ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായത് 806 കസ്റ്റഡി മരണങ്ങളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2021-22ൽ 176, 2022-23ൽ 163, 2023-24ൽ 157, 2024-25ൽ 140 എന്നിങ്ങനെയാണ് രാജ്യത്തുടനീളമുണ്ടായ കസ്റ്റഡി മരണങ്ങളുടെ കണക്ക്.
2025 മുതൽ ഈ വർഷം മാർച്ച് 15 വരെയുള്ള കണക്കനുസരിച്ച് 170 പേർ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ടുണ്ടെന്നും കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ വിവരങ്ങൾ പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്നത്.
അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങളുണ്ടായ സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും ഗുജറാത്തും ബിഹാറും ഉത്തർപ്രദേശുമാണ്.
മഹാരാഷ്ട്രയിൽ അഞ്ചു വർഷത്തിനിടെ 101 കസ്റ്റഡി മരണങ്ങളുണ്ടായപ്പോൾ ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ യഥാക്രമം 85, 76, 56 എന്നിങ്ങനെ കസ്റ്റഡി മരണങ്ങളുണ്ടായി. കേരളത്തിലാകട്ടെ അഞ്ചു വർഷത്തിനിടെ 22 കസ്റ്റഡി മരണങ്ങളാണു രജിസ്റ്റർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021-22ൽ ആറ്, 22-23ൽ രണ്ട്, 23-24ൽ ആറ്, 24-25ൽ അഞ്ച്, 25-26ൽ ഇതുവരെ മൂന്ന് എന്നിങ്ങനെയാണ് കേരളത്തിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണം.
Tags : custodi deaths country Home Ministry