നഗരവീഥികളിൽ സൗന്ദര്യവത്കരണം
പത്തനംതിട്ട: റോഡുകള്‍ സഞ്ചാരത്തിനുള്ള വഴികള്‍ മാത്രമല്ല, നഗരത്തിന്റെ മുഖം നിര്‍ണയിക്കുന്ന പൊതുഇടങ്ങള്‍ കൂടിയാകുമ്പോള്‍ പത്തനംതിട്ട പുതിയൊരു നഗരാനുഭവത്തിലേക്ക് നീങ്ങുന്നു. റോഡ് നവീകരണത്തിനൊപ്പം നടപ്പാതകളും ഇരിപ്പിടങ്ങളും ചെറുപാര്‍ക്കുകളും തണല്‍മരങ്ങളും ഉള്‍പ്പെടുന്ന നഗരസൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതോടെ നഗരത്തിന്റെ മുഖച്ഛായയ്ക്ക് വലിയ മാറ്റമാണ് ഒരുങ്ങുന്നത്.
മുത്തൂറ്റ് ആശുപത്രി ജംഗ്ഷന് മുതല്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷന് വരെയുള്ള റിംഗ് റോഡ് വശങ്ങളാണ് നഗരസൗന്ദര്യവത്കരണത്തിന്റെ പ്രധാന കേന്ദ്രമാകുന്നത്. ഫുട്പാത്തുകള്‍ ടൈലുകള്‍ പാകി നവീകരിച്ചതിനൊപ്പം പുല്ലും നട്ടുപിടിപ്പിച്ചു.
തണല്‍മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിനൊപ്പം റോഡരികില്‍ ബഞ്ചുകളും സ്ഥാപിക്കും. ചെറിയ പാര്‍ക്കുകളും വിശ്രമകേന്ദ്രങ്ങളും ക്രമീകരിക്കുന്നതോടെ, തിരക്കേറിയ നഗരത്തിനിടയില്‍ ആളുകള്‍ക്ക് കുറച്ചുസമയം ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന പൊതുഇടമായി ഈ ഭാഗം മാറും. നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം ഫുട്പാത്തുകള്‍ക്ക് ഇന്റര്‍ലോക്കും ടൈലുകളും പാകിയിട്ടുണ്ട്. 6.5 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നടക്കാന്‍ ഇടം, ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍
സ്റ്റേഡിയം ഭാഗത്താണ് പദ്ധതിയുടെ പ്രത്യേകത കൂടുതല്‍ പ്രകടമാകുന്നത്. സ്റ്റേഡിയത്തിന്റെ വലതുഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതയും ഇടതുഭാഗത്ത് ഇരിപ്പിട സംവിധാനവുമാണ് ഒരുക്കുന്നത്. റോഡരികില്‍ കൈവരികളും സ്ഥാപിക്കുന്നതോടെ കാല്‍നടയാത്ര കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
നഗരത്തിലെത്തുന്നവര്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി നേരേ തിരക്കിലേക്ക് മടങ്ങേണ്ട അവസ്ഥയ്ക്ക് പകരം, നഗരത്തില്‍ തന്നെ അല്പസമയം ചെലവഴിക്കാനുള്ള ഇടം ഒരുക്കുക എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. നഗരത്തിലെ വിശ്രമകേന്ദ്രങ്ങളുടെ കുറവിന് പരിഹാരമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വഴിയോരക്കച്ചവടത്തിന് നിയന്ത്രണം
റിംഗ് റോഡിന്റെ സൗന്ദര്യവും കാല്‍നട സൗകര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടത്തിന് വിലക്കേര്‍പ്പെടുത്താനും തീരുമാനമുണ്ട്. നടപ്പാതകളും ഇരിപ്പിടങ്ങളും പാര്‍ക്ക് മേഖലകളും തടസപ്പെടാതിരിക്കാനും ഗതാഗതസുരക്ഷ ഉറപ്പാക്കാനുമാണ് നിയന്ത്രണം ലക്ഷ്യമിടുന്നത്. എന്നാല്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
വൃത്തിയുള്ള നടപ്പാതയും റോഡുകളുമാണ് പദ്ധതിയുടെ ലക്ഷ്യം. പത്തനംതിട്ട നഗരത്തിന്റെ റിംഗ് റോഡ് സൗന്ദര്യവത്കരണത്തിനുള്ള ആശയം നഗരാസൂത്രണ രേഖകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാന ഗതാഗതപാതയ്ക്കരികില് സുരക്ഷിതവും തുടര്‍ച്ചയുള്ളതുമായ കാല്‍നട സൗകര്യവും വഴിയോര സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് നഗരാസൂത്രണ രേഖ വ്യക്തമാക്കുന്നു.
