പാലാ: സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും പുതിയ സാങ്കേതികവിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നാല്, അഞ്ച് തീയതികളില്‍ ടെക് ഫോര്‍ ലൈഫ് ഇന്നവേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കും.
മാര്‍ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മിറ്റില്‍ കാര്‍ഷികം, ആരോഗ്യം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും വിദഗ്ധര്‍ നയിക്കുന്ന ശില്പശാലകളും ഉണ്ടാകും.
നാലിനു രാവിലെ നടക്കുന്ന ബില്‍ഡത്തോണ്‍-2026 കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടോം തോമസ് ഉദ്ഘാടനം ചെയ്യും. കോളജ് ഡയറക്ടര്‍ റവ.ഡോ. ജയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷത വഹിക്കും. എന്‍ജിനിയറിംഗ്, മെഡിക്കല്‍, മാനേജ്മെന്റ്, സയന്‍സ് തുടങ്ങിയ മേഖലകളിലെ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും.
ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം രണ്ടു ലക്ഷം, ഒരു ലക്ഷം, 50,000 രൂപ സമ്മാനമായി നല്‍കും. ആദ്യ പത്തില്‍ സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ് ബൂട്ട് ക്യാന്പിന്റെയും ഐഇഡിസിയുടെയും മെന്ററിംഗ്, എസ്ജെസിഇടി ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ട്, വര്‍ക്ക് സ്പേയ്സ് ആൻഡ് പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങള്‍ എന്നിവ ലഭിക്കും.
എക്സിബിഷന് സ്റ്റാളുകള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി എംഡിയും സിഇഒയുമായ ഫാ. മാത്യു തെക്കേല്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക പ്രദര്‍ശനം, ആരോഗ്യ സാങ്കേതികവിദ്യ, റോബോട്ടിക്സ് ആൻഡ് എഐ, എനര്‍ജി എന്നിവയാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്ഷകങ്ങള്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ പൊതുജനങ്ങള്‍ക്ക് എക്സിബിഷന് സൗജന്യമായി കാണാം.
അഞ്ചിനു രാവിലെ 9.30നു നടക്കുന്ന ഏകദിന ശില്പശാലയ്ക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളജ് ചെയര്‍മാനുമായ മോണ്‍. ജോസഫ് തടത്തില്‍, കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയിലെ ഡോ. കെ.പി. സുധീര്‍, പിറവം അഗ്രോപാര്‍ക്ക് ചെയര്മാന് ബൈജു നെടുംകേരി എന്നിവര്‍ നേതൃത്വം നല്‍കും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. കാര്‍ഷിക സംരംഭകത്വം, സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, സംരംഭകര്‍ക്കുള്ള വായ്പകളും ധനസഹായ സൗകര്യങ്ങളും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ബില്‍ഡത്തോണ്‍ ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
Tags : nattu vishesham TechforLife Innovation St. Joseph's Engin