National
പാറ്റ്ന: പാറ്റ്ന വിമാനത്താവളത്തിലിറങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനത്തിൽ 164 യാത്രക്കാരുണ്ടായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
International
ബെർലിൻ: ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പടിഞ്ഞാറൻ, മധ്യ ജർമനിയിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ ജർമൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിലെ വാൾഡോർഫിലാണ് അപകടം നടന്നത്.
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 58 വയസ്സുകാരി പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് രക്ഷനേടാൻ സമീപത്തെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറിയെങ്കിലും, മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബവേറിയയിലെ ക്രോണാഹിൽ നടന്ന ഒരു പ്രാദേശിക ഉത്സവ നഗരിയിൽ കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.
ഏകദേശം 3,500 പേരെ ഔട്ട്ഡോർ വേദിയിൽ നിന്നും സുരക്ഷിതമായി ബിയർ ഹാളുകളിലേക്ക് മാറ്റി. ഹെസ്സനിലെ വെറ്റ്സ്ലാർ മേഖലയിൽ മാത്രം അറുപതോളം വീടുകൾക്ക് ചുഴലിക്കാറ്റിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
തുരിങ്ങൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റിൽ മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജർമനിയിലെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Business
മുംബൈ: വെടിനിർത്തൽ കരാറുകൾ പ്രബല്യത്തിൽ വരാത്തതും ക്രൂഡ് ഓയിൽ വിലയിലെ വർധനയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. ഡോളറിനെതിരേ രൂപ ഇന്നലെ 35 പൈസ നഷ്ടത്തിൽ 95.63 എന്ന ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 95.57 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. താഴ്ച വീണ്ടും തുടർന്നതോടെ 95.74 എന്ന വ്യാപാരത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. അവസാനം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 79 പൈസ നഷ്ടത്തിൽ 95.28 എന്ന റിക്കാർഡ് നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ചുവപ്പണിഞ്ഞ് വിപണി
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ്. രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലേക്ക് വീണതും ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചതും ഉൾപ്പെടെയുള്ള ഘടകങ്ങൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടുത്ത് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം സെഷനിലാണ് വിപണി ചുവപ്പണിയുന്നത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1456 പോയിന്റ് താഴ്ന്ന് 74,559ലും നിഫ്റ്റി 436 പോയിന്റ് നഷ്ടത്തിൽ 23,379ലുമെത്തി. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനം ഉയർന്ന് 19.26ലെത്തി. ഇന്നലെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടത്തോടെ 457 ലക്ഷം കോടി രൂപയിലെത്തി.
വിപണിയുടെ തകർച്ച എല്ലാ മേഖലകളെയും ബാധിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ 2.50 ശതമാനം മുതൽ 3 ശതമാനം വരെ ഇടിഞ്ഞ് പ്രധാന സൂചികകളേക്കാൾ മോശം പ്രകടനം കാഴ്ചവച്ചു. മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലായി. ഇതിൽ നിഫ്റ്റി റിയൽറ്റിയാണ് (4.11%) ഏറ്റവും വലിയ ഇടിവ് നേരിട്ടത്. നിഫ്റ്റി ഐടി, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ മൂന്നു ശതമാനത്തിനു മുകളിൽ തകർന്നു. 2726 ഓഹരികൾ താഴ്ന്നപ്പോൾ 590 എണ്ണം ഉയർന്നു. 65 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
ക്രൂഡ് ഓയിൽ വില 105 കടന്നു
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ ട്രംപ് തള്ളിയതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന് ഉടനെങ്ങും അയവുണ്ടാകുമെന്ന് തോന്നുന്നില്ല. ഇതോടെ ലോകത്തെ ഓയിൽ, ഗ്യാസ് വ്യാപാരത്തിന്റെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് അടുഞ്ഞു കിടക്കും. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 3 ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 107 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 101 ഡോളറിലെത്തി.
Kerala
പുനലൂർ: ശക്തമായ വേനൽമഴയിൽ കൂറ്റൻ സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷനിലേക്ക് തകർന്ന് വീണ് ടിപ്പർ ലോറിയുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. പെയിന്റിംഗ് തൊഴിലാളി പിറവന്തൂർ വന്മള പള്ളി അയ്യത്തു വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.
നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിനോട് ചേർന്ന് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കൂറ്റൻ കോൺക്രീറ്റ് സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. 25 അടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് ഭീത്തി 50 അടിയോളം നീളത്തിൽ പൂർണമായി തകർന്നു വീണു.
സമീപമുണ്ടായിരുന്ന മറ്റൊരു ഓടിട്ട പഴയ കെട്ടിടവും ഭാഗികമായി തകർന്നു. സർവീസ് സെന്ററിലുണ്ടായിരുന്ന സ്കൂൾ വാഹനവും ടിപ്പറും ഇരുചക്രവാഹനങ്ങളും പൂർണമായി തകർന്നു.