റോഡുകള്‍ നന്നാകുമ്പോള്‍ യാത്രാസൗകര്യം മെച്ചപ്പെടും. നടപ്പാതകള്‍ വരുമ്പോള്‍ നഗരം കാല്‍നട സൗഹൃദമാകും. തണല്‍മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങളും ചെറുപാര്‍ക്കുകളും വരുമ്പോള്‍ നഗരത്തിന് പുതിയൊരു പൊതുഇട സംസ്കാരവും രൂപപ്പെടും. ഒറ്റപ്പെട്ട റോഡ് നവീകരണങ്ങളേക്കാള്, ഇവയെല്ലാം ചേര്‍ന്നുള്ള മാറ്റമാണ് പത്തനംതിട്ടയുടെ ഭാവി നഗരമുഖത്തെ നിര്‍ണയിക്കുക
ടി.കെ റോഡും മാറുന്നു
പത്തനംതിട്ടയുടെ നഗരവികസനത്തിന്റെ ചിത്രം റിംഗ് റോഡില്‍ മാത്രം ഒതുങ്ങുന്നില്ല. തിരുവല്ല - കുമ്പഴ റോഡും വിവിധ ഘട്ടങ്ങളിലായി നവീകരണത്തിലൂടെയാണ് കടന്നുപോകുന്നത്. വള്ളംകുളം മുതല്‍ കോഴഞ്ചേരി പാലത്തിന്റെ മാരാമണ്‍ ഭാഗം വരെയുള്ള രണ്ടാംഘട്ട നവീകരണത്തിന് 7.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തിരുവല്ല എസ്സി ജംഗ്ഷന് മുതല്‍ വള്ളംകുളം പാലം വരെയുള്ള ഭാഗത്തും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
അതേസമയം, ടികെ റോഡിന്റെ ചില ഭാഗങ്ങളിലെ പ്രവൃത്തികള്‍ വൈകുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നവീകരണം പൂര്‍ത്തിയാകുന്നതോടെ തിരുവല്ലയില്‍നിന്ന് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്കുള്ള പ്രധാന ഗതാഗതബന്ധത്തിനും വലിയ പ്രയോജനം ലഭിക്കും.
ഇതോടൊപ്പം തിരുവല്ല - കുമ്പഴ റോഡിലെ മറ്റുചില ഭാഗങ്ങളുടെ മെച്ചപ്പെടുത്തലിന് 2026 മാര്‍ച്ചില്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 9.012 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പ്രവൃത്തിക്ക് ലഭിച്ചതെന്ന് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.
നഗരം നന്നാകുന്നത് വ്യാപാരത്തിനും ഗുണം ചെയ്യും
നഗരസൗന്ദര്യവത്കരണത്തെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖലയും കാണുന്നത്. റോഡുകളും നടപ്പാതകളുംവൃത്തിയായി ക്രമീകരിക്കുകയും ആളുകള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടാകുകയും ചെയ്താല്‍ നഗരത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുണ്ട്. അതിന്റെ ഗുണം വ്യാപാര മേഖലയ്ക്കും ലഭിക്കും. എന്നാല്‍ വഴിയോരക്കച്ചവടം നിയന്ത്രിക്കുമ്പോള്‍ ചെറുകിട വ്യാപാരികളുടെ ഉപജീവനം കൂടി പരിഗണിച്ച് ബദല്‍ സംവിധാനം ഒരുക്കണം. വികസനം എല്ലാവര്ക്കും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം.
മുനീര്‍ അലങ്കാര്‍, വ്യാപാരി, പത്തനംതിട്ട.