National
ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പുതിയ ഔദ്യോഗിക മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്റെ ആറു ഖണ്ഡികകളും ഇനിമുതൽ ആലപിക്കണം. മൂന്നു മിനിറ്റും 10 സെക്കൻഡുമാണ് ഇതിന്റെ ആകെ ദൈർഘ്യം.
ഒരു മിനിറ്റും ഒന്പത് സെക്കൻഡുമെടുത്ത് രണ്ടു ചരണം ആലപിക്കുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന പതിവ്. എന്നാൽ ഇനിമുതൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും ദേശീയ ഗീതത്തിന്റെ ആറു ചരണവും ആലപിക്കണം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ ദേശീയ ഗീതത്തിന് ദേശീയ ഗാനത്തോടൊപ്പം പ്രാധാന്യം നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.
ഇതോടൊപ്പം രാഷ്ട്രപതിയോ സംസ്ഥാന ഗവർണർമാരോ ലഫ്. ഗവർണർമാരോ ഏതെങ്കിലും ഔദ്യോഗിക പരിപാടിയിൽ എത്തുന്പോഴും ചടങ്ങുകളിൽനിന്ന് പോകുന്പോഴും ഗീതം ആലപിക്കണം. രാഷ്ട്രപതി റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനുമുന്പും ശേഷവും വന്ദേമാതരം ആലപിക്കണം. ഇതോടൊപ്പം പരേഡുകളിൽ ദേശീയ പതാക എത്തിക്കുന്പോഴും ഗീതം ആലപിക്കണമെന്നാണു നിർദേശം. സർക്കാർ ആവശ്യപ്പെടുന്ന മറ്റ് അവസരങ്ങളിലും ഗീതം ആലപിക്കണം.
ഔദ്യോഗിക അവസരങ്ങളിൽ ദേശീയ ഗീതം പാടുന്പോഴൊക്കെ ആറു ചരണവും പാടണം. സ്കൂളുകളിൽ ദിവസം ആരംഭിക്കുന്നതിനുമുന്പ് ദേശീയ ഗീതം ആലപിക്കാവുന്നതാണെന്നും നിർദേശമുണ്ട്.
പരേഡുകളിൽ ഒഴികെ ദേശീയ പതാക നിവർത്തുന്ന അവസരങ്ങളിൽ വന്ദേമാതരം ആലപിക്കേണ്ടതാണ്. റിപ്പബ്ലിക് ദിന ആഘോഷങ്ങളിലാണ് പൊതുവെ ദേശീയ പതാക നിവർത്തുന്ന ചടങ്ങ് ഉണ്ടാകുക. മന്ത്രിമാരും മറ്റും പങ്കെടുക്കുന്ന അവസരങ്ങളിൽ നിർബന്ധമല്ലെങ്കിലും ഗീതം ആലപിക്കാം.
ദേശീയ ഗീതം ആലപിക്കുന്നതിന് അനുവദനീയമായ അവസരങ്ങളുടെ പട്ടിക നൽകാനാകില്ലെന്നും മാതൃരാജ്യത്തോടുള്ള ആദരം പ്രകടിപ്പിക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ഇതു സാധ്യമാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇനിമുതൽ ദേശീയ ഗീതത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കുന്പോഴോ റിക്കാർഡ് ചെയ്ത ഭാഗം കേൾക്കുന്പോഴോ ദേശീയ ഗാനത്തോടു പ്രകടിപ്പിക്കുന്ന സമാന ആദരത്തോടെ എഴുന്നേറ്റ് അറ്റൻഷനായി നിൽക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ സിനിമകളിലും മറ്റും ദേശീയ ഗീതം ആലപിക്കുന്ന സന്ദർഭമുണ്ടായാൽ അറ്റൻഷനായി നിൽക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രലയം നിർദേശത്തിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തിൽ വൻ വർധനവുമായി സർക്കാർ ഉത്തരവ്. സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്.
മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.
സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലായി 3,000ൽ അധികം തടവുകാർക്ക് പുതിയ ഉത്തരവിലൂടെ ആനുകൂല്യം ലഭിക്കും. 2018ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി വർധിപ്പിച്ചത്.
കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ തടവുകാർക്ക് ലഭിക്കുന്ന വേതനം വളരെ കുറവാണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.