രദേശത്ത് ബുധനാഴ്ച ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തതായും 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും ശ്രീലങ്കൻ നാവികസേന വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ഇതുവരെ ശ്രീലങ്കൻ നാവികസേന 16 ബോട്ടുകൾ പിടികൂടുകയും 112 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച ശ്രീലങ്കയിൽ നിന്ന് 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ഒമ്പതുപേർക്ക് പരിക്ക്. ശനിയാഴ്ചയുണ്ടായ അപകടത്തിൽ രണ്ടുപേരെ കാണാതായി. പനാമ രജിസ്ട്രേഷനുള്ള കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി വിഴിഞ്ഞത്തെത്തിച്ചു. കൊല്ലം മരുതടിയിലെ ചിറക്കര പുതുവലിൽ രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടരുകയാണ്.
Kerala
കൊല്ലം: ശക്തികുളങ്ങരയിൽ നിന്നും 11 തൊഴിലാളികളുമായി മത്സബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപെട്ടു. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി. ഒൻപത് പേരെ രക്ഷപെടുത്തി.
സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ശക്തികുളങ്ങര ഹാർബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാണാതായ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് ശനിയാഴ്ച ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള സന്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 4500 രൂപയിൽ നിന്ന് 6000 രൂപയായി വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികൾക്കു തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിൽ ജീവിതത്തിന് കൈത്താങ്ങാണ് പദ്ധതി.
അവരുടെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സന്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തുക വർധിപ്പിച്ചത്. 2021ലെ എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമായിരുന്നു ഇത്.
International
കൊളംബോ: അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരായ 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.
വള്ളവും വലകളും പിടിച്ചെടുത്തു. ഡെഫ്റ്റ് ദ്വീപിന്റെ തീരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ജാഫ്ന മൈലാടിയിലെ ഫിഷറീസ് ഇൻസ്പെക്ടറിനു കൈമാറി.
കഴിഞ്ഞവർഷം ലങ്ക 346 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
Leader Page
കേരളത്തിലെ മത്സ്യലഭ്യതയിൽ 2024-25 വർഷത്തിൽ മുൻ വർഷത്തേക്കാൾ 95,000 ടണ്ണിന്റെ വർധനയാണ് കണക്കാക്കപ്പെട്ടത്. ഉൾനാടൻ മത്സ്യമേഖലയിലും സമുദ്രമത്സ്യ കണക്കിലും വർധനയുണ്ടായി.
29,000 ടണ്ണാണ് ഉൾനാടൻ മത്സ്യത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തികവർഷം കേരളം ആകെ 9.27 ലക്ഷം ടൺ മത്സ്യം പിടിച്ചു. ഇതിൽ 6.47 ലക്ഷം ടൺ സമുദ്രമത്സ്യവും 2.80 ലക്ഷം ടൺ ഉൾനാടൻ മത്സ്യവുമായിരുന്നു. കടന്നുപോകുന്ന ഈ സാമ്പത്തികവർഷവും മത്സ്യസമ്പത്തിൽ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, 2020ൽ കേരളത്തിൽ സജീവ മത്സ്യത്തൊഴിലാളികൾ 2,40,211 ആയിരുന്നു. 2024 ആയപ്പോഴേക്കും ഇത് 2,26,093 ആയി കുറഞ്ഞു. സുനാമി വന്നാലും ഓഖി ദുരന്തമുണ്ടായാലും എന്നും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു കേരളത്തിന്റെ സൈന്യം എന്ന് സർക്കാരുകൾ തന്നെ വിശേഷിപ്പിച്ച കടലിന്റെ മക്കളും മറ്റു മത്സ്യത്തൊഴിലാളികളും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നതാണ് മത്സ്യമേഖല. 590 കിലോമീറ്റർ കടൽത്തീരം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടും വൈവിധ്യമാർന്ന ജലസ്രോതസുകൾകൊണ്ടും അനുഗൃഹീതം. ചെറുതും വലുതുമായ 53 കായലുകൾ, 44 നദികൾ നിരവധി തണ്ണീർത്തടങ്ങൾ എന്നിവയും മത്സ്യസമ്പത്തിനാൽ സമ്പുഷ്ടമാണ്.
പോഷകസമൃദ്ധവും മാംസ്യപ്രധാനവുമായ ഭക്ഷ്യമാണ് മത്സ്യം. കേരളജനതയുടെ ഭക്ഷണത്തിൽ ഏറിയപങ്ക് ജന്തുജന്യ പ്രോട്ടീൻ ലഭ്യമാകുന്നത് മത്സ്യാഹാരത്തിൽനിന്നാണ്. ദേശീയ ഉപഭോക്തൃ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഗ്രാമങ്ങളിൽ ആയിരത്തിൽ 829ഉം നഗരങ്ങളിൽ 821ഉം കുടുംബങ്ങളിൽ മത്സ്യം ഉപയോഗിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളമൊരു മത്സ്യോത്പാദക, ഉപഭോഗ സംസ്ഥാനമാണ്. ഒരു കാലത്ത് ഉത്പാദനത്തിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന കേരളം ഇന്നു പക്ഷെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിന്നിലാണ്.
