മുംബൈ: വെടിനിർത്തൽ കരാറുകൾ പ്രബല്യത്തിൽ വരാത്തതും ക്രൂഡ് ഓയിൽ വിലയിലെ വർധനയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. ഡോളറിനെതിരേ രൂപ ഇന്നലെ 35 പൈസ നഷ്ടത്തിൽ 95.63 എന്ന ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 95.57 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. താഴ്ച വീണ്ടും തുടർന്നതോടെ 95.74 എന്ന വ്യാപാരത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. അവസാനം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 79 പൈസ നഷ്ടത്തിൽ 95.28 എന്ന റിക്കാർഡ് നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ചുവപ്പണിഞ്ഞ് വിപണി
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ്. രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലേക്ക് വീണതും ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചതും ഉൾപ്പെടെയുള്ള ഘടകങ്ങൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടുത്ത് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം സെഷനിലാണ് വിപണി ചുവപ്പണിയുന്നത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1456 പോയിന്റ് താഴ്ന്ന് 74,559ലും നിഫ്റ്റി 436 പോയിന്റ് നഷ്ടത്തിൽ 23,379ലുമെത്തി. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനം ഉയർന്ന് 19.26ലെത്തി. ഇന്നലെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടത്തോടെ 457 ലക്ഷം കോടി രൂപയിലെത്തി.
വിപണിയുടെ തകർച്ച എല്ലാ മേഖലകളെയും ബാധിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ 2.50 ശതമാനം മുതൽ 3 ശതമാനം വരെ ഇടിഞ്ഞ് പ്രധാന സൂചികകളേക്കാൾ മോശം പ്രകടനം കാഴ്ചവച്ചു. മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലായി. ഇതിൽ നിഫ്റ്റി റിയൽറ്റിയാണ് (4.11%) ഏറ്റവും വലിയ ഇടിവ് നേരിട്ടത്. നിഫ്റ്റി ഐടി, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ മൂന്നു ശതമാനത്തിനു മുകളിൽ തകർന്നു. 2726 ഓഹരികൾ താഴ്ന്നപ്പോൾ 590 എണ്ണം ഉയർന്നു. 65 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
ക്രൂഡ് ഓയിൽ വില 105 കടന്നു
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ ട്രംപ് തള്ളിയതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന് ഉടനെങ്ങും അയവുണ്ടാകുമെന്ന് തോന്നുന്നില്ല. ഇതോടെ ലോകത്തെ ഓയിൽ, ഗ്യാസ് വ്യാപാരത്തിന്റെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് അടുഞ്ഞു കിടക്കും. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 3 ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 107 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 101 ഡോളറിലെത്തി.
Tags : Rupee hits dollar All time low