വലയുടെ കേടുപാടുകൾ തീർക്കുന്ന ആലപ്പുഴ കാഞ്ഞിരംചിറ തീരദേശത്തെ മത്സ്യത്തൊഴിലാളികൾ
ആലപ്പുഴ: സംസ്ഥാനത്ത് 52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നിരോധനം ഒൻപതിന് അർധരാത്രി ആരംഭിച്ച് ജൂലൈ 31 അർധരാത്രി വരെയാണ്. ഈ കാലയളവ് തീരക്കടലിൽ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. കേരളത്തിൽ മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
മത്സ്യസമ്പത്ത് വർധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗം ഉറപ്പുവരുത്തുവാനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ട്രോളിംഗ് നിരോധനം. 1988 ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ നടപ്പിലാക്കി തുടങ്ങിയത്. വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നിരുന്നാലും വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാം. മൺസൂൺ കാലത്ത് മീനുകൾ മുട്ടയിട്ട് പെരുകുന്നത് തീരക്കടലിലാണ് - 0 മുതൽ 12 നോട്ടിക്കൽ മൈൽ വരെ. ആ ഏരിയ സംരക്ഷിക്കാൻ വേണ്ടിയാണ് വലിയ ട്രോളറുകളെ കയറ്റാത്തത്. ചെറിയ വള്ളങ്ങൾക്ക് ഈ ഏരിയയിൽ തന്നെ മീൻപിടിക്കാം, കാരണം അവ കടലിന്‍റെ അടിത്തട്ട് മാന്തി മീൻ പിടിക്കില്ല.
അതുകൊണ്ട് തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യകൊയ്ത്തിന് ഡിമാൻഡ് ഏറുന്നു.
അതിനാൽ വള്ളങ്ങളുടെയും വലയുടെയും അനുബന്ധ ഉപകരണങ്ങളുടെയും കേടുപാടുകൾ തീർത്ത് ട്രോളിംഗ് കാലത്തെ മത്സ്യബന്ധനത്തിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് ആലപ്പുഴയുടെ തീരദേശത്തെ മത്സ്യത്തൊഴിലാളികൾ.
Tags : Trawling ban traditional fishermen