തീരദേശത്തെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. 222 കടലോര മത്സ്യഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യഗ്രാമങ്ങളിലുമായി അധിവസിക്കുന്ന 10 ലക്ഷത്തിലധികം ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമാണ് മത്സ്യബന്ധനം. 750നടുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 10 ലക്ഷം ആളുകളുടെ പ്രധാന വരുമാനമാർഗമായിട്ടും വേണ്ട പരിഗണന ഈ വിഭാഗത്തിനു ലഭിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. ഏറെ അപകടം നിറഞ്ഞ തൊഴിലാണ് കടൽ മത്സ്യബന്ധനം. താരതമ്യേന അപകടസാധ്യത കുറവാണെങ്കിലും ഉൾനാടൻ മത്സ്യമേഖലയും അപകടസാധ്യതയുള്ളതാണ്.
പഠനങ്ങൾകൊണ്ടുള്ള ഫലം?
സംസ്ഥാനത്തിനകത്തുള്ള മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി കേരള നിയമസഭയിലാണ് ഒരു സമിതി രൂപപ്പെട്ടത്. എന്നാൽ, ഈ സമിതിയുടെ നിർദേശങ്ങൾ എത്രമാത്രം പ്രാവർത്തികമാക്കപ്പെടുന്നുണ്ട് എന്നു പഠനം നടത്തേണ്ടിയിരിക്കുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി 2024ലെ പ്രവർത്തന റിപ്പോർട്ടിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. കാലോചിതമായ നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടതെങ്കിലും അവയ്ക്കു വേണ്ടത്ര പരിഗണന ലഭ്യമായിട്ടില്ല.
കേരളത്തിൽ ഏറ്റവും ജനസാന്ദ്രമായ പ്രദേശമായതുകൊണ്ടും തീരദേശവാസികളായ ജനങ്ങളുടെ ജീവസന്ധാരണ മാർഗങ്ങളുമായി ബന്ധപ്പെട്ടതായതിനാലും തീരദേശ പരിസ്ഥിതി പ്രശ്നങ്ങളിൽ ശ്രദ്ധാപൂർവമായ സത്വര ഇടപെടലുകൾ അനിവാര്യമാണ്.
തീരശോഷണം കൂടുതൽ വ്യാപകവും രൂക്ഷവുമായിരിക്കുന്ന പശ്ചാത്തലത്തിലും, കാലാവസ്ഥാ മാറ്റം വരുംകാലങ്ങളിൽ പ്രവചനാതീതമായ വെല്ലുവിളികൾ ഉയർത്തുമെന്നതിനാലും, തീരദേശ സമൂഹത്തിന്റെ ആശങ്കകൾ ഉൾക്കൊള്ളുന്നതും പ്രകൃതിദത്ത പരിഹാരങ്ങളിൽ ഊന്നിയതും കൂടുതൽ ശാസ്ത്രീയവുമായ കർമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഈ റിപ്പോർട്ട് സമർപ്പിച്ച് ഏതാണ്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും ഇതിൽ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാക്കാൻ സാധിച്ചിട്ടില്ല.
പ്രധാന നിർദേശങ്ങൾ
സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ ഈ മേഖലയ്ക്കായി പ്രത്യേക ഘടകപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണം. ഇത് ഈ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു മാറ്റം വരുത്തും. ഇതിനായി തീരദേശ തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി തീരദേശഘടക പദ്ധതി നടപ്പാക്കണം. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ പുലിമുട്ട്, കടൽഭിത്തി എന്നിവ നിർമിക്കുന്നതിനുവേണ്ടിയുള്ള സാധ്യതാ പഠനം നടത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണം.
ഇതരസംസ്ഥാന മത്സ്യങ്ങൾ വില്പന നടത്തുന്നത് നിയമം മൂലം നിരോധിക്കാനാകില്ലെങ്കിലും അവയുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കണം. മത്സ്യസംഭരണ-വിപണന കേന്ദ്രങ്ങൾ ആധുനികീകരിച്ച് മത്സ്യവിപണനം അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കടലിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ പ്രതികൂല സാഹചര്യങ്ങളോടു പൊരുതി രക്ഷാപ്രവർത്തനം നടത്തുന്പോൾ നിരന്തരം നേരിടേണ്ടിവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് സീ റെസ്ക്യു സ്ക്വാഡിലെ അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം.
തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യം കൈവരിക്കുന്നതിനും ഫിഷറീസ് മേഖലയിലെ ഉത്പാദനക്ഷമതയും സുസ്ഥിരതയും മെച്ചെപ്പെടുത്തുന്നതിനും സഹായകമാകുംവിധം നൂതന ഫിഷറീസ് കോഴ്സുകൾ ആരംഭിക്കുന്നതിന് ക്വാളിഫിക്കേഷൻ പായ്ക്ക് നിർമിച്ച് ദേശീയ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പ്രൊപ്പോസൽ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണമെന്ന ശിപാർശയും നല്‍കിയിരുന്നു.
ട്രോളിംഗ് നിരോധന സമയത്ത് കാരിയർ വള്ളങ്ങളുടെ ഉപയോഗം നിജപ്പെടുത്തിയിട്ടുള്ളതുപോലെ എല്ലാ യന്ത്രവത്കൃത യാനങ്ങൾക്കും ഒരു കാരിയർ വള്ളം എന്ന തരത്തിൽ വർഷത്തിലുടനീളം നിയന്ത്രണം ഏർപ്പെടുത്തണം.
മാതൃകാ മത്സ്യഗ്രാമമായി തെരഞ്ഞെടുത്തിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതുതായി വിഎച്ച്എസ്ഇ ഫിഷറീസ് കോഴ്സുകൾ തുടങ്ങുന്നതിന് ആവശ്യമായ തീരുമാനം സർക്കാർതലത്തിൽ എടുക്കണം.
മത്സ്യഭവനുകൾക്ക് സ്ഥിരം കെട്ടിടം ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികൾക്ക് ആനുപാതികമായി മത്സ്യഭവനുകളുടെ എണ്ണം വർധിപ്പിക്കുക, മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികൾ ഓൺലൈനാക്കുക, സുനാമി ഫ്ലാറ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം നല്‍കുക തുടങ്ങി വിവിധ നിർദേശങ്ങളും സമർപ്പിച്ചിരുന്നു.
എന്നാൽ, ഇവയിൽ പലതും ഇന്നും നിർദേശങ്ങളായി മാത്രം ഫയലിൽ ഉറങ്ങുകയാണ്. ശിപാർശകൾ സമർപ്പിച്ച ജനപ്രതിനിധികൾ ഉൾപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ അവസാന സമയത്തെങ്കിലും ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അപകടമുനമ്പിലെ മത്സ്യത്തൊഴിലാളീ സഹോദരങ്ങൾ.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്‍എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
District News
ചവറ : കൊല്ലം ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളെ ആഴക്കടലിൽ വച്ച് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സംഘം ആക്രമിച്ചു. ആക്രമണത്തിൽ ഏഴ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശക്തികുളങ്ങരയിൽ നിന്നും പോയ നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് 124 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. സെന്റ്.പോൾ - ഒന്ന് , അശ്വതി, ഹേമന്തം, ജീസസ് - ഒന്ന്, പൊടിയൻ, പൂജാ മോൾ, എം.ആന്റണി തുടങ്ങിയ ബോട്ടുകൾക്കാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. സെന്റ്പോൾ ബോട്ടിലെ മത്സ്യത്തൊഴിലാളികളും തമിഴ്നാട് സ്വദേശികളുമായ കുമാർ (49), ആഷിഖ് ( (19 ), ശേഖർ (19), ഹേമന്തം ബോട്ടിലെ മത്സ്യത്തൊഴിലാളി ഹരിമോൻ ദാസ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ശക്തികുളങ്ങരയിൽ എത്തിയ ബോട്ടുകൾ കരയിലെത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബോട്ട് അടിച്ചു തകർത്ത ശേഷം പൊട്ടിവീണ കുപ്പി ചില്ലകൾ ഉപയോഗിച്ചാണ് തൊഴിലാളികളെ പരിക്കേൽപ്പിച്ചതെന്നാണ് ആരോപണം.മുട്ടം ഹാർബറിൽ നിന്നും എത്തിയ പച്ച കളറുള്ള ബോട്ടുകളിൽ വന്ന സംഘമാണ് തങ്ങളെ ആക്രമിച്ചത് എന്ന് പരിക്കേറ്റവർ പറയുന്നു. നാൽപ്പതോളം ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിൽ നിന്നുള്ള നീല കളർ ഉള്ള ബോട്ടുകൾ തമിഴ്നാട് അതിർത്തിയിൽ എത്താൻ പാടില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് വടികൾ ഉപയോഗിച്ച് ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടാക്കി. ആക്രമിക്കപ്പെട്ട ബോട്ടുകൾ ആൾ ഇന്ത്യ ലൈസൻസ് ഉള്ള ബോട്ടുകൾ ആണെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ആക്രമിച്ച ബോട്ടുകൾ ലൈസൻസുകൾ ഇല്ലാത്തവയാണെന്നും ആരോപണം ഉണ്ട്.