സ്കൂൾ വാനിൽ പെയിന്റ് ചെയ്തുകൊണ്ടു നിന്ന സിജു തോമസ് ശക്തമായ ഇടിമുന്നലിനേയും മഴയെയും തുടർന്ന് ഇവിടുണ്ടായിരുന്ന ടിപ്പർ ലോറിയുടെ കാബിനിലേക്ക് കയറിയതായിരുന്നു. കലയനാട് സ്വദേശിയായ ഡ്രൈവർ ഷിബു ടിപ്പറിന് പിന്നിലേക്ക് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
പുനലൂർ ഫയർഫോഴ്സും പോലീസും സംഭവം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലു മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് യുവാവിനെ പുറത്തെടുത്തത്. ശക്തമായ മഴയും പ്രദേശത്തെ വെള്ളക്കെട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിജുവിന്റെ മൃതദേഹം പുനലൂർ താൂലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് സിജു വിന്റെ ഭാര്യ.
National
ചണ്ഡീഗഢ്: ഹരിയാനയിലെ അംബാലയിൽ മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ഡൽഹിയിൽ നിന്നും ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന നികിത (24) എന്ന യുവതിയാണ് മരിച്ചത്.
അംബലയിൽ നിന്നും നാല് യാത്രക്കാരുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ നികിത സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നികിത റോഡിലേക്ക് തെറിച്ചു വീണുവെന്നും നിയന്ത്രണം വിട്ട കാർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവർ രവീന്ദർ സിംഗ് പറഞ്ഞു.
നികിതയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷികാനായില്ല. സംഭവത്തിന് ശേഷം ആശുപത്രിയുടെ മുൻപിൽ നികിതയുടെ കുടുംബവും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം നടത്തി.
മദ്യപിച്ച് വാഹനമോടിച്ച പോലീസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
National
മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്.
ഘാട്കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേലും (33) ഭാര്യ മിനൽ പട്ടേലും (32) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്. ധ്രുമിൽ അതീവ ഗുരുതരമായി വെന്റിലേറ്ററിലാണെന്നും മിനലിന്റെ നിലയും ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
അന്വേഷണത്തിൽ 17 വയസുകാരനാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. 17 കാരനെതിരെയും കുട്ടിയുടെ പിതാവിനെതിരെയും ബിഎൻഎസ് വകുപ്പ് പ്രകാരം മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Movies
സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ഹിറ്റുകളും ഇടംപിടിച്ച വർഷമായിരുന്നു മലയാളസിനിമയ്ക്ക് 2025. തിയറ്ററുകളിൽ റിക്കാർഡ് കളക്ഷനിട്ട ചിത്രങ്ങളുണ്ടായിട്ടും മലയാളസിനിമയ്ക്ക് വന്നത് 360 കോടിയുടെ നഷ്ടമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രഥമിക കണക്ക്.
183 ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തത്. ഇതിൽ ആറു ചിത്രങ്ങൾ ഇനി ഇറങ്ങാനുള്ളതാണ്. മോഹൻലാൽ ചിത്രം വൃഷഭ, നിവിൻപോളി ചിത്രം സർവം മായ, ഷെയ്ൻ നിഗം ചിത്രം ഹാൽ, ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞും നരേയ്ൻ നായകനാകുന്ന ആഘോഷം തുടങ്ങി ആറു സിനിമകൾ കൂടി ഇറങ്ങുമ്പോൾ 189 ചിത്രങ്ങളാകും ഈവർഷം ഇറങ്ങിയ പട്ടികയിൽ ഉൾപ്പെടുക.
ഇതിൽ ഒൻപതെണ്ണം സൂപ്പർ ഹിറ്റുകളും ആറെണ്ണം ഹിറ്റുകളും ആയിട്ടുണ്ട്.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫിസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ എന്നിവയാണ് സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്.
എക്കോ, പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊൻമാൻ, പടക്കളം, ബ്രോമാൻസ് എന്നിവയാണ് ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങൾ.
അതേസമയം ഈ വര്ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില് വിജയിച്ചത് 10 ചിത്രങ്ങളാണെന്നും ഫിലിം ചേംബര് ആരോപിക്കുന്നു.
ഈ വർഷം ഇതുവരെ റിലീസായ ചിത്രങ്ങളിൽ ഏറിയ പങ്കും തിയറ്ററുകളിൽ പരാജയപ്പെട്ടെന്നും അങ്ങനെ പ്രതിസന്ധിയുള്ള മേഖലയിൽ സർക്കാർ അവഗണന സ്ഥിതി ഗുരുതരമാക്കുന്നുവെന്നുമാണ് ചേംബർ നിലപാട്.
GSTക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് സിനിമ മേഖലയോടുള്ള കടുത്ത അവഗണനയാണെന്ന് ചേംബർ വിലയിരുത്തി.
Kerala
തൃശൂര്: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്ഥികള്ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.
Kerala
കോട്ടയം: പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്.
പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സർവീസിനിടയിൽ ഉല്ലലക്ക് സമീപത്തുവച്ചായിരുന്നു സംഭവം.
കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു. ഇദ്ദേഹത്തിന് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.