മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്.
ഘാട്കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേലും (33) ഭാര്യ മിനൽ പട്ടേലും (32) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്. ധ്രുമിൽ അതീവ ഗുരുതരമായി വെന്റിലേറ്ററിലാണെന്നും മിനലിന്റെ നിലയും ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
അന്വേഷണത്തിൽ 17 വയസുകാരനാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. 17 കാരനെതിരെയും കുട്ടിയുടെ പിതാവിനെതിരെയും ബിഎൻഎസ് വകുപ്പ് പ്രകാരം മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.