കടലിൽ സമാധാനപരമായി മത്സ്യബന്ധനം നടത്താൻ കഴിയാത്തവസ്ഥയാണെന്നും ബന്ധപ്പെട്ടവർ ഇടപ്പെട്ട് ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര കോസ്റ്റൽ പോലീസ് മത്സ്യത്തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
Kerala
കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം തകർക്കുന്ന സീപ്ലെയിൻ പദ്ധതിയും കടലിൽ വൻകിട കപ്പലുകൾ അനുവദിക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി യോഗം.
ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഡാം ടു ഡാം പദ്ധതിയെന്നു സംസ്ഥാനസർക്കാർ അവകാശപ്പെടുന്ന സീപ്ലെയിൻ പദ്ധതി കുമരകം, അഷ്ടമുടി, വേമ്പനാട്, പുന്നമട, ബോൾഗാട്ടി, വിഴിഞ്ഞം തുടങ്ങിയ മത്സ്യസമ്പന്ന കേന്ദ്രങ്ങളെ തകർക്കും.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊല്ലത്ത് അഷ്ടമുടിയിൽ അവതരിപ്പിച്ച സീപ്ലെയിൻ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതാണ്. 2024 ൽ ഈ പദ്ധതി ഇപ്പോഴത്തെ സർക്കാർ പുനരവതരിപ്പിക്കുകയായിരുന്നു. പദ്ധതി നിഗൂഢമായി അടിച്ചേൽപ്പിക്കാനുള്ള നടപടികൾ പ്രതിഷേധാർഹമാണ്.
കേരളത്തിലെ തൊഴിലാളി സംഘടനകളിൽ ആരുമായും ഒരിക്കൽപ്പോലും ചർച്ച ചെയ്യാതെയാണു പദ്ധതി നടപ്പാക്കുന്നതെന്നും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ വി. ദിനകരൻ (ധീവരസഭ), ലീലാ കൃഷ്ണൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), കെ.സി. രാജീവ് (എഐടിയുസി), എൻ.ജെ. പൗലോസ് (കെഎൽ സിഎ -കടൽ), ജാക്സൺ പൊള്ളയിൽ (എൻഎഫ്എഫ്), ചാൾസ് ജോർജ് (ടിയുസിഐ) എന്നിവർ ചൂണ്ടിക്കാട്ടി.
International
കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.
വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.
ഒക്ടോബർ ഒന്‍പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.
District News
വൈപ്പിൻ: എൻജിൻ നിലച്ചതിനെ തുടർന്നു കടലിൽ ഒഴുകിയ വള്ളത്തിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അതുവഴി വന്ന മത്സ്യബന്ധന ബോട്ടാണ് തൊഴിലാളികൾക്ക് രക്ഷകനായി മാറിയത്. ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽനിന്ന് ഇന്നു ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ സ്വദേശിയുടെ ഇമ്മാനുവൽ എന്ന മത്സ്യബന്ധന വള്ളമാണ് കൊച്ചിക്ക് പടിഞ്ഞാറ് 18 ഫാതം അകലെ കടലിൽ എൻജിൻ നിലച്ച് ഒഴുകിയത്.
കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്(50), അരിപ്പാട് പറമ്പ് കുഞ്ഞുമോൻ (54), അരയശേരി ആന്റപ്പൻ (62), അറക്കൽ ഷെബിൻ (40) , പൊള്ളക്കടവ് പ്രിൻസ് (42) പൊള്ളക്കടവ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. രാവിലെ 11 ഓടെ ചെല്ലാനം ഹാർബറിൽ അടുക്കേണ്ട വള്ളം വൈകിട്ട് ആറ് ആയിട്ടും തീരമണയാതെ വന്നതിനെതുടർന്ന് ഫോർട്ട് കൊച്ചി, അർത്തുങ്കൽ മേഖലയിലെ കോസ്റ്റൽ പോലീസും ഫിഷറീസ് അധികൃതരും കടലിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
രാത്രി ഒൻപതോടെ അഞ്ചു മത്സ്യത്തൊഴിലാളികളെയും വള്ളവും വൈപ്പിൻ സ്വദേശിയായ സിനിൽജോസിന്റെ നാഥൻ എന്ന മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. തുടർന്ന് രാത്രി 11:30 ഓടെ തൊഴിലാളികളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
District News
കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടപ്പുറത്ത് തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ട്. തെക്കൻ കേരള തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നതാണ് തിരമാലകൾ ഉയരാൻ കാരണം.
മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ സേനയും കോസ്റ്റൽ പോലീസും തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു