നേമം: ഓണമെത്തിയതോടെ ജില്ലയിലെ കാര്‍ഷിക ഗ്രാമമായ കല്ലിയൂരിലെ കര്‍ഷകര്‍ വിളവെടുപ്പിന്റെ തിരക്കിലാണ്. കല്ലിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം കുന്നിന്‍പുറം ഏലായില്‍ കൗമുദി ഇനത്തില്‍പ്പെട്ട പടവലത്തിന്റെ വിളവെടുപ്പ് നടത്തുകയാണ് സുശീലന് എന്ന കര്ഷകന്.
നല്ല നീളമുള്ളതും ഇടത്തരവും കുറുകിയതുമായ പടവലം ലഭിക്കുമെന്നതാണ് കൗമുദി ഇനത്തിനുള്ള പ്രത്യേകത. ഇത്തവണ കാലാവസ്ഥ കൂടി അനുകൂലമായതോടെ നല്ല വിളവ് ലഭിച്ചതായി സുശീലന് പറഞ്ഞു. പടവലത്തിനു പുറമെ പാട്ടത്തിനെടുത്ത രണ്ടേക്കർ ഭൂമിയില്‍ പയര്‍, സാമ്പാര്‍ വെള്ളരി, വെണ്ട എന്നിവയും സുശീലന് കൃഷി ചെയ്തിരുന്നു. പാരമ്പര്യമായി കൃഷി ചെയ്യുന്ന കുടുംബമാണ് സുശീലന്റേത്. രാവിലെ ആറു മണിക്ക് കൃഷിയിടത്തില്‍ ഇറങ്ങിയാല്‍ വൈകു ന്നേരംവരെ പരിപാലനവുമായി സുശീലനുണ്ടാകും. മകന് ധനേഷും കൃഷിക്ക് അച്ഛനു സഹായിയായി കൂടെയുണ്ട്. കടലപ്പിണ്ണാക്ക്, കോഴിക്കാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ക്കൊപ്പം ശാസ് ത്രീയ വളപ്രയോഗവും നടത്തുന്നതാണ് കൃഷിരീതി. ഓണമെത്തിയതോടെ സാമ്പാര്‍ വെള്ളരിയും പടവലവും വെണ്ടയും വൻതോതിൽ വിറ്റുപോകുന്നുണ്ട്. വിത്ത് നട്ട് 38 മുതല്‍ നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം വെള്ളരി വിളവെടുക്കാം. രണ്ടു മുതല്‍ അഞ്ച് കിലോ വരെ തൂക്കം ലഭിക്കുന്ന വെള്ളരി കിട്ടാറുണ്ട്.
വെള്ളരി കൃഷിക്ക് ആവശ്യമായ വിത്തും സുശീലന് തന്നെ വിളയിച്ചെടുക്കും. വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ കല്ലിയൂരിലെ തന്നെ വിപണികളില്‍ വില്‍ക്കുന്നതാണ് പതിവ്. പടവലത്തിനു കിലോയ്ക്ക് നല്പ്പത്തിയഞ്ചുരൂപ മുതല്‍ വിലയുണ്ട്. തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യുന്ന പ്രദേശമാണ് കല്ലിയൂര്‍ പഞ്ചായത്ത്.
കര്‍ഷകര്‍ക്ക് ആവശ്യമായ അറിവുകളും സഹായങ്ങളും നല്കി കല്ലിയൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരും എപ്പോഴും സജീവമാണ്.